Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൗൺ പ്ലാസയും ലേമെറിഡിയനും ലേക്‌ഷോറുമെല്ലാമുള്ള മരടിൽ കുടുങ്ങിയത് ഞങ്ങൾ അഞ്ചുഫ്‌ളാറ്റുകാർ മാത്രം! നടന്നത് വലിയ ചതി തന്നെ; സിആർസെഡ് ടുവിൽ പെട്ട സ്ഥലം ത്രീയിലേക്ക് മാറ്റിയത് ഒരുസുപ്രഭാതത്തിൽ ആരോടും ചോദിക്കാതെ; ഉപസമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത് ഫ്‌ളാറ്റുടമകളുടെ മൊഴി എടുക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ; ഫ്‌ളാറ്റ് പൊളിക്കാൻ ആളെത്തും മുമ്പേ തങ്ങൾക്കെതിരെയുള്ള ആസൂത്രിത നീക്കം തുറന്നുകാട്ടി ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് ഉടമകൾ

ക്രൗൺ പ്ലാസയും ലേമെറിഡിയനും ലേക്‌ഷോറുമെല്ലാമുള്ള മരടിൽ കുടുങ്ങിയത് ഞങ്ങൾ അഞ്ചുഫ്‌ളാറ്റുകാർ മാത്രം! നടന്നത് വലിയ ചതി തന്നെ; സിആർസെഡ് ടുവിൽ പെട്ട സ്ഥലം ത്രീയിലേക്ക് മാറ്റിയത് ഒരുസുപ്രഭാതത്തിൽ ആരോടും ചോദിക്കാതെ; ഉപസമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയത് ഫ്‌ളാറ്റുടമകളുടെ മൊഴി എടുക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ; ഫ്‌ളാറ്റ് പൊളിക്കാൻ ആളെത്തും മുമ്പേ തങ്ങൾക്കെതിരെയുള്ള ആസൂത്രിത നീക്കം തുറന്നുകാട്ടി ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് ഉടമകൾ

എം മനോജ് കുമാർ

കൊച്ചി: കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്‌മെന്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ റിവ്യൂ പെറ്റിഷൻ നൽകി ഫ്ളാറ്റ് ഉടമകൾ കാത്തിരിക്കുകയാണ്. എന്നാൽ, വിധിക്ക് പിന്നിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടന്നെന്ന നിഗമനത്തിലാണ് ഫ്‌ളാറ്റ് ഉടമകൾ. തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീൽ പ്രകാരം സുപ്രീംകോടതി നിയോഗിച്ച കമ്മറ്റി രൂപീകരിച്ച സബ് കമ്മറ്റിയാണ് തങ്ങളോട് ഈ ചതി ചെയ്തതെന്നാണ് ഫ്ളാറ്റ് ഉടമകൾ മറുനാടനോട് പറഞ്ഞത്.

വേണ്ടത്ര പഠനം നടത്താതെയോ സുപ്രീം കോടതി നിർദ്ദേശിച്ച പ്രകാരം ഫ്ളാറ്റ് ഉടമകളുമായി സംസാരിക്കുകയോ ചെയ്യാതെയാണ് സബ് കമ്മറ്റി വളരെ പൊടുന്നനെ മരട് പ്രദേശം സിആർസെഡ് സോൺ ത്രീയാണെന്ന് പ്രഖ്യാപിക്കുന്നത്. സോൺ ടു, സോൺ ത്രീയാകുമ്പോൾ മുൻപുണ്ടായിരുന്ന കെട്ടിടങ്ങൾ എല്ലാം പൊളിക്കാനുള്ള വിധി വന്നാൽ ജനങ്ങൾക്ക് മുന്നിൽ എന്ത് വഴിയെന്നാണ് ഇവർ ചോദിക്കുന്നത്. വലിയ ചതി തന്നെയാണ് ഈ വിധിക്ക് പിന്നിൽ നടന്നതെന്ന് ഹോളി ഫെയ്ത്ത് ഫ്ളാറ്റിന്റെ ഉടമകളിൽ ഒരാളായ കോശി തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചാൽ രണ്ടായിരത്തോളം കുടുംബങ്ങൾ ആണ് വഴിയാധാരമാവുക-ഫ്ളാറ്റ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

തീരപരിപാലന ചട്ടത്തിന്റെ പ്രാധാന്യം അമിതമായി ഉയർത്തിക്കാട്ടാനുള്ള ഒരു നീക്കം കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ ഭാഗത്ത് നിന്നും വന്നെന്ന നിലപാടിലാണ് കോശി തോമസ് അടക്കമുള്ള ഹോളിഫെയ്ത്ത് ഫ്ളാറ്റ് ഉടമകൾ. അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാനുള്ള സുപ്രീംകോടതി വിധി വന്നതോടെ തീരപരിപാലന നിയമങ്ങൾക്ക് വലിയ കേരളത്തിൽ വലിയ പ്രാധാന്യം ലഭിച്ചു. ഈ നിയമങ്ങളുടെ പ്രാധാന്യം ബോധ്യമാക്കാനുള്ള കേരളത്തിലെ തീരപരിപാലന അഥോറിറ്റിയുടെ നീക്കമാണ് തങ്ങളുടെ ജീവിതം തന്നെ ചതിച്ചതെന്നാണ് ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമകൾ കരുതുന്നത്.

മരട് ഗ്രാമപഞ്ചായത്ത് ആയ ഘട്ടത്തിൽ മരട് പ്രദേശം സിആർസെഡ് സോൺ ടുവിലാണ് ഉൾപ്പെട്ടത് എന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തതാണ് മരട് ഗ്രാമപഞ്ചായത്ത്. ഇപ്പോൾ പൊളിക്കൽ ഭീഷണി നേരിടുന്ന ഹോളി ഫെയ്ത്ത് അടക്കമുള്ള ഫ്ളാറ്റുകൾ നിർമ്മിച്ചത് മരട് പ്രദേശം സോൺ ടു ആയി നിലനിൽക്കുമ്പോൾ തന്നെയാണ്. 2019 ഫെബ്രുവരിയിൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് ഇറക്കിയ വിജ്ഞാപനപ്രകാരം ഇത് സി.ആർ.ഇസെഡ് രണ്ടിൽ വരുന്ന സ്ഥലമാണ്. ഈ ഘട്ടത്തിൽ ഒരു സുപ്രഭാതത്തിൽ മരട് പ്രദേശം സോൺ ത്രീയിൽ ആക്കിയിട്ടുണ്ടെന്നു തീരദേശ പരിപാലന അഥോറിറ്റി പറയുകയും ഹോളി ഫെയ്ത്ത് അടക്കമുള്ള അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചു കളയണമെന്നു സുപ്രീംകോടതി പറയുകയും ചെയ്യുമ്പോൾ ജീവിതത്തിൽ സമ്പാദ്യം സ്വരുക്കൂട്ടി ഫളാറ്റ് വാങ്ങിയ തങ്ങൾ എന്ത് ചെയ്യുമെന്നാണ് ഹോളി ഫെയ്ത്ത് ഫ്‌ളാറ്റുടമകൾ മറുനാടനോട് ചോദിച്ചത്.

തീരദേശ പരിപാലന അഥോറിറ്റിയുടെ ആസൂത്രിത നീക്കമോ?

ജീവിതത്തിൽ കരുപ്പിടിപ്പിച്ച സമ്പാദ്യങ്ങൾ മുഴുവൻ ഉപയോഗിച്ചാണ് ഹോളി ഫെയ്ത്തിലെ ഫ്‌ളാറ്റ് ഉടമകൾ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. ഈ ഫ്ളാറ്റ് വരുമ്പോൾ സിആർസെഡ് സോൺ ടുവിലായിരുന്നു മരടിലെ ഈ പ്രദേശം. ഒരു സുപ്രഭാതത്തിൽ തങ്ങളുടെ ഫ്‌ളാറ്റ് ഇരിക്കുന്ന സ്ഥലം എങ്ങിനെ സിആർസെഡ് ത്രീയിലാകുന്നത് എന്നാണ് കോശി തോമസ് ചോദിക്കുന്നത്. സുപ്രീംകോടതിയിൽ ഇത്തരമൊരു വിധി വരാൻ കാരണം കേരള തീരദേശ പരിപാലന അഥോറിറ്റിയുടെ ആസൂത്രിത നീക്കമുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. മരട് ഫ്ളാറ്റിന്റെ കാര്യത്തിൽ തീരദേശ പരിപാലന അഥോറിറ്റി നിയമങ്ങളുടെ ലംഘനമുണ്ടെന്നാണ് അഥോറിറ്റി സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി പറഞ്ഞത് മൂന്നംഗ കമ്മറ്റിയെ നിയമിക്കാനാണ്. കൊച്ചി ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, കൊച്ചി തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ മൂന്നംഗ സമിതിയെയാണ് ഈ കാര്യം പരിശോധിക്കാൻ സുപ്രീം കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.

സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ ഭാഗത്ത് നിന്നും വന്ന പാളിച്ചകളാണ് മരടിലെ അഞ്ച് ഫ്ളാറ്റുകൾക്ക് ഭീഷണിയായത് എന്നാണ് ഇവരുടെ വിലയിരുത്തൽ. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഒരു സബ്കമ്മറ്റിയെ നിയോഗിച്ചു. ഈ സബ് കമ്മറ്റി വേറൊരു സബ് കമ്മറ്റിയെ നിയോഗിച്ചു. കാര്യങ്ങൾ പരിശോധിക്കുകയോ ഫ്ളാറ്റ് ഉടമകളുടെ മൊഴിയെടുക്കുകയോ ചെയ്യാതെയാണ് ഈ സബ് കമ്മറ്റി സുപ്രീംകോടതിയിൽ റിപ്പോർട്ട് ചെയ്തത്. സമിതിയിലെ രണ്ടംഗങ്ങളും തീരദേശ പരിപാലന അഥോറിറ്റിയുടെ ആളുകൾ ആയിരുന്നുവെന്നും ഹോളി ഫെയ്ത്ത് ഫ്‌ളാറ്റുടമകൾ പറയുന്നു. ഈ മൂന്നംഗ സമിതി ഫ്‌ളാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകുകയോ അവരുടെ ഭാഗം കേൾക്കുകയോ ചെയ്തില്ല. പുനഃപരിശോധനാഹർജി നൽകിയ ബിൽഡറുടെ വാദങ്ങൾ സമിതി രേഖപ്പെടുത്തിയെങ്കിലും അവയൊന്നും പരിഗണിച്ചില്ല. റിപ്പോർട്ടിന്റെ ഉള്ളടക്കം പരിശോധിക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചില്ലെന്നും അതിനാൽ സുപ്രീംകോടതിയിൽ മറുപടിനൽകാൻ സാധിച്ചില്ലെന്നുമാണ് ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമകൾ പറയുന്നത്. സിആർഎസ് സോൺ രണ്ടിലായിരുന്ന മരട് പ്രദേശം സിആർസെഡ് സോൺ മൂന്നിലേക്ക് ആക്കുകയാണ് ഈ സബ് കമ്മറ്റി ചെയ്തത്. അതിനുവേണ്ടി വലിയ ന്യായവാദങ്ങൾ നിരത്താനും ഇവർക്ക് കഴിഞ്ഞിട്ടില്ല. അഞ്ച് ഫ്ളാറ്റ്കളിലെ ഉടമകളുടെ ജീവിതം തന്നെ നാമാവശേഷമാക്കിയ ഒരു തീരുമാനം എടുക്കുമ്പോൾ സബ് കമ്മറ്റി നിരുത്തരവാദപരമായി പെരുമാറി-ഇവർ ചൂണ്ടിക്കാട്ടുന്നു.

വാദി പ്രതിയായി

പ്രതികൾ തന്നെ വാദിയായ അവസ്ഥയാണ് സബ് കമ്മറ്റിയുടെ രൂപീകരണത്തോടെ വന്നത്. പ്രതി സ്ഥാനത്തുള്ള തീരദേശ പരിപാലന അഥോറിറ്റി സ്വയം അവർക്ക് വേണ്ടി തന്നെ തീരുമാനമെടുത്തു. സിആർസെഡ് സോൺ ടുവിൽ ഉണ്ടായിരുന്ന മരട് പ്രദേശത്തെ ഫ്ളാറ്റ് ഇരിക്കുന്ന ഭാഗം അവർ സിആർസെഡ് ത്രീയാക്കി മാറ്റി. ഈ റിപ്പോർട്ട് സുപ്രീംകോടതിക്ക് മുന്നിൽ വന്നപ്പോൾ അനധികൃത നിർമ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി അഞ്ചു ഫ്ളാറ്റുകളും പൊളിച്ചു കളയാൻ ഉത്തരവിട്ടത്. കേരളത്തെ ബാധിച്ച പ്രളയത്തിന് അനധികൃത നിർമ്മാണം കൂടി കാരണമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തിലൊടുവിലാണ് വിധി വന്നത്. പഞ്ചായത്ത് ആയ മരട് വൻ വികസന പ്രവർത്തനങ്ങൾ നടന്നതിനെ തുടർന്നാണ് മുനിസിപ്പാലിറ്റിയാക്കിയത്. അതുകൊണ്ട് തന്നെ നിലവിലെ സോൺ ടൂ വിൽ തന്നെ മരട് തുടരേണ്ടതായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

മൂന്നു ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള ഒരു പഞ്ചായത്തും ഇന്ത്യയിൽ കാണില്ല. ക്രൗൺ പ്ലാസ, ലേ മെറീഡിയൻ തുടങ്ങിയ ഹോട്ടലുകൾ മരടിലാണുള്ളത്. കുണ്ടന്നൂർ ഫ്‌ളൈ ഓവർ തന്നെ വികസനത്തിന്റെ മകുടോദാഹരണവുമാണ്. ലേക്ക് ഷോർ ആശുപത്രിയുടെ കേസ് ഹൈക്കോടതിയിൽ നടക്കുമ്പോഴാണ് മരട് പഞ്ചായത്ത് ഹൈക്കോടതിയിൽ മരട് സോൺ ടു എന്ന് പറഞ്ഞു സത്യവാങ്മൂലം ഫയൽ ചെയ്യുന്നത്. ഇത് പെട്ടെന്ന് സോൺ ത്രീയായി പ്രഖ്യാപിച്ചപ്പോഴാണ് ഫ്‌ളാറ്റ് ഉടമകൾ വഞ്ചിതരാക്കപ്പെട്ട അവസ്ഥ വന്നത്. സുപ്രീംകോടതി വിധി പ്രകാരം രൂപീകരിച്ച കമ്മറ്റി ഒരു സബ് കമ്മറ്റിയെ പ്രഖ്യാപിച്ചപ്പോൾ ആദ്യകാലത്ത് മരട് സിആർസെഡ് സോൺ ത്രീയിൽ ഉൾപ്പെട്ടതായിരുന്നു എന്ന് പറഞ്ഞാണ് മരടിനെ വീണ്ടും സോൺ ത്രീയാക്കി മാറ്റിയത്. ഇതെങ്ങിനെ ശരിയാകും എന്നാണ് ഫ്ളാറ്റ് ഉടമകൾ ചോദിക്കുന്നത്. തങ്ങൾ ഫ്‌ളാറ്റ് വാങ്ങുമ്പോഴും ഫ്ളാറ്റ് ഉടമകൾ ഫ്ളാറ്റ് നിർമ്മിക്കുമ്പോഴും സോൺ ടു തന്നെയാണ്. പെട്ടെന്ന് സോൺ ചെയ്ഞ്ച് ആകുമ്പോൾ ഇങ്ങിനെ വാങ്ങിയ ഫ്ളാറ്റുകൾ ഒറ്റയടിക്ക് ഉടമകൾക്ക് നഷ്ടമാകുകയാണ്. ഈ പ്രതിഭാസത്തിനു മുന്നിലാണ് ഇവർ സ്തംഭിച്ചു നിൽക്കുന്നത്.

സർക്കാർ രക്ഷയ്ക്ക് എത്തുമോ?

ഇപ്പോൾ സർക്കാർ ഒരു രക്ഷാകരം നീട്ടുമോ എന്ന പ്രതീക്ഷയിലാണ് ഫ്‌ളാറ്റ് ഉടമകൾ. ഇതിലേക്കായി സർക്കാരിന് അവർ നിവേദനവും നൽകിയിട്ടുണ്ട്. സോൺ ടുവിലാണ് മരട് ഇതുവരെ പരിഗണിക്കപ്പെട്ടതെന്നും ഇത് ഒന്നുകൂടി പരിശോധിക്കേണ്ടതുണ്ടെന്നും സർക്കാർ സുപ്രീംകോടതിയിൽ ഒരു സത്യവാങ്മൂലം നൽകിയാൽ ഫ്‌ളാറ്റ് ഉടമകൾ തത്ക്കാലം രക്ഷപ്പെടും. പക്ഷെ ഇതിനു സർക്കാർ തയ്യാറാക്കുന്നതിന് സാധ്യത കുറവാണ്. സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയും ഇവർ രൂപീകരിച്ച സബ് കമ്മറ്റിയും ഉദ്യോഗസ്ഥരും ഒരേ സമയം പ്രതിക്കൂട്ടിലാകും. കോടതിയെ സമിതി തെറ്റിദ്ധരിപ്പിച്ചുവെന്ന് സുപ്രീംകോടതി തന്നെ ആക്ഷേപം ഉന്നയിക്കുന്ന പ്രശ്‌നം വരും. ഒരേ സമയം ഒരുപാട് തലകൾ ഉരുളും. അതിനാൽ ഇത്തരം ഒരു സത്യവാങ്മൂലം സർക്കാർ നൽകിയേക്കില്ല. അതുമാത്രമല്ല ശബരിമല സുപ്രീംകോടതി വിധി വന്നപ്പോൾ അത് നടപ്പിലാക്കാൻ പോയ പൊല്ലാപ്പ് സർക്കാരിന് മുന്നിലുണ്ട്. ഇരുപത് ലോക്‌സഭാ സീറ്റിൽ 19 സീറ്റിലും തോൽപ്പിച്ചാണ് ഇടത് സർക്കാരിന് കേരളം മറുപടി കൊടുത്തത്. ഇങ്ങിനെ കയ്‌പ്പേറിയ അനുഭവം മുന്നിലുള്ളതിനാൽ സുപ്രീംകോടതി വിധിയുമായി ഒരു പൊല്ലാപ്പിനും സർക്കാർ തയ്യാറാവുകയുമില്ല.

അഞ്ച് ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടെങ്കിൽ അത് പൊളിക്കപ്പെടണം. പക്ഷെ സർക്കാർ അതിനു തത്ക്കാലം മുൻകൈ എടുക്കില്ല. ഇനി പൊളിക്കേണ്ടെങ്കിൽ ഫ്ളാറ്റ് ഉടമകൾ സുപ്രീംകോടതിയിൽ നിന്ന് ഒരു അനുകൂല വിധി വാങ്ങട്ടെ. സർക്കാറിന്റെ നിർബന്ധബുദ്ധിയിൽ ഒന്നും ചെയ്യില്ല. ഇതാണ് മരട് ഫ്ളാറ്റിന്റെ പ്രശ്‌നത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന സമീപനം. എറണാകുളം മരട് നഗരസഭയിൽ ചട്ടംലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുസമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീം കോടതി വിധി വന്നത്. മെയ്‌ എട്ടിലെ ഉത്തരവിനെതിരേ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി കാത്തിരിക്കുകയാണ് ഫ്‌ളാറ്റ് ഉടമകൾ. കാരണംകാണിക്കൽ നോട്ടീസിനു മറുപടി നൽകാൻ പരാതിക്കാർക്ക് അവസരം നൽകണം. അതിനാൽ സ്വാഭാവിക നീതിയുടെ ലംഘനമാണ് ഇവിടെ നടന്നതെന്നും ഇവർ നൽകിയ ഹർജിയിൽ പറയുന്നു. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, അൽഫാ വെഞ്ചേഴ്സ് എന്നിവ പൊളിച്ചുനീക്കി ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP