Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ സ്വപ്‌നങ്ങൾ പൂവണിയിക്കാൻ തെരേസ; കൊച്ചിയിൽ ബ്രിട്ടീഷ് സർക്കാരിന്റെ 3000 കോടി രൂപയുടെ നിക്ഷേപം: കേരള സർക്കാരിനും മേന്മ അവകാശപ്പെടാം; സൃഷ്ടിക്കപ്പെടുക ആയിരക്കണക്കിന് തൊഴിലവസങ്ങൾ; മെട്രോയ്ക്കും ഗുണം; ബ്രിട്ടനും ഇന്ത്യക്കും ഇടയിലുള്ള പാലമാകാൻ കൊച്ചി

മോദിയുടെ സ്വപ്‌നങ്ങൾ പൂവണിയിക്കാൻ തെരേസ; കൊച്ചിയിൽ ബ്രിട്ടീഷ് സർക്കാരിന്റെ 3000 കോടി രൂപയുടെ നിക്ഷേപം: കേരള സർക്കാരിനും മേന്മ അവകാശപ്പെടാം; സൃഷ്ടിക്കപ്പെടുക ആയിരക്കണക്കിന് തൊഴിലവസങ്ങൾ; മെട്രോയ്ക്കും ഗുണം; ബ്രിട്ടനും ഇന്ത്യക്കും ഇടയിലുള്ള പാലമാകാൻ കൊച്ചി

കെ ആർ ഷൈജുമോൻ

ലണ്ടൻ : മോദിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിനു കൂടുതൽ നിറം പകരാൻ ഇനി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിന്തുണയും ഉണ്ടാകുമെന്നുറപ്പായി . മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി എത്തിയ തെരേസ ഇന്നലെ മോദിയുമായി നടത്തിയ സംഭാഷണത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ വാണിജ്യ ബന്ധം ഉണ്ടാകാൻ ഉള്ള സാധ്യതയാണ് മുഖ്യമായും തെളിഞ്ഞിരിക്കുന്നത് .

ബ്രിട്ടൻ ഇന്ത്യയിൽ നടത്തുന്ന നിക്ഷേപങ്ങളിൽ ആദ്യത്തേതിൽ ഒന്ന് കേരളത്തിനാണ് എന്നതും പ്രത്യേകതയായി . സംസ്ഥാനം ഐ ടി രംഗത്ത് നേടിയ നേട്ടങ്ങൾക്കുള്ള ആദരം കൂടിയാവുകയാണ് 350 മില്യൺ പൗണ്ട് മൂല്യമുള്ള(ഏതാണ് 3000 കോടി രൂപ) ബ്രിട്ടീഷ് നിക്ഷേപം . ഇതിന്റെ പൂർണ വിശദംശങ്ങൾ ഇപ്പോഴും വ്യക്തം അല്ലെങ്കിലും കാക്കനാടുള്ള ഇന്‌ഫോപാർക്കിലോ അനുബന്ധ ഐ ടി സാധ്യതയുള്ള സ്ഥലത്തോ ഈ നിക്ഷേപം എത്താൻ ആണ് കൂടുതൽ സാധ്യത . സ്ഥല പരിമിതി തടസ്സമായില്ലെങ്കിൽ കൊച്ചി നഗരത്തിൽ നിന്നും വിദൂരത്തിലല്ലാതെ ഈ ഇലക്ട്രോണിക്‌സ് ഉൽപ്പാദന കേന്ദ്രം യാഥാർഥ്യമാകും .

നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി പുറത്തു വിട്ടു കഴിഞ്ഞ സ്ഥിതിക്ക് പദ്ധതി ഒട്ടും താമസമില്ലാതെ ആരംഭിക്കും എന്നതും ഉറപ്പായി . ഇതോടെ പിണറായി സർക്കാരിനും വികസന രംഗത് മേന്മ പറയാൻ അവസരം ഒരുങ്ങുകയാണ് . പദ്ധതി തുക കണക്കിലെടുക്കുമ്പോൾ കേരളത്തിൽ എത്തുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നാകും ക്ലൗഡ് പാഡ് സ്റ്റാർട്ട് അപ് വില്ലേജ് .

ഇലക്ട്രോണിക് രംഗത്ത് കെൽട്രോൺ വിപ്ലവശേഷം കേരളം കാണുന്ന മറ്റൊരു വിപ്ലവമാകും തെരേസ മേ പ്രഖ്യാപിച്ച ഈ ഇലക്ട്രോണിക്‌സ് വില്ലജ് . ഇന്ത്യൻ പ്രധാനമന്ത്രിയുടെ പൂർണ പിന്തുണ കൂടി ആകുമ്പോൾ ആയിരക്കണക്കിന് സാങ്കേതിക മികവുള്ള ജോലി സാധ്യത കൂടിയാണ് സൃഷ്ടിക്കപ്പെടുക . കേരളത്തിന്റെ സാമ്പത്തിക കുതിപ്പിന് ശക്തമായ അടിത്തറയാകാൻ ഈ പ്രൊജക്റ്റിനു കഴിയും എന്നുറപ്പാണ് . മാത്രമല്ല ഉന്നത സാങ്കേതിക വിദ്യാഭ്യാസം നേടി പുറം രാജ്യങ്ങളിൽ ജോലി അംനൗഷിച്ചു വിമാനം കയറേണ്ടി വരുന്ന ഗതികേടിൽ നിന്നും കേരളത്തിലെ യുവ തലമുറയെ സംരക്ഷിക്കാൻ കൂടി ക്ലൗഡ് പാഡ് പദ്ധതിക്ക് കഴിഞ്ഞേക്കും .

അതിനാൽ തന്നെ ഏറെ പ്രതീക്ഷകളാണ് തെരേസ മേയുടെ സന്ദർശനം കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത് . പരസ്പ്പര സഹകരണത്തോടെ വാണിജ്യ രംഗത്ത് മുന്നേറാം എന്ന തെരേസയുടെ പ്ലാൻ തന്നെയാണ് ഈ പദ്ധതിക്ക് വികസന സാധ്യത ഒരുക്കുന്നത് . പദ്ധതി നടപ്പാക്കുമ്പോൾ ആവശ്യമായ സാങ്കേതിക , ഗവേഷണ സഹായം ബ്രിട്ടന്റെ ഭാഗത്തു നിന്നും ലഭ്യമാക്കും . ഇത് ബ്രിട്ടനെ സംബന്ധിച്ചും ഗുണകരമായി മാറും . ഇതോടെ ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള പാലമായി മാറാൻ ഉള്ള അവസരം കൂടിയാണ് കൊച്ചിയെ കാത്തിരിക്കുന്നത് .

ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ കഴിയും വിധം മറ്റൊരു നിക്ഷേപ പദ്ധതിയും ഇന്നലെ ബ്രിട്ടന്റെ ഭാഗത്തു നിന്നും ഉണ്ടായി . സ്വകാര്യ സർക്കാർ സയുക്ത പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട പ്രൊജക്ടിൽ ഇന്ത്യയിലെ മെട്രോ റെയിൽ വികസനമാകും പ്രധാനമായും ലക്ഷ്യം വയ്ക്കുക . ബ്രിട്ടനിലെ പാൻഡ്രോൽ ഗ്രൂപ്പും ഇന്ത്യയിലെ രഹേജ ഗ്രൂപുമാണ് പദ്ധതിയിൽ സഹകരിക്കുന്നത് . നിക്ഷേപ തുകയിൽ ഇതുകൊച്ചിയിൽ വരുന്ന പദ്ധതിയുടെ മൂന്നിൽ ഒന്ന് വലിപ്പം മാത്രമേ ഉണ്ടാകൂ . ഒരു മില്യൺ ബ്രിട്ടീഷ് പൗണ്ട് (82 കോടി രൂപ)ആണ് ഈ പദ്ധതിയിൽ നിക്ഷേപിക്കപ്പെടുക . അതേസമയം ചെന്നൈയിൽ വരുന്നത് 15 മില്യൺ പൗണ്ട് (124കോടി) നിക്ഷേപമുള്ള വമ്പൻ രോഗ നിർണയ , ഗവേഷണ കേന്ദ്രമാണ് . ബ്രിട്ടനിലെ ലൈക ഹെൽത് ഗ്രൂപ്പാണ് ഈ പദ്ധതിക്ക് പിന്നിൽ ഉള്ളത് . ഈ മൂന്നു പദ്ധതികളാണ് ഇന്നലെ മുഖ്യമായും പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടുകൾ .

നേരത്തെ പ്രതീക്ഷിച്ചിരുന്നത് നൂറു പേരുടെ വമ്പൻ നിക്ഷേപക സംഘമായിരിക്കും തെരേസയോടൊപ്പം ഉണ്ടാവുക എന്നായിരുന്നു . എന്നാൽ ഇന്ത്യയിൽ താൽപ്പര്യം ഉള്ള നിക്ഷേപ ഗ്രൂപ്പിന് മുൻതൂക്കം നൽകിയപ്പോൾ വെറും 33 പേരുടെ സംഘമായി ചുരുങ്ങിയെങ്കിലും പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ ഈ നിക്ഷേപകർ ഇന്ത്യക്കു വലിയ പ്രാധാന്യം നൽകുന്നു എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത് . ഈ പദ്ധതികൾ വഴി 1370 പേരുടെ ജോലി ബ്രിട്ടനിൽ സൃഷ്ടിക്കപ്പെടും . എന്നാൽ ഇതിന്റെ പല മടങ്ങു നേട്ടമാണ് ഇന്ത്യക്കും കേരളത്തിനും ഉണ്ടാവുക .

നിക്ഷേപം പൂർണമായും ഇന്ത്യയിലാകും എന്നതിനാൽ നേട്ടവും കൂടുതൽ ഇന്ത്യക്കു തന്നെ . അതിനിടെ നഗര വികസന പദ്ധതികളിൽ ബ്രിട്ടനും ഇന്ത്യക്കും ഇടയിൽ രണ്ടു ബില്യൺ പൗണ്ടിന്റെ വികസന സാദ്ധ്യതകൾ ഉള്ള പദ്ധതികളും ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ് . ഇത്തരം പദ്ധതികൾക്കുള്ള സാങ്കേതിക വിദ്യ കൈമാറ്റത്തിലാണ് ബ്രിട്ടന്റെ പ്രതീക്ഷ . പദ്ധതി വഴി നടപ്പിലാക്കുന്ന വികസന നേട്ടം ഇന്ത്യക്കും സാദ്ധ്യതകൾ തുറന്നിടുന്നു . ഫലത്തിൽ കൊടുക്കൽ , വാങ്ങലിലൂടെ ഇരു കൂട്ടർക്കും പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് ചർച്ചയിൽ നിറയുന്നത് .

ഡൽഹിയിൽ പാർലിമെന്റ് അംഗങ്ങളെയും നിക്ഷേപകരെയും അഭിസംബോധന ചെയ്ത തെരേസ മേ ഇന്ന് ബാംഗ്ലൂരിൽ മറ്റൊരു നിർണായക യോഗത്തിലും പങ്കെടുക്കും . ഐ ടി രംഗത്തുള്ള നിക്ഷേപകരെയും വിദഗ്ധരെയുമാണ് തെരേസ കാണാൻ ആഗ്രഹിക്കുന്നത് . ഇന്നലെ ഡൽഹിയിൽ മോദിയുമായി രണ്ടു മണിക്കൂറിലേറെ ചർച്ച ചെയ്ത തെരേസ ഇന്ത്യക്കു അതിർത്തി , പ്രതിരോധ വിഷയങ്ങളിലും കലർപ്പില്ലാത്ത പിന്തുണ നൽകിയതായി സൂചനകളുണ്ട് . ബ്രിട്ടൻ വാണിജ്യ , സാമ്പത്തിക സഹകരണത്തിൽ ശ്രദ്ധ ഊന്നിയപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി ബ്രിട്ടന്റെ ധാർമ്മിക പിന്തുണയാണ് എന്ന സൂചന ചർച്ചയ്ക്കു മുന്നേ ഇന്ത്യ വക്തമാക്കിയിരുന്നു .

അതിർത്തി തർക്കത്തിൽ ബ്രിട്ടൻ തുറന്ന നിലപാട് സ്വീകരിക്കുമോ എന്നായിരുന്നു കേന്ദ്ര സർക്കാരിന് അറിയേണ്ടിയിരുന്നത് . ഇക്കാര്യത്തിൽ തെരേസ നൽകിയ ഉറപ്പു എന്തെന്ന് തല്ക്കാലം പുറത്തു വരില്ല . വാണിജ്യ മന്ത്രി ലിയാം ഫോക്‌സ് , സഹമന്ത്രി ഗ്രെഗ് ഹാൻഡ്‌സ് എന്നിവരാണ് ചർച്ചകളിൽ തെരേസയെ സഹായിക്കാൻ കൂടെയുള്ളത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP