Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരേ സമയം വായുവിലും വെള്ളത്തിലും കരയിലും നുഴഞ്ഞു കയറും; വിവിധ സേനകളിലെ മികവുള്ളവർക്ക് മാത്രം പ്രവേശനം; ഇന്റലിജൻസ് മുതൽ അക്രമണം വരെ അറിയാം; എല്ലാ യുദ്ധങ്ങളിലും ഇന്ത്യയുടെ കരുത്താകുന്ന സ്‌പെഷ്യൽ ഫോഴ്‌സിന്റെ കഥ

ഒരേ സമയം വായുവിലും വെള്ളത്തിലും കരയിലും നുഴഞ്ഞു കയറും; വിവിധ സേനകളിലെ മികവുള്ളവർക്ക് മാത്രം പ്രവേശനം; ഇന്റലിജൻസ് മുതൽ അക്രമണം വരെ അറിയാം; എല്ലാ യുദ്ധങ്ങളിലും ഇന്ത്യയുടെ കരുത്താകുന്ന സ്‌പെഷ്യൽ ഫോഴ്‌സിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വെടിയുണ്ട കൊണ്ടാലും പതറാത്ത മനഃസാന്നിദ്ധ്യമാണ് 'ഇന്ത്യൻ പാര'. അതുകൊണ്ട് തന്നെയാണ് ലോകത്തെ ഏറ്റവും മികച്ച കമാണ്ടോ പടകളിലൊന്നായി 'ഇന്ത്യൻ പാര' മാറുന്നത്. വെടികൊണ്ടാലും പതറാത്ത ഈ കരുത്തരാണ് അതിർത്തി കടന്ന് ഭീകരരുടെ താവളങ്ങൾ തകർത്ത ശേഷം പോറൽ പോലും ഏൽക്കാതെ തിരികെ എത്തിയത്. ഏൽപ്പിക്കുന്ന ദൗത്യം എന്നും കൃത്യതയോടെ ചെയ്യുന്നതാണ് 'ഇന്ത്യൻ പാര'യുടെ മകിവും. അത് തന്നെയാണ് ഉറയിലെ ആക്രമണത്തിനുള്ള തിരിച്ചടിയിൽ ഇന്ത്യയ്ക്ക് വിജയ വഴിയൊരുക്കിയത്.

വായുവിലും കരയിലും വെള്ളത്തിലും ഒരുപോലെ പയറ്റിത്തെളിഞ്ഞവരാണ് ഇന്ത്യൻ കമാണ്ടോ സംഘത്തിന്റെ അംഗങ്ങൾ. 1966ലാണ് ഇന്ത്യൻ ആർമിയിൽ പാരാ സ്‌പെഷ്യൽ ഫോഴ്‌സസ് രൂപീകരിച്ചത്. 1965ലെ ഇന്തോപാക് യുദ്ധമാണ് കാരണം. യുദ്ധസമയത്ത് മേജർ മേഘ് സിംഗിന്റെ നേതൃത്വത്തിൽ വടക്കേ ഇന്ത്യയിലെ വിവിധ കാലാൾപ്പട യൂണിറ്റിലെ സൈനികർ സ്വയംസന്നദ്ധരായി ഒരു ബ്രിഗേഡ് രൂപീകരിച്ചു. പാക്കിസ്ഥാൻ സൈനികരെന്ന ശുത്രുവിനെ അവരുടെ പാളയത്തിൽ നേരിടുന്ന അസാധാരണ യുദ്ധമാർഗമാണ് ഇവർ സ്വീകരിച്ചത്. അത് ഇന്ത്യയുടെ വിജയത്തിന്റെ നെടുംതൂണായി. ഇതോടെ അസാധാരണ ധൈര്യമുള്ള, ഏത് ആക്രമണ പ്രത്യാക്രമണത്തിനും സദാ തയ്യാറായ ഒരു സൈന്യവിഭാഗം സ്ഥിരമായി വേണമെന്ന് തീരുമാനമായി.

കരസേനയിലെ മിടുക്കരെ കണ്ടെത്തി കമാണ്ടോ സംഘത്തിലേക്ക് നിയോഗിച്ചു. കഠിന പരിശീലനം നൽകി. പല ഘട്ടങ്ങളിലൂടെയാണ് അത് ഇന്ത്യൻ പാരയിലേക്ക് മാറിയത്. മേഘ്ദൂത് ഫോഴ്‌സ് ആയിരുന്നു ആദ്യം ശക്തികേന്ദ്രമായത്. തുടർന്ന് 1966 ജൂലായിൽ ഒമ്പതാം ബറ്റാലിയൻപാരച്യൂട്ട് റെജിമെന്റ് ആദ്യ സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റായി. 1971ലെ ഇന്ത്യപാക് യുദ്ധത്തിൽ ആദ്യ ഓപ്പറേഷൻ വിജയിപ്പിച്ച് പാര ഫോഴ്‌സ് വെന്നിക്കൊടി പാറിച്ചു. ആർമിയിൽ നിന്നുള്ള ജവാന്മാരാണ് സ്‌പെഷ്യൽ ഫോഴ്‌സിലേക്കു വരുന്നത്. മൂന്നര വർഷത്തെ കഠിന പരിശീലനത്തിലൂടെയാണ് സ്‌പെഷ്യൽ കമാൻഡോകളെ വാർത്തെടുക്കുന്നത്.

അതിരാവിലെ 20 കി.മീ ഓട്ടത്തോടെയാണ് ഒരു പാരാ കമാൻഡോയുടെ ദിവസം ആരംഭിക്കുന്നത്. പിന്നീട് നുഴഞ്ഞുകയറ്റം, കടന്നാക്രമണം, അത്യാധുനിക തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, ഇന്റലിജൻസ് ഏജൻസികളുടെ ക്ലാസുകൾ. പൊതുവേ ഇവർ അറിയപ്പെടുന്നത് 1, 2, 3, 4, 9, 10, 21 പാര എന്നാണ്. വർഷത്തിൽ രണ്ടു തവണയാണ് പാരാ ഫോഴ്‌സിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ വിധ ആയുധങ്ങളും ഇവർ അനായസം കൈകാര്യം ചെയ്യും. റഷ്യയിൽ നിർമ്മിച്ച എം17 ഹെലികോപ്റ്ററാണ് പാരാ മിലിറ്ററി സൈനികർ പൊതുവേ ഇത്തരം ആക്രമണങ്ങൾക്ക് ഉപയോഗിക്കാറ്. എതിരാളികളുടെ കണ്ണ് വെട്ടിച്ച് താഴ്ന്ന് പറക്കാൻ എം17 ഹെലികോപ്റ്ററിന് സാധിക്കും. ഇന്ത്യയുടെ പാരാ മിലിറ്ററി ഫോഴ്‌സിൽ 12 ലക്ഷത്തോളം സൈനികർ ഉണ്ട്. ആസാം റൈഫിൾസ്, സ്‌പെഷ്യൽ ഫ്രണ്ടിയർ ഫോഴ്‌സ് എന്നിവയാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട പാരാ മിലിറ്ററി ഫോഴ്‌സുകൾ.

ഇന്ത്യൻ സേനയുടെ തുറുപ്പു ചീട്ടുകളിലൊന്നാണ് എം17. 2015ൽ മ്യാന്മറിൽ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് ഈ ഹെലികോപ്റ്ററാണ്. ഇതോടൊപ്പം നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങളും ഉപയോഗിച്ചിരുന്നു. ഇവ ഉപയോഗിക്കുന്നതിലൂടെ സൈനികരുടെ പൂർണ സുരക്ഷയാണ് ഉറപ്പു വരുത്താൻ കഴിയുക. ഈ രീതിയിൽ തന്നെയാണ് പാക് അധിനിവേശ കാശ്മീരിലെ ഭീകരക്യാമ്പുകളിലും സൈനികർ ആക്രമണം നടത്തിയത് എന്നാണ് വിലയിരുത്തൽ. സി90സിആർ (M3) ഡിസ്‌പോസൽ റോക്കറ്റ് ലോഞ്ചർ, എംജി 2എ1 ജനറൽ പർപസ് മെഷീൻ ഗൺ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങളും ആക്രമണത്തിന് ഉപയോഗിച്ചുണ്ടാകാം. ഏതായാലും പരുക്ക് പോലുമില്ലാതെ ആക്രമണം നടത്തി സുരക്ഷിതമായി തിരിച്ചു വന്ന സൈനികർക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് ഇന്ത്യൻ സൈനിക ഹെലികോപ്റ്ററുകൾ പറന്നു. ഭീകരകേന്ദ്രങ്ങളെ ലാക്കാകി പറന്ന ഹെലികോപ്ടറിൽ സ്‌പെഷ്യൽ ഫോഴ്‌സസ് തന്നെയാണ് ഉണ്ടായത്. അർദ്ധരാത്രിയിൽ സൈനികർ പിഒകെയിലെ തീവ്രവാദകേന്ദ്രത്തിൽ പാരച്യൂട്ടിലിറക്കി. ഏഴ് കേന്ദ്രങ്ങളിലായിരുന്നു അക്രമണം. ഇന്ത്യയുടെ ഭാഗത്തു നിന്നും അതിർത്തി കടന്ന് ആക്രമണമുണ്ടാകുമെന്ന പ്രതീക്ഷിക്കാത്ത പാക് സൈന്യവും തീവ്രവാദികളും ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. റോക്കറ്റ് ലോഞ്ചറുകളുൾപ്പെടെയുള്ള ആയുധങ്ങളുള്ള തീവ്രവാദികളേയും അവരെ സംരക്ഷിക്കാനുള്ള പാക്ക് സൈനികരും ഇവിടങ്ങളിലുണ്ടായിരുന്നു എന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

അതിർത്തി കടന്ന സ്‌പെഷ്യൽ ഫോഴ്‌സ് സഹായം ആവശ്യപ്പെട്ടാൽ എന്തിനും തയ്യാറായി വ്യോമസേനയും അതിർത്തിയിൽ കാത്തിരുന്നു. തീവ്രവാദികളുടെ കേന്ദ്രീകൃത സംവിധാനങ്ങളുടെ നേതൃത്വത്തിലുള്ള ക്യാമ്ബുകളിലായിരുന്നു ഇന്ത്യയുടെ അക്രമണം. ഈ കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യവുമായി കാര്യമായി ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണ രേഖയിൽ നിന്നും 500 മീറ്ററിനും മൂന്ന് കിലോമീറ്ററിനും ഉള്ളിൽ പാക് അധീന കശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ ഭീംബെർ, പോസ്റ്റ്പ്രിങ്, കേൽലിപ മേഖലകളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതെന്ന് പാക് ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് (ഐസ്പിആർ) വ്യക്തമാക്കുന്നു. കുന്നുകളും വനവും ഉൾപ്പെടുന്ന മേഖലയാണിത്. ഹെലികോപ്റ്ററിലെത്തി പാരച്യൂട്ടിലിറങ്ങിയാണ് ഇന്ത്യൻ ആർമി സ്‌പെഷ്യൽ ഫോഴ്‌സസ് ആക്രമണം നടത്തിയത്.

തീവ്രവാദികൾക്ക് വൻനാശമുണ്ടാക്കാനായെന്നും സൈന്യം അവകാശപ്പെടുന്നു. 38ഓളം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഒരാഴ്‌ച്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സൈനിക നടപടി. ഓരോ തീവ്രവാദി കേന്ദ്രങ്ങളിലും 30 മുതൽ 40 വരെ തീവ്രവാദികൾ ഉണ്ടായിരുന്നെന്നാണ് സൈന്യം പറയുന്നത്. ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും സൈന്യം അവകാശപ്പെടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP