Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാത്തൂർ ഭഗവതി ക്ഷേത്രത്തിന്റെ 34.68 ഏക്കർ ഭൂമി വിട്ടു കൊടുത്തിട്ട് പോരെ മിസ്റ്റർ തോമസ് ചാണ്ടി ഈ വിരവാദം ഒക്കെ മുഴക്കാൻ? വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ തരപ്പെടുത്തിയ ഉടമസ്ഥാവകാശത്തെ ഹൈക്കോടതി പോലും അംഗീകരിക്കാത്തത് മറന്നു പോയോ? ഒരു സെന്റ് ഭൂമി കൈയേറിയെന്ന് തെളിയിച്ചാൽ എല്ലം ദാനം ചെയ്യുമെന്ന് പറഞ്ഞ മന്ത്രി ഈ ഭൂമിയെങ്കിലും വിട്ടു കൊടുക്കുമോ?

മാത്തൂർ ഭഗവതി ക്ഷേത്രത്തിന്റെ 34.68 ഏക്കർ ഭൂമി വിട്ടു കൊടുത്തിട്ട് പോരെ മിസ്റ്റർ തോമസ് ചാണ്ടി ഈ വിരവാദം ഒക്കെ മുഴക്കാൻ? വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ തരപ്പെടുത്തിയ ഉടമസ്ഥാവകാശത്തെ ഹൈക്കോടതി പോലും അംഗീകരിക്കാത്തത് മറന്നു പോയോ? ഒരു സെന്റ് ഭൂമി കൈയേറിയെന്ന് തെളിയിച്ചാൽ എല്ലം ദാനം ചെയ്യുമെന്ന് പറഞ്ഞ മന്ത്രി ഈ ഭൂമിയെങ്കിലും വിട്ടു കൊടുക്കുമോ?

മറുനാടൻ ഡെസ്‌ക്

പത്തനംതിട്ട: ഒരു സെന്റ് ഭൂമിയെങ്കിലും അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്നു തെളിയിച്ചാൽ തന്റെ സർവ സ്വത്തും ദാനം ചെയ്യാമെന്നു നിയമസഭയിൽ വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടി ഇനി എന്തുപറയും? ആലപ്പുഴ ചേന്നങ്കരിയിൽ മന്ത്രി 34.68 ഏക്കർ കൈവശപ്പെടുത്തിയത് വ്യാജരേഖകളുടെ ബലത്തിലാണെന്ന് ആരോപണം. മംഗളത്തിന്റെ പത്തനംതിട്ട ലേഖകൻ സജിത് പരമേശ്വരനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പലരേയും വിവാദത്തിലാക്കി നിരവധി വാർത്തകളുടെ സത്യം പുറത്തു കൊണ്ടുവന്നിട്ടുള്ള മാധ്യമ പ്രവർത്തകനാണ് സജിത് പരമേശ്വരൻ. അതുകൊണ്ട് തന്നെ ഈ റിപ്പോർട്ട് തോമസ് ചാണ്ടിയുടെ ഭാവിയിൽ നിർണ്ണായകമാകും. കുട്ടനാട്ടിലെ ലേക് പാലസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പെട്ടുഴലുമ്പോഴാണ് പുതിയ വാർത്ത എത്തുന്നത്.

കൈനകരി തെക്ക് ചേന്നങ്കരിയിൽ സർവേ നമ്പർ 28-2 എ, 28 -2 ഡി.എ-യിൽ ഉൾപ്പെട്ട 34.68 ഏക്കർ ഭൂമിയാണു തർക്കവിഷയം. മന്ത്രിയുടെ കൈവശമുള്ള ഭൂമിയുടെ പട്ടയം മാത്തൂർ ഭഗവതിദേവസ്വത്തിന്റെ പക്കലുണ്ട്. ഭൂമി സംബന്ധിച്ച കേസ് ലാൻഡ് ട്രിബ്യൂണലിന്റെ പരിഗണനയിലും. മങ്കൊമ്പിൽ സ്വാമിമാർ എന്നറിയപ്പെടുന്ന കിഴക്കേമഠത്തിൽ ഭട്ടർ കുടുംബത്തിൽനിന്നു പോൾ ഫ്രാൻസിസും കൂട്ടരും വാങ്ങിയ ഭൂമിയാണ് പിന്നീടു താൻ വാങ്ങിയതെന്നാണ് തോമസ് ചാണ്ടിയുടെ വാദം. എന്നാൽ, 1986 ജൂൺ 19-നു ലഭിച്ച 7867-ാം നമ്പർ പട്ടയമനുസരിച്ച് ഭൂമിയുടെ യഥാർഥ അവകാശി മാത്തൂർ ഭഗവതി ദേവസ്വം പൊതുഭരണസമിതിയാണ്.

തോമസ് ചാണ്ടി വ്യാജരേഖകളുടെ ബലത്തിൽ ഭൂമി സ്വന്തമാക്കിയത് സംബന്ധിച്ച് ഇവർ നൽകിയ കേസിൽ ഭൂമിയുടെ ക്രയവിക്രയ സർട്ടിഫിക്കറ്റ് ആലപ്പുഴ അപ്പലേറ്റ് കോടതി 2010 മാർച്ച് 29-ന് റദ്ദാക്കിയിരുന്നു (എസ്.എം. കേസ് നമ്പർ 103/98, 104/98, 105/98, 106/98, 107/98). ഇതിനെതിരേ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും മാത്തൂർ ദേവസ്വം പൊതു ഭരണസമിതിയുടെ ഭാഗം കൂടി കേട്ട ശേഷം നാലു മാസത്തിനുള്ളിൽ ചേർത്തല ലാൻഡ് ട്രിബ്യൂണൽ തീരുമാനമെടുക്കണം എന്നായിരുന്നു വിധി. 2014 സെപ്റ്റംബർ 18-നു ഹൈക്കോടതി പുറപ്പെടുവിച്ച വിധിയനുസരിച്ച് നടപടിയുണ്ടായില്ല.

കുട്ടനാട്ടിലെ ചേന്നങ്കരി മുറിയിൽ മാത്തൂർ കുടുംബക്കാർക്ക് ചെമ്പകശേരി രാജാവും തിരുവിതാംകുർ രാജാവും നൂറ്റാണ്ടിന് മുമ്പ് നെൽവയൽ അടക്കം ഏക്കറുകളോളം ഭൂമി കരമൊഴിവായി നൽകിയിരുന്നു. ഇതിൽ മാത്തൂർ ഭഗവതീക്ഷേത്രവും ഉൾപ്പെട്ടിരുന്നു. ഇവ നോക്കിവന്നിരുന്നത് 'കാരണവർ' എന്നറിയപ്പെട്ടിരുന്ന കുടുംബനാഥനാണ്. 1934-ൽ കാരണവർ നെൽവയൽ അടക്കമുള്ള 400 ഏക്കർ ഭൂമി കിഴക്കേമഠത്തിൽ കൃഷ്ണയ്യർ, നാരായണ സ്വാമി എന്നിവർക്കു പണയപ്പെടുത്തി. ശേഷിക്കുന്ന ഭൂമിയുടെ ഭരണം കാരണവർ തുടർന്നെങ്കിലും 1975-ൽ ഭൂമി സംരക്ഷണത്തിനായി കുടുംബക്കാർ ഒരു ഉടമ്പടിയുണ്ടാക്കി. മാത്തൂർ ഭഗവതി ദേവസ്വം പൊതുഭരണസമിതി എന്ന പേരിൽ 18/1975 നമ്പറിൽ 1975 ഫെബ്രുവരി 14-ന് രജിസ്റ്റർ ചെയ്തു. ഈ സമിതിയാണ് പിന്നീട് ദേവസ്വത്തിന്റെയും ഭൂമിയുടെയും കാര്യങ്ങൾ നോക്കിവന്നത്.

പണയഭൂമി കൈവശം വച്ചിരുന്ന കിഴക്കേമഠത്തിന്റെ അധിപൻ മാത്തൂർ കുടുംബം പണയപ്പെടുത്തിയ 400 ഏക്കർ ഭൂമി 1963-ൽ ഭൂപരിഷ്‌കരണ നിയമം വന്നതോടെ സർക്കാരിനു സമർപ്പിച്ചു. കണ്ടുകൃഷി ഭൂമി ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നു ചൂണ്ടിക്കാട്ടി മാത്തൂർ ദേവസ്വം രംഗത്തെത്തി. നിയമയുദ്ധത്തിനൊടുവിൽ ഭൂപരിഷ്‌കരണ നിയമത്തിൽ ഉൾപ്പെടാത്ത സർവേ നമ്പർ 28-2 എ, 28 -2 ഐ യിൽപ്പെട്ട 34.68 ഏക്കർ സ്ഥലം മാത്തൂർ ദേവസ്വത്തിനു തിരികെക്കിട്ടി. 1986-ൽ ഭൂമിക്ക് 7867 നമ്പറായി പട്ടയവും ലഭിച്ചു. 1998 മാർച്ച് 31 വരെ 7986 നമ്പർ തണ്ടപ്പേരിൽ ദേവസ്വം നികുതിയുമടച്ചു.

നേരത്തേ കുവൈത്തിലായിരുന്ന തോമസ് ചാണ്ടി 1997-ലാണ് ഭൂമി സ്വന്തമാക്കാനുള്ള നീക്കം തുടങ്ങിയതെന്ന് മാത്തൂർ കുടുംബാംഗമായ അമൃതകുമാർ പറയുന്നു. ദേവസ്വം ഭരണസമിതിയുമായി അദ്ദേഹം ഇതു സംബന്ധിച്ച് പല കുറി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. വൈകാതെ അന്നത്തെ ദേവസ്വം ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി വന്നെങ്കിലും കുടുംബാംഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നത മൂലം ഭരണം മുന്നോട്ടുപോയില്ല. കുടുംബത്തിൽപ്പെട്ട ചിലർ ചേർന്ന് ട്രസ്റ്റ് രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ അവസരം മുതലാക്കി വ്യാജരേഖകളുടെ ബലത്തിൽ ചേന്നങ്കരി സ്വദേശി പോൾ ഫ്രാൻസിസും അദ്ദേഹത്തിന്റെ ബന്ധുക്കളും ഭൂമി സ്വന്തമാക്കി.

ഭൂമി നേരത്തേ പണയത്തിന് ഏറ്റെടുത്ത കിഴക്കേമഠത്തിൽ അയ്യർ കുടുംബത്തിന്റെ പക്കൽനിന്നു ഭൂമി വാങ്ങിയെന്നാണ് രേഖകളിലുള്ളത്. ഇതിന് കുട്ടനാട് തഹസിൽദാരും കൈനകരി വില്ലേജ് ഓഫീസറും ഒത്താശ ചെയ്തെന്ന് മാത്തൂർ ദേവസ്വം ആരോപിക്കുന്നു. പിന്നിൽനിന്ന് എല്ലാ സഹായവും ചെയ്തത് തോമസ് ചാണ്ടിയായിരുന്നെന്നും ദേവസ്വം ചൂണ്ടിക്കാട്ടുന്നു. പിന്നീടാണ് പോൾ ഫ്രാൻസിസിൽ നിന്നു തോമസ് ചാണ്ടിയും ഭാര്യയും മക്കളും ബന്ധുക്കളും ചേർന്ന് ഭൂമി വാങ്ങിയത്. ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണമാണ് മാത്തൂർ ദേവസ്വം ഭാരവാഹികൾ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP