Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെന്മസാലയിൽ മന്ത്രിയായി വേഷമിട്ട് കൈയടി നേടുന്നത് പിണറായി കാബിനെറ്റിലെ 'ടിപി'; പ്രകൃതി ദുരന്തത്തിൽ നിന്നും നാടിനെ രക്ഷിക്കുകയെന്ന സന്ദേശമുള്ള ചിത്രത്തിൽ മന്ത്രിയുടെ അഭിനയം പ്രതിഫലം കൈപ്പറ്റാതെ; യുകെ മലയാളിയുടെ സിനിമാ വിശേഷങ്ങളിൽ താരം രാമകൃഷ്ണൻ തന്നെ

പെന്മസാലയിൽ മന്ത്രിയായി വേഷമിട്ട് കൈയടി നേടുന്നത് പിണറായി കാബിനെറ്റിലെ 'ടിപി'; പ്രകൃതി ദുരന്തത്തിൽ നിന്നും നാടിനെ രക്ഷിക്കുകയെന്ന സന്ദേശമുള്ള ചിത്രത്തിൽ മന്ത്രിയുടെ അഭിനയം പ്രതിഫലം കൈപ്പറ്റാതെ; യുകെ മലയാളിയുടെ സിനിമാ വിശേഷങ്ങളിൽ താരം രാമകൃഷ്ണൻ തന്നെ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ടി പി എന്ന രണ്ടക്ഷരം കേൾക്കുമ്പോൾ സാദാ മലയാളികൾ ഒരു രാഷ്ട്രീയ കൊലയെ കുറിച്ചാണ് പേടിയോടെ ഓർക്കുന്നതെങ്കിൽ കോഴിക്കോട്ടെ മാർക്‌സിറ്റ് അംഗങ്ങൾക്ക് അതൊരു രക്ഷയുടെ മന്ത്രമാണ്. അഞ്ചു വർഷം മുൻപ്, ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് അരും കൊല ചെയ്യപ്പെട്ടപ്പോൾ പാർട്ടി ഒന്നാകെ ആടി ഉലഞ്ഞെങ്കിലും കൊലയുടെ പ്രഭവ കേന്ദ്രമായ കോഴിക്കോട് പാർട്ടിയുടെ പങ്കായം തുഴഞ്ഞു സുരക്ഷിത തീരത്തു എത്തിച്ചത് മറ്റൊരു ടി പിയാണ്, ടി പി രാമകൃഷ്ണൻ.

അതിനുള്ള പ്രതിഫലവും പേരാമ്പ്രയിൽ നിന്നും തിരഞ്ഞെടുപ്പ് ജയിച്ചു വന്ന ടി പിക്ക് പാർട്ടി നൽകി. രണ്ടാം വട്ട എംഎൽഎആയ ടി പിയുടെ കരുത്തുറ്റ ജില്ലാ നേതൃത്വത്തിലൂടെ കോഴിക്കോട്ടെ തകർപ്പൻ വിജയത്തിന് നൽകാൻ പാർട്ടി കരുതിയ സമ്മാനമാണ് മന്ത്രി പദം. അതും ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന തൊഴിൽ, എക്‌സൈസ് അടക്കമുള്ള പ്രധാന വകുപ്പുകൾ. യുഡിഎഫ് സർക്കാരിനെ അടിമുടി ഉലച്ചു കളഞ്ഞ ബാർ കോഴ വിവാദ ശേഷം അധികാരത്തിൽ വരുന്ന സർക്കാരിന്റെ മദ്യ നയം അത്ര എളുപ്പം പിടിച്ച പണി ആയിരിക്കില്ല എന്നറിഞ്ഞു തന്നെയാണ് ടിപിയുടെ ചുമലിൽ പാർട്ടി ആ റോൾ ഏൽപ്പിച്ചതും.

ഇതിനിടയിൽ തന്നിലൊരു കലാകാരൻ ഉണ്ടെന്നു നാട്ടിലെ അടുത്ത സഹപ്രവർത്തകർ പോലും തിരിച്ചറിയും മുമ്പേയാണ് യുകെ മലയാളിയായ ന്യൂകാസിൽ സ്വദേശി ജിബി ഗോപാലൻ നിർമ്മാതാവാകുന്ന പെൻ മസാല എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിൽ അദ്ദേഹം മന്ത്രിയായി വേഷമിടുന്നത്. മാർച്ച് ആദ്യ വാരം മന്ത്രിയുടെ റോളുകൾ അഭിനയിച്ചു തീർത്ത ഉടനെയാണ് ടി പി രാമകൃഷ്ണൻ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി വാസത്തിലാകുന്നത്. ഇതോടെ സിനിമാ അണിയറ പ്രവർത്തകരും ആശങ്കയിൽ ആയെന്നു ജിബി ഗോപാലൻ പറയുന്നു.

എന്നാൽ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി മന്ത്രി രാമകൃഷ്ണൻ വീണ്ടും ഓഫീസിലെത്തി ഫയലുകൾ നോക്കി തുടങ്ങിയതോടെ മന്ത്രി കഥാപാത്രമാകുന്ന സിനിമക്കും ജീവൻ വച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഡബ്ബിങ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. മറ്റു തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ പെൻ മസാല അടുത്ത മാസം തിയേറ്റർ റിലീസിന് തയ്യാറാകും. നിർമ്മാതാവായ ജിബി ഗോപാലനും മക്കളായ ഭവ്യ, ഭരത് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സിനിമയിൽ സർക്കിൾ ഇൻസ്പക്റ്ററുടെ റോളിൽ ആണ് ജിബി എത്തുന്നത്.

ഫിലിം ക്രിട്ടിക്‌സ് പുരസ്‌ക്കാരം നേടിയ സുനീഷ് നീണ്ടൂരാണ് ചിത്രത്തിന്റെ സംവിധാനം. കേരളത്തിലെ സാമൂഹിക ജീവിതത്തിൽ ഉണ്ടായ മാറ്റം മൂലം നേരിടാൻ ഇടയുള്ള ഒരു പ്രകൃതി ദുരന്തം വരച്ചു കാട്ടുന്ന ചിത്രം മലയാളികൾക്ക് ചിന്തിക്കാൻ ഉള്ള അവസരം കൂടിയാണ് തുറന്നിടുന്നത്. ഇത്തരം ചിത്രങ്ങൾക്ക് വേണ്ടി പണം മുടക്കാൻ താൻ ഒട്ടും മടിക്കുന്നില്ലെന്നു കഴിഞ്ഞ വർഷം ഓണത്തിന് വേനൽപ്പൂക്കൾ എന്ന ടെലിഫിലിം ചെയ്ത ജിബി വ്യക്തമാക്കുന്നു. കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച ഈ ഹ്ര്വസ ചിത്രം ദൂരദർശൻ ഓണനാളുകളിൽ സംപ്രേഷണം ചെയ്തിരുന്നു.

യുകെയിൽ അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കിയ പത്തു മിനിട്ടു ദൈർഘ്യം ഉള്ള സ്മാർട്ട് ഫോൺ എന്ന ടെലിഫിലും മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശമായാണ് ജിബി അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമ അനുഭവങ്ങളാണ് മുഴു നീള ചിത്രമായ പെൻ മസാലയിലേക്കു ഇദ്ദേഹത്തെ എത്തിച്ചതും എന്നതും പറയാതിരിക്കാനാകില്ല. കാലിക പ്രസക്തിയുള്ള, കുടുംബ പ്രേക്ഷകർക്കു ഇഷ്ടപെടുന്ന ഇതി വൃത്തമാണ് പെൻ മസാലയുടെത്. മന്ത്രി ആയാണ് ടി പി സിനിമയിൽ അഭിനയിക്കുന്നത് എന്നതിനാൽ സ്വാഭാവികത ഒട്ടും നഷ്ടമാകുന്നില്ല. വെറുതെ മുഖം കാട്ടുന്നതിനു പകരം അഭിനേതാവിനു തിളങ്ങാൻ കഴിയും വിധം ഒട്ടേറെ രംഗങ്ങളിൽ മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യം പെൻ മസാലയെ സജീവമാക്കുന്നുണ്ട്.

ഗൗരവമുള്ള കഥാപാത്രം എന്ന നിലയിൽ പ്രത്യേക ഭാവാഭിനയം കൂടാതെ മന്ത്രി രാമകൃഷ്ണന് കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടെന്നും ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ വ്യക്തമാക്കുന്നു. പ്രകൃതി ദുരന്തത്തിലേക്ക് നയിക്കപ്പെടുന്ന ഒരു ജനതയെ രക്ഷിക്കാനുള്ള മന്ത്രിയുടെ ഇടപെടലുകൾ ആണ് സിനിമയുടെ വഴിത്തിരിവ്. തികച്ചും ഒരു പൊലീസ് സ്റ്റോറി കൂടിയാണ് പെൻ മസാല. തികച്ചും ജനകീയനായി അറിയപ്പെടുന്ന മന്ത്രി രാമകൃഷ്ണന് സിനിമയിലും അതേ റോളിൽ തന്നെ എത്താൻ കഴിയുന്നു എന്നതും പ്രത്യേകതയാണ്. ഇതിനു മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗം ആയിരുന്ന ഗണേശ് കുമാർ ആണ് മന്ത്രി പഥത്തിൽ ഇരിക്കെ സിനിമയിൽ മുഖം കാണിച്ച വ്യക്തി. ഇപ്പോഴത്തെ സർക്കാരിൽ സിനിമ രംഗത്ത് നിന്നും ഗണേശും മുകേഷും ഉണ്ടെങ്കിലും അവരെ കടത്തി വെട്ടിയാണ് പ്രത്യേക അഭിനയ സിദ്ധി വശം ഇല്ലാത്ത രാമകൃഷ്ണൻ മന്ത്രിയുടെ റോളിലേക്ക് നിർദ്ദേശിക്കപ്പെടുന്നത്. ആദ്യം മടിച്ചു നിന്ന അദ്ദേഹം സിനിമയുടെ സാമൂഹിക പ്രസക്തി തിരിച്ചറിഞ്ഞാണ് അഭിനയിക്കാൻ സമ്മതം മൂളുന്നതും.

ട്വന്റി പ്രൊഡക്ഷൻസ് 'കൃഷ്ണ യക്ഷ' എന്ന ചിത്രത്തിന് ശേഷം നിർമ്മിക്കുന്ന പെന്മസാലയുടെ രചന, സംവിധാനം, ഗാനരചന നിർവഹിക്കുന്നത് സുനീഷ് നീണ്ടൂരാണ്. ബോളിവുഡ് നടൻ ശൗര്യ സിങ് കളക്ടർ രാജ് പുരോഹിത് ആയി അഭിനയിക്കുന്നു. സജി ഗോപു ആണ് ചിത്രത്തിൽ ഉപനായകൻ. എസ് ഐ സുരേഷ് ഗോപൻ എന്ന കഥാപാത്രതെ ആണ് സജി ഗോപു അവതരിപ്പിക്കുന്നത്. പ്രവാസി മലയാളി ജിബി ഗോപാലൻ സി ഐ റിജോ വർഗീസായും, രാജേഷ് ശ്രീരംഗ് എസ് പി ശിവനാരായൺ ആയും സുരേഷ് പുത്തൂർ ഡിവൈഎസ്‌പി ഗൗതം ആയും വേഷമിടുന്നു. സൈജു സണ്ണി കോൺട്രാക്ടർ മാത്തുക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എം കെ ആർ പെരുമ്പക്കാട്ട്, പി ജെ പൗലോസ്, അർജുൻ രാജ്, സുനിൽ കൈപ്പുഴ, ഉണ്ണി ചിറ്റൂർ, ടി ആർ രാജേഷ്, ജിബിൻ, ആനന്ദൻ നമ്പ്യാർ, ലെനീഷ്, അഡ്വ: രാജഗോപാൽ, ജേക്കബ്, മാത്യു തോമസ്, എം സി സാബു, ദിലീപ്, സൈഫു, മനു, ലിജോ, ദിലീപ് കല്ലറ, അനുഷ് ഭട്ട്, എസ്തപ്പാൻ, ശ്രീരാജ്, മുരളീധർ, ഷിജു രാജപ്പൻ, അധ്വിത സതീശൻ, ജോസ്, ജോയ്, ഗോവിന്ദ് രാജഗോപാൽ, ഭരത് ഗോപാൽ, രിഷത്താൻ, തങ്കപ്പൻ, മനോജ്, അനിൽ, സോമൻ, അപർണ, കാരി അമ്മിണി, കൃഷ്ണപ്രിയ, മിനി, സോമ, ഭവ്യ ഗോപാൽ, ശിവനന്ദന, അന്ന, തുടങ്ങിയവരോടൊപ്പം സംവിധായകൻ സുനീഷ് നീണ്ടൂരും അഭിനയിക്കുന്നു.

ലൈൻ പ്രൊഡ്യൂസർ ജിബി ഗോപാലൻ, ക്യാമറ റെജി വി കുമാർ, സംഗീതം ഇമ്മാനുവേൽ ജോൺസൺ, പ്രൊഡക്ഷൻ കൺട്രോളർ കണ്ണൻ ചിത്രാഞ്ജലി, അസോസിയേറ്റ് ഡയറക്ടർ ഉണ്ണി ചിറ്റൂർ, എഡിറ്റർ സോബി എഡിറ്റ്‌ലൈൻ, സൗണ്ട് അനിൽ എസ് നായർ, ഫിനാൻസ് കൺട്രോളർ അനൂപ് പി എ, അസിസ്റ്റന്റ് ഡയറക്ടർ രേതീഷ് കണ്ടിയൂർ, ആർട്ട് പ്രമോദ് കൈനകരി, മെയ്‌ക്കപ്പ് പ്രഭീഷ്, കോസ്റ്റ്യൂമർ രാജൻ രാജേഷ്, മാനേജർ അനിൽമനു സാഗിരീഷ്, പിആർഒ അയ്മനം സാജൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP