Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർഗോട്ടുകാർക്കും ഉണ്ട് ഇപ്പോൾ സ്വന്തമായി ഒരു മാതാവ്..! ബളാൽ മാതാവ് ഭക്തരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയത് വിശുദ്ധ എണ്ണ ഒഴുക്കി; അത്ഭുതകഥ കേട്ട് വെള്ളരിക്കുണ്ടിലേക്ക് ജനപ്രവാഹം; അന്ധവിശ്വാസത്തിന്റെ പിടിയിലായ ഒരു കാസർഗോഡൻ ഗ്രാമത്തിന്റെ കഥ

കാസർഗോട്ടുകാർക്കും ഉണ്ട് ഇപ്പോൾ സ്വന്തമായി ഒരു മാതാവ്..! ബളാൽ മാതാവ് ഭക്തരുടെ മനസ്സിൽ പ്രതിഷ്ഠ നേടിയത് വിശുദ്ധ എണ്ണ ഒഴുക്കി; അത്ഭുതകഥ കേട്ട് വെള്ളരിക്കുണ്ടിലേക്ക് ജനപ്രവാഹം; അന്ധവിശ്വാസത്തിന്റെ പിടിയിലായ ഒരു കാസർഗോഡൻ ഗ്രാമത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: യേശു ക്രിസ്തുവിന്റെ പ്രതിമയിൽ നിന്നും കണ്ണീർ പൊടിയുന്നു.. ഗണപതി വിഗ്രഹം പാലു കുടിക്കുന്നു.. ഇങ്ങനെ അത്ഭുതപ്രവർത്തികളുടെ കെട്ടുകഥകൾ കേരളത്തിൽ ധാരാളം കേട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒടുവിലായി എത്തുന്നത് പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിൽ നിന്നും തേനും എണ്ണയും ഒഴുകുന്നു എന്ന വാർത്തയാണ്. കാസർകോട്ട് ജില്ലയിലേ മലയോര മേഖലയായ വെള്ളരിക്കുണ്ടിന് സമീപത്തെ ബളാൽ എന്ന കൊച്ചു ഗ്രാമത്തിലാണ് ആ 'അത്ഭുതപ്രവൃത്തി'. മാതാവിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ച് കേട്ടറിഞ്ഞവർ ഗ്രാമത്തിലേക്ക് ഒഴുകി എത്തിയോടെ അത്ഭുതപ്രവൃത്തിക്ക് അതിവേഗമാണ് പ്രശസ്തി ലഭിക്കുന്നത്.

തിരുസ്വരൂപത്തിൽ നിന്നും എണ്ണ ഒഴുകുന്ന അത്ഭുപ്രവൃത്തി 2014 ഡിസംബർ 2 നാണ് തുടങ്ങിയത്. ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം ബളാൽ രജിസ്‌ട്രേഷൻ ഓഫീസിനെതിർ വശത്തു താമസിക്കുന്ന ഓമന എന്നയാളുടെ വീട്ടിലെ പരിശുദ്ധ കന്യകാ മറിയത്തിൻതിരുസ്വരൂപത്തിനു തിരുസ്വരൂപത്തിൽ നിന്ന് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത് തുടരുകയാണ്. ഇതു കാണാനും ഈ എണ്ണയിലൂടെ രോഗ ശാന്തിക്കും വേണ്ടിയാണ് ബളാലിലേക്ക് ആളുകൾ ഒഴുകിയെത്തുന്നത്. അങ്ങനെ ഓമനയുടെ വീട്ടിൽ വന്ന മാതാവ് ബളാൽ മാതാവായി.

പതിനാറ് വർഷം മുമ്പ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന അമ്പതു വയസുകാരിയായ ഓമന എന്ന അൽഫോൻസയുടെ ജീവിതം ദൈവത്തിന്റെ ഇടപെടൽ മൂലം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നുവെന്നാണ് ഇവിടെ എത്തുന്നവർ പറയുന്നതും പ്രചരിപ്പിക്കുന്നതും. ഈ കഥ തന്നെയാണ് വിശുദ്ധ എണ്ണയെന്ന പേരിലെ ആത്മീയ കച്ചവടത്തിന് മറയാകുന്നതും. അങ്ങനെ ബളാൽ മാതാവും രോഗശാന്തി ശുശ്രൂഷയിൽ പുതിയ ചരിത്രം രചിക്കുകയാണ്. ആരേയും കൈയിലെടുക്കാനാവുന്ന അൽഭുത പ്രവർത്തികളുടെ കഥ പ്രചരിപ്പിച്ചാണ് ബളാൽ മാതാവിനെ ജനപ്രിയയാക്കുന്നത്. എന്തായാലും ഒരുവർഷം കൊണ്ട് ബളാലിലെ ഓമനയുടെ വീട് തീർത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു.

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപമാണ് ബളാൽ. ഇവിടെ രജിസ്‌ട്രേഷൻ ഓഫീസിന് എതിർവശത്താണ് ഓമനയുടെ വീട്. ആദ്യ അത്ഭുതം നടന്നുകഴിഞ്ഞപ്പോൾ തന്നെ ആളുകളുടെ പ്രവാഹമായിരുന്നു ഓമനയുടെ വീട്ടിലേക്ക്. ഈ കഥ പ്രചരിക്കപ്പെട്ടതോടെ ആളുകൾ ധാരളമായി എത്തി. ഓമനയുടെ വീട്ടിലെ നിറഞ്ഞുതുളുമ്പിയ കുപ്പിയിൽ നിന്ന് വിശുദ്ധ എണ്ണ ധാരാളമായി ആളുകൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എത്ര എടുത്താലും വീണ്ടും എണ്ണ കുപ്പിയിൽ നിറയുകയാണ്. ആദ്യം എണ്ണ മാത്രമാണ് ഇങ്ങനെ ഒഴുകിയിരുന്നതെങ്കിൽ ഇന്ന് നെയ്യ്, തേൻ, പാൽ എന്നിവയും ഒഴുകിത്തുടങ്ങിയിട്ടുണ്ട്. സുഗന്ധാഭിഷേകവും അനുഭവിക്കാൻ കഴിയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിന് മാതൃരൂപത്തിൽ നിന്ന് പാലാണ് ഒഴുകിയത്. ഇങ്ങനെ പല കഥകൾ പറഞ്ഞാണ് ബളാലിലേക്ക് ആളെ അടുപ്പിക്കുന്നത്.

ബുധൻ, ശനി ദിവസങ്ങളിലാണ് കൂടുതലായും ഈ അത്ഭുതങ്ങൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ആ ദിവസങ്ങളിൽ ആളും കൂടും. തിരിക്ക് കൂടുമ്പോൾ സംവിധാനങ്ങളും കൂടുതലായി ഒരുക്കുന്നു. ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം പേരാണ് ഇവിടെ പ്രാർത്ഥനയ്ക്കായി എത്തിച്ചേരുന്നത്. ഏഴുലിറ്റർ കൊള്ളുന്ന വലിയ ബെയ്‌സനിലാണ് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന്റെ അടുത്ത് വല്യമ്മച്ചിക്ക് കൊടുത്ത കുപ്പിയും വച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ചുകൊണ്ടുപോകുന്ന എണ്ണയും നെയ്യും അനേകരുടെ രോഗശാന്തിക്കും കാരണമാകുന്നുവെന്നാണ് പ്രചരണം ഓമനയുടെ അടുക്കൽവന്ന വല്യമ്മച്ചി ഇരുന്ന കസേരയിൽ ഇരിക്കുന്നവർക്ക് അത്ഭുതകരമായ രോഗസൗഖ്യം ഉണ്ടായതായും സാക്ഷ്യങ്ങളുണ്ട്.കൂടുതലും കാൻസർ രോഗികൾക്കായാണ് ഓമന പ്രാർത്ഥിക്കുന്നത്.

ബളാലിലേക്ക് മാതാവ് എത്തിയതിന് പിന്നിൽ പ്രചരിക്കുന്ന കഥ ഇങ്ങനെ: മജ്ജയിൽ കാൻസർ രോഗബാധിതയായി ശരീരം മുഴുവനും വേദനയും നീരുമായി കട്ടിലിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അക്കാലങ്ങളിൽ ഓമന. റബർടാപ്പിംങും അയൽവീടുകളിലെ ജോലിയും ചെയ്താണ് ഓമന കുടുംബം നോക്കി നടത്തിയിരുന്നത്. നാലു വർഷം മുമ്പ് ഭർത്താവ് മരണമടയുകയും മകൾ വിവാഹിതായി കോട്ടയത്തേക്ക് പോവുകയും ചെയ്തതോടെ സെന്റ് വിൻസെന്റ് ഡി പോൾ സൈാസൈറ്റി നിർമ്മിച്ചുകൊടുത്ത ചെറിയ വീട്ടിൽ ഇളയമകനും ഓമനയും മാത്രമായിരുന്നു താമസം. അയൽക്കാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നുണ്ടായിരുന്നുവെങ്കിലും കഠിനമായ വേദനയിൽ ഓമന നീറിപിടയുകയായിരുന്നു.

അത്തരമൊരു ദിവസമാണ് (2014 ഡിസംബർ 2)മുറ്റത്തുനിന്ന് ആരോ വിളിക്കുന്നത് കട്ടിലിൽ കിടക്കുകയായിരുന്ന ഓമന കേട്ടത്. ആദ്യത്തെയും രണ്ടാമത്തെയും വിളിക്ക് പ്രത്യുത്തരിക്കാൻ തയ്യാറായില്ലെങ്കിലും വീണ്ടും വിളി തുടർന്നുകൊണ്ടിരുന്നതിനാൽ മനസ്സില്ലാമനസ്സോടെ ഓമന കട്ടിലിൽ നിന്നെണീറ്റ് മുൻവശത്തേക്ക് ചെന്നു. മുറ്റത്ത് ചട്ടയും മുണ്ടും ധരിച്ചുനില്ക്കുന്ന ഒരു അമ്മച്ചിയെയാണ് ഓമന കണ്ടത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ആൾ. മോളേ നിനക്ക് നല്ല ക്ഷീണം തോന്നുന്നുവല്ലോ.. നിനക്കെന്തുപറ്റിയെന്ന് വല്യമ്മച്ചിയുടെ ക്ഷേമാന്വേഷണത്തിന് ഓമന തന്റെ ശാരീരികവല്ലായ്മകൾ പറഞ്ഞു. അതുകേട്ടപ്പോൾ അമ്മച്ചി ഉദാരവതിയും സ്‌നേഹമയിയുമായി.. നീ അകത്തുപോയി എണ്ണയോ കുഴമ്പോ ഉണ്ടെങ്കിൽ അത് എടുത്തുകൊണ്ടുവാ..ഞാൻ തിരുമ്മിത്തരാം..

അമ്മച്ചി പറഞ്ഞു. ഉപയോഗിച്ച് ബാക്കിവന്നിരുന്ന കുഴമ്പ് അകത്തുനിന്ന് ഓമന എടുത്തുകൊണ്ടുവന്നു. അമ്മച്ചി അത് വാങ്ങി ഓമനയുടെ കൈകാലുകൾ തിരുമ്മി. അപ്പോൾതന്നെ എന്തോ ഒരു ആശ്വാസം പോലെ ഓമനയ്ക്ക് അനുഭവപ്പെട്ടു. അമ്മച്ചി എവിടുന്നാ.. എന്ന ഓമനയുടെ ചോദ്യത്തിന് ഞാൻ നേർച്ചയ്ക്ക് വന്നതാ എന്ന് അമ്മച്ചി മറുപടി പറഞ്ഞു. നേർച്ചപ്പണവുമായി തിരിച്ചുവന്നപ്പോൾ ഓമന കസേരയിൽ അമ്മച്ചിയെ കണ്ടില്ല. അമ്മച്ചി എവിടെ പോയി എന്ന് അമ്പരന്നു നിന്ന ഓമന അയൽവീടുകളിൽ അമ്മച്ചിയുണ്ടായിരിക്കുമെന്ന് കരുതി അവിടേയ്ക്ക് അന്വേഷിച്ചു ചെന്നു. ഇന്നലെ വരെ രോഗബാധിതയായി കട്ടിലിൽ കിടന്നിരുന്ന ഓമന ആരോഗ്യവതിയായി മുമ്പിൽ നില്ക്കുന്നതുകണ്ടപ്പോൾ അയൽക്കാരാണ് അമ്പരന്നത്. അപ്പോഴാണ് തനിക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഓമന തിരിച്ചറിയുന്നത്.

ഇല്ല..ശരീരത്തിൽ വേദനയില്ല.. പരിപൂർണ്ണസൗഖ്യം. ഇതെങ്ങനെ സംഭവിച്ചു എന്ന് അയൽക്കാരുടെ ചോദ്യത്തിന് ഓമന സംഭവിച്ചതെല്ലാം വിവരിച്ചു. അത് മാതാവ്തന്നെ.. മറ്റൊരിടത്തും ആ അമ്മച്ചിയെ കണ്ടെത്താതെ വന്നപ്പോൾ, ഓമനയ്ക്ക് പരിപൂർണ്ണസൗഖ്യം ലഭിച്ചപ്പോൾ എല്ലാവരും തീർച്ചപ്പെടുത്തി. പിന്നീട് പ്രാർത്ഥനയായി. ഡിസംബർ മൂന്ന്. വെളുപ്പിന് മാതാവിന്റെ രൂപത്തിന് മുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു ഓമനയും മകനും. വല്യമ്മച്ചിക്ക് കൊടുത്ത കുഴമ്പുകുപ്പി ആ രൂപത്തിന് മുമ്പിൽ അപ്പോഴും ഉണ്ടായിരുന്നു. അപ്പോഴാണ് മറ്റൊരു അത്ഭുതം ഓമന കണ്ടത്. ആ കുപ്പിനിറഞ്ഞുകവിഞ്ഞ് എണ്ണ ഒഴുകുന്നു. വിവരമറിഞ്ഞ് ആളുകൾ ഓടിക്കൂടി. അത് ഇപ്പോഴും തുടരുന്നുവെന്നാണ് വിശ്വാസികൾ പറയുന്നത്.

ഇപ്പോൾ ഓമനയുടെ വീട്ടിലേക്ക് പുലർച്ചെ അഞ്ചു മണിക്കു തന്നെ ആളുകൾ എത്തിത്തുടങ്ങും. പ്രാർത്ഥനകൾക്കും മാതാവിന്റെ അൽഭുത എണ്ണ അൽപം സ്വന്തമാക്കുന്നതിനുമായി. എത്ര എടുത്താലും വീണ്ടും കുപ്പിയിൽ എണ്ണ നിറയുകയാണ്. കൊന്ത ചൊല്ലിയും പ്രാർത്ഥനകൾ നടത്തിയും എപ്പോഴും ഭക്തിയുടെ നിറവിലാണ് ഈ കൊച്ചു വീടിപ്പോൾ. പ്രശസ്തി ജില്ലയും കടന്ന് മുന്നേറുകയാണ്. ഇവിടേക്ക് കുമളി , കോട്ടയം , പാലാ , തൊടുപുഴ , എറണകുളം , കോഴിക്കോട് , കണ്ണൂർ , മാനന്തവാടി ,ഇരിട്ടി , തുടങ്ങിയ കേരളത്തിലെ പ്രധാനപെട്ട എല്ലാ സ്ഥലങ്ങളിൽ നിന്നും നേരിട്ട് ബസ് ബസ് സർവ്വീസ് ഉണ്ട്. അങ്ങനെ അന്ധവിശ്വാസങ്ങളുടെ ചൂഷണ പട്ടികയിലേക്ക് ബളാലെന്ന മലയോര ഗ്രാമവും ഇടം നേടുകയാണ്. 

അന്ധവിശ്വാസം കവിഞ്ഞൊഴുകുന്ന ************ബളാൽ ***************ഞാനിപ്പോൾ ബളാലിലെ മാതാവിന്റെ എണ്ണഫാക്ടറിയുടെ മുമ്പിലാണ് നി...

Posted by George Joseph on Saturday, January 9, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP