Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരടിലെ എല്ലാ ഫ്‌ളാറ്റുടമകൾക്കും 25 ലക്ഷം രൂപ അടിയന്തര സഹായം നൽകില്ല; രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരു ഫ്‌ളാറ്റുടമക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; മറ്റൊരു ഉടമയ്ക്ക് നൽകുന്നത് 15 ലക്ഷം രൂപയും; 14 ഫ്‌ളാറ്റുടമകൾക്ക് ആദ്യ ഘട്ടത്തിൽ ഇടക്കാല ആശ്വാസം നൽകാൻ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ ശുപാർശ; ഭൂമിയുടെയും ഫ്‌ളാറ്റിന്റെയും വില കണക്കാക്കി അർഹത നോക്കി ഓരോ ഉടമകൾക്കും നഷ്ടപരിഹാരം നൽകും; സ്റ്റാംപ് ഡ്യൂട്ടി വെട്ടിച്ചവർക്ക് തിരിച്ചടി ആകുമെന്ന് തന്നെ സൂചന

മരടിലെ എല്ലാ ഫ്‌ളാറ്റുടമകൾക്കും 25 ലക്ഷം രൂപ അടിയന്തര സഹായം നൽകില്ല; രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരു ഫ്‌ളാറ്റുടമക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും; മറ്റൊരു ഉടമയ്ക്ക് നൽകുന്നത് 15 ലക്ഷം രൂപയും; 14 ഫ്‌ളാറ്റുടമകൾക്ക് ആദ്യ ഘട്ടത്തിൽ ഇടക്കാല ആശ്വാസം നൽകാൻ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതിയുടെ ശുപാർശ; ഭൂമിയുടെയും ഫ്‌ളാറ്റിന്റെയും വില കണക്കാക്കി അർഹത നോക്കി ഓരോ ഉടമകൾക്കും നഷ്ടപരിഹാരം നൽകും; സ്റ്റാംപ് ഡ്യൂട്ടി വെട്ടിച്ചവർക്ക് തിരിച്ചടി ആകുമെന്ന് തന്നെ സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ എല്ലാ ഉടമകൾക്കും 25 ലക്ഷം വീതം നഷ്ടപരിഹാരം നൽകില്ല. നഷ്ടപരിഹാരം നൽകുന്നതിനായി നിയമിച്ച സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്താൽ ഓരോരുത്തർക്കും അർഹമായ നഷ്ടപരിഹാരമാകും നൽകുക. അർഹത നോക്കിയാകും ഓരോ ഉടമകൾക്കും നഷ്ടപരിഹാരം നൽകുക. ഭൂമിയുടെയും ഫ്‌ളാറ്റിന്റെയും വില കണക്കാക്കി, ആനുപാതികമായാണ് താത്കാലിക നഷ്ടപരിഹാരം നിശ്ചയിക്കുകയെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ 14 ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാര തുകയാണ് നൽകാൻ ശുപാർശ ചെയ്തിരിക്കുന്നത്.

ഈ ശുപാർശ നൽകിയിരിക്കുന്നവരിൽ 25 ലക്ഷം നൽകാൻ നിർദേശമുള്ളത് ഒരാൾക്ക് മാത്രമാണ്. 13 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നൽകാനാണ് ശുപാർശയിലുള്ളത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഒരാൾക്കാണ് ഇപ്പോൾ 25 ലക്ഷം രൂപ നൽകാൻ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. മറ്റൊരു ഉടമയ്ക്ക് 15 ലക്ഷം രൂപ നൽകാനും ശുപാർശയുണ്ട്. ആദ്യഘട്ട റിപ്പോർട്ടിലുള്ളത് 14 പേർക്ക് നഷ്ടപരിഹാരം നൽകാനുള്ള ശുപാർശയാണ്. ആദ്യഘട്ടത്തിൽ 2 കോടി 56 ലക്ഷത്തി ആറായിരത്തിത്തൊണ്ണൂറ്റാറ് (2,56,06,096) രൂപ ആകെ നഷ്ടപരിഹാരം നൽകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

ജെയ്ൻ കോറൽ കോവ്, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകുക. ഗോൾഡൻ കായലോരത്തിലെ നാല് പേർക്കും, ആൽഫാ സെറീനിലെ നാല് പേർക്കും, ജെയ്ൻ കോറൽ കോവിലെ ആറ് പേർക്കുമാണ് നഷ്ടപരിഹാരം നൽകുക. ഇവരിൽ പരിഗണന അർഹിക്കുന്നവർക്ക് വേണ്ടിയാണ് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരിക്കുന്നത്. അതേസമയം സ്റ്റാംപ് ഡ്യൂട്ടി വെട്ടിച്ച് രജിസ്റ്റർ ചെയ്തവർക്ക് സമിതിയുടെ റിപ്പോർട്ടിൽ തിരിച്ചടി ലഭിക്കുമെന്ന സൂചനയുണ്ട്.

അതേസമയം മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുമെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി തീരുമാനിച്ചത് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നതോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന നിബന്ധന നഷ്ടപരിഹാര സമിതി തൽക്കാലം ഒഴിവാക്കിയതായി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതി തീരുമാനിച്ചത് ആശങ്കയുള്ളവർക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. അതിനിടെ യഥാർത്ഥ വില വ്യക്തമാക്കി ഫ്‌ളാറ്റുടമകൾ സമർപ്പിച്ച 19 പ്രമാണങ്ങൾ അടങ്ങുന്ന റിപ്പോർട്ട് നഗരസഭാ സെക്രട്ടറി സമിതിക്ക് മുൻപാകെ ഹാജരാക്കി. നാല് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കും സമിതി ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 17 -നകം ഫ്‌ളാറ്റുകൾ എത്ര രൂപയ്ക്കാണ് വിൽപ്പന നടത്തിയതെന്നതിന്റെ രേഖകൾ നഗരസഭ സെക്രട്ടറിക്ക് മുൻപിൽ ഹാജരാക്കണം. ആധാരവും പണം കൊടുത്തതിന്റെ രേഖകളും ഫ്‌ളാറ്റുടമകൾ മരട് നഗരസഭയിൽ സമർപ്പിക്കണം.

അതേസമയം, ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ആൽഫാ വെഞ്ച്വേഴ്‌സിന്റെ നിർമ്മാതാവ് പോൾ രാജിനോടാണ് നാളെ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഹോളി ഫെയ്ത്, ജെയിൻ കോറൽ കേവ് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസയച്ചിട്ടുണ്ട്. ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്തയോട് വ്യാഴാഴ്ചയും ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസിനോട് 21 നും ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതി ഇല്ലാത്തതിനാൽ ഗോൾഡൻ കായലോരം ഉടമയ്‌ക്കെതിരെ നിലവിൽ കേസ് എടുത്തിട്ടില്ല. എന്നാൽ ഇവരും അന്വേഷണ പരിധിയിൽ വരും. വഞ്ചന, നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിർമ്മിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിയമം ലംഘിച്ചു ഫ്‌ളാറ്റ് നിർമ്മാണം നടത്താൻ അനുമതി നൽകിയ മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ നേരെത്തെ ചോദ്യം ചെയ്തിരുന്നു. അഷ്റഫ് നൽകിയ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഫ്‌ളാറ്റ് നിർമ്മാതാക്കളെ ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് ലഭിച്ചതിന് പിന്നാലെ ആൽഫാ വെഞ്ചേഴ്സ് ഉടമ പോൾ രാജ് കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെയാണ് പോൾ രാജ് സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP