Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പൊളിക്കൽ തുടങ്ങിയതു മുതൽ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങൾ വീണു തുടങ്ങി; സ്‌ഫോടന ശേഷം വീടുണ്ടാകുമോ എന്നു പോലും അറിയില്ലെന്ന് സമീപവാസികൾ; പരിഹാരത്തിന് 30 മീറ്റർ ഉയരത്തിൽ മറകെട്ടാൻ നിർദ്ദേശിച്ച് മന്ത്രി മൊയ്തീൻ; സമീപവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷയും; 246 ഫ്‌ളാറ്റ് ഉടമകൾക്ക് ഇതുവരെ നൽകിയത് 61.5 കോടി; പൊളിക്കലിനുള്ള നിയന്ത്രിത സ്‌ഫോടനം ജനുവരി 11ന് തന്നെ; മരടിൽ നാട്ടുകാരെ പിണക്കാതിരിക്കാൻ കരുതലോടെ സർക്കാർ

പൊളിക്കൽ തുടങ്ങിയതു മുതൽ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങൾ വീണു തുടങ്ങി; സ്‌ഫോടന ശേഷം വീടുണ്ടാകുമോ എന്നു പോലും അറിയില്ലെന്ന് സമീപവാസികൾ; പരിഹാരത്തിന് 30 മീറ്റർ ഉയരത്തിൽ മറകെട്ടാൻ നിർദ്ദേശിച്ച് മന്ത്രി മൊയ്തീൻ; സമീപവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷയും; 246 ഫ്‌ളാറ്റ് ഉടമകൾക്ക് ഇതുവരെ നൽകിയത് 61.5 കോടി; പൊളിക്കലിനുള്ള നിയന്ത്രിത സ്‌ഫോടനം ജനുവരി 11ന് തന്നെ; മരടിൽ നാട്ടുകാരെ പിണക്കാതിരിക്കാൻ കരുതലോടെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുക സമീപവാസികൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ. ഇതിനായി സുരക്ഷ ശക്തമാക്കാൻ ജില്ലാ ഭരണകൂടത്തിന് സർക്കാർ നിർദ്ദേശം നൽകി. സമീപവാസികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകളെടുക്കും. സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച മരടിലെ ഫ്‌ളാറ്റുകളുടെ ഉടമകളിൽ 92.5% പേർക്ക് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി ഇടക്കാല നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. 246 ഫ്‌ളാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം 61.5 കോടി രൂപയാണു ഇതുവരെ അനുവദിച്ചത്. അപേക്ഷ നൽകിയവരിൽ 20 ഫ്‌ളാറ്റ് ഉടമകൾക്കു മാത്രമാണ് ഇനി നഷ്ട പരിഹാരം അനുവദിക്കാനുള്ളത്. ഈ അപേക്ഷകൾ സമിതിയുടെ പരിഗണനയിലാണ്.

മന്ത്രി എ.സി.മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം എല്ലാ വശങ്ങളും ചർച്ച ചെയ്തു. ഫ്‌ളാറ്റിന്റെ സമീപത്തു താമസിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു. ഫ്‌ളാറ്റിലെ ചുമരുകളും മറ്റും പൊളിച്ചു തുടങ്ങിയപ്പോൾ തന്നെ സമീപത്തെ വീടുകളിലേക്ക് കല്ലുകളും മറ്റും വീഴുന്നുവെന്ന പരാതി ഉയർന്നിരുന്നു. ഇത് പരിഹരിക്കാൻ 30 മീറ്റർ ഉയരത്തിൽ മറ കെട്ടാനും നിർദ്ദേശിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട സമീപവാസികളുടെ പരാതികൾ പരിഹരിക്കാൻ 4 സീനിയർ എൻജിനീയർമാരെ നിയമിക്കും. തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതി മരടിലെ ഹോളി ഫെയ്ത് എച് ടു ഒ,ആൽഫ വെഞ്ചേഴ്സ്,ജെയിൻ ഹൗസിങ്,ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റാൻ ഉത്തരവിട്ടത്.ഇതേ തുടർന്ന് സർക്കാരിന്റെ നേതൃത്വത്തിൽ പൊളിക്കൽ നടപടികൾ ആരംഭിച്ചു. ജനുവരി 11 ന് നിയന്ത്രിത സ്ഫോടനത്തിലൂടെ നാലു ഫ്ളാറ്റു സമുച്ചയങ്ങളും പൂർണമായും പൊളിക്കും.

നെട്ടൂരിലെ ആൽഫ ടവറിനു സമീപത്തെ വീടുകളാണ് കൂടുതൽ അപകട ഭീഷണി നേരിടുന്നത്. രണ്ടു ടവറുകൾക്ക് ചുറ്റുമായി നിരവധി വീടുകളാണ് ഉള്ളത്. അതീവ അപകടമേഖലയായ 50 മീറ്റർ ചുറ്റളവിൽ കൂടുതൽ പേരെ ഒഴിപ്പിക്കേണ്ടി വരുന്നതും ഇവിടെ തന്നെയാണ്. സ്‌ഫോടനത്തിനു മുന്നോടിയായുള്ള പൊളിക്കൽ തുടങ്ങിയതു മുതൽ വീടുകളിലേക്ക് കെട്ടിട ഭാഗങ്ങൾ വീണു തുടങ്ങി. സ്‌ഫോടന ശേഷം വീടുണ്ടാകുമോ എന്നു പോലും അറിയില്ലെന്ന് സമീപവാസികൾ പറയുന്നു. മരട് ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിൽ തകർക്കുവാനുള്ള പദ്ധതികൾ മുന്നോട്ടു പോകുമ്പോഴും നാട്ടുകാരുടെ ആശങ്കകൾ ഒഴിയുന്നില്ല. ചുറ്റുപാടുമുള്ള വീടുകൾ എത്രകണ്ട് സുരക്ഷിതമാണെന്ന് ആരും ഇവരോട് ഇതുവരെ വിശദീകരിച്ചിട്ടില്ല. പ്രാഥമികമായ പൊളിക്കൽ നടക്കുമ്പോൾ പോലും കെട്ടിട ഭാഗങ്ങൾ സമീപത്തെ വീടുകളിലേക്ക് തെറിച്ചു വീഴുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇൻഷുറൻസും മറ്റും ഏർപ്പെടുത്തുന്നത്.

മരട് ഫ്‌ളാറ്റിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിഡിയോ ചിത്രീകരണം ഇന്ന് ആരംഭിക്കും. ആദ്യ ഘട്ടമായി 50 മീറ്റർ പരിധിയിലാണു വിഡിയോ ചിത്രീകരണം നടത്തുക. രണ്ടാം ഘട്ടമായി അടുത്ത 50 മീറ്റർ പരിധിയിലുള്ള കെട്ടിടങ്ങളുടെയും മറ്റും ചിത്രങ്ങൾ എടുക്കും. 100 മീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണു സൂചന. ഇൻഷുറൻസ് കമ്പനിയുമായി ഇതുവരെയും കരാറിൽ ഒപ്പുവച്ചിട്ടില്ല. 50 മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങൾ, താമസക്കാർ, പക്ഷിമൃഗാദികൾ, മരങ്ങൾ, കൃഷി, ശുദ്ധജല സ്രോതസ്സുകൾ, മറ്റ് സ്ഥാവര ജംഗമ വസ്തുക്കൾ എന്നിവയാണു വിഡിയോയിൽ ചിത്രീകരിക്കുക.

ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി പരിശോധിക്കുന്നതിൽ ഇതിൽ 6 അപേക്ഷകൾ ബിൽഡർമാരുടെ ബന്ധുക്കളുടേതാണ്. 11 ഉടമകൾക്കു വിലയാധാരമോ, രജിസ്റ്റർ ചെയ്ത കരാറുകളോ ഇല്ല. മറ്റ് 3 ഉടമകളുടെ അപേക്ഷകളിൽ നഷ്ടപരിഹാര നിർണയ സമിതി കൂടുതൽ രേഖകൾ തേടിയിട്ടുണ്ട്. ഫ്‌ളാറ്റിന് അഡ്വാൻസായി കുറഞ്ഞ തുക നൽകിയവരും 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പൊളിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങളിലായി മൊത്തം 339 അപ്പാർട്‌മെന്റുകളുണ്ട്. ഇതിൽ 53 എണ്ണം വിറ്റു പോയിട്ടില്ല. ബാക്കിയുള്ള 286 അപ്പാർട്‌മെന്റുകൾക്കാണു നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുള്ളത്. ഇവയിൽ 7 എണ്ണവുമായി ബന്ധപ്പെട്ട് ക്ലെയിം അപേക്ഷകൾ ഇതുവരെയും മരട് നഗരസഭയ്ക്കു ലഭിച്ചിട്ടില്ല. കഴിഞ്ഞ15 ആയിരുന്നു അപേക്ഷ നൽകാനുള്ള അവസാന തീയതി. 279 അപ്പാർട്‌മെന്റുകൾക്കായി 266 ഉടമകളാണ് ഇതുവരെ ക്ലെയിം അപേക്ഷ നൽകിയിട്ടുള്ളത്.

മരടിൽ തീരദേശ നിയമം ലംഘിച്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച കേസിൽ ഫ്്ളാറ്റ് നിർമ്മാതാക്കൾക്ക് ഒത്താശ ചെയ്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടി ഇന്നലെ കീഴടങ്ങിയിരുന്നു. മരട് ഗ്രാമപഞ്ചായത്ത് മുൻ ജീവനക്കാരൻ ജയറാം നായിക് ആണ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ ഡിസംബർ മൂന്നു വരെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ മൂവാറ്റുപുഴ സബ് ജയിലിൽ അടച്ചു.കേസിൽ പ്രതിയാക്കപ്പെട്ടതോടെ ജയറാം നായിക് മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അപേക്ഷ തള്ളിയ കോടതി ഇയാളോട് കീഴടങ്ങാൻ നിർദ്ദേശം നൽകി. ഇതേ തുടർന്നാണ് ഇയാൾ കോടതിയിൽ നേരിട്ട് കീഴടങ്ങിയത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഉടൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ മൂന്നു പ്രതികളെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഒരു ഫ്‌ളാറ്റ് നിർമ്മാതാവ് നേരത്തെ കീഴടങ്ങി. ജയറാം നായിക് കൂടി കീഴടങ്ങിയതോടെ കേസിൽ അറസ്റ്റിലായി റിമാന്റിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി.

ആൽഫ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ഡയറക്ടർ സാനി ഫ്രാൻസിസ്, മരട് ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫ്, മരട് പഞ്ചായത്ത് മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് ജയറാം നായികിനെ കൂടാതെ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരുന്നത്. രണ്ടു കേസുകളിലായാണ് ഇവർ അറസ്റ്റിലായത്. ആൽഫ വെഞ്ചേഴ്‌സ് ഉടമ പോൾ രാജാണ് നേരത്തെ കീഴടങ്ങിയ ഒരാൾ. നാലുപേരെയും നേരത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. മുഹമ്മദ് അഷറഫ്, പി.ഇ. ജോസഫ്, ജയറാം നായിക് എന്നിവരെ രണ്ടു കേസുകളിലും പ്രതി ചേർത്തിട്ടുണ്ട്.

തീരദേശ പരിപാലന നിയമവും തണ്ണീർത്തട നിയമവും ലംഘിക്കുന്നതിന് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് മരട് ഗ്രാമപഞ്ചായത്ത് മുൻ ജീവനക്കാരായ മൂവരും ഒത്താശ ചെയ്‌തെന്നാണ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് പുറമെ ഈ മൂന്നു ജീവനക്കാരേയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപോർട്ട് സമർപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP