Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതേതര കേരളത്തിന്റെ മനസ്സിന് മുറിവേൽപ്പിച്ച രണ്ടാം മാറാട് കലാപത്തിന് ഇന്നേക്ക് 17 വർഷങ്ങൾ; കടപ്പുറത്ത് കാറ്റുകൊള്ളാൻ വന്നിരുന്ന എട്ടുപേർ വെട്ടേറ്റ് മരിച്ചത് ഇതുപോലൊരു മെയ് രണ്ടിന്; കൊല്ലപ്പെട്ടത് 8 അരയ സഹോദരങ്ങൾ; സിബിഐ അന്വേഷം പ്രഖ്യാപിക്കപ്പെട്ടത് 11 വർഷം നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിൽ; രാജ്യാന്തര ബന്ധവും റിയൽഎസ്റ്റേറ്റ് താത്പര്യങ്ങളും ഇപ്പോഴും അജ്ഞാതം; ഒരു മാറാട് ദിനം കൂടി കടന്നുപോകുമ്പോൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: കോഴിക്കോടിനടുത്തുള്ള ഒരു കടലോര ഗ്രാമമാണ് മാറാട്. കേരളത്തിന്റെ മതേതര മനസ്സാക്ഷിക്ക് മുറിവേൽപ്പിച്ച കലാപങ്ങളുടെ പേര് കൂടിയാണ് മാറാട്. ഇന്ന് മെയ് 2. ഈ ദിവസം മാറാടിനെ സംബന്ധിച്ച് മറ്റെല്ലാ ദിനങ്ങളും പോലെയൊരു ദിവസമല്ല. 2002 ജനുവരിയിൽ അഞ്ചുപേരുടെ കൊലപാതകത്തിനിടയാക്കിയ ഒന്നാം മാറാട് കലാപത്തിന്റെ തുടർച്ചയായിട്ടോ, അതിന് പകരമായിട്ടോ മാറാട് കടപ്പുറത്ത് കാറ്റുകൊള്ളാൻ വന്നിരുന്ന എട്ടുപേർ വെട്ടേറ്റ് മരിച്ചത് ഇതുപോലൊരു മെയ് രണ്ടിനായിരുന്നു. അതിനെ പിന്നീട് രണ്ടാം മാറാട് കലാപമെന്ന് പേരിട്ട് വിളിച്ചു. പെട്ടെന്നുണ്ടായൊരു പ്രകോപനത്തിന്റെ പേരിൽ ഇരു കൂട്ടർ തമ്മിലടിച്ചതായിരുന്നു ഒന്നാം മാറാട് കലാപമെന്ന് വിളിക്കുന്ന ആദ്യത്തെ സംഭവമെങ്കിൽ 2003 മെയ്് 2ന് നടന്നത് തീർത്തും നിരായുധാരായിരുന്ന ഒരു കൂട്ടം ആളുകൾക്കിടയിലേക്ക് ആസൂത്രിതമായി അക്രമം അഴിച്ചു വിടുകയായിരുന്നു.

2001ൽ മാറാടിലെ മീൻ പിടുത്തക്കാർ തമ്മിലുണ്ടായ ചെറിയ തർക്കം ഹിന്ദു ഐക്യവേദി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, എൻഡിഎഫ് പോലുള്ള സംഘടനകൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നണ് വിമർശനം. ഇതിന്റെ തുടർച്ചയെന്നോണം 2002ലെ പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട് തുടങ്ങിയ അക്രമങ്ങളാണ് 14 പേരുടെ മരണത്തിനിരയാക്കിയ രണ്ട് കലാപങ്ങളിൽ കലാശിച്ചത്. മരിച്ചവരിൽ 10 പേർ ഹിന്ദുക്കളും നാല് പേർ മുസ്ലിങ്ങളുമായിരുന്നു. ഒന്നാം മാറാട് കലാപത്തിൽ മൂന്ന് മുസ്ലിം മതവിഭാഗക്കാരും രണ്ട് ഹിന്ദുക്കളും മരിച്ചപ്പോൾ രണ്ടാം മാറാട് കലാപത്തിൽ 8 ഹിന്ദുക്കളും ഒരു മുസ്ലിം മതവിഭാഗക്കാരനും മരണപ്പെട്ടു. ദാസൻ, മാധവൻ, കൃഷ്ണൻ, സന്തോഷ്, ഗോപാലൻ, ചന്ദ്രൻ, പുഷ്പരാജ്, പ്രജീഷ് തുടങ്ങി എട്ടുപരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളുമടക്കം 9 പേരാണ് രണ്ടാം മാറാട് കലാപത്തിൽ കൊല്ലപ്പെട്ടത്.

ഇതുകൂടാതെ കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിനെ കഴുത്തിൽ കല്ല് കെട്ടി മരിച്ച നിലയിൽ കടലിൽ കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടാം മാറാട് കലാപത്തിൽ തീർത്തും നിരായുധരായ മാറാട് കടപ്പുറത്ത് കാറ്റുകൊള്ളാൻ വേണ്ടി വന്നിരുന്നവർക്ക് മേലേക്ക് അക്രമി സംഘം മാരകായുധങ്ങളുമായി വന്നുവീഴുകയായിരുന്നു. ഒന്നാം മാറാട് കലാപത്തിൽ കൊല്ലപ്പെട്ട ഒരാളുടെ ബന്ധുക്കൾ നടത്തിയ കേവലം പ്രതികാരമായി രണ്ടാം മാറാട് കലാപത്തെ പൊലീസ് ആദ്യം കണ്ടെത്തിയെങ്കിലും പിന്നീട് കലാപത്തിന് പിന്നീലെ ഗൂഢാലോചനയും ബാഹ്യബന്ധങ്ങളും കണ്ടെത്താൻ സിബിഐയെ നിയോഗിക്കുകയായിരുന്നു. കേസിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് പങ്കുള്ളതായും വിദേശത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നതായും തുടർന്ന് വന്ന അന്വേഷണ സംഘങ്ങൾ കണ്ടെത്തി. സംസ്ഥാന പൊലീസ് നടത്തിയ അന്വേഷണത്തിൻ കൊലപാതകത്തിനും ക്രിമിനൽ ഗുഢാലോചനക്കും പ്രതികളെ പിടികൂടി വിചാരണ പൂർത്തിയാക്കി ശിക്ഷയും വിധിച്ചതിന് ശേഷമാണ് കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്. കേസിൽ തീവ്രവാദ ബന്ധവും റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളും വരെയുണ്ടെന്ന വിവിധ കമ്മീഷനുകളുടെ നിഗമനനം; സിബിഐ അന്വേഷണം നടന്നിട്ടു

അസൂത്രകർ ആരെന്ന് ഇപ്പോഴും വ്യക്തതയില്ല

ബിജെപിയടക്കമുള്ള വിവിധ രാഷ്ട്രീയപ്പാർട്ടികളും കൂട്ടക്കൊലയുടെ ഇരകളായ അരയസമൂഹവുമെല്ലാം കേസിൽ സിബിഐ അന്വേഷണത്തിനായി മുറവിളി കൂട്ടിയെങ്കിലും നിരവധി കടമ്പകൾക്ക് ശേഷമാണ് രണ്ടാം മാറാട് കലാപക്കേസിൽ സിബിഐ അന്വേഷണം നടക്കുന്നത്. എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സംസ്ഥാന സർക്കാർ സിബിഐ അന്വേഷണം നടക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. പകരം കേസ് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. എന്നാൽ രണ്ടാം മാറാട് കലാപത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയ തോമസ് പി ജോസഫ് ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശവും സിബിഐ അന്വേഷണമായിരുന്നു.

കേസന്വേഷണത്തിന്റെ ഘട്ടത്തിൽ സംസ്ഥാന പൊലീസ് വിട്ടുകളഞ്ഞ ചില സുപ്രധാന കാര്യങ്ങളുണ്ടെന്നും അതിനെ കുറിച്ച് സിബിഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്നുമായിരുന്നു ആ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ സിബിഐ അന്വേഷണത്തിന് താത്പര്യമെടുക്കാതിരുന്ന അന്നത്തെ യുഡിഎഫ് സർക്കാർ തോമസ് പി ജോസഫ് ജുഡീഷ്യൽ് കമ്മിഷന്റെ കണ്ടെത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഈ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് സൂപ്രണ്ട് സിഎം പ്രദീപ് കുമാറിന്റെ കണ്ടെത്തലുകളും തോമസ്് പി ജോസഫിന്റെ കണ്ടെത്തലുകളെ സാധൂകരിക്കുന്നതായിരുന്നു. ജനുവരിയിൽ നടന്ന ഒന്നാം മാറാട് കലാപം ഇരു കൂട്ടരും തമ്മിൽ പെട്ടെന്ന് ഉടലെടുത്ത സംഘർഷമാണെന്നും 2003 മെയ് മാസത്തിൽ നടന്ന രണ്ടാം കലാപം ആസൂത്രിതമാണെന്നും ഇതിന് പിന്നിൽ രാജ്യാന്തര ബന്ധവും റിയൽഎസ്റ്റേറ്റ് താത്പര്യങ്ങളും വരെയുണ്ടെന്നും അദ്ദേഹം കണ്ടെത്തി.

എന്നാൽ കേസന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ സർവ്വീസ് കാലാവധി അവസാനിക്കുകയായിരുന്നു. പൊലീസിൽ നിന്നു വിരമിച്ച ശേഷം പ്രദീപ്കുമാർ ഈ കേസിൽ കക്ഷിചേരുകയായിരുന്നു. അന്വേഷണകാലയളവിൽ താൻ ശേഖരിച്ച വിവരങ്ങളോ, തെളിവുകളോ കണക്കിലെടുക്കാതെയാണ് രണ്ടാം മാറാട് കലാപത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തന്റെ പിൻഗാമിയായി വന്ന ക്രൈംബ്രാഞ്ച് എസ്‌പി സത്യവാങ്ങ്മൂലം സമർപ്പിച്ചതെന്നും അഭിഭാഷകൻ കൂടിയായ പ്രദീപ്കുമാർ കോടതിയെ അറിയിക്കുകയുണ്ടായി. രണ്ടാം മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവും കലാപത്തിന്റെ സാമ്പത്തികസ്രോതസ്സും അന്വേഷിക്കാൻ ആവശ്യപ്പെട്ട തോമസ് പി ജോസഫ് കമ്മീഷന്റെ റിപ്പോർട്ട് അട്ടിമറിച്ച് കൊലപാതകവും ക്രിമിനൽ ഗൂഢാലോചനയും മാത്രമേ അന്വേഷിച്ചുള്ളൂ എന്നും സിഎം പ്രദീപ് കുമാർ കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യങ്ങൾ അന്നത്തെ ഐജി മഹേഷ്‌കുമാർ സിങ്ലയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ച് ബോധ്യപ്പെട്ടതാണെന്നും പ്രദീപ്കുമാർ സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

താൻ അന്വേഷിച്ചപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, രണ്ടാം മാറാട് കലാപത്തിനു പിന്നിൽ രാജ്യാന്തര ബന്ധമുള്ള വൻശൃംഖല ഉണ്ടെന്നും, അതിനാൽ ഐബി, സിബിഐ, ഡിആർഐ എന്നീ കേന്ദ്ര ഏജൻസികളടങ്ങുന്ന സംഘത്തെക്കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം സത്യവാങ്ങ്മൂലത്തിൽ ആവശ്യപ്പെട്ടു. കൊളക്കോടൻ മൂസഹാജി എന്ന പൗരാവകാശ പ്രവർത്തകനും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ നിയമയുദ്ധം നടത്തി.

ഇദ്ദേഹത്തിന്റെ ഹരജിയിലാണ് ഒടുവിൽ മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരെ പ്രതികളാക്കി 2017 ജനുവരി 19ന് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത്. കലാപത്തിനുപയോഗിച്ച ആയുധങ്ങൾ നിർമ്മിക്കാനുള്ള തടിയെത്തിയത് നിലമ്പൂരിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ തോട്ടത്തിൽ നിന്നാണെന്നും കോഴിക്കോട് മുൻ കലക്ടർക്കും കലാപത്തിൽ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നീണ്ട 11 വർഷത്തെ നിയമയുദ്ധങ്ങൾക്കൊടുവിലാണ് മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾക്കൊന്നും താത്പര്യമില്ലാതിരുന്നിട്ട് കൂടി കേസിൽ സിബിഐ അന്വേഷണം യാഥാർത്ഥ്യമായത്. കേസിൽ ഒരുതവണ പ്രതികളെ പിടിക്കുകയും വിചാരണ നടത്തി ശിക്ഷവിധിക്കുകയും ചെയ്തതിനു ശേഷം കേസ് വീണ്ടും അന്വേഷിക്കുന്നതിൽ സിബിഐ.യും ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ അതുവരെ അന്വേഷിച്ച സംസ്ഥാന പൊലീസിന് കണ്ടെത്താനാകാത്ത പലകാര്യങ്ങളും ശേഷം വന്ന അന്വേഷണ സംഘങ്ങൾക്ക് കണ്ടെത്താനായി എന്നതിനാൽ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുസ്ലിം ലീഗ് നേതാക്കളായ എം.സി മായിൻ ഹാജി, പി.പി.മൊയ്തീൻ കോയ, ചില എൻ.ഡി.എഫ് പ്രവർത്തകരെയും മാറാട് മഹല്ല് കമ്മറ്റി ഭാരാവാഹികളെയും ഉൾപ്പെടുത്തി സിബിഐ എഫ്‌ഐആർ സമർപ്പിക്കുകയായിരുന്നു. പക്ഷേ ഇപ്പോഴും സംഭവത്തിന്റെ രാജ്യാന്തര ബന്ധം സംബന്ധിച്ചും ആസൂത്രകർ ആരെന്ന് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP