Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഭൂമിയിടപാടിൽ അതിരൂപതയുടെ പൊതു നന്മയല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് പറയാൻ സാധിക്കും; അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാരെയും മാറ്റി നിർത്തുക എന്നത് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണ്; വൈദികർ അജപാലന അധികാരം വെച്ച് സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുത്'; എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ മെത്രാനെ നിയമിക്കുമെന്നും വ്യക്തമാക്കി കർദിനാൾ മാർ ആലഞ്ചേരിയുടെ സർക്കുലർ

'ഭൂമിയിടപാടിൽ അതിരൂപതയുടെ പൊതു നന്മയല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് പറയാൻ സാധിക്കും;  അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാരെയും മാറ്റി നിർത്തുക എന്നത് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണ്; വൈദികർ അജപാലന അധികാരം വെച്ച് സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുത്'; എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ മെത്രാനെ നിയമിക്കുമെന്നും വ്യക്തമാക്കി കർദിനാൾ മാർ ആലഞ്ചേരിയുടെ സർക്കുലർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാട് തർക്കവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കെട്ടടങ്ങാത്ത വേളയിലാണ് സഭയിലെ വിമത വിഭാഗത്തിനെതിരെ പ്രതിരോധം തീർക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവർ ചേർന്ന് പുതിയ അൽമായർ സംഘടന രൂപീകരിച്ചരിക്കുന്ന വേളയിലാണ് വൈദികർക്കും വിശ്വാസികൾക്കും മാർ ആലഞ്ചേരി സർക്കുലർ അയച്ചിരിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അതിരൂപതയുടെ പൊതു നന്മയ്ക്കല്ലാതെ നഷ്ടം വരുത്തുന്ന ഒരു നടപടിയും താൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് എനിക്ക് പറയാൻ സാധിക്കുമെന്നും അതിരൂപതയിലെ രണ്ട് സഹായ മെത്രാന്മാരെയും മാറ്റി നിർത്തുക എന്നത് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണെന്നും മാർ ആലഞ്ചേരി സർക്കുലറിലൂടെ വ്യക്തമാക്കുന്നു.

മാത്രമല്ല വിമത വൈദികരുടെ പ്രവർത്തനം സംബന്ധിച്ചും സർക്കുലറിൽ പരാമർശമുണ്ട്. വൈദികര് അജപാലന അധികാരം വെച്ച് സഭാ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കരുതെന്നും ക്രമേണ സഭയുടെ നടപടിക്രമങ്ങളനുസരിച്ച് പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളർച്ചയും അജപാലന ഭദ്രതയും ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്നും സർക്കുലറിൽ പറയുന്നു. വിമത വിഭാഗം കർദിനാളിന് എതിരെ നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാത്തലിക് ലെയ്റ്റി മൂവ്‌മെന്റ് എന്ന പേരിൽ ഇന്ന് സംഘടന രൂപീകരിച്ചത്.

തങ്ങളുടെ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനായി രൂപീകരിച്ച സംഘടന അടുത്ത ആഴ്ച പള്ളികളിൽ വിശദീകരണ യോഗം നടത്തും. ഭൂമി ഇടപാടും വ്യാജരേഖാ കേസും ഉപയോഗിച്ച് വിമത വിഭാഗം കർദിനാളിനെ വേട്ടയാടുന്ന സാഹചര്യത്തെ പ്രതിരോധിക്കുകയാണ് കർദിനാൾ അനുകൂലികളുടെ നീക്കം. എറണാകുളം അങ്കമാലി അതിരൂപതയിൽ വിമത വൈദികർ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ നീക്കത്തിന് എഎംടി എന്ന പേരിൽ അൽമായരുടെ സംഘടന രൂപീകരിച്ചിരുന്നു. സഭയുമായി ബന്ധപ്പെട്ട വിമതരുടെ നീക്കങ്ങളുടെ ചുക്കാൻ ഏറ്റെടുത്ത ഈ സംഘടനക്ക് വിശ്വാസികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നു.

കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ സർക്കുലർ

എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അതിരൂപതയിലെ ബഹു. വൈദികർക്കും, സമർപ്പിതർക്കും, മുഴുവൻ ദൈവജനത്തിനും നൽകുന്ന സർക്കുലർ

മിശിഹായിൽ പ്രിയ സഹോദരീ സഹോദരന്മാരെ,

2019 ജൂൺ 27-ാം തീയതി നമ്മുടെ അതിരൂപതയെ സംബന്ധിക്കുന്ന ചില സുപ്രധാനമായ തീരുമാനങ്ങൾ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ലഭിച്ച വിവരം നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ളതാണല്ലോ. കഴിഞ്ഞ രണ്ടു വർഷങ്ങളായി നമ്മുടെ അതിരൂപതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിസ്തീയ ചൈതന്യത്തിന് നിരക്കാത്തതും സഭയുടെ അച്ചടക്കത്തിനു ചേരാത്തതുമായ ചില സംഭവവികാസങ്ങൾ നമ്മെയെല്ലാം ഒത്തിരി വേദനിപ്പിക്കുന്നുണ്ടല്ലോ. അതിരൂപതയിൽ നടന്ന ഭൂമി വിൽപനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചത്.

ഏതൊരു പ്രശ്‌നത്തിനും പരിഹാരം ക്രിസ്തീയ രീതിയിലുള്ള പരിഹാരമാർഗങ്ങളാണ് ക്രിസ്തു ശിഷ്യരായ നാം സ്വീകരിക്കേണ്ടത്. ലോകത്തിന്റെ രീതിയിലുള്ള പ്രവർത്തനങ്ങളും പ്രതിഷേധങ്ങളും ഒന്നിനും പരിഹാരമാവുകയില്ല. ഈ പ്രശ്‌നങ്ങളോടെല്ലാം ഒരു തുറന്ന മനോഭാവമാണ് അതിരൂപതാ അധ്യക്ഷനെന്ന നിലയിൽ എന്നും ഞാൻ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് വൈദികസമിതിയിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആശങ്കകൾ അവതരിപ്പിക്കപ്പെട്ടപ്പോൾ തന്നെ അതു പഠിക്കാനായി വൈദികരുടെ തന്നെ ഒരു കമ്മിറ്റിയെ നിയമിച്ചത്.

അതിനു ശേഷവും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ വന്നപ്പോൾ സിനഡിന്റെ നിർദ്ദേശപ്രകാരം ആവശ്യമായ അധികാരം നല്കിക്കൊണ്ട് അതിരൂപതയുടെ സാധാരണ നിലയിലുള്ള ഭരണം സഹായമെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിനെ ഏൽപ്പിക്കുകയുണ്ടായി. അതുകൊണ്ടും പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് റോമിൽ നിന്ന് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവിനെ അപ്പസ്‌തോലിക്ക് അഡ്‌മിനിസ്‌ട്രേറ്ററായി മാർപ്പാപ്പ നിയമിച്ചത്. പ്രശ്‌നപരിഹാരത്തിനുവേണ്ടി റോമിന്റെ നിർദ്ദേശമനുസരിച്ച് അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് നിയമിച്ച ഇഞ്ചോടി കമ്മീഷനോട് ഞാൻ പൂർണമായി സഹകരിക്കുകയും വസ്തു വിൽപനയുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങളെല്ലാം അവരോട് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകൾ പ്രചരിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. അതെല്ലാം ഈ സർക്കുലറിൽ വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഭൂമിയിടപാടിൽ അതിരൂപതയുടെ പൊതു നന്മയല്ലാതെ അതിരൂപതയ്ക്ക് നഷ്ടം വരുത്തുന്ന ഒരു നടപടിയും ഞാൻ സ്വീകരിച്ചിട്ടില്ലെന്ന് എന്റെ മനസാക്ഷിയനുസരിച്ച് എനിക്ക് പറയാൻ സാധിക്കും. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് അപ്പസ്‌തോലിക്ക് അഡ്‌മിനിസ്‌ട്രേറ്റർ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിച്ചിട്ടുണ്ടല്ലോ. ഓഗസ്റ്റ് മാസം നടക്കുന്ന സിനഡിൽ ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠനവിഷയമാക്കുന്നതാണ്.

2019 ജൂൺ 27-ാം തീയതി പരിശുദ്ധ സിംഹാസനത്തിൽ നിന്ന് നൽകപ്പെട്ട കൽപനയിലൂടെ അപ്പസ്‌തോലിക് അഡ്‌മിനിട്രേറ്ററുടെ ശുശ്രൂഷ സമാപിച്ചതും നമ്മുടെ അതിരൂപതയിലെ രണ്ട് സഹായമെത്രാന്മാരെയും അതിരൂപതയുടെ സഹായമെത്രാൻ സ്ഥാനത്തു നിന്ന് മാറ്റി നിർത്തിയതുമായ തീരുമാനങ്ങൾ അതേപടി സ്വീകരിക്കുന്നതിന് പലർക്കും പ്രയാസമുള്ളതായി മനസിലാക്കുന്നു. ഈ തീരുമാനം എന്റെ തീരുമാനമായാണ് പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ ഇത് എന്റെ തീരുമാനമല്ല, മറിച്ച് പരിശുദ്ധ പിതാവിന്റെ നേരിട്ടുള്ള തീരുമാനമാണെന്ന കാര്യം എല്ലാവരും മനസിലാക്കണം. പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനുള്ള കാരണങ്ങൾ എന്താണെന്ന് എന്നെ അറിയിച്ചിട്ടില്ല.

എങ്കിലും, ഇതേക്കുറിച്ച് ഞാൻ മനസിലാക്കുന്നത് വിവവിധ തലങ്ങളിലും ശ്രോതസുകളിലും നിന്നും ലഭിച്ച റിപ്പോർട്ടുകളുടെയും വത്തിക്കാൻ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം ഇത്തരമൊരു തീരുമാനമുണ്ടായത് എന്നാണ്. പരിശുദ്ധ പിതാവിന്റെ തീരുമാനങ്ങളെക്കുറിച്ച് പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചു ദൈവജനത്തെ വിഭാഗത്തിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട് എന്നത് വേദനാജനകമായ ഒരു വസ്തുതയാണ്. ഈ അവസരത്തിൽ, സഭാവിശ്വാസികൾ എല്ലാവരും വിഭാഗീയതക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അതിരൂപതയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഒരു വിധത്തിലും സഭാവിരുദ്ധ പ്രവർത്തനങ്ങളോട് സഹകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുത്. യേശുവിന്റെ പ്രബോധനങ്ങൾക്ക് വിരുദ്ധമായുള്ള പ്രശ്‌നപരിഹാര മാർഗങ്ങൾ ഒന്നും ക്രൈസ്തവമല്ല. അതിനാൽ യേശുവിന്റെ സ്‌നേഹത്തെയും ക്ഷമയുടേയും പ്രബോധനങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താൻ എല്ലാ വൈദികരും സന്യസ്തരും വിശ്വാസികളും ഒരുമിച്ച് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യണം. സഭയിലെ അഭിഷിക്തനായ വൈദികർ ഏതു പ്രതികൂല സാഹചര്യങ്ങളിലും ഉദാത്തമായ ക്രൈസ്തവ ജീവിത മാതൃക നൽകാൻ വിളിക്കപ്പെട്ടവരാണ്.

അതിനാൽ, തങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന അജപാലന അധികാരം ഉപയോഗപ്പെടുത്തി സഭാനിയമങ്ങൾക്കും സംവിധാനങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുകയോ അവയ്ക്ക് നേതൃത്വം കൊടുക്കുകയോ ചെയ്യരുതെന്ന് ബഹുമാനപ്പെട്ട വൈദികരെ സ്‌നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. അതിരൂപതയുടെ അജപാലനപരമായ നടത്തിപ്പിന് സഹായകമായ തീരുമാനങ്ങൾ അടുത്ത സിനഡിൽ ചർച്ചയ്ക്ക് എടുക്കുന്നതാണ്. തീർച്ചയായും നമ്മുടെ അതിരൂപതയ്ക്ക് നന്മയായ തീരുമാനങ്ങൾ ഉണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ. പരിശുദ്ധ സിംഹാസനം നിർദ്ദേശിക്കുന്നതനുസരിച്ച് സഭയുടെ സ്ഥിരം സിനഡിനോട് ആലോചിച്ച് അതിരൂപതാ ഭരണം നടത്തുവാൻ ഞാൻ ആരംഭിച്ചു കഴിഞ്ഞു. ക്രമേണ സഭയുടെ നടപടിക്രമങ്ങളനുസരിച്ച് പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളർച്ചയും അജപാലന ഭദ്രതയും ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.

അതിനാൽ, അതിരൂപതയുടെ ഭാവിപ്രവർത്തനങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ച് നമുക്ക് ഒന്നു ചേർന്ന് മുന്നോട്ടു പോകാം. ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന നമ്മുടെ അതിരൂപതയിൽ സ്‌നേഹവും കൂട്ടായ്മയും വർദ്ധമാനമാകാൻ നമുക്ക് പരിശ്രമിക്കാം. സമാധാനത്തിന്റെ ആത്മാവ് നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ഭരിക്കട്ടെ. തിരുഹൃദയ നാഥന്റെ കാരുണ്യവും കൃപയും നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

മിശിഹായിൽ സ്‌നേഹപൂർവ്വം

കർദിനാൾ ജോർജ് ആലഞ്ചേരി
എറണാകുളം-അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്ത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP