Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒക്കെ പോകാൻ അവസരം ലഭിക്കാൻ മന്ത്രിമാരുടെ പ്രാർത്ഥന; 20 മന്ത്രിമാർക്കും അനേകം ഉദ്യോഗസ്ഥന്മാർക്കും എതെങ്കിലും രാജ്യത്ത് പോകാം; പ്രവാസികൾ ശേഖരിച്ച പണം വാങ്ങാൻ മന്ത്രിമാരുടെ വിദേശ യാത്രാ ധൂർത്ത് ഇങ്ങനെ

യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും ഒക്കെ പോകാൻ അവസരം ലഭിക്കാൻ മന്ത്രിമാരുടെ പ്രാർത്ഥന; 20 മന്ത്രിമാർക്കും അനേകം ഉദ്യോഗസ്ഥന്മാർക്കും എതെങ്കിലും രാജ്യത്ത് പോകാം; പ്രവാസികൾ ശേഖരിച്ച പണം വാങ്ങാൻ മന്ത്രിമാരുടെ വിദേശ യാത്രാ ധൂർത്ത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തിനിടെയാണ് വനംമന്ത്രി കെ രാജു ജർമ്മനിക്ക് പോയത്. അവിടെ നിന്നും സിപിഐ വളരെ കഷ്ടപ്പെട്ടാണ് രാജുവിനെ നാട്ടിൽ തിരിച്ചെത്തിച്ച് മാനം കാത്തത്. ജർമ്മനി മുഴുവൻ കണ്ട് തീരാതെ എത്തിയ രാജുവിനെ പോലുള്ളവർക്ക് വീണ്ടും യൂറോപ്പിൽ പോകാം. അതിനാണ് പ്രളയ ദുരിതാശ്വാസത്തിൽ വിദേശത്തെ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഫണ്ട് പിരിവ്. പ്രവാസിക സംഘടനകളുടെ നേതൃത്വത്തിലാണ് പണപ്പിരിവ്. ഇത് ഏറ്റുവാങ്ങുക മാത്രമാകും മന്ത്രിമാരുടെ ജോലി. ഇതിന് വേണ്ടിയാണ് സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്തുള്ള മന്ത്രിമാരുടെ വിദേശ യാത്ര. ഇതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ സജീവമാകുന്നത്.

വിഭവ സമാഹരണത്തിൽ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികളെ പങ്കാളികളാക്കും. ലോകകേരള സഭ അംഗങ്ങളുടെയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുടെയും സഹകരണത്തോടെയാവും വിദേശത്തു നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തുക. ഇതിനായി മന്ത്രിമാരെയും ആവശ്യമുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഒക്ടോബർ മുതൽ മന്ത്രിമാർ വിദേശങ്ങളിലേക്ക് ഇതിനായി പോകും. യു. എ. ഇ, ബഹറൈൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസ്ലാൻഡ്, യു. കെ, ജർമനി, അമേരിക്ക, കാനഡ എന്നിവിടങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇതിൽ പ്രധാന രാജ്യങ്ങളിലേക്കുള്ള യാത്ര തരപ്പെടുത്താനാണ് മന്ത്രിമാരുടെ മത്സരം. എല്ലാ മന്ത്രിമാർക്കും പോകാവുന്ന തരത്തിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തണമെന്നും ആവശ്യമുണ്ട്.

അതിനിടെ മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയിൽ പോകുന്നുണ്ട്. ഇതിനിടെ പിരിവുമായി അദ്ദേഹം വരുമോ എന്ന ഭയവും ചില മന്ത്രിമാർ്ക്കുണ്ട്. അങ്ങനെ വന്നാൽ അമേരിക്കൻ സ്വപ്‌നവുമായി ചരട് വലികൾ നടത്തുന്ന മന്ത്രിമാർ നിരാശരാകും. യുഎഇയിലും മുഖ്യമന്ത്രി പോകാനാണ് സാധ്യത. യുഎഇ പ്രസിഡന്റ് 700 കോടിയാണ് കേരളത്തിന് പ്രഖ്യാപിച്ചത്. സന്നദ്ധ സംഘനടകളിലൂടെ നടക്കുന്ന ഈ തുക മുഖ്യമന്ത്രി പോയി വാങ്ങണമെന്ന അഭിപ്രായം സജീവമാണ്. അതിനാൽ രണ്ട് രാജ്യങ്ങളിൽ മുഖ്യമന്ത്രി പോകാനാണ് സാധ്യത. എന്നാൽ അമേരിക്കയിലെ മയോ ക്ലീനിക്കിലെ ചികിൽസയ്ക്ക് ശേഷം മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുമോ എന്നത് ഡോക്ടർമാരുടെ ഉപദേശത്തെ അനുസരിച്ച് മാത്രമേ ഉറപ്പിക്കാനും ആകൂ.

ഓസ്‌ട്രേലിയയിൽ മന്ത്രി കെ ബാലൻ ഉടൻ പോകുന്നുണ്ട്. മലയാള മിഷൻ പ്രവർത്തനത്തിന് വേണ്ടിയാണ് യാത്ര. ഇത്തരം യാത്രകൾ നടക്കുമ്പോഴാണ് ഫണ്ട് പരിവിന് വേണ്ടിയുള്ള പ്രത്യേക യാത്രകൾ. ബാലൻ ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയാൽ ഉടൻ വീണ്ടും ഏതെങ്കിലും വിദേശ രാജ്യത്തേക്ക് പോകേണ്ടി വരും. പലർക്കും വിദേശത്തുള്ള മക്കളേയും ബന്ധുക്കളേയും നേരിൽ കാണനുള്ള അവസരം. ഇത്തരം കുടുംബയാത്രകൾക്കായി ഖജനാവിന്റെ കാശ് ഉപയോഗിക്കാമെന്നതിനാൽ പല മന്ത്രിമാരും അവർ ആഗ്രഹിക്കുന്ന വിദേശ രാജ്യത്തിന്റെ ചുമതല കിട്ടാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. എല്ലാവർക്കും വിദേശ യാത്രയ്ക്ക് അവസരമുണ്ടാക്കണമെന്നാണ് മന്ത്രിമാരുടെ പൊതുവികാരം. ചിലർ മാത്രം എല്ലായിടത്തും പോകുന്നതിനെ അനുവദിക്കില്ലെന്നും പറയുന്നു. ഇതോടെ വിദേശയാത്രാ പ്രഖ്യാപനം മുഖ്യമന്ത്രിക്ക് തിരിച്ചടിയാകും.

സാലറി ചലഞ്ചിലൂടെ പ്രവാസി മലയാളികളിൽ നിന്ന് ഒരു മാസത്തെ ശമ്പളമാണ് പിണറായി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഏവരും തയ്യാറാണ്. അത് മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും. ഇത് വളരെ വേഗത്തിൽ നടക്കുന്ന പ്രക്രിയയാണ്. ഇതിനെ അട്ടിമറിക്കാനും വിദേശ യാത്രയിലൂടെ അടിച്ചു പൊളിക്കാനുമാണ് മന്ത്രിമാരുടെ നീക്കം. മന്ത്രിമാർക്കൊപ്പം ഉദ്യോഗസ്ഥരും വിദേശങ്ങളിലേക്ക് പോകും. മെഗാ ഷോകളിലൂടെ പിരവ് സംഘടിപ്പിക്കാനാണ് നീക്കം. ഇതിന്റെ ആവശ്യമുണ്ടോയെന്നും ലോക കേരള സഭയിലെ അംഗങ്ങളിലൂടെ പണപ്പിരിവ് നടത്തുന്നതല്ലേ ഉത്തമമെന്നുമാണ് ഉയരുന്ന ചോദ്യം.

ദുരിതാശ്വാസനിധിയിലേക്കു ജില്ലകളിൽ നിന്നുള്ള സംഭാവനകൾ പിരിക്കുക ഈ മാസം 10 മുതൽ 15 വരെയാണ്. ഓരോ ജില്ലയുടെയും ചുമതലയ്ക്കു മന്ത്രിമാരെയും അഡീഷനൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥരെയും നിശ്ചയിച്ചിട്ടുണ്ട്. തിങ്കളാഴ്ച എല്ലാ ജില്ലകളിലും വകുപ്പ് മേധാവികളുടെ യോഗം വിളിക്കും. ജില്ലാ തല പിരിവിന് ശേഷം മന്ത്രിമാർ ദേശീയ തലത്തിൽ യാത്ര നടത്തും. എല്ലാ സംസ്ഥാന തലസ്ഥാനത്തും പിരിവിന് വേണ്ടി വമ്പൻ യോഗങ്ങൾ സംഘടിപ്പിക്കും. ഇതിന് ശേഷമാകും വിദേശയാത്രയെന്നാണ് സൂചന. യു. എ. ഇ, ബഹറൈൻ, ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, സിംഗപ്പൂർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസ്ലാൻഡ്, യു. കെ, ജർമനി, അമേരിക്ക, കാനഡ തുടങ്ങി 14 രാജ്യങ്ങളിലേക്കാണ് മന്ത്രിമാരുടെ യാത്ര. അതായത് 14 മന്ത്രിമാർക്ക് മാത്രമേ പോകാനാകൂ.

ഈ സാഹചര്യത്തിൽ മന്ത്രിമാരുടെ വിദേശ യാത്രാ മോഹം മനസ്സിലാക്കി തോമസ് ഐസക്കിനെ പോലുള്ളവർ മാറിക്കൊടുക്കാനും സാധ്യതയുണ്ട്. മുഖ്യമന്ത്രിയും മാറി നിന്നാൽ 19 പേരിൽ 14 പേരായി മാറും. സിപിഎമ്മിലേയും സിപിഐയിലേയും ആരൊക്കെ പോകണമെന്നത് പാർട്ടിയാകും തീരുമാനിക്കുക. ജനകീയ മന്ത്രിമാർക്കാകും മുൻഗണനയെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP