Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞങ്ങളെ കൊന്നിട്ട് ഭൂമി സർക്കാർ തിരിച്ചു പിടിക്കട്ടെ...: ചെങ്കല്ല് വെട്ടിയ അഞ്ചുസെന്റ് കുഴിയാണ് മുൻ സർക്കാർ തന്നത്; കുഴി നികത്തി വീടുവച്ചത് ലോഡുകണക്കിന് മണ്ണിട്ട്; അങ്ങനെ കെട്ടിപ്പൊക്കിയ സ്വന്തം വീടെന്ന സ്വപ്‌നം തകർക്കാനാണ് ശ്രമം; ഭൂമി തിരിച്ചുപിടിക്കാൻ പിണറായി സർക്കാർ ചെയ്യുന്നത് പ്രതികാര നടപടിയെന്ന് മറുനാടനോട് പാർട്ടി ഗ്രാമത്തിലെ ചിത്രലേഖ

ഞങ്ങളെ കൊന്നിട്ട് ഭൂമി സർക്കാർ തിരിച്ചു പിടിക്കട്ടെ...: ചെങ്കല്ല് വെട്ടിയ അഞ്ചുസെന്റ് കുഴിയാണ് മുൻ സർക്കാർ തന്നത്; കുഴി നികത്തി വീടുവച്ചത് ലോഡുകണക്കിന് മണ്ണിട്ട്; അങ്ങനെ കെട്ടിപ്പൊക്കിയ സ്വന്തം വീടെന്ന സ്വപ്‌നം തകർക്കാനാണ് ശ്രമം; ഭൂമി തിരിച്ചുപിടിക്കാൻ പിണറായി സർക്കാർ ചെയ്യുന്നത് പ്രതികാര നടപടിയെന്ന് മറുനാടനോട് പാർട്ടി ഗ്രാമത്തിലെ ചിത്രലേഖ

രഞ്ജിത് ബാബു

കണ്ണൂർ: തന്നേയും കുടുംബത്തേയും ജീവനോടെ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കാൻ ആരേയും അനുവദിക്കില്ലെന്ന് ചിത്രലേഖ. ഞങ്ങളുടെ വിയർപ്പും ചോരയും കൊണ്ടാണ് പണി പൂർത്തിയാവാത്ത ഈ വീട് ഇങ്ങിനെയെങ്കിലും കെട്ടിപ്പൊക്കിയത്. ഞങ്ങളെ കൊന്നിട്ട് സർക്കാറിനെന്തും ചെയ്യാം- ഓട്ടോ ഡ്രൈവറായ ചിത്രലേഖ മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുൻ സർക്കാർ അനുവദിച്ച ഭൂമി ഈ സർക്കാർ തിരിച്ചുപിടിക്കാൻ തീരുമാനിച്ച സംഭവത്തിൽ മറുനാടനോട് പ്രതികരിക്കുകയായിരുന്നു അവർ.

ചെങ്കല്ലു വെട്ടിയ കുഴിയിലെ അഞ്ച് സെന്റ് സ്ഥലമായിരുന്നു വീടുവെക്കാൻ യു.ഡി.എഫ്. സർക്കാർ അനുവദിച്ചിരുന്നത്. കുഴി നിരപ്പാക്കാൻ നൂറുക്കണക്കിന് ലോഡ് മണ്ണിടേണ്ടി വന്നു. ആറ് വരി ചെങ്കല്ല് താഴ്‌ത്തിയാണ് അടിത്തറ പണിതത്. ഇന്നത്തെ നിലയിലെത്താൻ അയ്യാരത്തോളം കല്ലുകളും വേണ്ടി വന്നു. നാളെ ശനിയാഴ്ച സൺഷെയ്ഡ് വാർക്കാൻ പണിക്കാരെ ഏർപ്പാടാക്കിയിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ തങ്ങൾക്ക് അനുവദിച്ച ഭൂമി തിരിച്ച് പിടിക്കാനുള്ള സർക്കാറിന്റെ ഉത്തരവെത്തിയത്. നാളെ എന്തായാലും വാർപ്പ് പണി തുടങ്ങും. സർക്കാർ തടയുന്നത് കാണട്ടെ. ഞങ്ങളുടെ ശവത്തിലൂടെ മാത്രമേ അവർക്ക് തടയാൻ കഴിയൂ - ഉറച്ച നിലപാടിലാണ് ചിത്രലേഖ

2016 ആഗസ്തിൽ ചിറക്കൽ പഞ്ചായത്തിലെ ഈ സ്ഥലത്ത് വീട് നിർമ്മാണം ആരംഭിച്ചതാണ്. അഞ്ച് ലക്ഷം രൂപ വായ്പയായും മറ്റും ഞങ്ങൾ ചിലവു ചെയ്തു. ഈ ഭൂമി പിടിച്ചെടുക്കാൻ വന്നാൽ നിയമത്തിന്റെ വഴിയും സമരത്തിന്റെ വഴിയും തേടുമെന്ന് ചിത്രലേഖ പറഞ്ഞു. ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് വീട് പണി ഇപ്പോൾ നടക്കുന്നത്. അത് പൂർത്തിയാക്കി കുടുംബത്തോടൊപ്പം മനസ്സമാധാനത്തോടെ താമസിക്കാനുള്ള സ്വപ്നമാണ് സർക്കാർ തകർക്കാൻ ശ്രമിക്കുന്നത്. പയ്യന്നൂർ എടാട്ട് സ്വദേശിനിയായ തനിക്ക് സിപിഎം. സിഐ.ടി.യു എതിർപ്പിനെ തുടർന്ന് പല തവണ ജോലി അവസാനിപ്പിക്കേണ്ടി വന്നു.

തന്റെ ഉപജീവന മാർഗ്ഗമായ ഓട്ടോ റിക്ഷ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. അവരുടെ എതിർപ്പിനെ തുടർന്ന് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ സർക്കാർ ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ പെട്ട ഈ സ്ഥലം അനുവദിച്ചത്. സ്വസ്ഥമായി ജീവിക്കാനും തൊഴിലെടുക്കാനും വേണ്ടി അഞ്ച് മാസം കലക്ട്രേറ്റിന് മുന്നിൽ കുടിലുകെട്ടി രാപ്പകൽ സമരം നടത്തിയിരുന്നു. അതേ തുടർന്നാണ് ഈ സ്ഥലം അനുവദിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ ആര് വന്നാലും തങ്ങളെ ജീവനോടെ ഇവിടെ നിന്ന് ഒഴിപ്പിക്കാനാവില്ല.

ഈ സർക്കാർ അധികാരത്തിൽ വന്ന ഉടൻ തന്നെ വീടിനനുവദിച്ച തുക റദ്ദാക്കുകയായിരുന്നു. അതോടെ പണി താത്ക്കാലികമായി നിന്നു. സന്നദ്ധ സംഘടനയുടെ സഹായത്തോടെ പണി ആരംഭിക്കാനിരിക്കേയാണ് സർക്കാറിന്റെ പുതിയ നീക്കം. പി.എം. ആർ.വൈ. സ്‌ക്കീമിൽ പെടുത്തിയാണ് ഞാൻ ഓട്ടോ റിക്ഷ വാങ്ങിയത്. അതിന് തുടർ പണത്തിനു വേണ്ടി ബാങ്ക് വായ്പക്കായിരുന്നു അമ്മൂമ്മയുടെ പേരിലുള്ള സ്ഥലം എന്റെ പേരിലേക്ക് താത്ക്കാലികമായി മാറ്റിയത്.

എഴുത്ത് അറിയാത്തതും പ്രായാധിക്യം മൂലവുമാണ് അമ്മൂമ്മ അങ്ങിനെ ചെയ്യാൻ നിർബ്നധിതയായത്. എന്റെ അമ്മക്കും താനടക്കം നാല് സഹോദരങ്ങൾക്കും അവകാശപ്പെട്ട ആറ് സെന്റ് സ്ഥലത്തിന്റെ പേരിലാണ് സർക്കാറിന്റെ ഇപ്പോഴത്തെ നടപടി. ആകരോഗ്യ പ്രശ്നങ്ങളാൽ ഇപ്പാൾ താൻ റിക്ഷ എടുക്കാറില്ല. ഭർത്താവ് ശ്രീഷ്‌കാന്തും മകൻ മനുവും ഓട്ടോ എടുക്കാറുണ്ട്. വാടക വീട്ടിൽ നിന്നും മാറി താമസിക്കാനുള്ള മോഹവുമായി സർക്കാർ തന്ന ഭൂമിയിൽ വീടുവയ്ക്കുന്നതിനിടെയാണ് ഇത്തരമൊരു തീരുമാനം സർക്കാരിൽ നിന്ന് ഉണ്ടാവുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP