Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണിക്ക് പോയി അവനെ പോറ്റിയത് കൊലയ്ക്ക് കൊടുക്കാനായിരുന്നല്ലോ ദൈവമേ എന്ന് ചോദിച്ച് കൃഷ്ണൻ; അവർക്കവരുടെ മക്കൾ മാത്രം സ്വസ്ഥമായി ജീവിച്ചാൽ മതിയെന്ന് പറഞ്ഞ് സത്യനാരായണൻ; ഇരുവരേയും ചേർത്ത് പിടിച്ച് മുഹമ്മദ്; സിപിഎം ഭീകരതയ്‌ക്കെതിരായി മക്കളെ നഷ്ടപ്പെട്ട മൂന്ന് അച്ഛന്മാർ ഒരുമിച്ച് ചേർത്ത് പിടിച്ചപ്പോൾ ഇടനെഞ്ച് പൊട്ടുക്കരഞ്ഞ് ബന്ധു ജനങ്ങളും സുഹൃത്തുക്കളും

പണിക്ക് പോയി അവനെ പോറ്റിയത് കൊലയ്ക്ക് കൊടുക്കാനായിരുന്നല്ലോ ദൈവമേ എന്ന് ചോദിച്ച് കൃഷ്ണൻ; അവർക്കവരുടെ മക്കൾ മാത്രം സ്വസ്ഥമായി ജീവിച്ചാൽ മതിയെന്ന് പറഞ്ഞ് സത്യനാരായണൻ; ഇരുവരേയും ചേർത്ത് പിടിച്ച് മുഹമ്മദ്; സിപിഎം ഭീകരതയ്‌ക്കെതിരായി മക്കളെ നഷ്ടപ്പെട്ട മൂന്ന് അച്ഛന്മാർ ഒരുമിച്ച് ചേർത്ത് പിടിച്ചപ്പോൾ ഇടനെഞ്ച് പൊട്ടുക്കരഞ്ഞ് ബന്ധു ജനങ്ങളും സുഹൃത്തുക്കളും

മറുനാടൻ മലയാളി ബ്യൂറോ

പെരിയ (കാസർകോട്) : സംസ്ഥാനത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകം അരങ്ങേറി ദിവസങ്ങൾ പിന്നിടുമ്പോഴും പുത്രവിയോഗത്താൽ തളർന്നിരിക്കുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തെ ഓർത്ത് നീറുകയാണ് നാമേവരും. പുത്ര വിയോഗത്തിന്റെ കനലെരിയുന്ന ആ മൂന്ന് മനസുകൾ ഒന്നിച്ച് കണ്ടപ്പോൾ മക്കളുള്ള ഏതൊരു മനസും മഞ്ഞു പോലെ ഉരുകിയിരിക്കാം. രാഷ്ട്രീയ കൊലക്കത്തിക്ക് മുൻപിൽ ജീവൻ ബലി കഴിക്കേണ്ടി വന്ന് മൂന്ന് അച്ഛന്മാർ കണ്ടുമുട്ടിയത് നമുക്കേവർക്കും ഒരു ഓർമ്മപ്പെടുത്തലും പ്രാർത്ഥനയും കൂടിയാണ്.

മൂന്ന് കുടുംബത്തിലെ ഏക ആൺമക്കളെ ഇല്ലാതാക്കിയതിന് പിന്നാലെ ഇനിയൊരു രാഷ്ട്രീയ കൊലപാതകം ദൈവത്തിന്റെ സ്വന്തം മണ്ണിൽ ഉണ്ടാകരുതേ എന്ന് നിറകണ്ണുകളോടെ മനസിൽ പ്രാർത്ഥിക്കാത്തവരുണ്ടാകില്ല. ഏതാനും ദിവസം മുൻപ് കൊല്ലപ്പെട്ട പെരിയ കല്ല്യോട്ടെ കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ, ശരത്‌ലാലിന്റെ അച്ഛൻ സത്യനാരായണൻ, മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിന്റെ ഉപ്പ എസ്‌പി. മുഹമ്മദ് എന്നിവരാണ് കഴിഞ്ഞ ദിവസം ഒന്നിച്ചു കണ്ടത്. രണ്ട് യുവാക്കൾ പെരിയ കല്യോട്ട്  കൊല്ലപ്പെട്ടെന്ന വാർത്തയറിഞ്ഞ ആ നിമിഷം മുൽ തന്റെ മനസിനെ തളർത്തിയ അതേ ദുഃഖത്തിലൂടെ കടന്നു പോകുന്ന ആ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ മുഹമ്മദ് കല്യോട്ടെത്തുകയായിരുന്നു.

മാസങ്ങൾക്ക് മുൻപ് ക്രൂരമായി കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവാണ് മുഹമ്മദ്. വെറും ഒരുമുറി മാത്രമുള്ള കൃപേഷിന്റെ വീട്ടിലേക്കാണ് മുഹമ്മദ് ആദ്യം എത്തിയത്. ഇനി എന്ത് ചെയ്യുമെന്നറിയാതെ വീടിന്റെ ഷെഡിന്റെ മുൻപിൽ കരഞ്ഞ് തളർന്നിരിക്കുന്ന കൃഷ്ണനോട് ആദ്യം എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് നിറകണ്ണുകളോടെ നിന്ന മുഹമ്മദിന് അറിയില്ലായിരുന്നു.

ഒപ്പം വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷുഹൈബിന്റെ ഉപ്പയാണെന്ന് കൃഷ്ണനോട് പറഞ്ഞപ്പോൾ മുഹമ്മദിന്റെ കൈകൾ അദ്ദേഹം ചേർത്തു പിടിച്ചു. തോളിൽ ചാഞ്ഞു കിടന്ന് കൃഷ്ണൻ പറഞ്ഞ വാക്കുകൾ കേട്ടാൽ ഏവരുടേയും ചങ്കു പിടയും ''നമ്മുടെ വിധി ഇങ്ങനെയായല്ലോ... ഇങ്ങനെ കൊന്നിട്ട് അവർ എന്തു ചെയ്യാനാ...പണിക്കു പോയി അവനെ പോറ്റിയതു കൊലയ്ക്കു കൊടുക്കാനായിരുന്നില്ലല്ലോ. കൊന്നവരേയും കൊല്ലിച്ചവരേയും കൊല്ലാൻ പണം കൊടുത്തവരേയും പിടികൂടണം''

ശരത്‌ലാലും ഷുഹൈബിനെപ്പോലെ തന്നെയായിരുന്നെന്നു മുഹമ്മദിനെക്കണ്ടപ്പോൾ ബന്ധുക്കൾ ഓർത്തെടുത്തു. നാട്ടിലെ എല്ലാ ആവശ്യങ്ങളിലും മുന്നിലുണ്ടായിരുന്നു. അവനെയൊന്നു കാണാൻ പോലും കിട്ടാറുണ്ടായിരുന്നില്ലെന്നു പറഞ്ഞു ശരത്തിന്റെ അച്ഛൻ സത്യനാരായണൻ അപ്പോഴേക്കും കരഞ്ഞു തുടങ്ങിയിരുന്നു. 'അവർക്ക് അവർ മാത്രം വളർന്നാൽ മതി, മറ്റാരെയും വളരാൻ അവർ അനുവദിക്കില്ല' കൊലപാതകത്തിനു പിന്നിലുള്ളവരെക്കുറിച്ചു മുഹമ്മദ് രോഷം കൊണ്ടു.

ഇനി സിപിഎമ്മിൽ വിശ്വാസമില്ലെന്നും ആ പാർട്ടിയിലേക്ക് ഞാനില്ലെന്നും കൃഷ്ണൻ

മകന്റെ മരണവാർത്തയറിഞ്ഞ് സിപിഎം അനുഭാവിയായ കൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മലയാളികളുടെ കാതിൽ മുഴങ്ങുന്നത്. 'ഇനി പാർട്ടിയിലേക്ക് ഞാനില്ല. എനിക്കാ പാർട്ടിയിൽ വിശ്വാസമില്ല'. നെഞ്ചുപൊട്ടുമാറ് ഉറക്കെ കരഞ്ഞുകൊണ്ടാണ് കൃഷ്ണൻ തന്റെ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞത്.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ അച്ഛൻ പി.വി. കൃഷ്ണൻ സിപിഎം അനുഭാവിയായിരുന്നു. കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നതിൽ നിന്നും കൃപേഷിനെ അച്ഛൻ തടഞ്ഞിരുന്നതുമില്ല.

കൃഷ്ണന്റെ വാക്കുകൾ

'പെരിയ ആലക്കോടാണു ഞാൻ ജനിച്ചത്. പാർട്ടി അനുഭാവികളുടെ കുടുംബമായിരുന്നു. പാർട്ടി പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കാറുമുണ്ട്. പോളിടെക്‌നിക്കിൽ പഠിക്കുമ്പോൾ കെഎസ്‌യുവിൽ ചേരുന്ന കാര്യം മകൻ ചോദിച്ചിരുന്നു. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട രാഷ്ട്രീയം തിരഞ്ഞെടുക്കാമെന്നാണു ഞാൻ മറുപടി നൽകിയത്. 

സിപിഎം നേതാവ് പീതാംബരനെ ആക്രമിച്ച കേസിൽ പാർട്ടിക്കാർ നൽകിയ പരാതിയിൽ കൃപേഷിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ സംഭവസമയം അവൻ സ്ഥലത്തിലാത്തതിനാൽ കേസിൽ നിന്ന് പൊലീസ് ഒഴിവാക്കുകയായിരുന്നു. പക്ഷേ, അവരുടെ പട്ടികയിൽ അവനുണ്ടായിരുന്നു. അതുകൊണ്ടാണ്.......' 'ഇത്രയും കാലം ഞാൻ പാർട്ടി അനുഭാവിയായിരുന്നു. ഇനി പാർട്ടിയുടെ ഒരു പരിപാടിക്കുമില്ല. പാർട്ടിയിലുള്ള വിശ്വാസം എനിക്കു നഷ്ടമായി'

തുടക്കം വെറും ഫ്‌ളെക്‌സ് തർക്കത്തിൽ നിന്നും

ഏകദേശം ഒരു വർഷം മുൻപ് ഫ്‌ളെക്‌സ് തകർക്കപ്പെട്ടതിനെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണു നാടിനെ നടുക്കിയ കൊലപാതകത്തിലേക്കു നയിച്ചത്. കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനു ഫണ്ട് അനുവദിച്ച കെ.കുഞ്ഞിരാമൻ എംഎൽഎയ്ക്ക് അഭിവാദ്യമർപ്പിച്ചു സ്‌കൂളിനു മുൻപിൽ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോർഡ് ചിലർ എടുത്തുമാറ്റിയിരുന്നു. അതാണു കഴിഞ്ഞ ദിവസം കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തിൽ കലാശിച്ച സംഘർഷ പരമ്പരയ്ക്കു തുടക്കമിട്ടത്.

ഫ്‌ളെക്‌സ് നീക്കിയതു കോൺഗ്രസുകാരാണെന്നാരോപിച്ചു സ്‌കൂളിനു സമീപത്തെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള വാദ്യകലാസംഘം ഓഫിസിനു സിപിഎം പ്രവർത്തകർ തീയിട്ടു. സമീപത്തെ ഉദ്ഘാടനത്തിനൊരുങ്ങിയ സിപിഎം ഓഫിസ് തുടർച്ചയായി കോൺഗ്രസുകാർ തകർത്തു. ഇരുകൂട്ടർക്കുമെതിരെ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ അനുരഞ്ജന ചർച്ചയിലൂടെ പരിഹരിച്ചു.

കൊല്ലപ്പെട്ട കൃപേഷിനെ ഈ കേസിലും സിപിഎമ്മുകാരുടെ പരാതിപ്രകാരം പ്രതിചേർത്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മുന്നാട് പീപ്പിൾസ് കോളജിൽ കല്യോട്ടെ കെഎസ്‌യു പ്രവർത്തകനു മർദനമേറ്റത് കോൺഗ്രസ് സിപിഎം ബന്ധം വീണ്ടും വഷളാക്കി.

വീണ്ടും ചോര മണക്കുന്ന ഫെബ്രുവരി

ഒരു വർഷും അഞ്ചു മാസവും മുൻപാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്‌പി. ഷുഹൈബ് കൊല്ലപ്പെട്ടത്. ഇപ്പോൾ സംസ്ഥാനത്ത് നടന്ന ഇരട്ടകൊലപാതകത്തിനും ഷുഹൈബ് വധവുമായി ഒട്ടേറെ സമാനതകളുണ്ട്. ക്യാംപസിലെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടാണു ഇരു കൊലപാതകങ്ങളുടേയും തുടക്കം. മുന്നാട് പീപ്പിൾസ് കോളജിലെ വിദ്യാർത്ഥിയും കല്യോട് സ്വദേശിയുമായ കെഎസ്‌യു പ്രവർത്തകനെ കോളജ് ക്യാംപസിൽ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതോടെയാണു പെരിയയിലെ സംഘർഷം തുടങ്ങിയത്.

ഇതു ചോദ്യം ചെയ്തു കല്യോട്ടെ കോൺഗ്രസുകാർ സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ മർദിച്ചു. ഈ കേസിൽ പ്രതിയായ ശരത്ലാലാണു പെരിയയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ. മട്ടന്നൂർ എടയന്നൂർ സ്‌കൂളിൽ കെഎസ്‌യുവിന്റെ കൊടിമരം എസ്എഫ്‌ഐക്കാർ നശിപ്പിച്ചതിനെത്തുടർന്നുള്ള സംഘർഷമാണു ഷുഹൈബിന്റെ വധത്തിലേക്കു നയിച്ചത്. സ്‌കൂൾ ക്യാംപസിലെ സംഘർഷം പുറത്തേക്കു പടരുകയും ഷുഹൈബ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകരും 2 സിപിഎം പ്രവർത്തകരും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രതികാരമാണു ഷുഹൈബിന്റെ കൊലപാതകത്തിൽ കലാശിച്ചത്.സിപിഎം പ്രവർത്തകരെ മർദിച്ച കേസിൽ പ്രതിയായി റിമാൻഡിൽ കഴിഞ്ഞു പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു ഷുഹൈബിനെ കൊലപ്പെടുത്തിയതെങ്കിൽ അതേ വിധി തന്നെയായിരുന്നു ശരത്ലാലിനും. ജാമ്യത്തിലിറങ്ങിയ ദിവസമാണു ശരത്‌ലാൽ കൊല്ലപ്പെട്ടത്.

ഇരു സ്ഥലങ്ങളിലും പ്രത്യേക സംഘം രൂപീകരിച്ച്, ഇരകളെ വാഹനത്തിൽ പിന്തുടർന്ന ശേഷമാണു കൃത്യം നടപ്പാക്കിയത്. ഷുഹൈബിന്റെ ശരീരത്തിലേറ്റതു 37 വെട്ടാണെങ്കിൽ അതിൽ അധികവും മുട്ടിനു താഴെയായിരുന്നു. പെരിയയിൽ ശരത്ലാലിന്റെ ശരീരത്തേറ്റ 20 വെട്ടിൽ പകുതിയും മുട്ടിനുതാഴെയാണ്.

പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിനെയും ശരത് ലാലിനെയും അവസാനമായി കാണാനും അന്തിമോപചാരമർപ്പിക്കാനും പാതയോരങ്ങളിൽ കണ്ണീരോടെ കാത്തിരുന്നത് ആയിരങ്ങളാണ്. പരിയാരത്തു നിന്നുള്ള വിലാപ യാത്ര മുതൽ സംസ്‌കാര ചടങ്ങുകൾ തീരും വരെ ഇടമുറിയാതെ ജനമെത്തി.ഇരുവരും ആക്രമിക്കപ്പെട്ടതിനു തൊട്ടടടുത്തുള്ള ഭൂമിയിലാണ് ചിതയൊരുക്കിയത്. ശരത്ലാലിന്റെ പിതൃസഹോദരൻ ഗോവിന്ദന്റെ ഉടമസ്ഥതയിൽ കല്ല്യോട്ട് ഗവ  ഹയർ സെക്കൻഡറി സ്‌കൂളിനു സമീപത്തുള്ള ഭൂമിയിൽ നിന്ന് ഒരു സെന്റ് ഇതിനു വേണ്ടി കോൺഗ്രസിനു കൈമാറുകയായിരുന്നു.

പരിയാരം മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹം കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും ഏറ്റുവാങ്ങി പാർട്ടി പതാക പുതപ്പിച്ചു. പിന്നീട് 2 ആംബുലൻസുകളിലായി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടു. പയ്യന്നൂർ ടൗണിലായിരുന്നു ആദ്യ പൊതുദർശനം. നൂറു കണക്കിന് ആളുകളാണ് ജില്ലാ അതിർത്തിയായ ഒളവറയിൽ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയിരുന്നത്.

തൃക്കരിപ്പൂരിലെ പൊതുദർശനത്തിനു ശേഷം കാലിക്കടവിലെത്തിയപ്പോൾ അവിടെയും വൻജനാവലി കാത്തുനിന്നു. 2.30ന് സിപിഎം ശക്തികേന്ദ്രമായ ചെറുവത്തൂരിലേക്ക് വിലാപയാത്രയെത്തി. നൂറു കണക്കിനാളുകൾ ഇവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കോൺഗ്രസ് ശക്തി കേന്ദ്രമായ മയിച്ചയിലും ആയിരങ്ങൾ ഒത്തുകൂടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP