Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെത്രാൻ കായലിലെ കൊയ്ത്തുത്സവം ശനിയാഴ്ച; പ്രതീക്ഷിക്കുന്നതു 2.45 കോടിയുടെ നെല്ല്; കൊയ്യാൻ 101 തൊഴിലാളികൾ, ഗരുഡനൃത്തം, ജലഘോഷയാത്ര...; ആഘോഷം കെങ്കേമം

മെത്രാൻ കായലിലെ കൊയ്ത്തുത്സവം ശനിയാഴ്ച; പ്രതീക്ഷിക്കുന്നതു 2.45 കോടിയുടെ നെല്ല്; കൊയ്യാൻ 101 തൊഴിലാളികൾ, ഗരുഡനൃത്തം, ജലഘോഷയാത്ര...; ആഘോഷം കെങ്കേമം

കോട്ടയം: ഏറെ വിവാദങ്ങൾക്കൊടുവിൽ ഇടത് സർക്കാർ ഏറ്റെടുത്ത് കൃഷിയിറക്കിയ മെത്രാൻ കായലിൽ കൊയ്ത്ത് ശനിയാഴ്ച നടക്കും. തരിശുപാടങ്ങൾ ഹരിതാഭമാക്കി കാർഷിക കേരളം തിരിച്ചുപിടിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ പരിശ്രമങ്ങൾക്കാണ് ഇതോടെ നാഴികക്കല്ലാകുന്നത്.

ഭൂമാഫിയ വാങ്ങി തരിശിട്ട മെത്രാൻകായലിലും ആറന്മുളയിലും നെൽകൃഷി ആരംഭിക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനം. 420 ഏക്കറുള്ള കുമരകം മെത്രാൻകായലിലെ 378 ഏക്കറും റാക്കിൻഡോ ഡവലപ്പേഴ്സിന്റെ പേരിൽ 34 കമ്പനികൾ വാങ്ങിക്കൂട്ടിയതോടെ ഒമ്പത് വർഷമായി കൃഷിയുണ്ടായിരുന്നില്ല. നിലം വിൽക്കാത്ത അഞ്ച് കർഷകരെ ഉൾപ്പെടുത്തി നവംബറിൽ 25 ഏക്കറിൽ സർക്കാർ മുൻകൈയെടുത്ത് കൃഷിയിറക്കി. ഒരുമാസത്തിനകം കൂടുതൽ ഭാഗങ്ങളിലേക്കും കൃഷി വ്യാപിച്ചു. 

40 ഏക്കറിൽ ഡിവൈഎഫ്ഐയും 30 ഏക്കറിൽ എഐവൈഎഫും 20 ഏക്കറിൽ ചങ്ങാതിക്കൂട്ടം സ്വയംസഹായസംഘവും വിതച്ചു. കുമരകത്തെയും പുളിങ്കുന്നിലെയും ചില കർഷകരും വിത്തിറക്കി. ഇപ്പോൾ മുന്നൂറ് ഏക്കറിലോളം നെൽകൃഷിയുണ്ട്. വിളഞ്ഞ് പാകമായി നിൽക്കുന്ന നെല്ലിൽ നിന്ന് ഏകദേശം 9,000 ക്വിന്റൽ ലഭിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. പുല്ലുപിടിച്ച് കാടുകയറിയ പാടം 80 ലക്ഷം രൂപ ചെലവഴിച്ചാണു പുറം ബണ്ട് ഉൾപ്പടെ നിർമ്മിച്ച് ഒരുക്കിയെടുത്തത്. 100-120 ദിവസം കൊണ്ട് വിളയുന്ന ഉമ, ശ്രേയസ്, ഹ്രസ്വ തുടങ്ങിയ അത്യൂൽപ്പാദനശേഷിയുള്ള വിത്തിനങ്ങളാണ് പരീക്ഷിക്കുന്നത്. നിലം വറ്റിക്കുന്ന സമയത്തും കൃഷി തടയുവാൻ ഇടപെടലുണ്ടായിരുന്നു.

നെല്ല് കുത്തി അരിയായാൽ മെത്രാൻകായൽ നൽകുന്ന പണമൂല്യം 2.45 കോടി രൂപ. അരിക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സംസ്ഥാനത്തിന്റെ ഭക്ഷ്യശേഖരത്തിൽ വൻ മുതൽക്കൂട്ടാകും ഈ വിളവെടുപ്പ് എന്നാണ് കരുതുന്നത്. ഏക്കറിന് 30 ക്വിന്റൽ നെല്ലാണ് കുമരകത്തെ ശരാശരി വിളവ്. ഒരു ക്വിന്റൽ നെല്ലിൽ നിന്ന് ഏകദേശം 68 കിലോ അരി ലഭിക്കും. ഫുഡ്കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഈ സ്റ്റാൻഡേർഡ് അനുസരിച്ചാണ് സപ്ലൈക്കോ മില്ലുകളിൽ നിന്ന് അരി വാങ്ങുന്നത്. നാടൻ കുത്തരിക്ക് 40 രൂപയാണ് പൊതുവിപണിയിലെ ശരാശരി വില. മെത്രാൻകായലിൽ നിന്ന് 9,000 ക്വിന്റൽ നെല്ല് ലഭിച്ചാൽ 6120 ക്വിന്റൽ അരിയാക്കാനാകും. വിപണി വിലയനുസരിച്ച് 2. 45 കോടി രൂപയാണ് ഈ മൂല്യം.

മെത്രാൻകായൽ പാടശേഖരത്തെ അരി മെത്രാൻ കായൽ ബ്രാൻഡഡ് അരിയായി വിപണിയിലെത്തും. കർഷകരുടെ നെല്ല് ഓയിൽ പാം ഇന്ത്യയുടെ കീഴിലുള്ള വച്ചൂർ മോഡേൺ റൈസ് മില്ലാണു സംഭരിക്കുക. കിലോയ്ക്ക് 22.50 രൂപ വിലയ്ക്കുതന്നെയാകും നെല്ലുസംഭരണം. ഇതിനിടയിൽ ഒരു മാസം മുൻപ് മട വീണ സംഭവവുമുണ്ടായി. ഇതിന് പിന്നിൽ അട്ടിമറിയാണോ എന്ന സംശയം ഇപ്പോഴും നില നിൽക്കുന്നുണ്ട്. ബാബു എന്ന കർഷകൻ പാടശേഖരത്തിലേക്ക് വെള്ളം കയറുന്നത് കണ്ട്് പൊലീസിനെയും കൃഷി ഓഫീസറേയും വിവരം അറിയിച്ചു.

രാത്രി തന്നെ നാട്ടുകാർ ചേർന്ന് താത്ക്കാലികമായി മട അടച്ചു. കൃഷിയുടെ ആവശ്യത്തിന് പാടത്ത് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നുണ്ട്. എന്നിട്ടും വെള്ളം വറ്റാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മടവീഴ്ച ശ്രദ്ധയിൽപ്പെടുന്നത്. മടവീഴ്ചയിൽ കൽക്കെട്ടും തകർന്നിട്ടുണ്ട്. ഇതിനെ തുടർന്ന് കൂടുതൽ ജാഗ്രതയിലാണ് അധിക്യതരും കർഷകരും. വിളഞ്ഞ് പാകമായി നെല്ല് ഉണങ്ങിയതിൽ തീ ഇട്ട അട്ടിമറി നടത്താനുള്ള നീക്കവും മുന്നിൽ കണ്ട് ഫയർഫോഴ്സിനെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസം കൂടി മഴ ചതിക്കരുതെയെന്ന പ്രാർത്ഥനയിലാണ് കർഷകർ.

നവംബർ10ന് കൃഷി മന്ത്രി സുനിൽ കുമാർ വിതയെറിഞ്ഞ മെത്രാൻ കായലിലെ നാലു മാസത്തിന് ശേഷമുള്ള വിളവെടുപ്പിനും അദ്ദേഹം തന്നെയാണ് നേത്യത്വം നൽകുന്നത്. കൊയ്യാൻ 101 കർഷകത്തൊഴിലാളികളെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം മെത്രാൻ കായലിലെ കൊയ്ത്ത് ഒരു ഉത്സവമാക്കുന്നതിനുള്ള എല്ലാ ക്രീമകരണങ്ങളുമാണ് നടന്നു വരുന്നത്. വള്ളത്തിൽ പ്രത്യേക തട്ടൊരുക്കി ഗരുഡനൃത്തം, പാടശേഖരസമിതികൾ മുത്തുക്കുടയുമായി ജലഘോഷയാത്രയായെത്തി ഉദ്ഘാടകനെ സ്വീകരിക്കൽ ഇങ്ങനെ നീളുന്നു ആഘോഷങ്ങൾ.ആഘോഷത്തിന്റെ അന്തിമരൂപം ആകുന്നതേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP