Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒടുവിൽ തിരുവനന്തപുരത്തുകാർക്കൊരു ഒരു മേയർ ബ്രോ! ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിൽ കലക്ടറുടെ ഉദാസീനതയിൽ ഉണർന്നു പ്രവർത്തിച്ച് മേയർ പ്രശാന്ത്; 'അവർ നമ്മുടെ സഹോദരങ്ങൾ'.. എന്ന മാസ് ഡയലോഗിന് പിന്നാലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ നഗരസഭയിൽ; സാധനങ്ങളുമായി എത്തുന്നവരെ ചിരിച്ച് സ്വീകരിച്ചും നന്ദി പറഞ്ഞും വികെ പ്രശാന്ത് ഫുൾ ആക്റ്റിവ്; തലസ്ഥാനത്ത് നിന്നും ഇതുവരെ മലബാറിലെ ക്യാമ്പുകളിലേക്ക് പോയത് 20 ലോഡുകൾ; നിങ്ങൾ സൂപ്പാറാണ് ബ്രോയെന്ന് സോഷ്യൽ മീഡിയ

ഒടുവിൽ തിരുവനന്തപുരത്തുകാർക്കൊരു ഒരു മേയർ ബ്രോ! ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിൽ കലക്ടറുടെ ഉദാസീനതയിൽ ഉണർന്നു പ്രവർത്തിച്ച് മേയർ പ്രശാന്ത്; 'അവർ നമ്മുടെ സഹോദരങ്ങൾ'.. എന്ന മാസ് ഡയലോഗിന് പിന്നാലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്ഷൻ സെന്റർ നഗരസഭയിൽ; സാധനങ്ങളുമായി എത്തുന്നവരെ ചിരിച്ച് സ്വീകരിച്ചും നന്ദി പറഞ്ഞും വികെ പ്രശാന്ത് ഫുൾ ആക്റ്റിവ്; തലസ്ഥാനത്ത് നിന്നും ഇതുവരെ മലബാറിലെ ക്യാമ്പുകളിലേക്ക് പോയത് 20 ലോഡുകൾ; നിങ്ങൾ സൂപ്പാറാണ് ബ്രോയെന്ന് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോഴിക്കോടിന്റെ കളക്ടർ ബ്രോ പ്രശാന്ത് നായർ, തിരുവനന്തപുരം കളക്ടർ ആയിരുന്ന കെ വാസുകി, പല ജില്ലകളിലും കളക്ടറും ഫുഡ് സേഫ്റ്റി ഓഫീസറായും ഒക്കെ തിളങ്ങിയ ടിവി അനുപമ അങ്ങനെ നിരവധി ഉദ്യോഗസ്ഥരെ നമുക്ക് അറിയാം. കഴിഞ്ഞ പ്രളയകാലത്ത് ഇവരെല്ലാം നടത്തിയ ഇടപെടലുകൾ വലിയ ഒരു സമൂഹത്തിന് തന്നെ പ്രചോദനമായിരുന്നു. ഈ വർഷവും പല ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനും ക്യാമ്പുകളുടെ പ്രവർത്തനത്തിനുമൊക്കെ മുൻപന്തിയിലുണ്ട്. ഈ ഗണത്തിലേക്ക് രണ്ടാമത് ഒന്ന് ആലോചിക്കാതെ ചേർക്കാം തിരുവനന്തപുരത്തിന്റെ യുവ മേയർ വികെ പ്രശാന്തിന്റെ അഥവ മേയർ ബ്രോയുടെ പേരും.

കഴിഞ്ഞ തവണയും പ്രളയം തിരുവനന്തപുരത്തെ ബാധിച്ചിരുന്നില്ല. പ്രളയബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാനും അവശ്യവസ്തുക്കൾ എത്തിക്കാനും കളക്ടറായിരുന്ന കെ വാസുകിയാണ് മുന്നിൽ നിന്ന് നയിച്ചത്. എന്നാൽ ഇത്തവണ വാസുകി ലീവിലാണ്. തലസ്ഥാനത്തിന് പുതിയ കളക്ടറും. കഴിഞ്ഞ തവണത്തേ അനുഭവം ഓർമ്മയില്ലേ പ്രളയ ബാധിതർക്ക് കയറ്റി അയക്കുന്ന സാധനങ്ങൾ വഴിയാലാകും എന്ന പ്രചരണം ശക്തമായപ്പോൾ ആദ്യ ഘട്ടത്തിൽ തിരുവന്നതപുരത്തിന്റെ സഹായമനസ്സ് ഉണർന്നിരുന്നില്ല. പല സ്ഥലങ്ങളിലും കളക്ഷൻ പോയിന്റുകൾ പേരിന് മാത്രമായി. കഴിഞ്ഞ തവണത്തെ ആ നല്ല മനസ്സ് കൈമോശം വന്നോ തലസ്ഥാനത്തിന് എന്ന രീതിയിൽ വരെ ചർച്ചകൾ എത്തി.

കേരളത്തിന്റെ ഒരു വശം മുഴുവൻ പ്രളയ ദുരിതത്തിൽ കഴിയുമ്പോൾ ഒരു പ്രശ്‌നവും ബാധിക്കാത്ത പ്രദേശമായ കേരളത്തിന്റെ തലസ്ഥാനത്തെ നല്ല മനസ്സുകളെ ഒരുമിച്ച് നിർത്താൻ കഴിഞ്ഞത് തലസ്ഥാനത്തിന്റെ യുവ മേയറും സിപിഎം നേതാവുമായ വികെ പ്രശാന്തിന്റെ ഒറ്റ കഴിവ് തന്നെയാണ്. ജനകീയനായ മേയർ എന്ന ഖ്യാതി പ്രശാന്തിന് നേരത്തെ തന്നെ ഉണ്ട്. തനിക്ക് സോഷ്യൽ മീഡിയയിലും മറ്റുമുള്ള പിന്തുണയും യുവാക്കളുമായുള്ള നല്ല ബന്ധവും മേയർ ഉപയോഗിച്ചപ്പോൾ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇതുവരെ 20 ലോഡ് അവശ്യ വസ്തുക്കളാണ് തലസ്ഥാനത്ത് നിന്ന് കയറ്റി അയച്ചത്.

ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിൽ കഴിയുന്നവർക്ക് വേണ്ട എല്ലാ സാധനങ്ങളും സഹായങ്ങളും തലസ്ഥാനത്ത് നിന്ന് എത്തിച്ച് കൊടുത്ത മേയർ ബ്രോക്ക് നന്ദി പറയുകയാണ് വയനാട്, മലപ്പുറം പ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നവർ. രാഷ്ട്രീയഭേദമന്യേ മേയർ പ്രശാന്തിനെ അനുമോദിക്കുകയാണ് ഏവരും. ഈ പ്രളയ കാലത്ത് ഏറ്റവും സജീവമായിരുന്ന രാഷ്ട്രീയക്കാരൻ എന്ന പട്ടവും മേയർക്ക് ചാർത്തിക്കൊടുക്കുന്നുണ്ട് കേരളം. തലസ്ഥാനത്തെ വിവിധ സന്നദ്ധ സംഘടനകൾ ശേഖരിച്ച സാധനങ്ങളും അവശ്യവസ്തുക്കളും ക്യാമ്പിലേക്ക് വേണ്ട മരുന്നുകൾ ഉൾപ്പടെയുള്ളവ എത്തിക്കാൻ ഏത് പാതിരാത്രിയിലും തലസ്ഥാന നഗരത്തിലെ കോർപ്പറേഷൻ ഓഫീസിൽ എത്താൻ സൗകര്യമുണ്ടായിരുന്നു.

ഏത് സമയത്തും സാധനങ്ങൾ എത്തിക്കാം. എല്ലാ സാധനങ്ങളും ശേഖരിച്ച് അത് തരം തിരിച്ച് വെക്കുന്നതിന് മേയർ തന്നെ മേൽനോട്ടവും വഹിക്കുന്നുണ്ടായിരുന്നു. ഒടുവിൽ സാധനങ്ങൾ എത്തിച്ച് മടങ്ങുന്നവരോട് ചിരിച്ചുകൊണ്ട് കൈ കൂപ്പ് നന്ദി പ്രകടനവും. സിമ്പിളാണ് പക്ഷേ പവർഫുൾ എന്ന് ഒരു സിനിമയിൽ പറഞ്ഞത് ഇങ്ങേരെപോലെയൊക്കെ ഉള്ള മനുഷ്യന്മാരെ കുറിച്ചായിരിക്കും അല്ലേ? സോഷ്യൽ മീഡിയയിൽ മേയർ ബ്രോയെ കുറിച്ച് വന്ന കമന്റ് ആണ്.

മുഖ്യമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയുമൊക്കെ പ്രശംസയും പിടിച്ച് പറ്റി മേയർ തന്റെ പ്രവർത്തിയിലൂടെ.ഇന്നലെ രാത്രി പതിനൊന്നേകാലിനാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കോർപ്പറേഷനിലേക്കെത്തിയത്. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്നവഴി നേരേ കോർപ്പറേഷന്റെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിലേക്കെത്തുകയായിരുന്നു. രാത്രി ഏതാണ്ട് ഒരു മണി വരെ അദ്ദേഹം അവിടെ ചെലവഴിച്ചു. നഗരസഭയിൽ നിന്നു പുറപ്പെട്ട പതിനെട്ടാമത്തെ ലോഡ് ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം കോർപ്പറേഷൻ ഓഫീസിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാന നഗരത്തിനോടും നഗരപിതാവിനോടും നന്ദി രേഖപ്പെടുത്തിയത്.

കഴിഞ്ഞ തവണയും മേയറുടെ നേതൃത്വത്തിൽ ഇത്തരം പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതിന് പുറമെ പ്രളയത്തിന് ശേഷം വീടുകൾ വൃത്തിയാക്കുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശുചീകരണ തൊഴിലാളികളേയും കൊണ്ട് മേയർ ബ്രോ നേരിട്ട് പോയി. ആറ്റുകാൽ പൊങ്കാല എന്ന ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന നഗരം വൈകുന്നേരം അങ്ങനെ ഒരു ചടങ്ങ് പോലും നടന്നതിന്റെ ലക്ഷണമില്ലാതെ വൃത്തിയാക്കിയെടുക്കുന്ന അനുഭവ സമ്പത്ത് മാത്രമായിരുന്നു കൈമുതൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP