Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാൻ നടപടി തുടങ്ങി; ഹോളിഫെയ്ത്ത്, എച്ച്.ടു.ഒ എന്നീ ഫ്‌ളാറ്റുകളിൽ ഇന്ന് രാവിലെ മുതൽ സ്‌ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങി; സ്‌ഫോടനം നടത്തുന്നത് മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനീയറിങ്; നടപടി ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചതോടെ; സമീപവാസികളെ ഒഴിപ്പിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോടതി വിധിയുടെ അടിസ്ഥാനത്തിൽ മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാൻ നടപടി തുടങ്ങി.കെട്ടിടത്തിൽ ഇന്ന് മുതൽ സ്‌ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങി. സ്‌ഫോടനത്തിലൂടെ തകർക്കുന്ന ഫ്‌ളാറ്റുകളിൽ ആദ്യത്തെതായ ഹോളിഫെയ്ത്ത്, എച്ച്്.ടു.ഒയിൽ ഇന്ന് രാവിലെ ആറു മുതലാണു സ്‌ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങിയത്.

ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനീയറിംഗാണ് ഇവിടെ സ്‌ഫോടനം നടത്തുന്നത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഫ്‌ളാറ്റിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചുതുടങ്ങിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റിൽ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) യും ജില്ലാ മജിസ്‌ട്രേറ്റും സ്‌ഫോടനം നടത്താനുള്ള അന്തിമാനുമതി നൽകിയത്.

കെട്ടിടത്തിലെ തൂണുകളിൽ തുളച്ച ദ്വാരങ്ങളിലാണ് സ്‌ഫോടകവസ്തുക്കൾ നിറയ്ക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൾഷെൻ സ്‌ഫോടക ഉപയോഗിക്കുന്നത്. 1471 ദ്വാരങ്ങളാണു ഒ20 ഫ്‌ളാറ്റിൽ തൂണുകളിൽ ഉള്ളത്. 215 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിക്കും.അങ്കമാലിയിൽനിന്ന് പൊലീസിന്റെ അകന്പടിയോടെ അതീവസുരക്ഷയിലാണു സ്‌ഫോടകവസ്തുക്കൾ എത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കൽ ജോലി പൂർത്തിയാക്കുമെന്നാണു കരുതുന്നത്. ഒഴിപ്പിക്കൽ മുതലായ കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ ശനിയാഴ്ച വൈകിട്ട് ഏഴിനു യോഗം വിളിച്ചിട്ടുണ്ട്.

എന്നാൽ ഫ്ളാറ്റിന് സമീപത്തായി തേവര-കുണ്ടന്നൂർ പാലം, ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ്പ് ലൈൻ, തൊട്ടടുത്ത് വീടുകൾ എല്ലാം ഉള്ളതിനാൽ നിയന്ത്രിത സ്ഫോടനം ഏറ്റവും സങ്കീർണ്ണമാണ് ഇവിടെ എന്നതും വെല്ലുവിളിയാണ്. ജനുവരി ആറ് മുതലാണ് ആൽഫ സെറീൻ ഫ്ളാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങുക. എന്നാൽ ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികളുടെ ശക്തമായ പ്രതിഷേധം നിലക്കുകയാണ് ഇവിടെ. ജെയിൻ കോറൽ കോവ് സ്ഫോടനത്തിന് പൂർണ്ണമായും സജ്ജമാണ്. അതുപോലെ തന്നെയാണ് ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ അവസ്ഥയും. പൊളിക്കുന്നതിൽ ഏറ്റവും ചെറിയ ഫ്ളാറ്റാണ് ഇത്. നാല് ഫ്ളാറ്റുകളിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നത് ഒഴികെയുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ഫ്‌ളാറ്റിലെ സ്‌ഫോടനം തടയാനായി ജനകീയ സമരസമിതി നടത്തി വന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.

കുണ്ടന്നൂരിൽ പൊളിക്കുന്ന എച്ച്2ഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിന് സമീപത്ത് കൂടി കടന്നുപോകുന്ന ക്രൂഡ് ഓയിൽ പൈപ് ലൈനിന് മുകളിൽ മണൽ ചാക്കുകൾ വിരിക്കുന്ന നടപടി പൂർത്തിയായിട്ടുണ്ട്്.രണ്ട് അടുക്കുകളായി 100 മീറ്ററോളം നീളത്തിലാണ് മണൽ ചാക്കുകൾ വിരിക്കുന്നത്. ക്രൂഡ് ഓയിൽ പൈപ് ലൈൻ പോവുന്ന ഭാഗത്തേയ്ക്ക് ചെരിച്ചാണ് ഫ്ളാറ്റ് വീഴുന്നത്. അതുകൊണ്ട് തന്നെയാണ് സുരക്ഷയെ മുൻനിർത്തി പൈപ് ലൈനുകൾക്ക് മുകളിൽ മണൽ ചാക്കുകൾ വിരിക്കുന്നത്. മാത്രമല്ല സ്ഫോടന സമയം ഈ പൈപ് ലൈൻ വഴിയുള്ള ക്രൂഡ് ഓയിൽ പമ്പിങ്ങ് നിർത്തി വെയ്ക്കും. പകരം വെള്ളമാവും പൈപ് ലൈനിലൂടെ കടത്തി വിടുക.

ഫ്ളാറ്റ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കുന്നതിനായുള്ള സ്ഫോടക വസ്തുക്കൾ അങ്കമാലി വെടിമരുന്ന് കേന്ദ്രത്തിലാണ് എത്തിച്ചിരിക്കുന്നത്. എഡിഫസ് എൻജിനീയറിങ്ങിന്റെ ആവശ്യങ്ങൾക്കായി 300 കിലോ വസ്തുക്കൾ കൂടെയാണ് ഇപ്പോൾ സംഭരണശാലകളിലേയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ 950 കിലോ എമൽഷൻ സ്ഫോടക വസ്തുക്കളാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. എന്നാൽ സ്ഫോടക വസ്തുക്കളുടെ കാര്യത്തിൽ നേരത്തെ പ്രതീക്ഷിച്ചതിലും കുറവ് സ്ഫോടക വസ്തുക്കളെ ആവശ്യമായി വരുകയുള്ളൂ.

അതേസമയം ഫ്ളാറ്റ് പൊളിക്കുന്നതിനുള്ള നടപടികൾ കൃത്യമായി തന്നെ നടക്കുമ്പോഴും സമീപവാസികളുടെ ആശങ്കകൾ മാത്രം വിട്ടൊഴിയുന്നില്ല. ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കുന്നതിന് മുന്നോടിയായി നടന്ന ഒരുക്കങ്ങളിൽ തന്നെ സമീപത്തുള്ള വീടുകൾക്ക് വിള്ളൽ വീണതിനാൽ.

മുഴുവനായും ഫ്ളാറ്റുകൾ പൊളിച്ച് നീക്കപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന അവസ്ഥകളെ കുറിച്ചുള്ള ആകുലതകളിലാണ് നാട്ടുകാർ. അതിനാൽ തന്നെ പൊളിക്കുന്ന ഫ്ളാറ്റുകളുടെ പരിസരവാസികളോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് നെട്ടൂർ ആൽഫ സെറീൻ ഫ്ളാറ്റ് പരിസരവാസികൾ ഇന്നു മുതൽ നിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയാണ്. ജനവാസമുള്ള പ്രദേശത്തെ ആൽഫ ഫ്ളാറ്റിന് പകരം ജനവാസം കുറഞ്ഞ സ്ഥലത്തുള്ള ജെയിൻ കോറൽ കോവ് , ഗോൾഡൻ കായലോരം എന്നിവയിൽ ആദ്യം സ്ഫോടനം നടത്തണമെന്നാണ് പരിസരവാസികളുടെ പ്രധാന ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP