Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫ് തൂങ്ങി മരിച്ചത് അടുത്ത മുറിയിൽ ഭാര്യ ഉറങ്ങി കിടന്നപ്പോൾ; ആശുപത്രിയിലാക്കിയത് ഭാര്യയെയും അമ്മയെയും അറിയിക്കാതെ; ജോലി സമ്മർദ്ദം അലോസരപ്പെടുത്തി ഇരുന്നതായി സുഹൃത്തുക്കൾ; ധനമന്ത്രിയുടെ പെറ്റായ അനസ് സ്വയം മരണം തെരഞ്ഞെടുത്തത് മന്ത്രി അമേരിക്കയ്ക്ക് പോയ സമയം നോക്കി

തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫ് തൂങ്ങി മരിച്ചത് അടുത്ത മുറിയിൽ ഭാര്യ ഉറങ്ങി കിടന്നപ്പോൾ; ആശുപത്രിയിലാക്കിയത് ഭാര്യയെയും അമ്മയെയും അറിയിക്കാതെ; ജോലി സമ്മർദ്ദം അലോസരപ്പെടുത്തി ഇരുന്നതായി സുഹൃത്തുക്കൾ; ധനമന്ത്രിയുടെ പെറ്റായ അനസ് സ്വയം മരണം തെരഞ്ഞെടുത്തത് മന്ത്രി അമേരിക്കയ്ക്ക് പോയ സമയം നോക്കി

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്കുമായി പരിചയം ഉള്ളവർക്കൊക്കെ അനസിനെ മറക്കാൻ ആവില്ല. സൗമ്യനും സത്യസന്ധനുമായി തോമസ് ഐസക്കിനൊപ്പം നിഴൽ പോലെ സഞ്ചരച്ചിരുന്നവരിൽ ഒരാളായിരുന്നു അനസ്. മറ്റു പല അവതാരങ്ങളും താൻ മന്ത്രിയുടെ ആളാണ് എന്നു പ്രഖ്യാപിച്ച് ഉലകം ചുറ്റുമ്പോൾ മന്ത്രിയുമായുള്ള ഒരു ഫോട്ടോ പോലും ഇടാത്ത സാധുവായിരുന്നു അനസ്. നാല്പത് വയസുപോലും തികയും മുമ്പ് മന്ത്രി വിദേശത്തുപോയ സമയത്ത് എന്തുകൊണ്ട് സ്വന്തം തറവാട്ടുവീട്ടിൽ എത്തി അനസ് കെട്ടിത്തൂങ്ങി മരിച്ചു എന്നറിയാതെ വിഷമിക്കുകയാണ് അനസിന്റെ സുഹൃത്തുക്കളും തോമസ് ഐസക്കിന്റെ ആരാധകരും.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം എൽഎൽബിയും കഴിഞ്ഞു സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരീയ സെക്രട്ടറിയായിരുന്ന പി ഷാനവാസിനൊപ്പം പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് അനസ് തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫായി ജോലിയിൽ കയറിയത്. അന്നത്തെ സിപിഐ(എം) കോട്ടയം ജില്ലാ സെക്രട്ടറിയും ഇപ്പോഴത്തെ പാർട്ടി സെക്രട്ടറിയേറ്റ് അംഗവുമായ കെ ജെ തോമസിന്റെ പ്രത്യേക താല്പര്യപ്രകാരം ആയിരുന്നു അനസ് തോമസ് ഐസക്കിന്റെ ഓഫീസിൽ ജോലിക്കു കയറിയത്. അഞ്ചു വർഷം തോമസ് ഐസക്കിനൊപ്പം തുടർന്ന അനസ് ഭരണം പോയിട്ടും തലസ്ഥാനത്തുനിന്നും തിരികെ പോയില്ല. മനുഷ്യാവകാശ കമ്മിഷൻ അംഗമായിരുന്ന ജസ്റ്റിസ് നടരാജന്റെ പി എ ആയി കഴിഞ്ഞ അഞ്ചു വർഷം അനസ് ജോലിയിൽ തുടർന്നു.

പിണറായി സർക്കാർ അധികാരം ഏറ്റപ്പോൾ പേഴ്‌സണൽ സ്റ്റാഫി നിയമനത്തിൽ ഏറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചെങ്കിലും അനസിനെ വേണമെന്നു തോമസ് ഐസക്ക് തന്നെ പാർട്ടിയോടു ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും മറ്റും ഐസക്കിനൊപ്പം പൂർണ്ണസമയം ചെലവഴിച്ച അനസിനുള്ള അംഗീകാരമായിരുന്നു തോമസ് ഐസക്കിന്റെ ക്ഷണം. ഒട്ടേറെ പദ്ധതികൾ സ്വപ്‌നം കാണുന്ന തോമസ് ഐസക്കിനൊപ്പം രാത്രിയും പകലും ഉറക്കമിളച്ചാണ് അനസ് ജോലി ചെയ്തിരുന്നത്. ഒരു പക്ഷേ ജോലിയിലെ അധിക സമ്മർദ്ദമാകാം ഇങ്ങനെ ഒരു കടുംകൈയ്ക്കും അനസിനെ പ്രേരിപ്പിച്ചത് എന്നു ചില സുഹൃത്തുക്കൾ പറയുന്നു. എന്നാൽ ആറ് വയസുള്ള കുഞ്ഞിനെയും പ്രേമിച്ചു വിവാഹം കഴിച്ച ഭാര്യയെയും തനിച്ചാക്കി ഒറ്റയ്ക്കു പോകാൻ തോന്നുന്ന മനസ് അനസിന് എങ്ങനെ ഉണ്ടായി എന്നു ചോദിക്കുന്ന സുഹൃത്തുക്കളും ഉണ്ട്.

'രണ്ടു ദിവസം കൂടുമ്പോൾ ഒരു തവണ എങ്കിലും എന്നെ സ്ഥിരം വിളിച്ചിരുന്ന അനസ് കഴിഞ്ഞ ഒരു മാസമായി വിളിക്കാറെയില്ല. ഒരാഴ്ച മുമ്പ് എന്തു പറ്റി എന്നു ചോദിച്ച് ഞാൻ വിളിച്ചപ്പോൾ എനിക്ക് പ്രഷർ കൂടുതലാണ്. ശരീരത്തിനും നല്ല സുഖമില്ല എന്നു പറഞ്ഞു. കഴിഞ്ഞ ആഴ്ച ഞാൻ ഓഫീസിൽ പോയി അനസിനെ കണ്ടപ്പോൾ ആകെയൊരു വെപ്രാളം ഉള്ളതായി എനിക്കു തോന്നി. സമയം കളയാതെ ഞാൻ ഇങ്ങു പോരുകയായിരുന്നു. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അനസ് മരിച്ചു എന്നു...' മുന്മന്ത്രി വിജയകുമാറിന്റെ പിഎയും മനുഷ്യാവകാശ കമ്മിഷനിൽ അനസിന്റെ സഹപ്രവർത്തകനുമായിരുന്നു അരുവിക്കരക്കാരൻ ജയപ്രകാശ് മറുനാടൻ മലയാളിയോടു പറഞ്ഞതു ഇങ്ങനെയാണ്.

സമാനമായ അനുഭവമാണ് മണിമലയിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സിപിഐ(എം) നേതാവുമായ ജെയിംസ് പി സൈമണിനു പറയാനുള്ളതും:'കോളജ് പഠന കാലത്ത് ഞങ്ങൾ ഒരുമിച്ചു എസ്എഫ്‌ഐയിൽ പ്രവർത്തിച്ച സമയത്തു തുടങ്ങിയതാണ് ഈ സൗഹൃദം. അത് വർഷങ്ങളായി തുടരുന്നു. ഞാൻ ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയാലും എല്ലാ സഹായങ്ങളും ചെയ്യുന്നത് അനസായിരുന്നു. കഴിഞ്ഞ ആഴ്ച വന്നപ്പോൾ മന്ത്രി ജലീലിന്റെ ഓഫീസിൽ പോവാൻ വിളിച്ചു പറഞ്ഞു ഏർപ്പാടാക്കിയിരുന്നു. അതുകഴിഞ്ഞു വിളിച്ചപ്പോൾ തിരിക്കാണ് എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയപ്പോൾ എനിക്ക് ഒരു അനിഷ്ടം തോന്നിയിരുന്നു. എന്നാൽ അവനിങ്ങനെ ഒരുകടുംകൈ കാണിക്കാൻ മാത്രം മാനസിക പിരിമുറുക്കത്തിലായിരുന്നു എന്നു എനിക്കറിയില്ലായിരുന്നു...' ജെയിംസ് പി സൈമൺ മറുനാടൻ മലയാളിയോടു പറഞ്ഞു.

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ പാർട്ടി നേതാവും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ പി ഷാനവാസ് മറുനാടൻ മലയാളിയോടു സംസാരിച്ചത് മരണവാർത്തയുടെ ഞെട്ടൽ മാറാതെയാണ്: 'അങ്ങനെ വേഗം മനസുതുറക്കുന്ന പ്രകൃതമായിരുന്നില്ല. എന്നാലും അവനൊരു ദുർബലനായിരുന്നു. ചില ചെറിയ വിഷയങ്ങൾ ഒക്കെ പറയുമ്പോൾ ഞങ്ങൾ അതു നിസ്സാരമാക്കി പരിഹരിക്കുകയായിരുന്നു' ഷാനവാസ് പറഞ്ഞു. മരണം സംഭവിച്ച ഉടൻ ഓടിയെത്തിയ സുഹൃത്തുക്കളിൽ ഒരാളാണ് ഷാനവാസ്. ഷാനവാസിന്റെ ഓഫീസിൽ ആയിരുന്നു മുമ്പ് അനസ് പ്രാക്ടീസ് ചെയ്തിരുന്നത്.

തോമസ് ഐസക്കിന്റെ പെറ്റ് ആയിരുന്ന അനസ് മരണം തെരഞ്ഞെടുത്തത് മന്ത്രി അമേരിക്കയിൽ മകളുടെ വിവാഹത്തിന് പോയ സമയത്ത് ആയത് യാദൃശ്ചികമായി. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ എത്തിയ അനസ് ഇന്നലെ വൈകുന്നേരം നാലുമണിയോടെ ഒരു മുറിയിൽ കയറി കതകടച്ചു തൂങ്ങി മരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ ഭാര്യയും മകനും ഉറങ്ങി കിടന്നപ്പോൾ ആയിരുന്നു ആത്മഹത്യ. അടുത്ത രണ്ടു ബന്ധക്കൾ യാദൃശ്ചികമായി എത്തിയപ്പോൾ ജനലിലൂടെ തൂങ്ങി നിൽക്കുന്നതു കണ്ടാണ് അഴിച്ചിച്ചെടുത്താണ് ആശുപത്രിയിൽ എത്തിച്ചത്. ഉറങ്ങി കിടന്ന ഭാര്യയും അടുത്ത വീട്ടിലേയ്ക്കു പോയ അമ്മയും ഈ സംഭവം അറിഞ്ഞിരുന്നില്ല. രാത്രിയിൽ പൊലീസ് വീട്ടിൽ എത്തിയപ്പോൾ മാത്രമാണ് മരണം അവർ അറിഞ്ഞത്.

തോമസ് ഐസക്ക് വി എസ് അച്യുതാനന്ദന്റെ മന്ത്രിസഭിയിൽ മന്ത്രി ആയിരുന്നപ്പോൾ മന്ത്രിയായിരുന്ന പിജെ ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്നു ഭാര്യ. കേരളാകോൺഗ്രസിലെ ഒരു ഉയർന്ന നേതാവിന്റെ മകളാണ് ഭാര്യ. എന്തെങ്കിലും കുടുംബ പ്രശനം ഉണ്ടായിരുന്നതായി ആരും കരുതുന്നില്ല. ഭാര്യയുമായി ഏതെങ്കിലും പ്രശ്‌നമുണ്ടെന്നു അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ ഈ മരണം എല്ലാവരെയും സങ്കടപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ്. സൗമ്യനായ അനസിന്റെ മരണം വിശ്വസിക്കാനാവാതെ വേദനിക്കുകയാണ് കാഞ്ഞിരപ്പെള്ളിയിലെ സിപിഐ(എം) പ്രവർത്തകർ. വളരെ സാധാരണമായ ഒരു കുടുംബത്തിൽ ജനിച്ച്, പിതാവില്ലാതെ അമ്മ തന്നെ വളർത്തിയ അനസ് എന്നും എല്ലാവർക്കും മാതൃകയായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഈ കടുംകൈ ചെയ്തു എന്ന ചോദ്യമാണ് എല്ലാവരും പരസ്പരം ചോദിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP