Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്രൗണ്ട് ഫ്‌ളോറിൽ ആദ്യ സ്‌ഫോടനം; 17 മില്ലി സെക്കന്റിന് ശേഷം ഒന്നാം നിലയിൽ; പിന്നെ അഞ്ചാം നിലയിൽ.... ഹോളി ഫെയ്ത്തിന് നിലം പൊത്താൻ വേണ്ടത് 45 സെക്കന്റ് മാത്രം; എമൽഷനും ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകറും ഡിറ്റണേറ്റിങ് ഫ്യൂസും ഇലക്ട്രിക് ഡിറ്റണേറ്ററുകളും തയ്യാർ; 100 മീറ്റർ അകലെയുള്ള ബ്ലാസ്റ്റ് ഷെഡിലെ 'എക്‌സ്‌പ്ലോഡർ' പ്രവർത്തിപ്പിക്കുമ്പോൾ ഡിറ്റണേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിച്ച് സ്‌ഫോടനം; മരടിൽ എല്ലാം സജ്ജം; ഏവരും ഭയക്കുന്നത് പൊടി പടലങ്ങളെ

ഗ്രൗണ്ട് ഫ്‌ളോറിൽ ആദ്യ സ്‌ഫോടനം; 17 മില്ലി സെക്കന്റിന് ശേഷം ഒന്നാം നിലയിൽ; പിന്നെ അഞ്ചാം നിലയിൽ.... ഹോളി ഫെയ്ത്തിന് നിലം പൊത്താൻ വേണ്ടത് 45 സെക്കന്റ് മാത്രം; എമൽഷനും ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകറും ഡിറ്റണേറ്റിങ് ഫ്യൂസും ഇലക്ട്രിക് ഡിറ്റണേറ്ററുകളും തയ്യാർ; 100 മീറ്റർ അകലെയുള്ള ബ്ലാസ്റ്റ് ഷെഡിലെ 'എക്‌സ്‌പ്ലോഡർ' പ്രവർത്തിപ്പിക്കുമ്പോൾ ഡിറ്റണേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിച്ച് സ്‌ഫോടനം; മരടിൽ എല്ലാം സജ്ജം; ഏവരും ഭയക്കുന്നത് പൊടി പടലങ്ങളെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി : മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള മുന്നൊരുക്കങ്ങൾ എല്ലാം തയ്യാർ. നെട്ടൂർ ആൽഫ സെറീൻ ഫ്‌ളാറ്റ് തകർക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽ വീഴുമെന്ന് ആശങ്കയുണ്ട്. മലിനീകരണം കണക്കാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കുന്നുണ്ട്. എന്നാൽ പ്രശ്‌നമുണ്ടാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശ്വാസം. വിദഗ്ധരുടെ ഉറപ്പും കിട്ടിയിട്ടുണ്ട്. സ്‌ഫോടനങ്ങൾ കിറുകൃത്യമായി നടന്നാൽ പ്രശ്‌നമുണ്ടാകില്ല. ഇതിന് ഉപയോഗിക്കുന്നതു 4 തരം സ്‌ഫോടക വസ്തുക്കളാണ്. എമൽഷൻ, ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകൾ, ഡിറ്റണേറ്റിങ് ഫ്യൂസ്, ഇലക്ട്രിക് ഡിറ്റണേറ്ററുകൾ എന്നിവയാണവ. 100 മീറ്റർ അകലെയുള്ള ബ്ലാസ്റ്റ് ഷെഡിലെ 'എക്‌സ്‌പ്ലോഡർ' പ്രവർത്തിപ്പിക്കുമ്പോഴാണ് ഡിറ്റണേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിച്ച് സ്‌ഫോടനം നടക്കുന്നത്.

ഓരോ നിലയിലും സ്‌ഫോടനം നടക്കുക മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിലാകും. ശക്തിയേറിയ പ്രാഥമിക സ്‌ഫോടനങ്ങളും ശക്തി കുറഞ്ഞ രണ്ടാംഘട്ട സ്‌ഫോടനങ്ങളും നടത്തിയാകും കെട്ടിടങ്ങളെ തകർക്കുക. ഹോളി ഫെയ്ത്ത് എച്ച്ടു ഒ ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ മാത്രമാണ് ആദ്യസ്‌ഫോടനം നടക്കുക. 17 മില്ലി സെക്കൻഡിനു ശേഷം ഒന്നാം നിലയിലും 25 മില്ലി സെക്കൻഡിനു ശേഷം അഞ്ചാം നിലയിലും എട്ടാം നിലയിലും സ്‌ഫോടനം നടക്കും. 11, 14 നിലകളിൽ 200 മില്ലി സെക്കൻഡിനു ശേഷമായിരുക്കും സ്‌ഫോടനം. 200 മില്ലി സെക്കൻഡിനുള്ളിൽ എല്ലാം പൂർത്തിയാകും. 45 സെക്കൻഡിനുള്ളിൽ കെട്ടിടം നിലം പതിക്കും. ഈ മാതൃകയാകും എല്ലായിടത്തും നടത്തുക.

നാഗ്പുരിലെ സോളർ എക്‌സ്‌പ്ലോസിവ്സിന്റെ 'സൂപ്പർ പവർ 90' എമൽഷനാണു മരടിലെ ഫ്‌ളാറ്റുകളിൽ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്നത്. അമോണിയം നൈട്രേറ്റാണു മുഖ്യ ഘടകം. നനഞ്ഞാലും പൊട്ടും. നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകളാണ് ഷോക്ക് ട്യൂബ് ഡിറ്റണേറ്റർ. കെട്ടിടങ്ങളിൽ സ്‌ഫോടനം നടത്തുന്നതിനാണു പ്രധാനമായി ഉപയോഗിക്കുന്നത്. ഇലക്ട്രിക് വയറുകൾക്കു പകരം പൊള്ളയായ പ്ലാസ്റ്റിക് ട്യൂബുകളാണ് ജ്വലനത്തിന് ഉപയോഗിക്കുന്നത്. കട്ടി കുറഞ്ഞ, വളയ്ക്കാവുന്ന പ്ലാസ്റ്റിക് ട്യൂബുകളാണ് ഡിറ്റണേറ്റിങ് ഫ്യൂസ് (ഡിഎഫ്). ഈ ട്യൂബിനുള്ളിൽ പെന്റാഎറിത്രിറ്റോൾ ടെട്രാനൈട്രേറ്റ് (പെൻട്രൈറ്റ്) നിറച്ചിരിക്കും. സ്‌ഫോടന സമയം ക്രമീകരിക്കാൻ കഴിയുന്ന ഡിലെ ഇലക്ട്രിക് ഡിറ്റണേറ്ററുകളാണ് ഇവ. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിവിധ നിലകളിലെ സ്‌ഫോടന സമയം ക്രമീകരിക്കാൻ കഴിയും. ഡിറ്റണേറ്ററുകളിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള സ്വിച്ചാണ് ബ്ലാസ്റ്റിങ് എക്‌സ്‌പ്ലോഡർ. ഫ്‌ളാറ്റുകളിൽ നിന്നു 100 മീറ്റർ ദൂരെ തയാറാക്കിയ ഷെഡിലാണ് ഇതു സ്ഥാപിക്കുക.

ഫ്‌ളാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന പൊടിപടലത്തിന്റെയും വായുമലിനീകരണത്തിന്റെയും അളവെടുക്കും. സ്ഫോടനം നടക്കുന്ന ദിവസങ്ങളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് ഇതിനായി മോണിറ്ററുകൾ സ്ഥാപിക്കും. ഫ്‌ളാറ്റ് പൊളിക്കുമ്പോൾ ഉയരുന്ന പൊടിപടലം ഒരുകിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചേക്കാമെന്നാണ് നിഗമനം. പൊടി പടരുന്നത് തടയാൻ വെള്ളം പമ്പുചെയ്യണമെന്നും ഇതിന് അഗ്‌നി-രക്ഷാ സേനയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കണമെന്നും കാണിച്ച് ബോർഡ് കലക്ടർക്ക് കത്ത് നൽകി. പൊടി ശമിപ്പിക്കാൻ ആയിരക്കണക്കിന് ലിറ്റർ വെള്ളം സ്പ്രിങ്ക്ളറുകൾവഴി പമ്പുചെയ്യേണ്ടി വരും. ഇതിന് തയ്യാറാണെന്ന് അഗ്‌നി-രക്ഷാ സേനയും വ്യക്തമാക്കിയിട്ടുണ്ട്. സ്‌ഫോടനം കഴിഞ്ഞാൽ 15 മിനിറ്റോളം പ്രദേശം കനത്ത പൊടിയിൽ മുങ്ങും. പൊടിയടങ്ങി അര മണിക്കൂറിനുശേഷം പരിസരവാസികൾക്കു വീടുകളിലേക്കു തിരികെപ്പോകാം.

വായുമലിനീകരണത്തിന്റെ നിലവിലെ തോത് പത്തിരട്ടിവരെ ഉയരുമെന്നാണ് ബോർഡിന്റെ നിഗമനം. സ്ഫോടനം നടക്കുന്ന സമയംമുതൽ എട്ടുമണിക്കൂർവരെ മലിനീകരണത്തിന്റെ തോത് അളക്കും. പൊളിക്കുന്ന ഓരോ ഫ്‌ളാറ്റിനു ചുറ്റും 10 മീറ്റർ ഉയരത്തിൽ സംരക്ഷണഭിത്തി കെട്ടണമെന്ന് സാങ്കേതികസമിതി കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. താഴേക്കു പതിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ തെറിച്ചുപോകാതിരിക്കാനാണ് ഭിത്തി. സ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തിന്റെ ശക്തി കുറയ്ക്കാൻ ഒന്നരമുതൽ മൂന്നര മീറ്റർവരെ ആഴത്തിൽ കിടങ്ങ് സ്ഥാപിക്കും. പൊടി ഏറെനേരം വായുവിൽ തങ്ങിനിന്നാൽ അത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. ചുമയും ശ്വാസംമുട്ടലും മറ്റ് ശ്വാസകോശരോഗങ്ങളും ഉള്ളവർ ഫ്‌ളാറ്റുകൾ പൊളിക്കുന്ന സ്ഥലത്തേക്ക് പോകരുതെന്നും ബോർഡ് അധികൃതർ അഭ്യർത്ഥിച്ചു.

സ്‌ഫോടനം നടത്തുമ്പോൾ സുരക്ഷയ്ക്കായി വൻ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരിക്കുന്നത്. പൊളിക്കുന്ന ദിവസം രാവിലെ 10ന് ഫ്‌ളാറ്റുകൾക്കു സമീപമുള്ള കരയും കായലും ആകാശവും അതീവ സുരക്ഷാ മേഖലയാകും. സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ച ഫ്‌ളാറ്റിന്റെ ഭാഗങ്ങൾ അഞ്ച് അടുക്കുകളിലുള്ള കമ്പിവലകൾ ഉപയോഗിച്ചു പൊതിഞ്ഞിട്ടുണ്ട്. സ്‌ഫോടനം നടക്കുന്ന നിലകളിൽ 2.13 മീറ്റർ ഉയരത്തിൽ കന്പിവല ഉപയോഗിച്ചു മതിലും മൂന്ന് അടുക്കുകളായി ജിയോ ടെക്‌സ്‌റ്റൈൽ കർട്ടനുകളുമുണ്ട്.

സ്‌ഫോടനം നടക്കുന്‌പോൾ ഫ്‌ളാറ്റിന്റെ എത്ര അകലത്തിൽ നിൽക്കാമെന്നും എന്തൊക്കെ ചെയ്യണമെന്നും വിശദീകരിച്ചു പൊതുജനങ്ങൾക്കു ബോധവത്കരണം നടത്തുന്നുണ്ട്. അപകടമേഖലയ്ക്കു പുറത്തുനിന്നു ഫ്‌ളാറ്റുകൾ പൊളിക്കുന്നതു വീക്ഷിക്കാനാവും. പരിസരവാസികൾ വീടുകളും കെട്ടിടങ്ങളും ഒഴിഞ്ഞുപോകുന്നതിനു മുമ്പ് വാതിലുകളും ജനലുകളും അടയ്ക്കണം. വൈദ്യുത ഗൃഹോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുകയും മെയിൻ സ്വിച്ച് ഓഫാക്കുകയും വേണം. വൈദ്യുതിയുടെ ചെറിയ സ്പാർക്ക് പോലും വൻ അപകടം ഉണ്ടാക്കുമെന്നതിനാൽ ഉപകരണങ്ങളിലേക്കു വൈദ്യുതി കടത്തിവിടുന്ന പവർ പോയിന്റുകൾ വരെ നിർബന്ധമായും ഓഫാക്കണം. വളർത്തു മൃഗങ്ങളെ കെട്ടിടത്തിനകത്തു സുരക്ഷിതമായി പാർപ്പിക്കുകയോ അവയുടെ കൂടുകൾ പൊതിഞ്ഞു പൊടിശല്യത്തിൽനിന്നു പൂർണസംരക്ഷണം ഉറപ്പാക്കുകയോ ചെയ്യണം.

ഫ്‌ളാറ്റുകൾ തകർക്കുന്ന ദിവസങ്ങളിൽ സുരക്ഷയൊരുക്കാനായി ഓരോ ഫ്‌ളാറ്റ് പരിസരത്തും 500 എന്ന കണക്കിൽ 2,000 പൊലീസുകാരെയാണു നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി വിശദ പദ്ധതി തയാറാക്കിയതായി ജില്ലാ പൊലീസ് മേധാവി വിജയ് സാഖറെ പറഞ്ഞു. സ്‌ഫോടനത്തിന് അര മണിക്കൂർ മുൻപു ഫ്‌ളാറ്റ് പരിസരത്തുള്ള ഇടറോഡുകളിലെ ഗതാഗതം തടയും. 10 മിനിറ്റ് മുൻപു ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചു വിടും. സമീപത്തെ കായലിലൂടെ ജലവാഹനങ്ങളും അനുവദിക്കില്ല. ചിലവന്നൂർ, മരട് മേഖലകളിലെ കായലുകളിൽ മറൈൻ, കോസ്റ്റൽ പൊലീസ് സുരക്ഷ ഉറപ്പാക്കും. പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്‌നിരക്ഷാസേനാ വാഹനങ്ങൾ എന്നിവയെല്ലാം വിന്യസിക്കേണ്ട സ്ഥലങ്ങൾ തീർച്ചപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടന ശേഷം ഏറ്റവും എളുപ്പത്തിൽ ഇവ പ്രദേശത്തേക്ക് എത്തിക്കാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP