ആരും സഹായിക്കാനില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴും അത് തുറന്ന് പറഞ്ഞപ്പോഴും ആശയോടെ കണ്ണുവെച്ചത് ഐക്യരാഷ്ട്ര സഭയിൽ; കശ്മീർ വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് തുറന്ന് പറഞ്ഞതോടെ പാക്കിസ്ഥാന് നഷ്ടമായത് അവസാന പ്രതീക്ഷയും; മധ്യസ്ഥത വഹിക്കണമെങ്കിൽ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണം എന്ന് യുഎൻ; പാക് ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞതോടെ കശ്മീർ രാജ്യത്തിന്റെ ആഭ്യന്തര വിഷയമെന്ന ഇന്ത്യൻ വാദത്തിന് കിട്ടുന്നത് ആഗോള സ്വീകാര്യത; കശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് തിരിച്ചടികൾ തുടർക്കഥ
September 11, 2019 | 04:57 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ന്യൂയോർക്ക്: കശ്മീർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക്കിസ്ഥാന്റെ ആവശ്യം നിരാകരിച്ച ഐക്യരാഷ്ട്രസഭ, കശ്മീർ വിഷയത്തിലെ മുൻ നിലപാടിന് മാറ്റം ഇല്ലെന്നും വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക് കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതോടെ പാക്കിസ്ഥാൻ കശ്മീർ വിഷയത്തിൽ പൂർണമായും ഒറ്റപ്പെട്ടു.
ഐക്യരാഷ്ട്ര സഭ കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കണമെങ്കിൽ ഇരുരാജ്യങ്ങളും ഒരുപോലെ ആവശ്യപ്പെടണമെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശം. അല്ലെങ്കിൽ രണ്ടുരാജ്യങ്ങളും പരസ്പരം ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും ഇടപെടില്ലെന്നും യുഎൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽ മാറ്റമില്ലെന്ന് തന്നെയാണ് യുഎൻ വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുഎൻ മനുഷ്യാവകാശ കൗൺസിലിലാണ് പാക്കിസ്ഥാൻ കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ ആരോപണമുന്നയിച്ചത്. കശ്മീരിൽ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുകയാണെന്നും കശ്മീരികൾ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് വിദേശകാര്യ മന്ത്രി ആരോപിച്ചിരുന്നു. വിഷയത്തിൽ യു.എൻ. അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഇടപെടണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.
അതേസമയം, കശ്മീരിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നതടക്കമുള്ള പാക് വാദങ്ങൾക്ക് ഇന്നലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ മറുപടി നൽകിയിരുന്നു. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നുമായിരുന്നു ഇന്ത്യയുടെ വിശദീകരണം.
തുടർച്ചയായി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് വരികയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് ഇന്ത്യയുടെ ആവശ്യത്തിനോട് അനുകൂലമായ നിലപാടാണ് യുഎൻ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം ഏറ്റുമുട്ടലിലേക്ക് നയിക്കുമോയെന്ന ആശങ്ക സെക്രട്ടറി ജനറലിനുണ്ടെന്നാണ് വക്താവ് ചൂണ്ടിക്കാട്ടുന്നത്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന നിർദ്ദേശവും യുഎൻ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ബിയാരിറ്റ്സിലെ ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായി അദ്ദേഹം ചർച്ച നടത്തി. തിങ്കളാഴ്ച പാക്കിസ്ഥാന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി മലീഹ ലോധിയുമായും യുഎൻ സെക്രട്ടറി ജനറൽ കൂടിക്കാഴ്ച നടത്തി. എന്നാൽ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും യുഎൻ വക്താവ് വ്യക്തമാക്കി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീർ വിഷയം അന്താരാഷ്ട്ര വേദികളിൽ ഉയർത്താൻ ശ്രമിച്ച പാക്കിസ്ഥാന് തുടക്കം മുതലേ തിരിച്ചടിയായിരുന്നു. യു.എൻ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാക്കിസ്ഥാനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ഇക്കാര്യം പാക്കിസ്ഥാൻ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ''രക്ഷാസമിതി അംഗങ്ങൾ പൂക്കളുമായല്ല നിൽക്കുന്നത്. എപ്പോൾ വേണമെങ്കിലും അവരിലൊരാൾ തടസ്സമായി തീരാം അതുകൊണ്ട് അവർ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വർഗത്തിൽ കഴിയേണ്ടതില്ല''- എന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തിൽ പറഞ്ഞത്. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
നിരവധി രാജ്യങ്ങൾക്ക് ഇന്ത്യയിൽ താൽപര്യങ്ങളുണ്ട്. ഇക്കാര്യം താൻ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങൾ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകൾ ഇന്ത്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാൽ അവർക്കും ഇന്ത്യയിൽ നിരവധി നിക്ഷേപങ്ങളുണ്ട്. അവർക്കെല്ലാം ഇന്ത്യയിൽ അവരുടേതായ താത്പര്യങ്ങളുണ്ട് എന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
അമേരിക്ക, റഷ്യ, ഫ്രാൻസ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങൾ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവർ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവർ പ്രതികരിച്ചത്.
മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നൽകിയിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.
