Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാമുകളാണ് പ്രളയത്തിന് കാരണമെന്ന പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുമോ എന്നു ചോദിച്ച് മന്ത്രി മാത്യു ടി തോമസ്; 16 ഡാമുകളിലുള്ളത് നദീജലത്തിന്റെ 2.1 ശതമാനം മാത്രം; അതെങ്ങനെ പ്രളയത്തിന് കാരണമാകും? ജൂൺ മാസം മുതൽ അണക്കെട്ടുകൾ തുറന്നു വച്ചിരുന്നു; ആരോപണം മുറുകുമ്പോൾ സാധൂകരിക്കാൻ 99 ലെ പ്രളയത്തിന്റെ കണക്കുകൾ നിരത്തി ജലവിഭവ വകുപ്പ് മന്ത്രി

ഡാമുകളാണ് പ്രളയത്തിന് കാരണമെന്ന പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുമോ എന്നു ചോദിച്ച് മന്ത്രി മാത്യു ടി തോമസ്; 16 ഡാമുകളിലുള്ളത് നദീജലത്തിന്റെ 2.1 ശതമാനം മാത്രം; അതെങ്ങനെ പ്രളയത്തിന് കാരണമാകും? ജൂൺ മാസം മുതൽ അണക്കെട്ടുകൾ തുറന്നു വച്ചിരുന്നു; ആരോപണം മുറുകുമ്പോൾ സാധൂകരിക്കാൻ 99 ലെ പ്രളയത്തിന്റെ കണക്കുകൾ നിരത്തി ജലവിഭവ വകുപ്പ് മന്ത്രി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മഹാപ്രളയം ഡാമുകളുടെ മുകളിൽ കെട്ടിവയ്ക്കാനുള്ള പ്രവണത ഇനിയെങ്കിലും അവസാനിപ്പിക്കരുതോ എന്ന് ചോദിക്കുകയാണ് ജലസേചനമന്ത്രി മാത്യു ടി തോമസ്. ഇത്തരം പ്രചാരണങ്ങൾ മന്ത്രിയും സർക്കാരും സൈബർ സഖാക്കളും മറുപടി പറഞ്ഞ് മടുത്ത സാഹചര്യത്തിലാണ് ഗതികെട്ട് മന്ത്രിയുടെ ചോദ്യം. ചോദ്യം ചോദിക്കുക മാത്രമല്ല, പ്രളയത്തിന് കാരണം ഡാമുകളല്ല എന്ന് വസ്തുതകൾ നിരത്തി പറയുന്നുമുണ്ട് വകുപ്പു മന്ത്രി. കേരളത്തിലെ നദികൾ ഉൾക്കൊള്ളുന്ന ജലത്തിന്റെ 2.1 ശതമാനം മാത്രമാണ് ജലവിഭവ വകുപ്പിന്റെ 16 ഡാമുകളിലായി ഉള്ളതെന്ന് മന്ത്രി പറയുന്നു.

സാധാരണഗതിയിൽ ഒരു വർഷം കേരളത്തിലാകെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിൽ മഴയിലൂടെ പതിക്കുന്നത് 75000 ദശലക്ഷം ഘനയടി വെള്ളമാണ്. ജലവിഭവവകുപ്പിനു കീഴിലുള്ള പതിനാറു ഡാമുകളിലായി മുഴുവൻ ശേഷിയും ഉപയോഗിച്ചാൽ സംഭരിക്കാൻ കഴയുന്നത് 1570.6 ദശലക്ഷം ഘനയടി ജലം മാത്രവും. ആകെ നദീജലത്തിന്റെ 2.1 ശതമാനം മാത്രമാണിത്. ഇത്രയുംചെറിയ ശതമാനം ജലമാണ് കേരളത്തിലെ പ്രളയം മുഴുവൻ സൃഷ്ടിച്ചതെന്ന പ്രചാരണം വെറും പുകമറയാണെന്നു തിരിച്ചറിയണം. മാത്രമല്ല, ഈ ഡാമുകളിൽ മിക്കതും ജൂൺ, ജൂലൈ മാസങ്ങളിൽത്തന്നെ തുറന്നിരുന്നതാണ്.

കൂടാതെ ഭൂതത്താൻകെട്ട്, മണിയാർ (പമ്പ ജലസേചനപദ്ധതി), പഴശി എന്നീ ബാരേജുകളും യഥാക്രമം ജൂൺ ഒന്ന്, ജൂൺ ഒമ്പത്, മെയ് 28 തീയതികൾ മുതൽ തന്നെ തുറന്നിരിക്കുകയായിരുന്നു. പൊടുന്നനെ ഡാമുകൾ തുറന്ന് പ്രളയം വരുത്തിവച്ചതല്ലെന്നു വ്യക്തം. ഈ വർഷം പ്രത്യേകമായി സംഭവിച്ചത് ഓഗസ്റ്റ് പതിനഞ്ചു മുതലുള്ള ദിവസങ്ങളിൽ പെയ്ത ഭീമമായ അളവിലുള്ള മഴയാണ്. ഓഗസ്റ്റ് 15 മുതൽ 17 വരെയുള്ള മൂന്നു ദിവസങ്ങളിൽ മാത്രം 414 മില്ലി മീറ്റർ മഴ പെയ്തു എന്നാണു കണക്ക്. അതിലൂടെ 16,063.2 ദശലക്ഷം ഘനയടി വെള്ളമാണ് പെയ്തിറങ്ങിയത്. സാധാരണ ഗതിയിൽ ഒരു വർഷമാകെ പെയ്യുന്ന മഴയുടെ അഞ്ചിലൊന്നിലധികം മൂന്നു ദിവസം കൊണ്ടു പെയ്തു എന്നർത്ഥം. നാസയുടെ കണക്കനുസരിച്ച് സാധാരണ വർഷങ്ങളെ അപേക്ഷിച്ച് 164 ശതമാനം അധിക മഴയാണ് (264 ശതമാനം) പെയ്തത്. ആ ദിവസങ്ങളിൽ ജലസേചനവകുപ്പിന്റെ ഡാമുകളിൽ 696.785 ദശലക്ഷം ഘനയടി വെള്ളം ഒഴുകിയെത്തിയപ്പോൾ പുറത്തേക്കു വിട്ടത് 700.373 ദശലക്ഷം ഘനയടി മാത്രം.

തമ്മിലുള്ള അന്തരം നേരിയതു മാത്രം എന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. 1924ൽ ഉണ്ടായ മഹാപ്രളയം സംബന്ധിച്ച വാർത്ത പുനഃപ്രസിദ്ധീകരിച്ചതു നമുക്ക് ലഭ്യമാണ്. അതിൻ പ്രകാരം അന്ന് അടയാളപ്പെടുത്തിയിരുന്ന പ്രദേശങ്ങളിൽത്തന്നെയാണ് കൃത്യമായും ഇത്തവണയും പ്രളയമുണ്ടായതെന്നു മനസിലാക്കാം. ഭൂതത്താൻകെട്ടിന് അഞ്ചു കി. മീ. മുകളിൽ അന്നത്തെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയിരുന്ന പാലമറ്റം എസ്റ്റേറ്റ് പ്രദേശത്ത് അന്നത്തേതിനേക്കാൾ ഒമ്പതടി താഴെയാണ്് ഇത്തവണത്തെ ജലനിരപ്പ് എത്തിയത്. കാലടിയിൽ തലപ്പള്ളി മനയിൽ അന്നു രേഖപ്പെടുത്തിയതിനേക്കാൾ 1.4 മീറ്റർ താഴെ മാത്രം.

ഡാമുകളല്ല പ്രളയകാരണം എന്നതിന് ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ല. കുട്ടനാട്ടിലെ ജലനിരപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന രണ്ടു മനുഷ്യനിർമ്മിത സംവിധാനങ്ങളാണ് തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടും. തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളും നേരത്തെതന്നെ തുറന്നു വച്ചിരുന്നതും പൊഴിമുറിക്കൽ മെയ്‌ മാസത്തിൽത്തന്നെ നടത്തി പരമാവധി ജലം കടലിലേക്ക് ഒഴുക്കി വിട്ടതുമാണ്. സാധാരണ 150 മീറ്റർ വീതിയിൽ പൊഴി മുറിക്കാറുള്ളത്, പ്രളയം മൂലം മതിയാകാതെ വന്നതു മൂലം, ഇത്തവണ 250 മീറ്റർ വീതിയിലാണു മുറിച്ചത്. തണ്ണീർമുക്കം ബണ്ടിന്റെ ബാർജുകൾ തുറന്നാണിരിക്കുന്നത്. മണ്ണു നീക്കംചെയ്യൽ പരമാവധി വേഗത്തിൽ നടത്തി കഴിയുന്നത്ര വെള്ളം കടലിലേക്ക് ഒഴുക്കി വിട്ടുകൊണ്ടിരിക്കുന്നു.

തണ്ണീർമുക്കം ബണ്ടിന്റെ ഇരുഭാഗത്തും കഴിഞ്ഞ ഒരു മാസത്തിലേറെയായി ഏതാണ്ട് ഒരേ ജലനിരപ്പാണ് എന്നതിനർഥം കാര്യമായി കടലിലേക്ക് ജലമൊഴുക്കി വിടാൻ കഴിയുമായിരുന്നില്ല എന്നു തന്നെയാണ്. സംസ്ഥാനാന്തര ജല റഗുലേഷനാണ് മറ്റൊന്ന്. പാലക്കാട് മേഖലയിലെ പറമ്പിക്കുളം ആളിയാർ പദ്ധതികളിലെ ജലം തമിഴ്‌നാട് അവർക്ക് അർഹതപ്പെട്ടതിലുമധികം കടത്തുന്നു എന്നതായിരുന്നു തീവ്രവരൾച്ചയുണ്ടായ കഴിഞ്ഞ വർഷത്തെ പ്രശ്നം. ഇത്തവണ സ്ഥിതിഗതികൾ മാറി. പറമ്പിക്കുളം ആളിയാർ ഭാഗത്തെ എല്ലാ ഡാമുകളും നിറയുകയും കേരളത്തിലേക്കു സ്പിൽ ചെയ്യുന്ന സ്ഥിതി ഉണ്ടാകുകയും ചെയ്തു. ഈ ഡാമുകൾ ഒന്നൊഴികെ എല്ലാം ജൂലൈ മാസത്തിൽത്തന്നെ തുറന്നിരുന്നതാണ്. വ്യക്തമായ മുന്നറിയിപ്പോടെയാണ് തുറന്നിട്ടുള്ളത്. ഓഗസ്റ്റ് പതിനഞ്ചിന് ഒരൊറ്റ രാത്രിയിൽ ഷോളയാർ വാൽപ്പാറ ഭാഗത്ത് 410 മി. മീ മഴയാണു പെയ്തത്. അനിയന്ത്രിതമായ മഴ പെട്ടെന്നു വന്നതിനെ തുടർന്നാണ് തുറന്നു വിടുന്നതിനു തമിഴ്‌നാട് നിർബന്ധിതമായത്.

പരമാവധി തുറന്നു വിടാവുന്നതിന്റെ 50 ശതമാനം മാത്രമാണ് തുറന്നത്. നാടാകെ സമാനതകളില്ലാത്ത ഒരു ദുരന്തത്തിന്റെ ഭീതിയിലായ പശ്ചാത്തലത്തിൽ സന്മനസുള്ള ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ നേരിടാൻ സ്വയം മറന്ന് രംഗത്തിറങ്ങുകയും എല്ലാ സംവിധാനങ്ങളേയും പരമാവധി കൂട്ടിയിണക്കുന്നതിൽ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടെ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും തുറന്നുവിടാതെ ഡാം തകർന്നിരുന്നെങ്കിലത്തെ അവസ്ഥ എത്ര ഭീകരമാകുമായിരുന്നു എന്ന് എല്ലാവരും ശാന്തമായി ആലോചിക്കണമെന്നും മാത്യു ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP