തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജ് പാക് തലസ്ഥാനമായ ഇസ്ലാമബാദിലെ ജിന്ന അവന്യുവിലോ? ക്രിക്കറ്റ് പിച്ച് നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ച പരസ്യത്തിൽ പ്രിൻസിപ്പലിന്റെ മുറി ജിന്ന അവന്യുവിലെ എച്ചബിഎൽ ടവറിലെ ആറാം നിലയിൽ; ഒരെത്തും പിടിയും കിട്ടാതെ കോളേജ് പിടിഎ; പുലിവാല് പിടിച്ചത് 'ദി ഹിന്ദു' പത്രത്തിലെ പരസ്യവിഭാഗവും
November 21, 2019 | 08:04 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഡിജിറ്റൽ കാലത്ത് പത്രപരസ്യങ്ങൾക്ക് പ്രസക്തി കുറഞ്ഞുവെന്ന് ആരു പറഞ്ഞു? ആവശ്യക്കാരൻ വേണ്ടപ്പെട്ട കാര്യം കണ്ടുപിടിക്കാൻ പത്രത്താളുകളിലൂടെ കണ്ണോടിക്കുക തന്നെ ചെയ്യും. ക്ലാസിഫൈഡ് പരസ്യങ്ങൾ വിശേഷിച്ചും. ടെൻഡറുകൾ, ദർഘാസുകൾ അങ്ങനെ എന്തെല്ലാം. വാർത്തകൾ വായിച്ചില്ലെങ്കിലും ഇതുമാത്രം നോക്കുന്നവർ എത്രയോ. അതുകൊണ്ട് തന്നെ കൊടുക്കുന്ന ടെൻഡറുകളുടെയും അവയുടെ ലേ ഔട്ടിന്റെയും കൃത്യത ഉറപ്പാക്കിയില്ലെങ്കിൽ പരസ്യവിഭാഗത്തിന് പണി കിട്ടുമെന്ന് ഉറപ്പ്. അങ്ങനെയൊരു പണിയാണ് ദി ഹിന്ദുപത്രത്തിന്റെ കൊച്ചി എഡിഷന് സംഭവിച്ചത്. ഒരു ടെൻഡറാണ് വിഷയം. തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളേജിൽ ക്രിക്കറ്റ് പിച്ച് നിർമ്മാണത്തിനാണ് ബന്ധപ്പെട്ടവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. വായിച്ച് വായിച്ച് താഴേക്ക് ചെല്ലുമ്പോൾ പ്രിൻസിപ്പലിന്റെ വിലാസം കണ്ടാണ് വായനക്കാർ ഞെട്ടിയത്. പ്രിൻസിപ്പൽ, സിക്സ്ത് ഫ്ളോർ, എച്ച്ബിഎൽ ടവർ, ജിന്ന അവന്യു, ബ്ലു ഏരിയ, ഇസ്ലാമബാദ്. ഫോൺ നമ്പറും കൊടുത്തിട്ടുണ്ട്. വായിച്ചവർക്കൊന്നും ഒരുപിടിയും കിട്ടിയില്ല. എന്താണാവോ സംഭവിച്ചത്.
തൃക്കാക്കര കോളേജിൽ അന്വേഷിച്ചപ്പോൾ അവർ പരസ്യം ശ്രദ്ധിച്ചിട്ട് തന്നെയുണ്ടായിരുന്നില്ല. ഏതായാലും ക്രിക്കറ്റ് പിച്ച് നിർമ്മാണത്തിന് സീൽഡ് ടെൻഡറുകൾ വിളിച്ചിരിക്കുന്നത് കോളേജിലെ പിടിഎയാണ്. ഈ മാസം 29 ന് രണ്ടുമണിക്ക് മുമ്പാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്. വെബ്സൈറ്റ് വിലാസവും കൊടുത്തിട്ടുണ്ട്. എന്നാൽ സംഗതി പത്രത്തിൽ വന്നപ്പോൾ പാക്കിസ്ഥാനിലെ വിലാസമായി. ഇസ്ലാമബാദുകാരല്ല, കോളേജിലെ പിടിഎ തന്നെയാണ് പിച്ച് നിർമ്മിക്കുന്നതെന്നും കോളേജ് അധികൃതർ വ്യക്തമാക്കി.
ഏതായാലും പുലിവാല് പിടിച്ചത് ദി ഹിന്ദുവിലെ പരസ്യവിഭാഗം തന്നെ. പരസ്യവിഭാഗത്തിന് സംഭവിച്ച പിഴവിനെ കുറിച്ച് ആഭ്യന്തര അന്വേഷണം തുടങ്ങിയതായാണ് സൂചന. തൃക്കാക്കാര മോഡൽ എഞ്ചിനീയറിങ് കോളേജിനെ ഇസ്ലാമബാദിൽ എത്തിച്ചത് എങ്ങനെയെന്നാണ് അറിയേണ്ട്ത്. നോട്ടപ്പിശകാണെങ്കിലും ഇത് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണെന്ന ആരോപണം തള്ളുക വയ്യ.
