Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഷ്ടിക്കാൻ കയറിയ കള്ളൻ വീടിനുള്ളിൽ കടന്ന് അടിച്ചു ഫിറ്റായി ഉറങ്ങി; രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു; മനോരമ വാർത്ത കണ്ടു കഴക്കൂട്ടത്തെയും പോത്തൻകോട്ടെയും ശ്രീകാര്യത്തെയും പൊലീസ് അറസ്റ്റു ചെയ്തത് ആരെയെന്ന് അറിയാൻ നെട്ടോട്ടത്തിൽ; അടിച്ചു കിന്റായ കള്ളനെ ഇനിയും കണ്ടെത്താനായില്ലെന്ന് മറുനാടനോട് തുറന്നു പറഞ്ഞ് പൊലീസ്; വായനക്കാരെ രസിപ്പിക്കാൻ വേണ്ടി വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെ എന്നറിയാൻ ഇത് വായിക്കുക

മോഷ്ടിക്കാൻ കയറിയ കള്ളൻ വീടിനുള്ളിൽ കടന്ന് അടിച്ചു ഫിറ്റായി ഉറങ്ങി; രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു; മനോരമ വാർത്ത കണ്ടു കഴക്കൂട്ടത്തെയും പോത്തൻകോട്ടെയും ശ്രീകാര്യത്തെയും പൊലീസ് അറസ്റ്റു ചെയ്തത് ആരെയെന്ന് അറിയാൻ നെട്ടോട്ടത്തിൽ; അടിച്ചു കിന്റായ കള്ളനെ ഇനിയും കണ്ടെത്താനായില്ലെന്ന് മറുനാടനോട് തുറന്നു പറഞ്ഞ് പൊലീസ്; വായനക്കാരെ രസിപ്പിക്കാൻ വേണ്ടി വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെ എന്നറിയാൻ ഇത് വായിക്കുക

ആർ പീയൂഷ്

തിരുവനന്തപുരം: ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയാൽ പിന്നെ ഭക്ഷണം പാചകം ചെയ്ത് ആസ്വദിച്ച് അത് കഴിച്ച ശേഷം ഏറ്റവും ഒടുവിൽ മാത്രം പണവും പണ്ടവും മോഷ്ടിച്ചു കടക്കുന്ന കള്ളന്മാരെ കുറിച്ചുള്ള സിനിമകൾ നാം കണ്ടിട്ടുണ്ട്. ആ സിനിമാ രംഗങ്ങൾ കണ്ട് നാം പൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം രാവിലെ പത്രം വായിച്ച് അങ്ങനെ പൊട്ടിച്ചിരിക്കാൻ വായനക്കാർക്ക് അവസരം ഉണ്ടാക്കിക്കൊടുക്കു എന്നത് ഒരു തെറ്റാണോ!? സംഗതി സത്യമായും നടന്ന കാര്യമാണെങ്കിൽ അതിൽ യാതൊരു തെറ്റും പറയാൻ സാധിക്കില്ല. എന്നാൽ, മറിച്ചായാൽ തമാശക്കഥ അൽപ്പം സീരിയസും ആയേക്കാം.

ഇന്നലെ രാവിലെ തലസ്ഥാനത്തെ പത്രവായനക്കരെ ത്രസിപ്പിച്ചൊരു വാർത്ത മലയാള മനോരമയുടെ മെട്രോ മനോരമയിൽ അച്ചടിച്ചു വന്നിരുന്നു. മോഷ്ടിക്കാൻ കയറിയ കള്ളൻ വീടിനുള്ളിൽ കടന്ന് മദ്യപിച്ചു ഫിറ്റായി ഉറങ്ങി. രാവിലെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു എന്നതാണ് ഈ വാർത്തയുടെ ഉള്ളടക്കം. അഞ്ച് കോളം രേഖചിത്രം സഹിതമായിരുന്നു വാർത്ത. ഈ വാർത്ത വായിച്ച് വായനക്കാർ ശരിക്കും പൊട്ടിച്ചിരിച്ചു. ആരാടാ ആ കള്ളൻ പരമു.. എന്നോർത്ത് ഊറിച്ചിരിച്ചു. എന്നാൽ, വാർത്ത തലസ്ഥനത്തെ പൊലീസുകാർ ശരിക്കുമൊന്ന് ഞെട്ടി..!! ഇങ്ങനെയൊരു കള്ളന്റെ കഥ ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്നായി അവരുടെ ചിന്ത. ഇനി വേരെ പൊലീസ് സ്‌റ്റേഷൻ ആകുമെന്ന് കരുതി വിട്ടുകളയുകയും ചെയ്തു.

ഇതിനിടെ പത്രവാർത്ത കണ്ട് മറുനാടൻ നിജസ്ഥിതി അറിയാൻ പല പൊലീസ് സ്റ്റേഷനുകളിലും മാറി മാറി വിളിച്ചു. കഴക്കൂട്ടം പ്രദേശത്തായിരുന്നു സംഭവമെന്നായിരുന്നു വാർത്തയിൽ. വാർത്തയെ കുറിച്ച് ഒന്നും അറിയില്ലെന്നും തങ്ങൾ ആ കള്ളൻ ആരാകുമെന്ന് സ്വയം ചോദിച്ചു കൊണ്ടിരിക്കയാണെന്നും ഉദ്യോഗസ്ഥരും വ്യക്തമാക്കി. ഇതോടെ വാർത്തയെ കുറിച്ചുള്ള അന്വേഷണത്തിൽ തെളിഞ്ഞത് മെട്രോ മനോരമക്കാർ സൃഷ്ടിച്ച വ്യാജ വാർത്തയായിരുന്നു.

ഇന്നലത്തെ മനോരമ പത്രത്തിനൊപ്പമുണ്ടായിരുന്ന മെട്രോ മനോരമയിലെ മുൻ പേജ് വാർത്തയിൽ വാസ്തമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മോഷണ ശ്രമത്തിനിടെ വീട്ടിലുണ്ടായിരുന്ന മദ്യം കുടിച്ച് കള്ളൻ അടിച്ചു ഫിറ്റായി ബോധം കെട്ടുറങ്ങിയെന്നും രാവിലെ ആളുകൾ കൂടുകയും മോഷ്ടാവിനെ പിടികൂടുകയും ചെയതു എന്നായിരുന്നു വാർത്ത. കഴക്കൂട്ടം പാങ്ങാപ്പാറയിലുള്ള ഒരു റിട്ട.സൈനികന്റെ വീട്ടിലാണ് സംഭവം എന്നാണ് മനോരമ റിപ്പോർട്ട് ചെയ്തത്. വാർത്ത കണ്ട് ശ്രീകാര്യം കഴക്കൂട്ടം എസ്.എച്ച്.ഒമാർ ഞെട്ടി. ഇങ്ങനെയൊരും സംഭവം തങ്ങളുടെ പരിധിയിൽ നടന്നിട്ടില്ലല്ലോ. ഞെട്ടൽ വിട്ടുമാറും മുൻപ് സ്പെഷ്യൽ ബ്രാഞ്ചിന്റെ വിളി. എന്താണ് സംഭവം എന്തുകൊണ്ട് റിപ്പോർട്ട് ചെയ്തില്ല. എന്താണ് സംഭവമെന്നറിയാതെ പൊലീസുകാർ നെട്ടോട്ടമോടി. സംഭവം നടന്നു എന്ന് പറയുന്ന സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരു സംഭവമില്ല. ഇതോടെയാണ് വ്യാജ വാർത്തയാണ് ഇതെന്ന് മനസ്സിലായത്.

സംഭവം വ്യാജമാണെന്നറിഞ്ഞ് ശ്രീകാര്യം എസ്.എച്ച്.ഒ എസ്. സനോജിനെ മറുനാടൻ മലയാളി ബന്ധപ്പെട്ടപ്പോൾ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മനോരമയുടെ ലേഖകൻ വിളിച്ച് ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന സംഭവത്തെ പറ്റി ചോദിച്ചിരുന്നു. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു. എന്നാൽ ഇന്ന് രാവിലെ എന്താണ് ഇങ്ങനെയൊരു വാർത്ത വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്തയെപറ്റി ലേഖകനോട് വിളിച്ച് അന്വേഷിച്ചപ്പോൾ അയാൾക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞതായും എസ്.എച്ച.ഒ പറഞ്ഞു.

മോഷ്ടിക്കാൻ കയറിയ കള്ളനു മദ്യം കണ്ട് മനം മാറ്റം. ഫുൾബോട്ടിൽ അകത്താക്കി ഫിറ്റായി ഉറങ്ങി; രാവിലെ പൊലീസ് പൊക്കി എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. മോഷണ ശ്രമത്തിനിടെ അലമാരയ്ക്കുള്ളിൽ മദ്യം കണ്ടതും കള്ളനൊരു പൂതി; രണ്ടെണ്ണം അടിച്ചാലോ എന്ന്. ഒട്ടും വൈകാതെ ഫ്രിഡ്ജ് തുറന്നു വെള്ളമെടുത്തു. അപ്പോഴാണു ഫ്രിഡ്ജിലെ മുട്ടയുടെ നിര കണ്ണിൽപ്പെട്ടത്. പിന്നെ അതെടുത്തു ടച്ചിങ്സും റെഡിയാക്കി. ബോട്ടിൽ പൊട്ടിച്ച് രണ്ടെണ്ണം വിട്ടു, നല്ല പിടിത്തം! പിന്നെ കുപ്പി തിരികെ വയ്ക്കാൻ തോന്നിയില്ല.

അങ്ങനെ കവർച്ചാ ശ്രമം മാറ്റിവച്ച് ഒറ്റയിരിപ്പിനു ഫുൾ ബോട്ടിൽ മദ്യം അകത്താക്കി. ഒടുവിൽ ലഹരി തലയ്ക്കു പിടിച്ച് അന്തം വിട്ടുറങ്ങി. നേരം പുലർന്നപ്പോൾ കള്ളൻ കണ്ടത് ആളും ബഹളവും. പകച്ചുപോയ അയാൾ വിട്ടുമാറാത്ത ഹാങ്ങോവറിൽ പൊലീസിനോട് തൊഴുതു പറഞ്ഞു.- 'ഇനി മദ്യപിക്കില്ല സാറേ'.കഴക്കൂട്ടം പാങ്ങപ്പാറ മാങ്കുഴിയിൽ റിട്ട.സൈനികന്റെ വീട്ടിലായിരുന്നു ഈ രസകര സംഭവം.

പിടിയിലായ കള്ളൻ പൊലീസിനോട് പറഞ്ഞതിങ്ങനെ: വീട്ടുകാർ കൊച്ചിയിലെ ബന്ധുവീട്ടിൽ പോയതറിഞ്ഞാണു കക്കാൻ കയറിയത്. രാത്രി 12ന് അടുക്കള വാതിൽ പൊളിച്ച് അകത്തു കയറി. പണവും സ്വർണവും തിരയുന്നതിനിടെ അലമാരയ്ക്കുള്ളിൽ മദ്യം കണ്ടു. ഇതോടെ സ്വർണത്തിനായുള്ള തിരച്ചിൽ നിർത്തി മദ്യപാനത്തിലേക്കു കടന്നു.

അടുക്കളയിൽ ഒംലെറ്റും പാചകം ചെയ്തു കഴിച്ചു. മദ്യം തലയ്ക്കു പിടിച്ചപ്പോൾ ഹാളിൽ വന്നു തുണിവിരിച്ചു കിടന്നു. നേരം പുലരും മുൻപു സ്ഥലംവിടുകയായിരുന്നു ലക്ഷ്യം.പക്ഷേ, എഴുന്നേറ്റപ്പോൾ എട്ടു മണികഴിഞ്ഞു. രാത്രി പൊളിച്ച വാതിൽ അടച്ചതുമില്ല. ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോൾ അയൽപക്കത്തെ മുറ്റത്തു ഒരു സ്ത്രീ നിൽക്കുന്നു. പുറത്തേക്ക് ഇറങ്ങാൻ നിർവാഹമില്ല. രണ്ടും കൽപ്പിച്ചു ബ്രെഷ് എടുത്തു പല്ലുതേച്ചു അപ്പോഴാണു വീടിനു ചുറ്റും ആളുകളുടെ ബഹളം കേട്ടത്. പൊലീസും വന്നു. ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ കള്ളനെ പൊലീസ് കോടതിയിൽ ഹാജരാക്കി. എന്നായിരുന്നു വാർത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP