Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മൂന്നേമുക്കാൽ ലക്ഷം രൂപ സമ്മാനം വാഗ്ദാനം ചെയ്ത് കഥാമത്സരം നടത്തി മാതൃഭൂമി; ഏറ്റവും മികച്ച കഥയ്ക്ക് മരച്ചുവട്ടിൽ വിളിച്ചിരുത്തി സർട്ടിഫിക്കറ്റ് നൽകിയൊഴിഞ്ഞു; സർക്കാർ ഫണ്ടോടെ നടത്തുന്ന മാതൃഭൂമി സാഹിത്യോത്സവത്തിനെതിരെ രൂക്ഷവിമർശനവുമായി കഥാരചനയിൽ ഒന്നാമതെത്തിയ പെൺകുട്ടി; ജയരാജന്മാരെ വിളിച്ചു വരുത്തി സ്വയം പഴികേട്ട ക്ഷീണം മാറും മുമ്പ് മാതൃഭൂമി ക സാഹിത്യോത്സവം വീണ്ടും വിവാദത്തിൽ

മൂന്നേമുക്കാൽ ലക്ഷം രൂപ സമ്മാനം വാഗ്ദാനം ചെയ്ത് കഥാമത്സരം നടത്തി മാതൃഭൂമി; ഏറ്റവും മികച്ച കഥയ്ക്ക് മരച്ചുവട്ടിൽ വിളിച്ചിരുത്തി സർട്ടിഫിക്കറ്റ് നൽകിയൊഴിഞ്ഞു; സർക്കാർ ഫണ്ടോടെ നടത്തുന്ന മാതൃഭൂമി സാഹിത്യോത്സവത്തിനെതിരെ രൂക്ഷവിമർശനവുമായി കഥാരചനയിൽ ഒന്നാമതെത്തിയ പെൺകുട്ടി; ജയരാജന്മാരെ വിളിച്ചു വരുത്തി സ്വയം പഴികേട്ട ക്ഷീണം മാറും മുമ്പ് മാതൃഭൂമി ക സാഹിത്യോത്സവം വീണ്ടും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിൽ രണ്ട് ലക്ഷം മുതൽ പുരസ്‌കാര തുക പ്രഖ്യാപിച്ചതിന് ശേഷം തുക നൽകുന്നതിൽ നിന്നും മാതൃഭൂമി പിന്മാറിയതായി ആരോപണം. കഥാമത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ സ്നേഹ തോമസ് ആണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്. അതേസമയം കഥകൾക്ക് നിലവാരമില്ലെന്ന് ജൂറി തന്നെ അറിയിച്ച സാഹചര്യത്തിലാണ് തുക നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ആഴ്ചപ്പതിപ്പ് എഡിറ്റർ സുഭാഷ് ചന്ദ്രനും വിശദീകരിച്ചു. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്.

ചെറുകഥയ്ക്ക് ഏറ്റവും കൂടിയ സമ്മാനത്തുകയുമായി ക ഫെസ്റ്റിവൽ എന്ന പരസ്യത്തോടെയാണ് മാതൃഭൂമി കഥാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചത്. ഒന്നാം സമ്മാനമായി രണ്ട് ലക്ഷം രൂപയും രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 75,000 രൂപയുമാണ് പ്രഖ്യാപിച്ചത്. ഈ പരസ്യം ഇപ്പോഴും സാഹിത്യോത്സവത്തിന്റെ വെബ്സൈറ്റിലുണ്ട്. എന്നാൽ ആർക്കും പണം നൽകിയില്ല. പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരെ വിളിച്ച് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയായിരുന്നു. ഇതിനിടെയിലാണ് അവസാന പത്ത് പേരിൽ ഒന്നാം സ്ഥാനത്തുള്ള സ്നേഹ കഥ മത്സരത്തിൽ നിന്നും പിൻവലിക്കുന്നതായും തന്റെ കഥ പ്രസിദ്ധീകരിക്കുന്നതിന് മാതൃഭൂമിയുടെ ഒരു പ്രസിദ്ധീകരണത്തിനും അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരിക്കുന്നത്.

സംവാദത്തിന് ക്ഷണിച്ചുവെന്നും എന്നാൽ കേരളത്തിലില്ലാത്തതിനാൽ ഒരു സുഹൃത്തിനെയാണ് അയച്ചതെന്നും ഇവർ പറയുന്നു. അവിടെ ചെന്നപ്പോൾ ഒരു സർട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചത്. അതും ഒരു മരച്ചുവട്ടിൽ എല്ലാവരെയും വിളിച്ചിരുത്തി സർട്ടിഫിക്കറ്റുകൾ നൽകി വിട്ടയയ്ക്കുകയായിരുന്നു. മൂന്നേ മുക്കാൽ ലക്ഷം രൂപയുടെ സമ്മാനമാണ് ഒരുമാസം മുമ്പ് ചെയ്ത പരസ്യത്തിൽ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ കേരള സർക്കാരിന്റെ പണം കൂടി വാങ്ങി നടത്തിയ ഈ സാഹിത്യോത്സവത്തിൽ പറ്റിക്കപ്പെട്ടുവെന്ന തോന്നലാണ് തനിക്കുണ്ടായതെന്നും സ്നേഹ പറയുന്നു. അതിനാൽ വെജിറ്റേറിയൻ സമരങ്ങൾ എന്ന തന്റെ കഥ പിൻവലിക്കുന്നതായും അവർ വ്യക്തമാക്കുന്നു.

എഴുത്തുകാരയ ബെന്യാമിനും ആനന്ദ് നീലകണ്ഠനും ചേർന്നാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. സമ്മാനിതമാകാൻ നിസ്സംശയം അർഹമായ ഒരു കഥ പോലും ഇല്ലാത്തതിനാൽ ഇത്തവണ ഒന്നും രണ്ടും മൂന്നും അവാർഡുകൾ നൽകുന്നില്ലെന്ന് എംടി വാസുദേവൻ നായർ അധ്യക്ഷനും എം മുകുന്ദൻ, സി വി ബാലകൃഷ്ണൻ, ഇ സന്തോഷ് കുമാർ എന്നിവർ അംഗങ്ങളായ വിധി നിർണായക സമിതി തീരുമാനമെടുത്തിരുന്നു. ഇതാണ് നടപ്പിലായതെന്നാണ് മാതൃഭൂമി വിശദീകരിക്കുന്നത്. ഈ സാഹിത്യ വഞ്ചനയിൽ താൻ പ്രതികരിച്ചില്ലെങ്കിൽ ''വെജിറ്റേറിയൻ സമരങ്ങൾ, എന്ന കഥ എഴുതി ഒന്നാമത് എത്തിയ താൻ ഒരു യുവ എഴുത്തുകാരി അല്ലാതാവും എന്നാണ് തനിക്ക് തോന്നുന്നത്. അല്ലെങ്കിൽ സമരങ്ങൾ എന്ന വാക്കിന് തന്നെ അർത്ഥം ഇല്ലാതാകുമെന്നും തോന്നുന്നതായി അവർ പറയുന്നു. പ്രഖ്യാപിച്ച സമ്മാനത്തുക വിതരണം ചെയ്യാത്ത വഞ്ചനക്കെതിരെ ആണ് എന്റെ പ്രതിഷേധമെന്ന് സ്‌നേഹ പറയുന്നു.

കഥകൾക്കു വേണ്ടത്ര നിലവാരമില്ലെങ്കിൽ സമ്മാനത്തുക നൽകില്ലെന്ന് മത്സര പരസ്യങ്ങളിൽ ഒരിടത്തും മാതൃഭൂമി പറഞ്ഞിട്ടില്ല എന്ന കാര്യം ഓർക്കുക. സമ്മാന തുക നൽകാതെ പങ്കെടുത്ത രണ്ടായിരത്തോളം കഥാകൃത്തുക്കളെയാണ് ഇവർ പറ്റിച്ചിരിക്കുന്നത്. എന്നും സ്‌നേഹ കൂട്ടിച്ചേർക്കുന്നു. 'ഖസാക്കിന്റെ ഇതിഹാസം' കൊള്ളില്ലെന്ന് പറഞ്ഞവരാണ് മാതൃഭൂമിയെന്നും മാതൃഭൂമിയല്ലല്ലോ ഇവിടുത്തെ അവസാന വാക്കെന്നും സ്നേഹ അഴിമുഖത്തോട് പ്രതികരിച്ചു. സ്നേഹ തോമസ്, സംഗീത ശങ്കർ, ശ്രദ്ധ ധനുജയൻ, ആതിര ലക്ഷ്മി, ആനി അരുൾ, സിവിക് ജോൺ, നിയാസ് മുഹമ്മദ്, ജിബിൻ കുര്യൻ, അഖിൽ തോമസ്, അഖിൽ എസ് മുരളി എന്നിവരാണ് അവസാന റൗണ്ടിലെത്തിയ പത്ത് പേർ.

അതേസമയം പലർക്കും പല അഭിപ്രായമുണ്ടാകും. നമുക്ക് അതിനെല്ലാം മറുപടി പറയാൻ സാധിക്കില്ലെന്നായിരുന്നു ഇതേക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ സുഭാഷ് ചന്ദ്രൻ ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രൈസ് മണി പ്രഖ്യാപിച്ചിട്ടില്ല. നമ്മൾ ഉദ്ദേശിക്കുന്ന നിലവാരത്തിലുള്ള കഥ ലഭിച്ചിരുന്നെങ്കിൽ പൈസ കൊടുക്കുമായിരുന്നു. കഴിഞ്ഞ വർഷം കൊടുത്തതാണ്. എംടി വാസുദേവൻ നായർ, എം മുകുന്ദൻ, സി വി ബാലകൃഷ്ണൻ, ഇ സന്തോഷ് കുമാർ എന്നിവരടങ്ങുന്നതാണ് ജഡ്ജിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. നിലവാരമുള്ള കഥകളൊന്നും ലഭിച്ചില്ലെന്നാണ് അവർ അറിയിച്ചത്. അടുത്തയാഴ്ച ഇറങ്ങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ജൂറിയുടെ തീരുമാനങ്ങൾ പൂർണമായും പ്രസിദ്ധീകരിക്കും. കഥ പിൻവലിക്കുന്നുവെന്ന് സ്നേഹ തോമസ് പറഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ ആഗ്രഹം പോലെ നടക്കട്ടേ. നമുക്ക് അതിൽ യാതൊരു പ്രശ്നവുമില്ലെന്നും സുഭാഷ് ചന്ദ്രൻ പറയുന്നു.

തലസ്ഥാന നഗരിയിൽ മാതൃഭൂമി നടത്തുന്ന 'ക' സാഹിത്യോത്സവത്തിൽ സിപിഎമ്മിലെ .മൂന്നു ജയരാജന്മാരും ഒരേ വേദിയിൽ എത്തയിരുന്നു. ഇതും മാതൃഭൂമിക്ക് പഴി കേൾക്കുന്നതായി. പൊതുസമൂഹത്തിനിടയിൽ സിപിഐഎമ്മിനെ അപകീർത്തിപ്പെടുത്താനായി കണ്ണൂരിലെ ഗ്രാമങ്ങളെ പാർട്ടി ഗ്രാമങ്ങളെന്ന് വിശേഷിപ്പിച്ചത് മാതൃഭൂമി പത്രമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ തുടങ്ങി. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന ലിറ്റററി ഫെസ്റ്റിവലായ അക്ഷരോത്സവത്തിൽ പിന്നെ സംസാരിച്ച മന്ത്രി ഇ പി ജയരാജനും എൻഡോസൾഫാൻ ഇരകളുടെ സമര ചർച്ചയിൽ പങ്കെടുത്ത് കുറച്ച് വൈകി ചടങ്ങിനെത്തിയ എംവി ജയരാജനുമെല്ലാം മാതൃഭൂമിക്കെതിരെ തന്നെ തിരിഞ്ഞു.

പാർട്ടി ഗ്രാമങ്ങളും കണ്ണൂർ ലോബിയും കണ്ണൂരിലെ അക്രമരാഷ്ട്രീയവും അടക്കം ചർച്ചാ വിഷയമായി. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി ശ്രേയാംസ്‌കുമാർ സദസിൽ ഇരിക്കെത്തന്നെ മാതൃഭൂമിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കുകയായിരുന്നു കണ്ണൂർ മാസ്റ്റേഴ്സ്. ഇതിന് പിന്നാലെയാണ് പുതിയ വിവാദവുമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP