Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടുവെച്ച പൊലീസാണ് ഇവിടെയുള്ളതെന്ന് ഗ്രോ വാസു; കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായത്; തണ്ടർബോൾട്ട് രക്തം ദാഹിക്കുന്ന കൊലയാളികളെന്ന് സി പി റഷീദ്; സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും; സംസ്‌ക്കാരം ജന്മനാടായ പാണ്ടിക്കാട്ട്

സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടുവെച്ച പൊലീസാണ് ഇവിടെയുള്ളതെന്ന് ഗ്രോ വാസു; കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായത്; തണ്ടർബോൾട്ട് രക്തം ദാഹിക്കുന്ന കൊലയാളികളെന്ന് സി പി റഷീദ്; സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും; സംസ്‌ക്കാരം ജന്മനാടായ പാണ്ടിക്കാട്ട്

കെ എം സന്തോഷ്

കോഴിക്കോട്: വയനാട് വൈത്തിരിയിൽ പൊലീസ് വെടിവെപ്പിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീന്റെ കൊല്ലപ്പെട്ടതിൽ വിവാദം കൊഴുക്കുന്നു. സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടു വച്ച പൊലീസാണ് ഇവിടെയുള്ളതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു പറഞ്ഞു. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായതെന്നും ജലീലിന്റെ മൃതദേഹം ക്ാണാനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.തണ്ടർബോൾട്ട് രക്തം ദാഹിക്കുന്ന കൊലയാളികളെന്നും പൊലീസ് വ്യക്തമായ ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരനും മനുഷ്യാവകാശ പ്രവർത്തകനുമായ സി പി റഷീദും പറഞ്ഞു.

പിടികൂടുകയായിരുന്നില്ല കൊല്ലുക തന്നെയായിരുന്നു അവരുടെ ലക്ഷ്യംമെന്ന് ഗ്രോവാസു വ്യക്തമാക്കി. പിടികൂടാനായിരുന്നുവെങ്കിൽ കാലിനോ അരക്കു താഴെയോ വെടിവെച്ച് അവർക്ക് പിടികൂടാമായിരുന്നു. തണ്ടർബോൾട്ടിന് അതിനു പറ്റുന്ന അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളുമുണ്ട്. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയപ്പോൾ പ്രത്യാക്രമണം നടത്തുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇത് പച്ചക്കള്ളമാണ്. വെടിയേറ്റു മരിച്ച ജലീലിന്റെ സമീപത്ത് നിന്ന് ലഭിച്ച നാടൻ തോക്ക് പൊലീസ് കൊണ്ടു വച്ചതാണ്. യഥാർത്ഥത്തിൽ മാവോയിസ്റ്റുകളുടെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടു വച്ച പൊലീസാണ് ഇവിടെയുള്ളത്.

ആ ചരിത്രം നന്നായി അറിയുന്നയാളാണ് ഞാൻ. വർഗീസിനെ കൊലപ്പെടുത്തിയ അതേ രീതിയിലാണ് ജലീലിനെയും കൊലപ്പെടുത്തിയത്. ഇവിടെയും ഒരു നാടൻ തോക്ക് കൊണ്ടു വച്ചിരിക്കുന്നു. യഥാർത്ഥത്തിൽ ഇവിടെ ഭരിക്കുന്നത് ഒരു കമ്യൂണിസ്റ്റ് ഗവൺമെന്റാണെന്നാണ് നമ്മളൊക്കെ ധരിച്ചിരിക്കുന്നത്. ആ കമ്യൂണിസ്റ്റ് ഗവൺമെന്റാണ് ഇത്തരത്തിൽ ക്രൂരമായി ഒരു യുവാവിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് ഗവൺമെന്റോ, ബിജെപി ഗവൺമെന്റോ ആണ് ഇതു ചെയ്തതെങ്കിൽ മനസിലാക്കാം. എങ്ങോട്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ പോക്ക്. പൊലീസ് പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാവുന്നതല്ല. നിലമ്പൂരിൽ കുപ്പു ദേവരാജനും, അജിതയും കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കാൻ പോലും മനുഷ്യാവകാശ പ്രവർത്തകരെയും അനുവദിച്ചിട്ടില്ല. അത്തരം നിലപാടു തന്നെയാണ് ഇവിടെയും കാണുന്നതെന്നും ഗ്രോ വാസു പറഞ്ഞു.

തണ്ടർ ബോൾട്ട് രക്തം ദാഹിക്കുന്ന കൊലയാളികളാണെന്ന് സി.പി. റഷീദ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ്് മോർച്ചറിക്കു സമീപം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിസേർട്ടിൽ എന്താണ് സംഭവിച്ചതെന്ന് റിസോർട്ട് മാനേജർ തന്നെ വെളിപ്പെടുത്തയിട്ടുണ്ട്. തണ്ടർബോൾട്ടാണ് കൊലയാളികൾ എന്ന് ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമായിട്ടുണ്ട്. റിസോർട്ടിൽ ഒരു ഏറ്റുമുട്ടലുണ്ടായിട്ടില്ല. പൊലീസ് വ്യക്തമായ ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു. പിന്നിൽ വെടിയേറ്റ് കമി്‌ഴ്ന്നാണ് മൃതദേഹം കിടക്കുന്നത്. അങ്ങിനെ ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിനെല്ലാം കേരളാ പൊലീസും തണ്ടർ ബോൾട്ടും ഉത്തരം പറയേണ്ടിയിരിക്കുന്നുവെന്നും റഷീദ് പറഞ്ഞു.

ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ പുരോഗമിക്കുന്നു. ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും എന്നാണ് ഏറ്റവും ഒടുവിൽ പൊലീസ് പറയുന്നത്. ഉച്ചയോടെ ജലീലിന്റെ മൃതദേഹം വിട്ടു നൽകും. സഹോദരൻ സി.പി. റഷീദ് മൃതദേഹം ഏറ്റുവാങ്ങും. അതിനായി രാവിലെ തന്നെ റഷീദ് മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയിട്ടുണ്ട്. മുണ്ടോത്ത് രാവുണ്ണി, ഗോരാ വാസു എന്നിവരുൾപ്പെടെ മനുഷ്യാവകാശ പ്രവർത്തകുടെ വൻ നിര തന്നെ മോർച്ചറിക്ക് സമീപം തടിച്ചു കൂടിയിട്ടുണ്ട്.

വൻ സുരക്ഷാ സന്നാഹങ്ങളോടെയായിരിക്കും മൃതദേഹം ജലീലിന്റെ ജന്മദേശമായ മലപ്പുറം ജില്ലയിലെ പാണ്ടിക്കാടേക്ക് കൊണ്ടു പോകുക. മൃതദേഹം കൊണ്ടു പോകുന്ന റൂട്ടുകളിലൊക്കെ സുരക്ഷാ സംവിധാനം ശക്തമാക്കാൻ അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് നിർദ്ദേശിച്ചിട്ടുണ്ട്. വൻ പൊലീസ് സന്നാഹം മൃതദേഹത്തെ അനുഗമിക്കുകയും ചെയ്യും. അതിനിടെ ജലീലിനെ കൊലപ്പെടുത്തിയതാണെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെടതല്ലെന്നുമുള്ള വാദം ശക്തമാകുകയാണ്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്‌പി സുനിൽ കുമാറിനാണ് അന്വേഷണ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP