Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൈശാചിക ശക്തികൾ സംഹാര താണ്ഡവമാടിയ ഇടവഴികളിൽ ക്യാമറകളുമായി കടന്നു ചെന്നത് സ്വജീവൻ പോലും തൃണവത്ഗണിച്ച്; കൊലവിളികളുമായി അലറിയെത്തുന്ന ആൾക്കൂട്ടത്തിനെ ഭയക്കാതെ നടത്തിയത് സത്യസന്ധമായ മാധ്യമപ്രവർത്തനവും; ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം

പൈശാചിക ശക്തികൾ സംഹാര താണ്ഡവമാടിയ ഇടവഴികളിൽ ക്യാമറകളുമായി കടന്നു ചെന്നത് സ്വജീവൻ പോലും തൃണവത്ഗണിച്ച്; കൊലവിളികളുമായി അലറിയെത്തുന്ന ആൾക്കൂട്ടത്തിനെ ഭയക്കാതെ നടത്തിയത് സത്യസന്ധമായ മാധ്യമപ്രവർത്തനവും; ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മതത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ കൊല്ലുമ്പോൾ അതിന്റെ നേർ ദൃശ്യങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തു എന്ന കുറ്റകൃത്യമാണേ്രത മലയാളത്തിലെ രണ്ട് പ്രമുഖ ചാനലുകൾ ചെയ്തത്. പൈശാചികമായ ആവേശത്തോടെ സഹജീവികളെ ഒരുപറ്റം ആളുകൾ വേട്ടയാടി രസിക്കുമ്പോൾ സ്വജീവൻ പണയപ്പെടുത്തിയും അത് പകർത്തിയ കർത്തവ്യബോധമുള്ള ഒരുപറ്റം മാധ്യമപ്രവർത്തകരുടെ അർപ്പണ ബോധത്തിന്റെ മുഖത്തേറ്റ അടി കൂടിയാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ സമയത്തേക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം.

വേട്ടയാടാനിറങ്ങിയ ആളുകളുടെ മുന്നിലേക്ക് ക്യാമറയും നീണ്ടി കടന്നു ചെല്ലുന്നത് തന്നെ അപകടം പിടിച്ച പണിയാണ്. അത് മലയാളി കൂടി ആയാൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്നും ജീവനോടെയെന്നല്ല, ശവശരീരമായി പോലും പുറത്തെത്താൻ കഴിയും എന്ന യാതൊരു ഉറപ്പ് പോലുമില്ലാത്ത സാഹചര്യത്തിലാണ് മലയാളി മാധ്യമ പ്രവർത്തകർ ഡൽഹി കലാപത്തിന്റെ നേർ ദൃശ്യങ്ങൾ ജനങ്ങളിലേക്കെത്തിച്ചത്. അതുകൊണ്ട് തന്നെ ഇരുചാനലുകൾക്കും ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേന്ദ്രസർക്കാർ മാധ്യമ സ്വാതന്ത്ര്യത്തിന് മാത്രമല്ല, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് കൂടിയാണ് കൂച്ചുവിലങ്ങിടുന്നത് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

സമൂഹ മാധ്യമങ്ങളിലും ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും വിലക്കിനെതിരെ പ്രതിഷേധം അണപൊട്ടുകയാണ്. വാട്‌സാപ്പിലും ഫേസ്‌ബുക്കിലും ആളുകൾ കേന്ദ്രസർക്കാരിന്റെ നടപടിയെ രൂക്ഷമായാണ് വിമർശിക്കുന്നത്. സംഭവം മാധ്യമ സ്വാതന്ത്ര്യന്മേലുള്ള പച്ചയായ കടന്നുകയറ്റമാണെന്ന് മീഡിയ വൺ ചീഫ് എഡിറ്റർ സി എൽ തോമസ് ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നടപടിയുണ്ടായത്. മെയിൽ അയച്ച് അഞ്ച് മിനിട്ടുകൊണ്ടാണ് തിടുക്കപ്പെട്ട് പ്രക്ഷേപണം തടഞ്ഞത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കമാണിത്. അതിനായി കേബിൾ ടിവി ആക്ടിലെ വകുപ്പുകൾ ഉപയോഗിക്കുകയായിരുന്നു. ജനമറിയേണ്ട പ്രധാനപ്പെട്ട വാർത്തകൾ വരുമ്പോൾ, അത് ഭരണക്കാർക്ക് എതിരാണെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടരുതെന്ന തീരുമാനമാണ് ഇത്തരമൊരു നടപടിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള ഹീനമായ തന്ത്രം ആണിതെന്നു കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിനെ മുൻനിർത്തിയാണ് കേന്ദ്ര സർക്കാർ നടപടി. അക്രമം നടത്തിയ വർഗീയ ശക്തികൾക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡൽഹി പൊലീസിനെതിരെയോ ചെറുവിരൽ അനക്കാത്തവർ ആണ് മാധ്യമങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യ രാജ്യത്തിന് ഭൂഷണം അല്ല. കേന്ദ്ര സർക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ഏഷ്യാനെറ്റിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം ഒരു നോട്ടീസുപോലും നൽകാതെ നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം സ്വീകരിച്ചു വരുന്ന മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടർച്ചയാണിത്. ഇതിനെതിരെ ശക്തമായ ബഹുജനരോഷം ഉയർന്നുവരണമെന്ന് കാനം രാജേന്ദ്രൻ പ്രതികരിച്ചു.

ഏഷ്യാനെറ്റ്, മീഡിയ വൺ ചാനലുകളുടെ സംപ്രേഷണം നിർത്തിവയ്പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ജിപിഒയ്ക്കു മുന്നിൽ യോഗവും ചേരും.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമമെന്നും വാർത്ത റിപ്പോർട്ടു ചെയ്തതിന്റെ പേരിൽ ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണെന്നും കെജുഡബ്ല്യൂജെ കുറ്റപ്പെടുത്തി. മാധ്യമൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്താൽ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആർക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിൻവലിക്കണം. സംപ്രേഷണം നിർത്തിവയ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രസർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നടപ്പാക്കുവാനാണ് ശ്രമിക്കുന്നത് എന്ന് കെ.പി സി.സി ജനറൽ സെക്രട്ടറി പാലോട് രവി പറഞ്ഞു. മാധ്യമങ്ങളുടെ വായമൂടിക്കെട്ടി കൊണ്ട് രാജ്യത്ത് നടക്കുന്ന കൊള്ളരുതായ്മകളും കലാപങ്ങളും പൊതുജനങ്ങളിൽ നിന്നും മറച്ചു വെയ്ക്കാനുള്ള നീക്കം നടത്തുന്നു. ഈ നടപടി തികച്ചും പ്രതിഷേധാർഹമാണ്, ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം പി പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റം അനുവദിക്കില്ലെന്നും എളമരം കരീം പറഞ്ഞു.

ഫാസിസത്തിന്റെ ഏറ്റവും അടുത്തുള്ള നിമിഷങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത് എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. ' ഭയപ്പെടണം എല്ലാരും.. ഹിറ്റ്‌ലർ പുനർജനിക്കുന്നു... ഇതാണ് ജർമനിയിലും സംഭവിച്ചത്...' പ്രിൻസ് ജോർജ്ജ് എന്നയാൾ കുറിക്കുന്നു. ' ഇതാണ് ഭരണകൂട ഭീകരത യഥാർത്ഥ വാർത്തകൾ പുറത്ത് വരുംമ്പോൾ മോദിക്ക് പേടിയാണ്. ഇത് പോലെ പേടിതൊണ്ടനായ ഒരു പ്രധാനമന്ത്രിയാണല്ലോ ഇന്ത്യ ഭരിക്കുന്നത് എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു. എന്ത് സത്യങ്ങൾ മൂടിവച്ചാലും ഒരിക്കൽ മറനീക്കി പുറത്ത് വരും സംഘികളെ . പേടിതൊണ്ടികളായ ഒരു പാർട്ടിയും - അതിന്നെ ന്യായികരിക്കുന്ന കുറെ ചാണകങ്ങളും.' യൂസുഫ് എന്നയാൾ പ്രതികരിച്ചത് ഇങ്ങനെയയായിരുന്നു.

ഈ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. ഡൽഹി ആസ്ഥാനമായ എസ് എൽ ശ്യാം എന്ന സ്വകാര്യ കമ്പനിയാണ് ചാനലുകളുടെ അപ് ലിങ്കിങ്ങ് നിർവഹിക്കുന്നത്. 7.25 നാണ് ഇതുസംബന്ധിച്ച് ചാനലുകൾക്ക് പ്രസ്തുത കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നത്. ജനങ്ങൾക്ക് കാണാനാകുന്നില്ല എന്നറിഞ്ഞിട്ടും ഏഷ്യാനെറ്റിലെ ഡസ്‌ക് നിർജ്ജീവമായില്ല. സജീവമായി അവർ അവരുടെ വാർത്തകൾ ചെയ്തുകൊണ്ടേയിരിക്കുകയാണ്. എയറിലേക്ക് വാർത്തകൾ നിരന്തരം വിടുന്നുമുണ്ട്. എന്നാൽ, അപ് ലിങ്കിങ്ങ് ഏജൻസി ഇത് ജനങ്ങളിലേക്കെത്തിക്കുന്നില്ല എന്നതാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ചാനലുകൾക്കും ഈ വിഷയത്തിൽ നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നൽകിയിരുന്നെന്നും വിവരമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP