Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ഫ്‌ളാറ്റ് ഉടമകളുടെ സത്യാഗ്രഹം തുടരുന്നു; ആരേയും ബല പ്രയോഗത്തിലൂടെ ഒഴിപ്പിക്കരുതെന്ന് നഗരസഭയ്ക്ക് അനൗദ്യോഗിക നിർദ്ദേശം നൽകി സർക്കാർ; നാളെ നടക്കുന്നതെല്ലാം മുൻകൂട്ടിയൊരുക്കിയ തിരക്കഥയ്ക്ക് ഒപ്പിച്ച് കോടതിയെ പറ്റിക്കാനുള്ള നാടകം; പാവങ്ങളെ ഒഴുപ്പിക്കുന്ന വീര്യമൊന്നും കോടീശ്വരന്മാർക്ക് നേരെ പൊലീസും പുറത്തിറക്കില്ല; കേരളത്തിൽ പാവങ്ങൾക്കും പണക്കാർക്കും രണ്ട് നീതിക്ക് തെളിവായി മരടിലെ കള്ളക്കളികളുടെ വിശദാംശങ്ങൾ പുറത്താകുമ്പോൾ

സുപ്രീംകോടതി വിധിയെ വെല്ലുവിളിച്ച് ഫ്‌ളാറ്റ് ഉടമകളുടെ സത്യാഗ്രഹം തുടരുന്നു; ആരേയും ബല പ്രയോഗത്തിലൂടെ ഒഴിപ്പിക്കരുതെന്ന് നഗരസഭയ്ക്ക് അനൗദ്യോഗിക നിർദ്ദേശം നൽകി സർക്കാർ; നാളെ നടക്കുന്നതെല്ലാം മുൻകൂട്ടിയൊരുക്കിയ തിരക്കഥയ്ക്ക് ഒപ്പിച്ച് കോടതിയെ പറ്റിക്കാനുള്ള നാടകം; പാവങ്ങളെ ഒഴുപ്പിക്കുന്ന വീര്യമൊന്നും കോടീശ്വരന്മാർക്ക് നേരെ പൊലീസും പുറത്തിറക്കില്ല; കേരളത്തിൽ പാവങ്ങൾക്കും പണക്കാർക്കും രണ്ട് നീതിക്ക് തെളിവായി മരടിലെ കള്ളക്കളികളുടെ വിശദാംശങ്ങൾ പുറത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൊളിച്ചു മാറ്റാൻ സുപ്രീം കോടതി നിർദ്ദേശിച്ച ഫ്‌ളാറ്റുകളിലെ താമസക്കാർക്ക് ഒഴിയാനായി നൽകിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ ഫ്‌ളാറ്റ് ഉടമകൾ റിലേ സത്യഗ്രഹം തുടരുകയാണ്. സമയപരിധി അവസാനിച്ചാലും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശപ്രകാരം മാത്രം തുടർ നടപടികളിലേക്കു കടക്കാനാണ് മരട് നഗരസഭാ സെക്രട്ടറിയുടെ തീരുമാനം. ആരേയും ബലം പ്രയോഗിച്ച് മാറ്റില്ലെന്നാണ് സൂചന. താമസക്കാരുടെ പ്രതിഷേധം സുപ്രീംകോടതിയെ സർക്കാർ അറിയിക്കും. ഇതെല്ലാം കണ്ട് മുക്കത്ത് വരിൽ വയ്ക്കുന്നത് കീഴാറ്റൂരിലെ വയൽകിളികളും മൂലമ്പള്ളിയിൽ കുടിയൊഴുപ്പിക്കപ്പെട്ട പാവപ്പെട്ടവരുമാണ്. അന്ന് പൊലീസിനെ കൊണ്ടാണ് പാവങ്ങളെ കിടപ്പാടങ്ങളിൽ നിന്ന് സർക്കാർ ഒഴുപ്പിച്ചത്. എന്നാൽ സുപ്രീംകോടതി വിധി ഉണ്ടായിട്ടും മരടിൽ ഫ്‌ളാറ്റിൽ നിന്ന് ആരേയും സർക്കാർ ബലം പ്രയോഗിച്ച് ഒഴിവാക്കില്ല. ഈ വാക്ക് കേട്ട് കിടപ്പാടം നഷ്ടപ്പെട്ട മൂലമ്പള്ളിയിലേകും വല്ലാർപാടത്തേയും വിഴിഞ്ഞത്തേയും പാവങ്ങൾ മൂക്കിൽ വിരൽ വയ്ക്കുകയാണ്.

സർക്കാർ നിർദ്ദേശപ്രകാരമാകും നഗരസഭ തുടർനടപടികളിലേക്ക് കടക്കുക. പ്രശ്‌നത്തിൽ ഗവർണർ ഇടപെടുമെന്നത് പ്രതീക്ഷയോടെയാണ് ഉടമകൾ കാണുന്നത്. ഒഴിഞ്ഞുപോയില്ലെങ്കിൽ സെക്രട്ടറിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ മറ്റു നിയമനടപടികൾ സ്വീകരിക്കുമെന്നാണ് നഗരസഭയുടെ നോട്ടീസിലുള്ളത്. സെപ്റ്റംബർ 10-ന് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം ശനിയാഴ്ച വരെയായിരുന്നു ഒഴിയാനുള്ള സമയപരിധി. എന്നാൽ, നോട്ടീസ് വിതരണംചെയ്തത് പുറപ്പെടുവിച്ച തീയതി കഴിഞ്ഞതിനാലായതിനാലാണ് സമയപരിധി ഞായറാഴ്ച വരെയാക്കിയത്. നഗരസഭയുടെ നോട്ടീസിന് കായലോരം ഫ്‌ളാറ്റ് ഉടമകൾ മാത്രമാണ് മറുപടി നൽകിയിരിക്കുന്നത്. നോട്ടീസ് ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഒരു തരത്തിലും ഒഴിഞ്ഞുപോകില്ലെന്നുമാണ് മറുപടി. നോട്ടീസിനെതിരേ കോടതിയിൽ ഹർജി നൽകാനാണ് ഫ്‌ളാറ്റ് ഉടമകളുടെ ശ്രമം. ഇതിനിടെയാണ് ആരേയും ഒഴിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ സർക്കാരെത്തുന്നത്.

മരടിലെ കോടീശ്വരന്മാരുടെ പ്രശ്‌നം കേരളീയ പൊതു സമൂഹത്തിന്റെ വികാരമായി ഉയർത്തിക്കാട്ടാനാണ് ശ്രമം. കോടതി വിധിയെ ചൂണ്ടിക്കാട്ടി പാവങ്ങളെ വീട്ടിൽ നിന്ന് ഇറക്കി വിട്ട ചരിത്രമാണ് കേരളാ പൊലീസിനുള്ളത്. എന്നാൽ ഇവിടെ മരടിലെത്തുമ്പോൾ കണ്ണീർ വാതകവും ലാത്തിയടിയും ഒന്നും ഉണ്ടാകില്ല. മരടിലെ ഗേറ്റ് കടന്ന് ചെന്ന് ആരേയും ബലപ്രയോഗത്തിലൂടെ പൊലീസ് ഒഴിപ്പിക്കില്ല. നാളെ മരടിൽ എന്താണ് സംഭവിക്കേണ്ടതെന്ന തിരക്കഥ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. സുപ്രീംകോടതിയുടെ അടുത്ത നടപടി എന്താകുമെന്ന കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്. എങ്കിലും കോടീശ്വരന്മാർക്കൊപ്പം നിലയുറപ്പിക്കാനാണ് നീക്കം. ഫ്‌ളാറ്റ് നിർമ്മാതാക്കളെ വെട്ടിലാക്കാതിരിക്കാനാണ് ഈ നീക്കം. ഐ എ എസ് തലത്തിൽ പോലും ഇതിനുള്ള ചർച്ച സജീവമാണ്. അതുകൊണ്ട് തന്നെ ആരേയും ഒഴിവാക്കില്ല.

മരട് ഫ്‌ളാറ്റ് പ്രശ്‌നത്തിൽ മൂന്നിന നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത് എഴുതി. മൂന്നംഗ സമിതി സോൺ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരു എങ്കിൽ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇവ. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മിറ്റി ഈ പ്രദേശത്തിന്റെ സി.ആർ.ഇസഡ് സോൺ നിശ്ചയിച്ചതിലെ പിഴവ് സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തുക, ഫ്‌ളാറ്റുടമകളുടെ ഭാഗം കേൾക്കാൻ വഴിയുണ്ടാക്കുക, ഫ്‌ളാറ്റുകൾ പൊളിക്കാതെ മാർഗ്ഗമില്ല എന്ന അവസ്ഥ വന്നാൽ തുല്ല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക എന്നിവയാണ് പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശങ്ങൾ. കഴിഞ്ഞ ദിവസം മരടിലെത്തി ഫ്‌ളാറ്റുടമകളുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് രമേശ് ചെന്നിത്തല രണ്ട് പേർക്കും കത്ത് നൽകിയത്. ഒരു ആയുഷ്‌കാലം കൊണ്ട് ഉണ്ടാക്കിയെടുത്ത മുഴുവൻ സമ്പാദ്യവും സ്വരൂപിച്ച് ഫ്‌ളാറ്റുകൾ വാങ്ങിയവർക്ക് എല്ലാം നഷ്ടപ്പെടുന്ന അതീവ ദുഃഖകരമായ അവസ്ഥയാണ് തനിക്ക് അവിടെ കാണേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. ഇവരിൽ ഭൂരിഭാഗം പേരും ഇടത്തരക്കാരാണെന്നതാണ് യാഥാർഥ്യം. കിടപ്പാടം നഷ്ടപ്പെട്ടാൽ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാൻ മിക്കവർക്കും വേറെ കിടപ്പാടമില്ലെന്ന് ചെന്നിത്തല പറയുന്നു.

ലോകത്തിലെ നിയമസംവിധാനത്തിന്റെ മൂല തത്വങ്ങളിൽ ഒന്നാണ് സ്വാഭാവിക നീതി നടപ്പാക്കുക എന്നത്. മറുവശം കൂടി കേൾക്കുക എന്ന അടിസ്ഥാന തത്വം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്. എന്നാൽ സുപ്രീം കോടതി നിയോഗിച്ച സമിതി ഫ്‌ളാറ്റുടമകുളുടെ ഭാഗം കേൾക്കാൻ തയ്യാറായിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ഒരു സുപ്രഭാതത്തിൽ തങ്ങളുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട് താമസിക്കാൻ മറ്റു സ്ഥലമില്ലാത്ത വഴിയാധാരമാകുന്ന നിരവധി കുടുംബങ്ങളാണ് ഫളാറ്റ് പൊളിക്കുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഫ്‌ളാറ്റുകൾ പൊളിച്ചേ മതിയാവൂ എങ്കിൽ ഫ്‌ളാറ്റുടമകളെ സമാനമായ സൗകര്യങ്ങളൊരുക്കി പുനരധിവസിപ്പിക്കേണ്ട കടമ സർക്കാരിനുണ്ട്. ഇതിന് സംസ്ഥാന സർക്കാർ തയ്യാറാകണം. ഈ സാഹചര്യത്തിൽ മാനുഷിക പരിഗണനയോടെ അനുഭാവ പൂർണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു

375 കുടുംബങ്ങളാണ് ഫ്‌ളാറ്റുകളിലുള്ളത്. ഒഴിപ്പിക്കുകയാണെങ്കിൽ ഇവരെ താമസിപ്പിക്കാനായി സമീപ പ്രദേശങ്ങളിലെ ഒഴിഞ്ഞ ഫ്‌ളാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, ക്യാംപുകൾ പ്രവർത്തിപ്പിക്കാവുന്ന സ്‌കൂളുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ അതതു വില്ലേജ് ഓഫിസർമാർ കണയന്നൂർ തഹസിൽദാർക്കു സമർപ്പിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള നടപടി മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാൻ പറഞ്ഞു. ഫ്‌ളാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും.

പ്രതിഷേധം ശക്തമാക്കി ഫ്‌ളാറ്റ് ഉടമകൾ നഗരസഭയ്ക്കു മുന്നിൽ റിലേ സത്യഗ്രഹം തുടങ്ങി. പ്രവൃത്തി സമയത്തു നഗരസഭയ്ക്കു മുന്നിലും ബാക്കി സമയങ്ങളിൽ കുണ്ടന്നൂർ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് പരിസരത്തുമാണു സമരം. നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്‌ളാറ്റ് ഉടമകൾ നാളെ ഹൈക്കോടതിയിൽ ഹർജി നൽകും. ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹർജി. സമരം ചെയ്യുന്ന താമസക്കാർക്കു പിന്തുണയുമായി രാഷ്ട്രീയ, സംഘടനാ നേതാക്കൾ മരടിലേക്ക് ഒഴുകുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സമരം ചെയ്യുന്നവരെ സന്ദർശിച്ചു. പൊളിക്കാൻ തയാറാണെന്ന സത്യവാങ്മൂലമല്ല, ഉപസമിതിക്കു തെറ്റുപറ്റിയെന്ന റിപ്പോർട്ടാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുടിയൊഴിപ്പിക്കൽ എവിടെയാണെങ്കിലും ഇരകൾക്കൊപ്പമാണു സിപിഎമ്മെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സർവകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയാറാവണമെന്ന് എ.എൻ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ 10നാണ് കോടിയേരിയുടെ നേതൃത്വത്തിൽ സിപിഐ എം നേതാക്കൾ മരടിലെ ഹോളിഫെയ്ത് എച്ച്ടുഒ ഫ്ളാറ്റ് സന്ദർശിച്ചത്. 'ഒഴിയേണ്ടി വന്നാൽ ഒറ്റയ്ക്കാകില്ല' എന്ന കോടിയേരിയുടെ ആശ്വാസവാക്കുകൾ നിറഞ്ഞ കൈയടിയോടെയാണ് താമസക്കാർ സ്വീകരിച്ചത്. നിയമപരമായി ചെയ്യേണ്ടതെല്ലാം ചെയ്യാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന ഉറപ്പും നൽകിയാണ് കോടിയേരി മടങ്ങിയത്. രാവിലെ എത്തിയ കോടിയേരിയെ താമസക്കാരുടെ സംഘടനാ ഭാരവാഹികൾ സ്വീകരിച്ചു. ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതി വിധിയുടെ വിശദാംശങ്ങൾ സംഘടനാ ഭാരവാഹികളോട് ചോദിച്ചറിഞ്ഞു. അവർ നൽകിയ നിവേദനം സ്വീകരിച്ചു. താമസക്കാരും ചലച്ചിത്ര പ്രവർത്തകരുമായ മേജർ രവി, സൗബിൻ ഷാഹിർ, സൈറ ബാനു എന്നിവരുമായും കോടിയേരി ചർച്ച നടത്തി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ സങ്കടം പറയാൻ എത്തി. ആയുസിൽ സമ്പാദിച്ചതെല്ലാം കൂട്ടിവച്ചാണ് വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഫ്ളാറ്റ് വാങ്ങിയതെന്നും ഇറക്കിവിട്ടാൽ പോകാൻ ഇടമില്ലെന്നും അവർ പറഞ്ഞു. നിയമസഹായം വാഗ്ദാനം ചെയ്ത് ലോയേഴ്സ് യൂണിയൻ തയ്യാറാക്കിയ റിപ്പോർട്ടും കോടിയേരി സ്വീകരിച്ചു. ഹോളിഫെയ്ത് എച്ച്ടുഒ ഫ്‌ളാറ്റിനുമുന്നിൽ സിപിഐ എം സംഘടിപ്പിച്ച ധർണ കോടിയേരി ഉദ്ഘാടനം ചെയ്തു. അങ്ങനെ സിപിഎമ്മിന്റെ പൂർണ്ണ പിന്തുണ ഫ്‌ളാറ്റ് ഉടമകൾക്കുണ്ട്.

സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള നടപടികൾ മാത്രമാണു സ്വീകരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറി എം. ആരിഫ് ഖാൻ പറഞ്ഞു. ഫ്‌ളാറ്റുകൾ പൊളിക്കാൻ നഗരസഭ നൽകിയ പരസ്യത്തിനു ലഭിച്ച അപേക്ഷകൾ പരിശോധിച്ച് ചുരുക്കപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും. നഗരസഭ നൽകിയ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്‌ളാറ്റ് ഉടമകൾ നാളെ ഹൈക്കോടതിയിൽ ഹർജി നൽകും. ഒഴിപ്പിക്കൽ നോട്ടിസ് നിയമാനുസൃതമല്ലെന്നു വാദിച്ചാകും ഹർജി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP