Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുപ്രീം കോടതി വിധി നടപ്പിലാക്കി ജനവികാരം മനസിലാക്കാത്ത സർക്കാരിനെതിരെ ഭക്തരുടെ 'വിമർശനശരം' ഉയരുമ്പോൾ ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് 'അയ്യപ്പദോഷം' ഉണ്ടാകുമെന്ന് ഇ.പി ജയരാജൻ ! ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ചുമതലയുണ്ടെന്ന് തുടർച്ചയായി പറയുമ്പോഴും ക്ഷേത്രാചാരങ്ങളും വിശ്വാസവും ആര് സംരക്ഷിക്കുമെന്ന ചോദ്യവുമായി ഭക്തർ; കോടതി വിധി ചരിത്രപരമാണെന്നാണ് കോൺഗ്രസ് പറയുന്നതെന്നും ജയരാജൻ

സുപ്രീം കോടതി വിധി നടപ്പിലാക്കി ജനവികാരം മനസിലാക്കാത്ത സർക്കാരിനെതിരെ ഭക്തരുടെ 'വിമർശനശരം' ഉയരുമ്പോൾ ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് 'അയ്യപ്പദോഷം' ഉണ്ടാകുമെന്ന് ഇ.പി ജയരാജൻ ! ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ചുമതലയുണ്ടെന്ന് തുടർച്ചയായി പറയുമ്പോഴും ക്ഷേത്രാചാരങ്ങളും വിശ്വാസവും ആര് സംരക്ഷിക്കുമെന്ന ചോദ്യവുമായി ഭക്തർ; കോടതി വിധി ചരിത്രപരമാണെന്നാണ് കോൺഗ്രസ് പറയുന്നതെന്നും ജയരാജൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള തർക്കവും രൂക്ഷമാവുകയാണ്. ഇതിനിടെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന പിണറായി സർക്കാരിനെതിരെ വിമർനശരങ്ങളും ഉയരുന്നത്. ശബരിമലയിൽ വിശ്വാസികളുടെ പ്രതിഷേധം ശക്തമാകുന്ന വേളയിൽ മന്ത്രി ഇ.പി ജയരാജൻ നടത്തിയ പ്രസ്താവന അടുത്ത വിമർശനം സൃഷിക്കുമോ എന്ന ആശങ്കയും ഉയരുകയാണ്.

ശബരിമലയിൽ പ്രതിഷേധം നടത്തുന്നവർക്ക് നേരെ 'അയ്യപ്പദോഷം' ഉണ്ടാകുമെന്നാണ് മന്ത്രി ഇ.പി ജയരാജൻ അഭിപ്രായപ്പെട്ടത്. ഇപ്പോൾ നിലയ്ക്കലിലും മറ്റും ഉണ്ടാകുന്ന പ്രതിഷേധങ്ങളെകുറിച്ച് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.അവർ ചെയ്യുന്നത് പാപമാണെന്നും നാശമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. ഈ ഹീനകൃത്യത്തിൽ നിന്ന് അവർ പിന്മാറണമെന്നും പ്രതിഷേധക്കാരെക്കുറിച്ച് മന്ത്രി പറഞ്ഞു.

സർക്കാരിന് എല്ലാ ക്ഷേത്രങ്ങളെയും സംരക്ഷിക്കേണ്ട ചുമതലയുണ്ട്. കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും ജയരാജൻ പറഞ്ഞു. സുപ്രീം കോടതി വിധി ചരിത്രപരമാണെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ജയരാജൻ വ്യക്തമാക്കി.

ശബരിമലയിൽ എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ടും കൽപിച്ച് സർക്കാർ

ശബരിമല സംഘർഷഭരിതമാകുമെന്ന് സൂചനകൾക്കിടെ യുവതീ പ്രവേശനം നടന്നുവെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടൽ. ശബരിമല അവലോകനയോഗം ഇത്തവണ സന്നിധാനത്താണ് വിളിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ അമ്പത് വയസ്സിൽ താഴെയുള്ള ഉദ്യോഗസ്ഥകൾ പമ്പയിൽ എത്തിയിട്ടുണ്ട്. ഇവരെ ജോലിക്കെന്ന രീതിയിൽ മലകയറ്റാനാണ് തീരുമാനം. ഇതോടെ സ്ത്രീകൾ ശബരിമല ചവിട്ടുമെന്ന് സർക്കാർ തന്നെ ഉറപ്പിക്കും. സാധാരണ തുലാമാസ പൂജകൾക്കിടെ അവലോകന യോഗങ്ങൾ നടക്കാറില്ല. ഇത്തരത്തിൽ നടന്നാലും അത് പമ്പയിൽ നടത്തുകയാണ് പതിവ്. ഇത് തെറ്റിച്ചാണ് സന്നിധാനത്ത് അവലോകന യോഗം നടക്കുന്നത്.

ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും മലകയറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ പമ്പയിൽ 45ഓളം വനിതാ പൊലീസുകാരും എത്തിയിട്ടുണ്ട്. കൂടുതൽ പേരെ പമ്പയിൽ എത്തിക്കാനും നീക്കമുണ്ട്. ഇവരിൽ പലരേയും മലകയറ്റാനും സാധ്യതയുണ്ട്. ഏതായാലും പമ്പയിലെ നാമജപയജ്ഞം നിർണ്ണായകമാകും. 50 വയസ്സിന് താഴെയുള്ള സ്ത്രീകളെ ആരേയും സന്നിധാനത്തേക്ക് കടത്തി വിടില്ലെന്നാണ് അയ്യപ്പ സംരക്ഷണ സേനയുടെ നിലപാട്. കൂടുതൽ പ്രവർത്തകർ രാവിലെ മുതൽ പമ്പയിൽ എത്തുമെന്നാണ് അവർ നൽകുന്ന സൂചന. പന്തളം രാജപ്രതിനിധിയുടെ പമ്പയിലെ കേന്ദ്രത്തിന് അടുത്താകും പ്രതിഷേധം. രാവിലെ 9 മണിമുതലാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുക.

ഈ സമയത്തിന് മുമ്പ് തന്നെ അയ്യപ്പ സംരക്ഷണ സേന ഇവിടെ നിലയുറപ്പിക്കുമെന്നാണ് സൂചന. രാഹുൽ ഈശ്വറും സംഘവും പമ്പയിൽ എത്തിയിട്ടുണ്ട്.പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് നിലയ്ക്കലിൽ സംഘർഷാവസ്ഥയുണ്ടായത്. ഇതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി. ഇതിനൊപ്പമാണ് പമ്പയിലും സുരക്ഷ കർശനമാക്കുന്നത്. സ്ത്രീ പൊലീസുകാരെ കൂടുതലായി അവിടെ എത്തിക്കാൻ ശ്രമിക്കുന്നതും സംഘർഷമുണ്ടാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ്.തുലാമാസ പൂജയ്ക്കായി ബുധനാഴ്ച നടതുറക്കാനിരിക്കേ, ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശ വിഷയത്തിൽ സമവായത്തിനായി തിരുവിതാംകൂർ ദേവസ്വംബോർഡ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന സുപ്രീകോടതിയുടെ വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നതിൽ ഉടൻ തീരുമാനം വേണമെന്ന ആവശ്യത്തിൽത്തട്ടിയാണ് ബോർഡിന്റെ സമവായശ്രമം പാളിയത്. ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരണമെന്നായിരുന്നു പന്തളം കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിലെയും പ്രതിനിധികളുടെ ആവശ്യം. എന്നാൽ, 19-ന് നടക്കുന്ന യോഗത്തിൽ പുനഃപരിശോധനാ ഹർജിക്കാര്യവും മറ്റു നിയമനടപടികളും ആലോചിക്കാമെന്നായിരുന്നു ബോർഡിന്റെ നിലപാട്.

സ്ത്രീപ്രവേശനം : മുൻകരുതലുമായി ദേവസ്വം ബോർഡും

ശബരിമലയിൽ 50 വയസ്സ് തികയാത്ത ആരും എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ദേവസ്വം ബോർഡിന്റേയും മുൻകരുതൽ. ദേവസ്വം മന്ത്രി കടകംപള്ളി വിളിച്ച സന്നിധാനത്തെ അവലോകന യോഗത്തിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കടത്തി വിട്ടത് പ്രായം പരിശോധിച്ച് മാത്രമാണ്. പമ്പാ ഗണപതി കോവിലിന് അടുത്തെ ദേവസ്വം ബോർഡിന്റെ ഗാർഡ് റൂമിൽ ഇവരിൽ നിന്നും വയസ് എഴുതി വയ്ക്കുകയും ചെയ്തു. 51 വയസ്സായ രണ്ട് ഉദ്യോഗസ്ഥരേയും അതിന് ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്. പ്രായം തെളിയിക്കാനുള്ള രേഖകളും പരിശോദിച്ചു. ഇതിന് ശേഷം പന്തളം രാജാവിന്റെ ഇരിപ്പിടത്തിന് അടുത്ത് കൂടിയിട്ടുള്ള വിശ്വാസികളും ഡോക്ടർമാരുടെ പ്രായം പരിശോധിച്ചു.

അതിന് ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്. 50 തികയാത്ത സർക്കാർ ജീവനക്കാരികളെ ഒരു കാരണവശാലും മല ചവിട്ടാൻ അനുവദിക്കില്ലെന്നാണ് ഭക്തരുടെ പക്ഷം.യോഗത്തിൽ പങ്കെടുക്കാൻ രണ്ട് വനിതാ ഉദ്യോഗസ്ഥർ മല കയറിയിരുന്നു. അവരുടെ പ്രായം സംബന്ധിച്ച് തർക്കവുമായി രാഹുൽ ഈശ്വറിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ എത്തി. ഇതോടെ ഗാർഡ് റൂമിൽ അമ്പത് വയസ്സിന് മുകളിലുള്ളവരാണെന്ന് എഴുതി നൽകിയപ്പോഴാണ് രണ്ട് പേരെയും പ്രതിഷേധക്കാർ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിച്ചത്. ഒരു രീതിയിലും സ്ത്രീകളെ സന്നിധാനത്തേയ്ക്ക് പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.

സമരക്കാരുടെ നിർദ്ദേശ പ്രകാരം ഗാർഡുമാർ പ്രായം എഴുതി വാങ്ങിയതാണ് പ്രശ്നത്തിന് കാരണം. സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്ന ദേവസ്വം ബോർഡിലെ ജീവനക്കാർ ഇത് ചെയ്തതാണ് വിവാദങ്ങൾക്ക് പുതിയ തലം നൽകിയത്. ശരണംവിളികളുമായി ഗാർഡ് റൂമിന് മുന്നിൽ കുത്തിയിരിക്കുകയാണിപ്പോൾ സമരക്കാർ ഇപ്പോഴും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP