Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്മയോട് പിണങ്ങി കായംകുളത്തെ ബന്ധുവിട്ടീലേക്ക് നാടുവിട്ട ഒൻപതാം ക്ലാസുകാരൻ മുസ്തഫ; നിലമ്പൂരിൽ നിന്ന് സഹപാഠിയുമായി മുങ്ങിയ ഒൻപതാം ക്ലാസുകാരാന്മാരായ ഷെഹീനും അജിൻഷയും; കേരളാ പൊലീസിനെ ഒരുരാത്രി ഭയപ്പാടിൽ നിർത്തിയത് നാല് മിസ്സിങ് കേസുകൾ; കൊല്ലത്ത് നിന്ന് കാണാതായ ദേവനന്ദയ്‌ക്കൊപ്പം കേരളം പ്രാർത്ഥിച്ചത് മറ്റ് മൂന്ന് കുട്ടികൾക്കുമായി; സ്ഥിരമായി നാടുവിടുന്ന ഷെഹീനെ കണ്ടെത്തിയത് സുഹൃത്തിനൊപ്പം തമ്പാനൂരിൽ നിന്ന്; കേരളത്തെ ഭയപ്പാടിൽ നിർത്തിയ ഒരുരാത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തരപുരം: നിലമ്പൂരിൽ നിന്നും ഇന്നലെ കാണാതായ രണ്ട് കുട്ടികളേയും തിരുവനന്തപുരം തമ്പാനൂരിൽ നിന്നും കണ്ടെത്തി. നിലമ്പൂർ അകമ്പാടം നമ്പൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്റെ മകൻ ഷഹീൻ എന്ന കുട്ടിയെ ഇന്നലെ വൈകിട്ട് മുതൽ കാണാനില്ലെന്ന് നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. നിലമ്പൂർ എരഞ്ഞിമങ്ങാട് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഷഹീനെയും സഹപാഠി അജിൻഷാദിനെയുമാണ് ഇന്നലെ തന്നെ നിലമ്പൂരിൽ നിന്നും കാണാതായത്. രണ്ടു പേരും ഒരേ ക്ലാസിലെ സഹപാഠികളും സുഹൃത്തുക്കളുമാണ്. നിലമ്പൂർ പൊലീസ് സ്റ്റേഷൻ ലിമിറ്റിൽ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്.

രാവിലെ സ്‌കൂളിലേക്ക് പോയ ഷഹീൻ പിന്നീട് തിരിച്ചു വന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷഹീനൊപ്പം സഹപാഠിയായ അജിൻഷാദിനേയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ഇരുവരും ഒരുമിച്ച് നാട് വിട്ടിരിക്കാം എന്ന നിഗമനത്തിൽ എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നൽകി.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് രാവിലെ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് പേരെയും റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇരുവരേയും റെയിൽവേ പൊലീസ് പിന്നീട് ചൈൽഡ് ലൈനിന് കൈമാറി. ഇന്നലെ വൈകിട്ടോടെയാണ് ഇവരെ കാണാനില്ലെന്ന പരാതി നിലമ്പൂർ പൊലീസിന് ലഭിച്ചത്. രാവിലെ സ്‌കൂളിൽ രണ്ടുപേരും എത്തിയിരുന്നു. ഉച്ചവരെ ക്ലാസിലുമുണ്ടായിരുന്നു. പക്ഷെ ഉച്ചയ്ക്ക് ശേഷം വിദ്യാർത്ഥികൾ ക്ലാസിൽ വന്നില്ല. ക്ലാസിൽ വിദ്യാർത്ഥികൾ എത്താത്ത കാര്യം വീട്ടുകാരും അറിഞ്ഞില്ല. കുട്ടികൾ വീട്ടിലേക്ക് പോയെന്ന ധാരണയാണ് സ്‌കൂൾ അധികൃതർക്കുണ്ടായിരുന്നത്.

സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥികളെക്കുറിച്ച് വീട്ടുകാരും ചിന്തിച്ചില്ല. ഷഹീൻ സ്‌കൂൾ വിട്ടു കഴിഞ്ഞാൽ എത്തുന്നത് വൈകീട്ട് ആറുമണിയോടെയാണ്. സ്‌കൂൾ വിട്ടാൽ കളിക്കാൻ പോകും. അത് കഴിഞ്ഞു തൊട്ടടുത്തുള്ള അമ്മായിയുടെ വീട്ടിലും പോകാറുണ്ട്. അതുകൊണ്ട് തന്നെ വൈകീട്ട് ഷഹീൻ എത്താതായപ്പോൾ വീട്ടുകാർക്ക് സംശയം തോന്നിയില്ല. പക്ഷെ ആറു മണി കഴിഞ്ഞും ഷഹീൻ എത്താതായതോടെയാണ് അന്വേഷണം തുടങ്ങിയത്. അമ്മായിയുടെ വീട്ടിലും എത്തിയിട്ടില്ലെന്ന് അവരും പറഞ്ഞു. ഇതോടെ തീവ്രമായ അന്വേഷണമായി.

സ്‌കൂളിൽ അന്വേഷിച്ചപ്പോൾ ഉച്ചയ്ക്ക് ശേഷം രണ്ടുപേരും ക്ലാസിൽ എത്തിയിട്ടില്ലെന്നു സ്‌കൂളിൽ നിന്നും അറിയിക്കുകയും ചെയ്തു. ഷഹീനു ഒപ്പം ഇതേ ക്ലാസിലെ അജിൻഷാദിനെയും കാണാനില്ലെന്നു ബന്ധുക്കൾക്ക് പെട്ടെന്ന് തന്നെ മനസിലായി. അജിൻഷാദിനെ കാണാനില്ലെന്ന് മനസിലായപ്പോൾ അവരും തിരച്ചിൽ തുടങ്ങിയിരുന്നു. രണ്ടു വീട്ടുകാരും പരാതിയുമായി നിലമ്പൂർ സ്റ്റേഷനിൽ ഇവർ എത്തുകയും ചെയ്തു. വിദ്യാർത്ഥികൾ എവിടെയുണ്ടെന്നു ആർക്കുമറിയില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നാണ് നിലമ്പൂർ പൊലീസ് മറുനാടനോട് പറഞ്ഞു. ഷഹീനെ ആദ്യമായാണ് കാണാതാകുന്നത്. പക്ഷെ ഒപ്പമുള്ള അജിൻഷാദിനെ ഇടയ്ക്ക് കാണാത്ത പ്രശ്‌നം വരാറുണ്ട്. അജിൻഷാദിനു ഇടയ്ക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന സ്വഭാവമുണ്ടിയിരുന്നു.

ഇന്നു രാവിലെ ഇവരെ തമ്പാനൂരിൽ നിന്ന് കണ്ടെന്നു ഒരു യുവതി വിളിച്ചു പറഞ്ഞതായി ഷഹീന്റെ ബന്ധുവായ മുഹ്‌സിൻ മറുനാടനോട്
മുൻപ് പ്രതികരിച്ചത്. പക്ഷെ എവിടെ കണ്ടെന്നോ തുടർന്ന് ഇവർ എങ്ങോട്ട് പോയെന്നോ ഒരു വിവരവും ഇല്ല. കണ്ടെന്നല്ലാതെ യുവതി കൂടുതൽ ഒന്നും പറഞ്ഞില്ലെന്നും മുഹ്‌സിൻ പറഞ്ഞു. നിലമ്പൂർ എരഞ്ഞിമങ്ങാട് അകമ്പാടം ബാബു ഷരീഫിന്റെയും സുബൈദയുടെയും മൂന്നു മക്കളിൽ രണ്ടാമത് മകനാണ് ഷഹീൻ. മൂത്തത് പെൺകുട്ടിയാണ്. താഴെയുള്ളത് ഒരാൺകുട്ടിയാണ്. ഷഹീനെ കാണാതായതിൽ കുടുംബം വിഷമത്തിലാണ്. എവിടെ പോയി എന്ന കാര്യത്തിൽ ഒരറിവും ഇല്ല. സമയം വൈകുന്തോറും ഞങ്ങൾക്ക് അസ്വസ്ഥതയും കൂടുകയാണ്- മുഹ്‌സിൻ പറയുന്നു.

ദേവനന്ദയെ കാണാനില്ലാത്ത സമയത്ത് തന്നെയാണ് രണ്ടു സ്‌കൂൾ വിദ്യാർത്ഥികളും മിസ്സിങ് ആയിരിരുന്നത്. ദേവനന്ദയെ കാണാതായപ്പോൾ കുട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നടന്ന പ്രചാരണം ഇപ്പോൾ ഷഹീന് വേണ്ടിയും നടക്കുന്നിരുന്നു. ഷഹീന്റെ ചിത്രവും വിവരങ്ങളും സഹിതമാണ് ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.ഇന്നലെ തന്നെ തിരുവനന്തപുരം കമലെശ്വരത്ത് നിന്നും മറ്റൊരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായിരുന്നു. തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂൾ വിദ്യാർത്ഥിയായ മുസ്തഫയെയാണ് കാണാതായത്. മുസ്തഫയെ പക്ഷെ ഇന്നലെ രാത്രി പത്തോട് കൂടി ചിറയിൻകീഴ് വെച്ച് കണ്ടു കിട്ടിയിരുന്നു. അമ്മയോട് പിണങ്ങി കായംകുളത്തുള്ള അമ്മയുടെ കുടുംബവീട്ടിലേക്ക് ഒറ്റയ്ക്ക് സൈക്കിളിൽ യാത്ര തിരിക്കവെയാണ് മുസ്തഫ ചിറയിൻകീഴ് വെച്ച് കണ്ടുപിടിക്കപ്പെടുന്നത്. ഫോൺ വിളിക്കാൻ ഒരു കടയുടമയെ സമീപിച്ചപ്പോൾ കാര്യം മനസിലാക്കി കടയുടമ മുസ്തഫ തന്ന നമ്പറിൽ നിന്ന് വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഇതോടെ രാത്രി പത്തു മണിയോടെ വീട്ടുകാർ എത്തി മുസ്തഫയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

എന്തായാലും സംസ്ഥാനത്ത് കുട്ടികൾ കാണാതാകുന്ന സംഭവങ്ങൾ കൂടുകയാണ്. 2017 നുശേഷം കുട്ടികളെ കാണാതാകുന്ന കേസുകൾ വലിയ രീതിയിൽ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2017ൽ നൂറു കുട്ടികളെയാണു തട്ടിക്കൊണ്ടുപോയതെങ്കിൽ 2018ൽ ഇത് 205 ആയി ഉയർന്നു. 2016 മെയ്‌ മുതൽ 2019വരെ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. ആലപ്പുഴയാണ് ഇത്തരം കേസുകളുടെ കാര്യത്തിൽ മുന്നിൽ. തിരുവനന്തപുരം സിറ്റി 34, തിരുവനന്തപുരം റൂറൽ40, കൊല്ലം സിറ്റി32,കൊല്ലം റൂറൽ3, പത്തനംതിട്ട8, ആലപ്പുഴ59, കോട്ടയം38, ഇടുക്കി18, എറണാകുളം സിറ്റി27, എറണാകുളം റൂറൽ46, തൃശൂർ സിറ്റി10, തൃശൂർ റൂറൽ32, പാലക്കാട്45, മലപ്പുറം22, കോഴിക്കോട് സിറ്റി39, കോഴിക്കോട് റൂറൽ45, വയനാട്32, കണ്ണൂർ21, കാസർകോട്24, റെയിൽവേ3 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP