Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

താൽകാലിക പുനരധിവാസത്തിന് നോട്ടീസ് പതിച്ചത് നഷ്ടപരിഹാരത്തിനുള്ള സാധ്യത ഉറപ്പാക്കാൻ; എല്ലാവരും കൂടി ശ്രമിക്കുന്നത് കോടീശ്വരന്മാർക്ക് കോടികൾ ഖജനാവിൽ നിന്ന് നൽകാൻ തന്നെ; പൊളിക്കലിന്റെ പ്രയോഗിക പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ അറ്റോർണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനുള്ള ചരട് വലികളുമായി പിണറായി സർക്കാർ; ഗവർണ്ണറുടെ നിലപാടും നിർണ്ണായകമാകും; സർവ്വകക്ഷിയോഗം പിന്തുണ നൽകുക മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് തന്നെ

താൽകാലിക പുനരധിവാസത്തിന് നോട്ടീസ് പതിച്ചത് നഷ്ടപരിഹാരത്തിനുള്ള സാധ്യത ഉറപ്പാക്കാൻ; എല്ലാവരും കൂടി ശ്രമിക്കുന്നത് കോടീശ്വരന്മാർക്ക് കോടികൾ ഖജനാവിൽ നിന്ന് നൽകാൻ തന്നെ; പൊളിക്കലിന്റെ പ്രയോഗിക പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ അറ്റോർണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനുള്ള ചരട് വലികളുമായി പിണറായി സർക്കാർ; ഗവർണ്ണറുടെ നിലപാടും നിർണ്ണായകമാകും; സർവ്വകക്ഷിയോഗം പിന്തുണ നൽകുക മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മരട് നഗരസഭ മുന്നോട്ടു പോകുമ്പോൾ ഉയരുന്നത് കോടീശ്വരന്മാരുടെ നഷ്ടം നികത്താൻ ഖജനാവിൽ നിന്ന് പണമൊഴുക്കാനുള്ള സാധ്യത. ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ താൽക്കാലിക പുനരധിവാസം ആവശ്യമുള്ളവർ ഇന്നു മൂന്നിനുള്ളിൽ അപേക്ഷ നൽകണമെന്നാവശ്യപ്പെട്ടു നഗരസഭ താമസക്കാർക്കു നോട്ടിസ് നൽകി. ഇങ്ങനെ അപേക്ഷ നൽകുന്നവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നാണ് സാരം. അങ്ങനെ വന്നാൽ തങ്ങളുടെ നഷ്ടം സർക്കാരിനെ ബോധ്യപ്പെടുത്തുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഫ്‌ളാറ്റുടമകൾ സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നു ഫ്‌ളാറ്റുകളുടെ ചുമരിലാണു നഗരസഭ സെക്രട്ടറി നോട്ടിസ് പതിച്ചത്.

അപേക്ഷ നൽകാത്ത താമസക്കാർക്കു താൽക്കാലിക പുനരധിവാസം ആവശ്യമില്ലെന്നു കരുതുമെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റ് ഒഴിയാൻ നഗരസഭ നൽകിയ സമയപരിധി ഞായറാഴ്ച അവസാനിച്ചിരുന്നു. എന്നാൽ, ആരും ഒഴിഞ്ഞില്ല. തുടർന്നാണു പുനരധിവാസം ആവശ്യമുള്ളവരോട് അപേക്ഷ നൽകാൻ നഗരസഭ ആവശ്യപ്പെട്ടത്. സമരത്തിനു പിന്തുണയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എംപി തുടങ്ങിയ നേതാക്കൾ ഇന്നലെ ഫ്‌ളാറ്റുടമകളെ സന്ദർശിച്ചു. കോൺഗ്രസ് സമരപന്തലിലേക്ക് ഐക്യദാർഢ്യ മാർച്ച് നടത്തി. ഈ സാഹചര്യത്തിൽ എല്ലാ പാർട്ടികളുടേയും നിലപാട് നഷ്ടപരിഹാരം കൊടുക്കലിന് അനുകൂലമാണെന്ന് വരുത്താനും നീക്കമുണ്ട്. ഇതിനിടെ കോടതിയുടെ അനിഷ്ടം നേടാതിരിക്കാനും സർക്കാർ നടപടികൾ എടുക്കുന്നുണ്ട്. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനു താൽപര്യപത്രം ക്ഷണിച്ചതിൽ യുഎസിൽ നിന്നുൾപ്പെടെ 13 കമ്പനികളുടെ അപേക്ഷ ലഭിച്ചു. പൊളിക്കാനുള്ള നടപടികൾ നഗര സഭ എടുക്കുന്നുവെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാണ് ഇത്.

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിലെ അനിശ്ചിതത്വം നീക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകീട്ട് ചേരും. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാർ പിന്തുണയോടെ അറ്റോർണി ജനറലിനെ കൊണ്ട് സുപ്രീംകോടതിയെ അറിയിക്കാനാണ് സംസ്ഥാന സർക്കാറിന്റെ ശ്രമം. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും ഫ്‌ളാറ്റുടമകളുടെ എതിർപ്പും സത്യവാങ്മൂലമായി 20ന് കോടതിയിൽ നൽകും. സെപ്റ്റംബർ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാൻ നഗരസഭ നൽകിയ സമയപരിധി തീർന്നിട്ടും ഒരു താമസക്കാർ പൊലും മാറിയിട്ടില്ല. പ്രശ്‌നം എങ്ങിനെ തീർക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സർവ്വകക്ഷിയോഗം ചേരുന്നത്.

ഫ്‌ളാറ്റ് ഉടമകളുടെ കോടതി കേട്ടിട്ടില്ല, ഇത്രയും വലിയ കെട്ടിട്ടങ്ങൾ പൊളിക്കുമ്പോൾ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നം, ചുരുങ്ങിയ സമയത്തിനുള്ളിൽ വിധി നടപ്പാക്കുന്നതിലെ പ്രയാസം എന്നീ കാര്യങ്ങൾ കോടതിയെ അറിയിക്കാനാണ് ഇപ്പോഴത്തെ ശ്രമം. വിഷയത്തിൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയവുമായി സംസ്ഥാന സർക്കാർ ആലോചനകൾ തുടങ്ങിയിട്ടുണ്ട്. ഇത്രയും വലിയ കെട്ടിട്ടങ്ങൾ മുന്നൊരുക്കങ്ങളില്ലാതെ പൊളിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നം കേന്ദ്ര സർക്കാറിന്റെ പിന്തുണയോടെ അറ്റോർണി ജനറൽ വഴി കോടതിയെ അറിയിക്കാനാണ് ശ്രമം. ഇന്ന് ഡൽഹിക്ക് തിരിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രസർക്കാർ വൃത്തങ്ങളുമായി സ്ഥിതിഗതികളെ കുറിച്ച് ചർച്ച നടത്തുമെന്നാണ് സൂചന. പ്രശ്‌നത്തിൽ ഇടപെടുമെന്ന് ഗവർണ്ണർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്നലെ നോട്ടീസ് പതിക്കാൻ കുണ്ടന്നൂർ 'ഹോളി ഫെയ്ത് എച്ടുഒ' ഫ്‌ളാറ്റിലെത്തിയ സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും നേരെ താമസക്കാർ ഗേറ്റ് അടച്ചിട്ടു പ്രതിരോധം തീർത്തു മുദ്രാവാക്യം വിളിച്ചതു നേരിയ സംഘർഷത്തിന് ഇടയാക്കി. ഫ്‌ളാറ്റ് പ്രശ്‌നം ചർച്ച ചെയ്യാനായി ഇന്നു തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരാനിരിക്കേ ഫ്‌ളാറ്റുടമകൾ സമരം ശക്തമാക്കി. എച്ച്ടുഒ ഹോളിഫെയ്ത് ഫ്‌ളാറ്റ് പരിസരത്തും, മരട് നഗരസഭ കാര്യാലയത്തിനു മുന്നിലുമാണു സമരം. ഫ്‌ളാറ്റൊഴിയാനുള്ള നഗരസഭ നോട്ടിസിനെതിരെ ഫ്‌ളാറ്റുടമകൾ ഇന്നലെ ഹൈക്കോടതിയിൽ ഹർജി നൽകിയില്ല. അടുത്ത ദിവസം ഹർജി നൽകുമെന്നു ഫ്‌ളാറ്റുടമകൾ അറിയിച്ചു. എന്നാൽ സുപ്രീംകോടതി വിധിയുള്ളതിനാൽ ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടില്ല. ഇത് മനസ്സിലാക്കിയാണ് ഹർജി നൽകാത്തത്.

അതിനിടെ പ്രശ്‌ന പരിഹാരത്തിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ കേരളത്തിലെ 17 എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇതിനിടെ, തീരപരിപാലന നിയമം ലംഘിച്ചാണു ഫ്‌ളാറ്റുകൾ നിർമ്മിച്ചതെന്നു സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്ന പുതിയ ആവശ്യവുമായി ഫ്‌ളാറ്റുടമകളും രംഗത്തെത്തി. പൊളിക്കേണ്ടി വരികയാണെങ്കിൽ ഫ്‌ളാറ്റുടമകളെ പുനരധിവസിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ജില്ലാ ഭരണകൂടം തയാറാക്കിയിട്ടുണ്ടെന്നു നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.

ഇനിയൊരു റിവ്യു ഹർജിയുടെ സാധ്യതകളെ കുറിച്ച് വ്യത്യസ്തമായ നിയമോപദേശങ്ങളാണ് സംസ്ഥാനത്തിന് കിട്ടിയത്. വിധി നടപ്പാക്കാൻ ഇതുവരെ സ്വീകരിച്ച നടപടികളും താമസക്കാരുടെ എതിർപ്പുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള സത്യവാങ്മൂലം തയ്യാറാക്കി 20ന് നൽകും. പലതരം നീക്കങ്ങൾ നടക്കുമ്പോഴും ഈ കേസിൽ സുപ്രീം കോടതി ഇതുവരെ സ്വീകരിച്ച കർശന നിലപാടിൽ സംസ്ഥാന സർക്കാറിന് ആശങ്കയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP