Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിർണ്ണായകമായത് വാട്‌സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തൽ; ആദിവാസികൾ പൊലീസിന് കൃത്യമായി വിവരം കൈമാറിയതും കരുത്തായി; കൊല്ലപ്പെട്ട കുപ്പുദേവരാജ് ദക്ഷിണേന്ത്യൻ വനമേഖലകളിൽ മാവോയ്‌സറ്റുകളുടെ പരിശീലകൻ; മാവോവാദികൾ പകരം വീട്ടുമോയെന്ന ഭീതിയിൽ നാട്ടുകാർ

നിർണ്ണായകമായത് വാട്‌സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തൽ; ആദിവാസികൾ പൊലീസിന് കൃത്യമായി വിവരം കൈമാറിയതും കരുത്തായി; കൊല്ലപ്പെട്ട കുപ്പുദേവരാജ് ദക്ഷിണേന്ത്യൻ വനമേഖലകളിൽ മാവോയ്‌സറ്റുകളുടെ പരിശീലകൻ; മാവോവാദികൾ പകരം വീട്ടുമോയെന്ന ഭീതിയിൽ നാട്ടുകാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: നിലമ്പുർ വനമേഖലിൽ രണ്ട് മാവോയിസ്റ്റുകൾ കൊലപ്പെടുത്താൻ തക്ക ഏറ്റുമുട്ടൽ തണ്ടർബോൾട്ടിന് നടത്താൻ കഴിഞ്ഞത് മാവോയിസ്റ്റുകളുടെ വാട്‌സാപ്പ് ഗ്രൂപ്പ് പൊലീസിന് ചോർന്ന് കിട്ടിയതോടെ.ഇതോടൊപ്പം മേഖലയിലെ ആദിവാസികളും നിർണ്ണായക വിവരങ്ങൾ അധികൃതർക്ക് കൈമാറി. പക്ഷേ പുതിയ സംഭവ വികാസങ്ങളുളോടെ മാവോയിസ്റ്റുകളുടെ തിരച്ചടി ഭയന്ന് കഴിയുകയാണ് നാട്ടുകാരും ആദിവാസികളും. നിലമ്പുർ വനത്തിൽ ജീവിക്കുന്ന പാവപ്പെട്ട ആദിവാസികളെ ഇനി മാവോവാദികൾ ശത്രുക്കളായാണ് കാണുകയെന്ന് വ്യക്തമാണ്. ഒറ്റുകാർക്ക് മാവോയിസ്റ്റ് സാഹിത്യത്തിലുള്ള ശിക്ഷ മരണം മാത്രമാണ്. പക്ഷേ ഒരു തിരച്ചടിയും ഉണ്ടാവില്ലെന്നും തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും പൂർണ സുരക്ഷ ഈ മേഖലയിൽ ഉണ്ടെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.

ഇന്നലെ നിലമ്പുർ വനത്തിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട കുപ്പുദേവരാജ്(57) ദക്ഷിണേന്ത്യൻ വനമേഖലകളിൽ മാവോയിസറ്റ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്ന ലക്ഷങ്ങൾ തലക്ക് വിലയുള്ള പ്രതിയാണ്. 2015 ഡിസംബറിൽ കുപ്പു ദേവരാജിന്റെ നേതൃത്വത്തിൽ 20 അംഗ സായുധ മാവോ കേഡറുകൾ പാലക്കാട്ടത്തെിയിരുന്നു. ഈ സംഘം തന്നെയാണ് നിലവിൽ നിലമ്പൂർ മേഖലയിലുള്ളതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. കുപ്പു ദേവരാജ് നാലു സംസ്ഥാനങ്ങൾ തിരയുന്ന മാവോയിസ്റ്റ് നേതാവായിരുന്നു. മാവോയിസ്റ്റ് പാർട്ടിയുടെ തെക്കു പടിഞ്ഞാറൻ ബ്യൂറോ മെംബറായ ദേവരാജിനെ തേടി ആന്ധ്രയിലെ മാവോയിസ്റ്റ് വിരുദ്ധ സേനയായ ഗ്രേ ഹണ്ടും തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ട് ഏറെക്കാലമായി. കർണാടക സർക്കാർ ഏഴു ലക്ഷം രൂപയും തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപയും ചത്തീസ്ഗഡ് സർക്കാർ 10 ലക്ഷം രൂപയും ജാർഘണ്ഡ് സർക്കാർ 10 ലക്ഷം രൂപയുമാണ് ദേവരാജിന് വിലയിട്ടിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. മാവോയിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവുമായ ദേവരാജ് തമിഴ്‌നാടു സ്‌പെഷൽ ഓർഗനൈസേഷൻ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു കുപ്പുസ്വാമി എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു.

തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ തങ്ങിയിരുന്ന ഇയാൾ തെലങ്കാന സ്വദേശിയാണ്. ഒൻപതു മാസമായി മാവോയിസ്റ്റിന്റെ സേനാ വിഭാഗമായ പീപ്പൾസ് ആർമി നിലമ്പൂരിൽ താവളമടിച്ചിരുന്നതായാണ് വിവരം. ഇയാൾ ഉൾപ്പെട്ട സംഘം കേരളം ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോ മാസങ്ങൾക്കു മുമ്പേ മുന്നറിയിപ്പു നൽകിയിരുന്നു. കേരളത്തിലെ ആദിവാസി ഊരുകൾ ലക്ഷ്യമിട്ടാണ് ഇയാൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ആദിവാസികളെ ആകർഷിച്ച് സർക്കാർ വിരുദ്ധ മുന്നണി രൂപീകരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാൽ കേരളത്തിലെ ആദിവാസികളെ മാവോയിസ്റ്റുകൾ ആകർഷിക്കുന്നതു തടയാൻ സർക്കാരും ഇവിടെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ആദിവാസികൾ മാവോയിസ്റ്റുകളുടെ സ്വാധീന വലയത്തിൽ എത്തുന്നത് തടയാനായിരുന്നു സർക്കാരിന്റെ ആദ്യ ശ്രമം. ആ നീക്കം ഫലം കണ്ടു തുടങ്ങിയതിന്റെ ആദ്യ ഫലസൂചനയാണ് നിലമ്പൂർ സംഭവം.

ആദിവാസി കോളനികളുമായി അടുത്തബന്ധം സ്ഥാപിച്ച് അടിത്തറ വികസിപ്പിക്കാനായിരുന്നു തുടക്കം തൊട്ടേ മാവോവാദികളുടെ ശ്രമം. ഇത് ആദിവാസികളെ വിശ്വാസത്തിലെടുത്തുതന്നെ പൊലീസ് പൊളിച്ചു. വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി, കരുളായിയിലെ പാട്ടക്കരിമ്പ്, മുണ്ടക്കടവ്, മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം തുടങ്ങിയ ആദിവാസി കോളനികളുമായി ഇവർ നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. ഭക്ഷണസാധനങ്ങൾ ശേഖരിച്ചിരുന്നത് ഇവരിൽനിന്നായിരുന്നു. മാസത്തിൽ ഒരു തവണയെങ്കിലും കോളനികളിൽ മാവോവാദികൾ വന്നുപോകുമായിരുന്നു. രാത്രി തങ്ങളുടെ സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ഒട്ടിക്കലാണ് ഇവരുടെ രീതി. ആദിവാസികൾ തന്നെയാണ് ഈ വിവരം തണ്ടർ ബോൾട്ടിനെ അറിയിക്കാറ്. തണ്ടർ ബോൾട്ട് സംഘം രാവിലെയത്തെി പോസ്റ്റർ കീറി മാവോവാദി വിരുദ്ധ പോസ്റ്ററുകൾ പതിക്കും.

വന്നുവന്ന് പ്രാദേശിക മാദ്ധ്യമപ്രവർത്തകരെ ഫോണിൽ വിളിച്ച് തങ്ങൾ കോളനികളിൽ എത്തിയതായി മാവോയിസ്റ്റുകൾ അറിയിച്ച സംഭവങ്ങളുമുണ്ടായി. ഈ തന്ത്രം മാദ്ധ്യമപ്രവർത്തകർ തിരിച്ചറിഞ്ഞതോടെ വാർത്തകൾ നൽകുന്നത് നിർത്തി. ആശയവിനിമയ സംവിധാനം അടഞ്ഞതോടെ വാട്‌സ്ആപ് ഗ്രൂപ് വഴിയായി അടുത്ത പ്രചാരണം. ഇതിനായി മാവോയിസ്റ്റ് സിപിഐ നാടുകാണി ഏരിയ സമിതി എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി. വയനാട് സ്വദേശിയായ സോമനാണ് ഗ്രൂപ് ഉണ്ടാക്കിയതും സന്ദേശങ്ങൾ അയക്കുന്നതും. വാട്‌സ്ആപ് ഗ്രൂപ് പൊലീസ് കണ്ടത്തെിയതാണ് ഇവരിലേക്കുള്ള നീക്കം എളുപ്പമാക്കിയത്.

മാവോവാദികൾ കൊല്ലപ്പെട്ടതിനത്തെുടർന്ന് നെടുങ്കയം, മുണ്ടക്കടവ്, പാട്ടക്കരിമ്പ് മേഖലയിലും ആദിവാസി കോളനികളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. വനത്തിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയാൻ ചെക്ക്‌പോസ്റ്റുകൾ അടച്ചിരിക്കയാണ്. മേഖലയിലെ പൊലീസ് സ്റ്റേഷനുകൾക്കും, ഫോറസ്റ്റ് സ്റ്റേഷനുകൾക്കും മതിയായ സുരക്ഷയില്ലാത്തത് വൻ ഭീഷണിയായാണ് വിലയിരുത്തുന്നത്. ഒന്നോ രണ്ടോ പേർ മാത്രമാണ് സ്റ്റേഷനിൽ രാത്രികാവലിനുണ്ടാവുക. ചില സ്റ്റേഷനുകളിൽ അതുമുണ്ടാകാറില്ല. കവളമുക്കട്ട ചക്കിക്കുഴി സ്റ്റേഷൻ ആക്രമിക്കുമെന്ന് പാട്ടക്കരിമ്പ് കോളനി സന്ദർശിച്ച മാവോവാദികൾ പറഞ്ഞതായി കോളനി നിവാസികൾ വെളിപ്പെടുത്തിയിരുന്നു. കോളനിക്ക് സമീപം താമസിക്കുന്നവരും ഭീതിയിലാണ്. നിരവധി തവണ മാവോവാദികൾ സന്ദർശനം നടത്തുകയും ക്‌ളാസെടുക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് പാട്ടക്കരിമ്പിൽ പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയിരുന്നു. പക്ഷേ ഇത് എത്ര ഫലപ്രദവമാവുമെന്ന് കണ്ടറിയേണ്ടതുണ്ട്.

നിലമ്പൂർ മാവോയിസ്റ്റുകൾ താവളമാക്കുകയാണെന്ന് വ്യക്താമക്കുന്ന നിരവധി സംഭവങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ സെപ്റ്റംബർ 26 ന് കരുളായി മുണ്ടക്കടവ് കോളനിക്ക് സമീപം പൊലീസിന് നേരെ മാവോവാദികൾ വെടിയുതിർത്തിരുന്നു. ഒരു വനിതയുൾപ്പെടെയുള്ള ഏഴംഗ മാവോയിസറ്റ് സംഘം കോളനിയിലെ കമ്യൂണിറ്റി ഹാളിൽ ആദിവാസികളെ വിളിച്ചുവരുത്തി മെഴുകുതിരി വെളിച്ചത്തിൽ യോഗം ചേരുമ്പോഴായിരുന്നു സംഭവം. വിവരമറിഞ്ഞത്തെിയ പൊലീസിനെ കണ്ട് ചിതറിയോടുന്നതിനിടയിലാണ് മാവോവാദികൾ ആദ്യം വെടിയുതിർത്തത്. പൊലീസ് ജീപ്പിന് തകരാർ സംഭവിക്കുകയും ചെയ്തു. അന്ന് തലനാരിഴക്കാണ് പൊലീസ് രക്ഷപ്പെട്ടത്. തുടർന്ന് തണ്ടർ ബോൾട്ട് സേനാംഗങ്ങൾ ഉൾപ്പെടെ വനത്തിൽ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടാൻ സാധിച്ചില്ല. വനംവകുപ്പിലെ വാച്ചർക്ക് നേരെ വെടിയുതിർത്തതിനും വനപാലകരെ ബന്ദിയാക്കിയതിനും പൂക്കോട്ടുംപാടം സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വനംവകുപ്പിന്റെ ടി.കെ കോളനി പൂത്തോട്ടം കടവിലെ ഔട്ട്‌പോസ്റ്റ് തീയിട്ട് നശിപ്പിച്ചതിനും കേസെടുത്തിരുന്നു.പക്ഷേ ഈ സംഭവങ്ങളിൽ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.

2010ലാണ് നിലമ്പൂർ വനമേഖലയിൽ മാവോവാദി സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. നിലമ്പൂർഷൊർണൂർ ട്രെയിനിന്റെ കേബിൾ മുറിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണമാണ് സാന്നിധ്യം കണ്ടത്തൊൻ ഇടയാക്കിയത്. ട്രെയിൻ കേബിൾ മുറിച്ചതിൽ മാവോവാദികൾക്ക് ബന്ധമില്ലെന്ന് സ്ഥിരീകരിച്ചെങ്കിലും അന്വേഷണത്തിനിടെ സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. എറണാകുളം സ്വദേശിയായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതോടെയാണ് നിലമ്പൂരിനെ പ്രധാന കേന്ദ്രമായി മാറ്റാനുള്ള മാവോവാദി നീക്കം അറിയുന്നത്. ജയിലിൽ കഴിയുന്ന രൂപേഷടക്കമുള്ളവർ ഇവിടെ ക്യാമ്പ് ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട് രൂപേഷിനെതിരെ കേസ് നിലവിലുണ്ട്.

കേരള, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായണ് മാവോയിസ്റ്റുകൾ നിലമ്പുർ വനമേഖലയെ കാണുന്നതെന്ന് നേരെത്തെ അധികൃതർക്ക് വിവരം കിട്ടിയിരുന്നു. മൂന്ന് സംസ്ഥാനങ്ങൾക്കും ഒരേ രീതിയിൽ ഭീഷണിയായി പാർട്ടിയെ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രദേശത്ത് ക്യാമ്പ് രൂപവത്കരിക്കാൻ മാവോവാദികൾ ശ്രമിച്ചത്. കാട്ടിൽ ഇവർക്ക് മാത്രമറിയുന്ന പാതകളുണ്ട്. കേരളം നേരിട്ട് അതിർത്തി പങ്കിടുന്നത് തമിഴ്‌നാടിനോടാണെങ്കിലും കർണാടക അതിർത്തിയും തൊട്ടടുത്ത് തന്നെയാണ്.കോളനിയിൽ എത്തിയ ബാക്കിയുള്ള മാവോയിസ്റ്റുകൾ വനത്തിൽതന്നെയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ ഈ മേഖലയിൽ തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യം രേഖപ്പെടുത്തിയ വയനാട്ടിലും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP