Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചീഫ് സെക്രട്ടറിയുടെ സന്ദർശനവും നോട്ടീസ് പതിപ്പിക്കലും കഴിഞ്ഞതോടെ പൊളിക്കാൻ നടപടികൾ തുടങ്ങിയെന്ന് റിപ്പോർട്ടു നൽകി സുപ്രീംകോടതിയിൽ നിന്നും ശാസനം ഒഴിവാക്കാൻ ആവുമെന്ന് പ്രതീക്ഷ; സുപ്രീം കോടതി വിധി ആയതിനാൽ ആദ്യം മടിച്ചു നിന്ന പാർട്ടി നേതാക്കൾ ഒരുമിച്ചതോടെ മരടിലെ ഇരകൾക്ക് പ്രതീക്ഷ; യഥാർഥ പ്രതികൾ ഇപ്പോഴും തിരശ്ശീലയ്ക്ക് മറവിലെന്ന് ജസ്റ്റിസ് കമാൽ പാഷ; സ്വന്തം വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമെന്ന് ഭയന്നു കഴിയുന്ന ഫ്‌ളാറ്റുടമകൾക്ക് പ്രതീക്ഷ കേരളം ഒപ്പമുണ്ടെന്ന വിശ്വാസം

ചീഫ് സെക്രട്ടറിയുടെ സന്ദർശനവും നോട്ടീസ് പതിപ്പിക്കലും കഴിഞ്ഞതോടെ പൊളിക്കാൻ നടപടികൾ തുടങ്ങിയെന്ന് റിപ്പോർട്ടു നൽകി സുപ്രീംകോടതിയിൽ നിന്നും ശാസനം ഒഴിവാക്കാൻ ആവുമെന്ന് പ്രതീക്ഷ; സുപ്രീം കോടതി വിധി ആയതിനാൽ ആദ്യം മടിച്ചു നിന്ന പാർട്ടി നേതാക്കൾ ഒരുമിച്ചതോടെ മരടിലെ ഇരകൾക്ക് പ്രതീക്ഷ; യഥാർഥ പ്രതികൾ ഇപ്പോഴും തിരശ്ശീലയ്ക്ക് മറവിലെന്ന് ജസ്റ്റിസ് കമാൽ പാഷ; സ്വന്തം വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമെന്ന് ഭയന്നു കഴിയുന്ന ഫ്‌ളാറ്റുടമകൾക്ക് പ്രതീക്ഷ കേരളം ഒപ്പമുണ്ടെന്ന വിശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി മരടിലെ തീരദേശ നിയമങ്ങൾ കാറ്റിൽപറത്തി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കണെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്ന കാര്യത്തിൽ രാഷ്ട്രീയക്കാരെല്ലാം ഒറ്റക്കെട്ട്. സ്വന്തം വീട്ടിൽ നിന്നും കുടിയിറക്കപെടുന്നവർക്കൊപ്പമാണ് തങ്ങളെന്ന് സിപിഎം, കോൺഗ്രസ് നേതൃത്വങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. നിർമ്മാതാക്കളെ ഒന്നും ചെയ്യാതെയും നിയമത്തിന്റെ പേരിൽ നിരവധി പേരെ വഴിയാധാരമാക്കുന്ന രീതിയാണ് വിധിയിൽ പ്രതിഫലിച്ചതെന്നുമാണ് നേതാക്കൾ പ്രതികരിക്കുന്നത്. അതേസമയം സുപ്രീംകോടതി വിധി ആയതിനാൽ നടപ്പിലാക്കാതെ എങ്ങനെ തടിയൂരാൻ സാധിക്കുമെന്ന ധാരണ സർക്കാറിനില്ല. അതുകൊണ്ട് തന്നെ പൊളിച്ചു നീക്കാൻ ശ്രമം തുടങ്ങി എന്ന് കോടതിയെ അറിയിച്ച് തൽക്കാലം തടിയെടുക്കാനാണ് സർക്കാർ ശ്രമം. അതേസമയം ഫ്‌ളാറ്റുടമകൾ പലരും കടുത്ത മാനസിക സംഘർഷങ്ങൾക്കിടയിലൂടെയാണ് കടന്നു പോകുന്നത്.

തീരദേശ നിയന്ത്രണ മേഖല (സിആർസെഡ്) ചട്ടം ലംഘിച്ചു നിർമ്മിച്ച ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന ഉത്തരവു പാലിക്കാൻ നടപടി തുടങ്ങിയതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ ഈമാസം 23ന് കേസ് പരിഗണിക്കുമ്പോൾ അറിയിക്കും. സംസ്ഥാന ചീഫ് സെക്രട്ടറിക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായേക്കുമെന്നാണ് സൂചന. ഉത്തരവു നടപ്പാക്കിയശേഷം റിപ്പോർട്ട് നൽകണമെന്നാണ് കോടതി സർക്കാരിനോടു വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയെന്നും പൊളിക്കുന്ന കാര്യത്തിൽ അടക്കം വൈദഗ്ധ്യങ്ങൾ തേടുമെന്നുമാണ് സർക്ാകർ അറിയിക്കുക.

പൊളിക്കാൻ വേണ്ടി അപേക്ഷ ക്ഷണിച്ചതുമുൾപ്പെടെയുള്ള നടപടികൾ വിശദീകരിച്ചും സത്യവാങ്മൂലം നൽകാൻ സർക്കാർ ആലോചിക്കുന്നുവെന്നാണ് സൂചന. സോളിസിറ്റർ ജനറലിന്റെ ഉപദേശമനുസരിച്ചാവും സത്യവാങ്മൂലത്തിന് അന്തിമരൂപം നൽകുക. ഇതിനിടെ, ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഗോൾഡൻ കായലോരം റസിഡന്റ്‌സ് അസോസിയേഷനും 17 ഫ്‌ളാറ്റുടമകളും ഇ.എം.സദ്രുൾ അനാം മുഖേന പിഴവുതിരുത്തൽ ഹർജി നൽകിയിട്ടുണ്ട്. ഫ്‌ളാറ്റിലെ താമസക്കാരെ കുറിച്ച് കോടതി ഒന്നും മിണ്ടിയിട്ടില്ലെന്ന ആക്ഷേപം ആകും ഉടമകൾ ഉന്നയിക്കുക.

ഫ്‌ളാറ്റ് ഉടമകൾക്ക് ഒരു ഘട്ടത്തിലും നോട്ടിസ് നൽകാതെയായിരുന്നു കോടതിയുടെയും അന്വേഷണ സമിതിയുടെയും നടപടികൾ. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടുവെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ഗോൾഡൻ കായലോരം നിർമ്മാണം തുടങ്ങിയത് 1995 ലാണ്. അന്ന് സിആർസെഡ് ചട്ടങ്ങൾ പ്രാബല്യത്തിലില്ല. തീരദേശ മാനേജ്‌മെന്റ് പ്ലാൻ അംഗീകരിക്കുന്നത് 1996 സെപ്റ്റംബർ 27നു മാത്രമാണ്. കെട്ടിടം സ്ഥിതി ചെയ്യുന്നത് മനുഷ്യനിർമ്മിതമായ കനാലിന് അഭിമുഖമായാണ്. ഇത് അന്വേഷണ സമിതി കണക്കിലെടുത്തില്ലെന്നും .

കെട്ടിടം പൊളിക്കണമെന്ന് കഴിഞ്ഞ മെയ്‌ 8നാണ് കോടതി ഉത്തരവിട്ടത്. അപ്പോൾ കെട്ടിടം സിആർസെഡ് 2ലാണ്. ഉത്തരവിടുമ്പോൾ പ്രാബ്യലത്തിലുള്ള വ്യവസ്ഥകളാണ് കണക്കിലെടുക്കേണ്ടത്. സ്റ്റാംപ് ഡ്യൂട്ടി ഉൾപ്പെടെ, നിയമപരമായ വ്യവസ്ഥകൾ പാലിച്ചാണ് ഫ്‌ളാറ്റുകൾ വാങ്ങിയത്. എല്ലാ രേഖകളും പരിശോധിച്ച് ബാങ്കുകൾ വായ്പ നൽകി. നികുതികളും വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കുകളും നൽകുന്നു. കെട്ടിടത്തിന്റെ നിർമ്മാണ അനുമതിയുമായി ഫ്‌ളാറ്റ് ഉടമകൾക്കു ബന്ധമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹർജി നൽകിയതിന് പുറമേ സഭയിലെ 4 ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റാനുള്ള നീക്കത്തിനെതിരെ ഫ്‌ളാറ്റ് ഉടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകനാലും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ഫ്‌ളാറ്റുകളിലെയും താമസക്കാർ ഒപ്പിട്ട ഹർജി ഇ- മെയിൽ, സ്പീഡ് പോസ്റ്റ്, കൊറിയർ മാർഗങ്ങളിലൂടെ അയയ്ക്കും. ഫ്‌ളാറ്റുകളിൽ നിന്നു പുറത്താക്കരുതെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതിയും കേന്ദ്ര സർക്കാരും നിയമസഭയും ഇടപെടണമെന്നും സങ്കട ഹർജിയിലൂടെ അഭ്യർത്ഥിക്കാനാണ് ഉടമകളുടെ തീരുമാനം. ഇതോടൊപ്പം 140 എംഎൽഎമാർക്കും എംപിമാർക്കും നിവേദനം നൽകും.

തങ്ങൾ നിയമലംഘനം നടത്തിയിട്ടില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ നിലപാട്. സുപ്രീം കോടതിയുടെ അന്ത്യ ശാസനത്തെ തുടർന്ന് 5 ദിവസത്തിനകം ഫ്‌ളാറ്റ് ഒഴിയണം എന്നാവശ്യപ്പെട്ട് ഉടമകൾക്കു മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു. നേരിട്ടു കൈപ്പറ്റിയ 'ഗോൾഡൻ കായലോരം' ഫ്‌ളാറ്റിലെ താമസക്കാർ ഇന്നലെ നോട്ടിസിനു മറുപടി നൽകി. ഇവ കോടതിയിൽ നൽകുമെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു.

നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടിസ് ചോദ്യം ചെയ്ത് ഫ്‌ളാറ്റ് ഉടമകൾ തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതിനിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാകും ഫ്‌ളാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുക. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്ക് എതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ഇതിനിടെ നിലവിലെ നടപടി വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നഗരസഭാ സെക്രട്ടറി സംസ്ഥാന സർക്കാരിനു കൈമാറി.

അതേസമയം മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്ന കോടതി ഉത്തരവിൽ, കുറ്റവാളികളല്ല ശിക്ഷിക്കപ്പെടുന്നതെന്ന് ജസ്റ്റിസ് ബി.കെമാൽ പാഷ അഭിപ്രായപ്പെടുകയുണ്ടായി. 360 കുടുംബങ്ങൾ വില കൊടുത്തു വാങ്ങിയ ഫ്‌ളാറ്റാണിത്. അവരുടെ കണ്ണീർ കാണുക എന്നല്ലാതെ ഒന്നും ചെയ്യാനാവില്ല. കേസിലെ യഥാർഥ പ്രതികൾ ഇപ്പോഴും തിരശീലയ്ക്കു പിന്നിലാണ്. അവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കെട്ടിടം നിർമ്മിക്കാൻ അംഗീകാരം നൽകിയവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. പ്രാദേശിക ഭരണകൂടവും സർക്കാരും ഇവരുടെ നഷ്ടം നികത്തണം. ആ ബാധ്യതയിൽ നിന്നും ഒഴിഞ്ഞുമാറാൻ പറ്റില്ല.

സുപ്രീം കോടതിയുടെ ഉത്തരവിനെ ബഹുമാനിച്ചുകൊണ്ടു തന്നെ പറയുകയാണ്, കോടതി നിയമം മാത്രമേ നോക്കുകയുള്ളൂ. കോടതി കർശനമായി നിയമം നടപ്പാക്കുകയാണ്. പക്ഷേ, സുപ്രീം കോടതിക്ക് ആർട്ടിക്കിൾ 142 അനുസരിച്ചു സമ്പൂർണ നീതി നടപ്പാക്കാൻ വേണ്ടി ഉത്തരവുകളിടാൻ അധികാരമുണ്ട്. ഈ ഫ്‌ളാറ്റ് ഉടമകൾ ചെന്നപ്പോൾ അവരുടെ കരച്ചിൽ കേൾക്കാൻ കോടതി തയാറായില്ല എന്നതു വളരെ ഖേദകരമാണ്. സമ്പൂർണ നീതി നടപ്പാക്കാൻ അവരുടെ ഭാഗം ഒന്നു കേൾക്കണമായിരുന്നു അദ്ദേഹം പറഞ്ഞു. കേസിൽ കോടതിക്കു സർക്കാരിനു നിർദ്ദേശം നൽകാമായിരുന്നു. നിങ്ങൾ അനുവദിച്ചാണ് ഇതെല്ലാം നിർമ്മിച്ചത്. അതുകൊണ്ടു നിങ്ങൾ ഇവർക്കു നഷ്ടപരിഹാരം കൊടുക്കണം. ഫ്‌ളാറ്റിന്റെ വില കൊടുക്കണം.- കമാൽ പാഷ പറഞ്ഞു.

അതേസമയം ഫ്‌ളാറ്റ് വിഷയത്തിൽ മരട് നഗരസഭ അടിയന്തര കൗൺസിൽ യോഗം ചേർന്നതിലെ ആശയക്കുഴപ്പം തീർന്നിട്ടില്ല. യുഡിഎഫ്, എൽഡിഎഫ് അംഗങ്ങൾ അവതരിപ്പിച്ച പ്രമേയം ചർച്ചയ്ക്കു ശേഷം സർക്കാരിനു കൈമാറും എന്നാണ് നഗരസഭാധ്യക്ഷ പറഞ്ഞതെങ്കിലും അതു നഗരസഭാ സെക്രട്ടറി തള്ളി. മിനിറ്റ്‌സിന്റെ കോപ്പി ഇന്നലെ വൈകിട്ടോടെ കൗൺസിലർമാർക്കു കിട്ടിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. വിഷയം കോടതി തീർപ്പാക്കി വിധി പുറപ്പെടുവിച്ചതും നിശ്ചിത സമയത്തിനുള്ളിൽ നടപ്പാക്കാൻ അന്ത്യശാസനം പുറപ്പെടുവിച്ചതും മൂലം പ്രമേയങ്ങൾ പരിഗണിക്കുന്നതിനു നിയമസാധുത ഇല്ലെന്നും മുനിസിപ്പാലിറ്റീസ് ആക്ട് 49 പ്രകാരം പ്രമേയം പരിഗണിക്കുന്നതിൽ വിയോജിപ്പുണ്ടെന്നും കാട്ടിയാണ് സെക്രട്ടറി പ്രമേയം തള്ളിയത്.

പ്രമേയ കാര്യത്തിൽ തുടക്കം മുതൽ കൗൺസിൽ യോഗം ആശയക്കുഴപ്പത്തിലായിരുന്നു. യുഡിഎഫിലെ ആർ.കെ. സുരേഷ് ബാബുവിന്റെ പ്രമേയത്തെ ദേവൂസ് ആന്റണിയാണ് പിന്താങ്ങിയത്. എൽഡിഎഫിലെ കെ.എ. ദേവസിയുടെ പ്രമേയത്തെ ആരും പിന്തുണച്ചില്ല. എന്നാൽ, എം വി ഉല്ലാസ് പിന്തുണച്ചെന്ന് മിനിറ്റ്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരു പ്രമേയങ്ങളും പാസാക്കിയെന്നോ ഇല്ലെന്നോ പറയാതെ കൗൺസിൽ യോഗം പിരിച്ചുവിട്ടതോടെ ആശയക്കുഴപ്പമായി.

അതേസമയം ഫ്‌ളാറ്റ് ഉടമകളെ പിന്തുണച്ച് സിപിഎം ഇന്നലെ രംഗത്തുവന്നിരുന്നു. ഫ്‌ളാറ്റ് ഉടമകളെ ശിക്ഷിക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിധി നടപ്പാക്കാൽ പ്രായോഗികമല്ല, ഉടമകൾക്ക് മാനുഷികപരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാതിരിക്കാൻ അപ്പീൽ നൽകുന്നതിനുള്ള എല്ലാ സാധ്യതകളും സംസ്ഥാനസർക്കാർ ഉപയോഗപ്പെടുത്തണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. 350 ഓളം കുടുംബങ്ങളെ വഴിയാധാരമാകാത്തിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. പ്രശ്‌നത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സി എൻ മോഹനൻ ആവശ്യപ്പെട്ടു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശനിയാഴ്ച മരട് സന്ദർശിക്കും. പൊളിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട നാലു ഫ്‌ളാറ്റുകളിലെ താമസക്കാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്‌ളാറ്റുകൾ പോകുന്നതിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച മരടിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹൈബി ഈഡൻ എംപി അടക്കം ഫ്‌ളാറ്റുടമകൾക്കായി രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫ്‌ളാറ്റ് ഉടമകൾക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP