Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരാറാകും മുമ്പേ എല്ലാ ജീവനക്കാർക്കും ലോഗ് ഇൻ ഐഡിയും പാസ് വേർഡും നൽകി; അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വ്യക്തിവിവരങ്ങൾ ആർക്കും ലഭിക്കുന്ന അവസ്ഥയിലുമായി; 11 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ ചുമതലപ്പെടുത്തിയത് പൊട്ടി പാളീസായ അനിൽ അംബാനിയെ എന്ന് പിണറായി തിരിച്ചറിഞ്ഞത് ഇപ്പോൾ മാത്രം; വെബ് സൈറ്റിലെ സുരക്ഷാ വീഴ്ച അന്വേഷിക്കില്ല: മെഡിസെപിൽ നിന്നും റിലയൻസ് സ്വയം ഒഴിയും; ഒത്തുകളി ആരോപണവും സജീവം

കരാറാകും മുമ്പേ എല്ലാ ജീവനക്കാർക്കും ലോഗ് ഇൻ ഐഡിയും പാസ് വേർഡും നൽകി; അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വ്യക്തിവിവരങ്ങൾ ആർക്കും ലഭിക്കുന്ന അവസ്ഥയിലുമായി; 11 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താൻ ചുമതലപ്പെടുത്തിയത് പൊട്ടി പാളീസായ അനിൽ അംബാനിയെ എന്ന് പിണറായി തിരിച്ചറിഞ്ഞത് ഇപ്പോൾ മാത്രം; വെബ് സൈറ്റിലെ സുരക്ഷാ വീഴ്ച അന്വേഷിക്കില്ല: മെഡിസെപിൽ നിന്നും റിലയൻസ് സ്വയം ഒഴിയും; ഒത്തുകളി ആരോപണവും സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന വാർത്ത ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇതോടെ ആരോഗ്യ ഇൻഷുറൻസിലെ പ്രശ്നങ്ങൾ ചർച്ചയാവുകയാണ്. അനിൽ അംബാനിയുടെ റിലയൻസിനെയാണ് ഇൻഷുറൻസ് ഏൽപ്പിച്ചിരിന്നത്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പാക്കാനിരുന്ന മെഡിസെപ് ഇൻഷുറൻസ് പദ്ധതി അനിശ്ചിതത്വത്തിലെന്ന വാർത്തായണ് ഇപ്പോൾ പുറത്തു വരുന്നത്. മൂന്നുതവണ തീയതി നീട്ടിയിട്ടും പദ്ധതി തുടങ്ങാനാവാത്ത സാഹചര്യത്തിൽ റിലയൻസിനു നൽകിയ ടെൻഡർ റദ്ദാക്കിയേക്കും. വീണ്ടും ടെൻഡർ വിളിച്ചു കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി മെഡിസെപ് നടപ്പാക്കാനാണു നീക്കം. ഇതോടെ വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം അംബാനിയുടെ കമ്പനി പദ്ധതിയിൽ നിന്ന് പിന്മാറിയോ എന്ന ആശങ്കയും ശക്തമാണ്.

ജൂണിൽ തുടങ്ങാനിരുന്ന മെഡിസെപ് ജൂലൈയിലേക്കും ഓഗസ്റ്റിലേക്കും മാറ്റിയെങ്കിലും പദ്ധതി തുടങ്ങാൻ ആവശ്യമായ ആശുപത്രികൾ ഇനിയുമായിട്ടില്ല. ആശുപത്രികളെ മൂന്നായി തിരിച്ചു പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട ചുമതല റിലയൻസിനായിരുന്നു. അവയവമാറ്റത്തിനുള്ള സൗകര്യം എല്ലാ ജില്ലകളിലുമില്ലാത്തതിനാൽ ക്ലസ്റ്ററുകളായി തിരിച്ച് ആശുപത്രികളുടെ പട്ടിക തയാറാക്കാനായിരുന്നു നിർദ്ദേശം. ഇതിനു കഴിയാതെ വന്നതോടെയാണു റിലയൻസ് ജനറൽ ഇൻഷുറൻസിനു നൽകിയ ടെൻഡർ റദ്ദാക്കാൻ ധനവകുപ്പു നീക്കം തുടങ്ങിയത്. ടെൻഡറിൽ 2992 രൂപ എന്ന കുറഞ്ഞ തുക രേഖപ്പെടുത്തിയതുകൊണ്ടു മാത്രം റിലയൻസിനു പദ്ധതി നൽകിയതാണു പ്രതിസന്ധിക്കു കാരണമെന്നാണു വിലയിരുത്തൽ. ഇതിന് മുമ്പ് തന്നെ പദ്ധതിയിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിരുന്നു. ഇത് സംബന്ധിച്ച ആശയക്കുഴപ്പവും ആശങ്കയും മാറിയിട്ടില്ല. ഇതിനിടെയാണ് പദ്ധതിയിൽ നിന്ന് തന്ത്രപരമായി അംബാനി പിന്മാറുന്നത്.

നൂറോളം ആശുപത്രികളെ മാത്രം ഉൾപ്പെടുത്തി എങ്ങനെ മെഡിസെപ് സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നാണു ചോദ്യം. പദ്ധതിയിൽ റിലയൻസ് ഉൾപ്പെടുത്തിയ ആശുപത്രികളിൽ മിക്കതും ഗുണനിലവാരമില്ലാത്തതും സൗകര്യമില്ലാത്തതുമായിരുന്നു. ഇതിനെതിരെ ഇടതു സർവീസ് സംഘടനകളിൽ നിന്നടക്കം ശക്തമായ പ്രതിഷേധമാണുയർന്നത്. ടെൻഡർ റിലയൻസിനു നൽകിയെങ്കിലും ഇതുവരെ കരാർ ഒപ്പിട്ടിട്ടില്ല. തുടക്കം മുതൽ ആശുപത്രികളിൽനിന്നു നിസഹകരണം ഉണ്ടായതോടെ പദ്ധതി യാഥാർഥ്യമാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. അതിനാലാണു സർക്കാർ കരാർ ഒപ്പിടാതിരുന്നത്. ഒപ്പിട്ടിരുന്നെങ്കിൽ 178 കോടി രൂപ റിലയൻസിനു നഷ്ടപരിഹാരം നൽകാതെ സർക്കാരിനു പിന്മാറാനാകില്ലായിരുന്നു. എങ്കിലും വിവരങ്ങൾ ചോർത്തിയെടുക്കാൻ റിലയൻസിന് സൗകര്യം ഒരുക്കിയ ശേഷം സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുകയാണെന്ന ആക്ഷേപം വ്യാപകമാണ്. വിവരങ്ങൾ ചോർന്നുവെന്ന ആരോപണത്തിൽ സർക്കാർ ഒരു അന്വേഷണവും ഇതുവരെ നടത്തിയിട്ടില്ല.

രാജ്യത്ത് വലിയ പ്രതിസന്ധയിലേക്ക് പോകുന്ന കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ്. ചേട്ടൻ മുകേഷ് അംബാനിയുടെ കരുണയുടെ ഫലമായാണ് ജയിൽ വാസം പോലും ഒഴിവാക്കിയത്. അത്തരത്തിലൊരു വ്യക്തിയുടെ കമ്പനിക്ക് ഇൻഷുറൻസ് നൽകിയതിന്റെ പ്രശ്നങ്ങൾ നേരത്തെ തന്നെ ചർച്ചാവിഷയമായിരുന്നു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പിണറായി സർക്കാർ റിലയൻസിന് നൽകിയത് ഈ സാഹചര്യത്തിലാണ് വിവാദത്തിലായത്. ജൂൺ ഒന്നിന് നിലവിൽ വരുന്ന മെഡിക്കൽ ഇൻഷുറൻസ് സ്‌കീം ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനഴ്സ് (മെഡിസെപ്) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി റിലയൻസിന് നൽകാനാണ് മന്ത്രിസഭാ തീരുമാനിച്ചത്.

5 കമ്പനികളാണു ടെൻഡറിൽ പങ്കെടുത്തത്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി 9438.82 രൂപയും ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 17700 രൂപയും ഒറിയന്റൽ ഇൻഷുറൻസ് കമ്പനി 6772 രൂപയും നാഷനൽ ഇൻഷുറൻസ് കമ്പനി 7298.30 രൂപയുമാണു വാർഷിക പ്രീമിയം ആവശ്യപ്പെട്ടത്. എന്നാൽ റിലയൻസാകട്ടെ ഇ-ടെൻഡറിൽ ഏറ്റവും കുറഞ്ഞ വാർഷിക പ്രീമിയം തുകയായ 2992.48 രൂപ (ജിഎസ്ടി അടക്കം) ക്വോട്ട് ചെയ്യുകയാണുണ്ടായത്. ടെൻഡറുകൾ പരിശോധിച്ചശേഷം റിലയൻസിന് പാദഹതി നൽകാൻ ധനവകുപ്പ് ശുപാർശ ചെയ്യുകയായിരുന്നു. എന്നാൽ രാജ്യം ചർച്ച ചെയ്യുന്ന സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന കമ്പനി ഇത്രയും കുറച്ചു തുക ക്വാട്ട് ചെയ്തത് പോലും എങ്ങനേയും ഇൻഷുറൻസ് നേടിയെടുക്കുകയായിരുന്നു. ഇതിനുള്ള ഭൗതിക സാഹചര്യം കമ്പനിക്ക് നിലവിൽ ഉണ്ടോ എന്ന പരിശോധന പോലും നടന്നില്ല.

ഇതിനിടെ മെഡിസെപിന്റെ വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയും വന്നു. നോഡൽ ഓഫീസറുടെ ലോഗ് ഇൻ ഐഡിയും പാസ് വേർഡും സുരക്ഷിതമാക്കി വക്കേണ്ട ചുമതല ബന്ധപ്പെട്ടവർക്കാണ്. എല്ലാ ജീവനക്കാർക്കും ലോഗ് ഇൻ ഐഡിയും പാസ് വേർഡും നൽകിയതോടെ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ജീവനക്കാരുടെ നിർണ്ണായകമായ വ്യക്തിവിവരങ്ങൾ ആർക്കും ലഭിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. ഇതിന് ഉത്തരവാദികളായ ഉദ്യേഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടികൾ ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുകയും ചെയ്തു. സ്വകാര്യ കുത്തക കമ്പനിയായ റിലയൻസിനെ ആരോഗ്യ ഇൻഷുറൻസ് നടത്തിപ്പിന്റെ ചുമതല ഏൽപിച്ചപ്പോൾ നിർണായകമായ വ്യക്തിവിവരങ്ങൾ പുറത്തുള്ളവർക്ക് ലഭ്യമാകുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിപക്ഷം ആശങ്കപ്പെട്ടതാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് മുന്നോട്ടുപോയ സർക്കാർ ആരോഗ്യ ഇൻഷുറൻസിന്റെ നടത്തിപ്പ് റിലയൻസിനെ തന്നെ ഏൽപിക്കുകയായിരുന്നു. സർക്കാർ ജീവനക്കാരും, പെൻഷൻകാരുമായി പതിനൊന്ന് ലക്ഷം പേരുടെ വ്യക്തിവിവരങ്ങളാണ് ഇതു വഴി റിലയൻസിന് ലഭിച്ചത്.

വ്യക്തിവിവരങ്ങൾ പുറത്ത് ലഭ്യമാകുന്നത് ഗുരുതരമായ സ്ഥിതി വിശേഷം ഒരേ സമയം സാമൂഹ്യവും, നിയമപരവുമായ വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. മാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണിത്. സ്വകാര്യത മൗലികാവകാശമാക്കിയ രാജ്യത്ത് വ്യക്തിവിവരങ്ങൾ ഒട്ടും അവധാനതയില്ലാതെ കൈകാര്യം ചെയ്തത് സർക്കാരിന്റെയും ഉദ്യേഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ കനത്ത വീഴ്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു്. കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണു മെഡിസെപ്പ്. ഇപ്പോഴത്തെ പദ്ധതിയുടെ കാലാവധി മൂന്നു വർഷമാണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു മാസം 250 രൂപ വീതം ഇൻഷുറൻസ് പ്രീമിയമായി പിടിക്കുന്ന പദ്ധതി പെൻഷൻകാർക്കു മെഡിക്കൽ അലവൻസായി നൽകിവരുന്ന 300 രൂപയിൽ നിന്നു പ്രീമിയം തുക കുറവു ചെയ്യുകയും ചെയ്യും.

ഇൻഷുറൻസ് പ്രീമിയം മൂന്നു ഗഡുക്കളായി ഇൻഷുറൻസ് കമ്പനിക്കു സർക്കാർ മുൻകൂറായി നൽകും. ഔട്ട് പേഷ്യന്റ് ചികിത്സകൾക്ക് നിലവിലുള്ള മെഡിക്കൽ റീ-ഇംമ്പേഴ്സ്മെന്റ് പദ്ധതി തുടരും. ഓരോ കുടുംബത്തിനും ഇൻഷുറൻസ് കാലയളവിൽ വർഷം രണ്ടുലക്ഷം രൂപയുടെ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ ലഭ്യമാകും, അവയവമാറ്റം ഉൾപ്പെടെയുള്ള ഗുരുതരരോഗങ്ങൾക്കുള്ള ചികിത്സയ്ക്കു മൂന്നു വർഷം ഒരു കുടുംബത്തിനു പരമാവധി ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ലഭിക്കും. വർഷം രണ്ടുലക്ഷം രൂപ നിരക്കിൽ ലഭിക്കുന്ന അടിസ്ഥാന പരിരക്ഷയ്ക്കു പുറമേയാണിത്. ആറുലക്ഷം രൂപയുടെ അധിക പരിരക്ഷ ഗുരുതരരോഗ ചികിത്സാച്ചെലവിനു തികയുന്നില്ലെങ്കിൽ, പുറമേ പോളിസി കാലയളവിൽ പരമാവധി ഒരു കുടുംബത്തിനു മൂന്നുലക്ഷം രൂപ വരെ ലഭ്യമാക്കും. ഇതിനായി ഇൻഷുറൻസ് കമ്പനി വർഷം 25 കോടി രൂപയുടെ ഒരു സഞ്ചിതനിധി രൂപീകരിക്കും. ഇതിൽ നിന്നാണ് ഈ അധിക സഹായം നൽകുക.

ഹൈക്കോടതിയിലേതുൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർ, പാർടൈം കണ്ടിജന്റ് ജീവനക്കാർ, എയ്ഡഡ് മേഖലയിലേതടക്കമുള്ള അദ്ധ്യാപകരും അനധ്യാപകരും, പാർടൈം അദ്ധ്യാപകർ, തദ്ദേശ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ ജീവനക്കാർ, പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ എന്നിവരും ഈ വിഭാഗങ്ങളിലെ പെൻഷൻകാരും കുടുംബ പെൻഷൻകാരുമാണ് മെഡിസെപ്പിന്റെ ഗുണഭോക്താക്കൾ. ഇവരുടെ ആശ്രിതർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഈ പദ്ധതിയാണ് ഇപ്പോൾ അവതാളത്തിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP