Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇങ്ങനെ ഇതിന് മുമ്പ് നിറുത്താതെ മഴ പെയ്തത് അഞ്ച് തവണ മാത്രം; ഇതുവരെയുള്ള റിക്കോർഡ് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന മൂന്നാറിലെ റെയിൽ ഗതാഗതം വരെ അവസാനിപ്പിച്ച 1924ലെ പേമാരി; 61ലും 94ലും 2008ലും പേമാരി കോരിച്ചൊരിഞ്ഞപ്പോഴും ഇത്തവണത്തെ പോലെ ആരും ഭയപ്പെട്ടില്ല; ഇതിനോടകം രണ്ടാമത്തെ വലിയ ദുരന്തമായ മഴ തുടർന്നാൽ ദുരന്തങ്ങളുടെ കേരളാ റിക്കോർഡ് തകരും

ഇങ്ങനെ ഇതിന് മുമ്പ് നിറുത്താതെ മഴ പെയ്തത് അഞ്ച് തവണ മാത്രം; ഇതുവരെയുള്ള റിക്കോർഡ് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന മൂന്നാറിലെ റെയിൽ ഗതാഗതം വരെ അവസാനിപ്പിച്ച 1924ലെ പേമാരി; 61ലും 94ലും 2008ലും പേമാരി കോരിച്ചൊരിഞ്ഞപ്പോഴും ഇത്തവണത്തെ പോലെ ആരും ഭയപ്പെട്ടില്ല; ഇതിനോടകം രണ്ടാമത്തെ വലിയ ദുരന്തമായ മഴ തുടർന്നാൽ ദുരന്തങ്ങളുടെ കേരളാ റിക്കോർഡ് തകരും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കേരളത്തിൽ 33 ഡാമുകളും തുറന്നു. ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നു. പെരിയാർ കലിതുള്ളുകയാണ്. പമ്പ കരവിഞ്ഞപ്പോൾ പത്തനംതിട്ടയിൽ ഭീകരതയുമെത്തി. മഴക്കെടുതി കൂട്ടി മലയോര മേഖലയിൽ ഉരുൾ പൊട്ടൽ. മഴ ശമിക്കാതെ തുടരുമ്പോൾ കേരളം ഭയന്ന് വിറയ്ക്കുകയാണ്. മഴ മാറിയില്ലെങ്കിൽ കേരളത്തിലെ ദുരിത റിക്കോർഡുകളെല്ലാം വഴിമാറും. കാവർഷം കലിതുള്ളുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെള്ളപ്പൊക്കത്തിനാണ് ഇ്‌പ്പോൾ മലയാളി സാക്ഷ്യം വഹിക്കുന്നത്.

1924 (മലയാള വർഷം 1099), 1961, 1994, 1999, 2008 തുടങ്ങിയ വർഷങ്ങളിലായിരുന്നു ഇതിനു മുമ്പ് ഇത്തരമൊരു മഴയ്ക്കു കേരളം സാക്ഷ്യം വഹിച്ചത്. ഇത്തവണ പെയ്യുന്ന മഴ ആ റെക്കോഡുകളും തകർക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്. 1924ലെ കാലവർഷത്തെ മലയാള മാസവുമായി ബന്ധപ്പെട്ടാണ് ചർച്ചകളിൽ ഉയർത്തുക. അതുകൊണ്ട് തന്നെ ഇതിനെ 99ലെ മഴയെന്നാ്ണ് അറിയപ്പെടുന്നത്. മൂന്നാറിലായിരുന്നു കൂടുതൽ ദുരിതമുണ്ടായത്. 1924ലെ വെള്ളപ്പൊക്കത്തിൽ ടൗണിൽ വെള്ളം കയറുകയും മൂന്നാർ കെ.ഡി.എച്ച്.പി ഓഫിസിന് സമീപത്തെ പാലം ഒലിച്ചുപോവുകയും ചെയ്തിരുന്നു. അന്ന് രക്ഷപ്പെടാൻ പലരും മൂന്നാർ ടൗണിലെ വലിയ പള്ളിയും മലകളെയുമാണ് ആശ്രയിച്ചത്. മൂന്നാറിലെ റെയിൽ ഗതാഗതം പോലും അന്ന് അവസാനിപ്പിച്ചാണ് മഴ കടന്നു പോയത്.

1924 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി കേരളത്തിൽ ഉണ്ടായ ഭീകരമായ വെള്ളപ്പൊക്കമാണ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം. ഇരുപതാം നൂറ്റാണ്ടിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു ഇത്. 1099 കർക്കിടകമാസം ഒന്നിന് തുടങ്ങി മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. മദ്ധ്യതിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചു. സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കത്തിൽ മരിച്ചവർ എത്രയെന്നു കണക്കില്ല. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി. തപാൽ സംവിധാനങ്ങൾ നിലച്ചു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. വെള്ളത്തോടൊപ്പം പട്ടിണിയും ജനങ്ങളെ വലച്ചു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939ലും 1961ലും രണ്ടു കനത്ത വെള്ളപ്പൊക്കങ്ങൾ കേരളത്തിലുണ്ടായി.

1924ൽ സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പോക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെ സ്വിറ്റ്‌സർലാന്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട സ്ഥലമായിരുന്നു അക്കാലത്തെ മൂന്നാർ . ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളം. അന്ന് മൂന്നാറിൽ വൈദ്യുതിയും റോപ്പ് വേയും മോണോറെയിൽ(2) തീവണ്ടിയും വരെ ഉണ്ടായിരുന്നു. കിലോമീറ്ററുകൾ പരന്നു കിടക്കുന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും. 1924 ജൂലൈ മാസത്തിൽ മാത്രം മൂന്നാറിൽ രേഖപ്പെടുത്തിയ പേമാരിയുടെ അളവ് 171.2 ഇഞ്ചായിരുന്നു. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കി. റോഡുകളെല്ലാം നശിച്ചു. റെയിൽവേ സ്റ്റേഷനും റെയിൽപാതയും എന്നെന്നേക്കുമായി മൂന്നാറിനു നഷ്ടപ്പെട്ടു.

ഇപ്പോഴും മൂന്നാറിലും പരിസരത്തും കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും വെള്ളം ഉയരാനും സാധ്യതയുണ്ട്. മൂന്നാർ ടൗണിലേക്ക് ജനങ്ങൾ വരരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടൗണിലെ ചർച്ചിൽ പാലം, നല്ലതണ്ണി പാലം, നടപ്പാലങ്ങൾ എന്നിവിടങ്ങളിൽ വെള്ളമെത്തിയതോടെ തഹസിൽദാറുടെ നിർദ്ദേശ പ്രകാരം പൊലീസ് കടകളടപ്പിച്ചു. അതായത് 1924ന് സമാനമാണ് കാര്യങ്ങൾ. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ ഒരുപോലെ തുറന്നുവിട്ടതിനു പിന്നാലെ ഇവയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. പലയിടത്തും 27 സെന്റിമീറ്ററിലധികം മഴയാണു തുടർച്ചയായി പെയ്യുന്നത്. ഇതുമൂലമുള്ള മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുടരുന്നതും ആശങ്കയാണ്.

റെക്കോഡ് മഴയ്ക്കു സാക്ഷ്യം വഹിച്ച 72ാം സ്വാതന്ത്യ്‌രദിനം എന്ന നിലയിലാകും ഈ ദിവസം കേരള ചരിത്രത്തിൽ ഓർമിക്കപ്പെടുക. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.ബുധനാഴ്ച രാവിടെ എട്ടു വരെയുള്ള 24 മണിക്കൂറിൽ പീരുമേട്ടിലാണ് ഏറ്റവും കനത്ത മഴ രേഖപ്പെടുത്തിയത്; 27 സെന്റീമീറ്റർ. ഇടുക്കിയിൽ 23 സെന്റിമീറ്ററും മൂന്നാറിൽ 22 സെന്റിമീറ്ററും മഴ ലഭിച്ചു. മറ്റിടങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഇങ്ങനെ: കരിപ്പൂർ (21 സെന്റിമീറ്റർ), കോഴിക്കോട് (20), ഇരിക്കൂർ, ആലത്തൂർ (18), തൊടുപുഴ (17), മട്ടന്നൂർ, തളിപ്പറമ്പ് (14). മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി തുടരുന്നു. 30,537 ക്യുസെക്‌സ് വെള്ളം അണക്കെട്ടിലേക്ക് എത്തുമ്പോൾ പുറത്തേക്കു വിടാനാവുന്നത് 2178 ക്യുസെക്‌സ് മാത്രം. അധിക വെള്ളം അതിവേഗം ഇറച്ചിപാലത്തിലെ ടണലുകളിലൂടെയും തോട്ടിലൂടെയും തമിഴ്‌നാട് കൊണ്ടുപോയില്ലെങ്കിൽ സ്ഥിതിഗതികൾ കാര്യങ്ങൾ കൈവിടും.

പെരിയാറും പമ്പാനദിയും കരകവിഞ്ഞെന്നു മാത്രമല്ല, തീരത്തെ നഗരങ്ങളെയും പതുക്കെ വിഴുങ്ങിത്തുടങ്ങി. കോഴഞ്ചേരി പട്ടണത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. റാന്നി നഗരവും മുങ്ങിക്കഴിഞ്ഞു. പത്തനംതിട്ട - റാന്നി റൂട്ടിലും ആറന്മുള - ചെങ്ങന്നൂർ റൂട്ടിലും കോഴഞ്ചേരി - റാന്നി റൂട്ടിലെ കീക്കൊഴൂരും വെള്ളംകയറി ഗതാഗതം നിർത്തിവച്ചു. തിരുവനന്തപുരം - തെങ്കാശി റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു. ആറന്മുള എൻജിനീയറിങ് കോളജ് ഹോസ്റ്റലിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയതിനെ തുടർന്ന് 30 വിദ്യാർത്ഥികൾ ഒറ്റപ്പെട്ടു. ആറന്മുള ആൽത്തറ ജംക്ഷനിലൂടെ ശക്തമായ മഴവെള്ളപ്പാച്ചിലാണ് അനുഭവപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP