Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്നു മാസം മുതൽ ആശുപത്രി വാസം; രണ്ടാം വയസിൽ കിഡ്‌നി മാറ്റം; ഇതുവരെ 35ഓളം ചെറുതും വലുതുമായ സർജിക്കൽ പ്രക്രിയ; വേദന ശരിക്കറിഞ്ഞ ആ കുരുന്നു മനസ് മറ്റുള്ളവരുടെ വേദനയും തിരിച്ചറിഞ്ഞു; ഗൂഗിൾ വഴി ചെറിയ കുട്ടികൾക്കുള്ള ജോലി അന്വേഷിച്ച ആൽവിൻ പണമുണ്ടാക്കുന്നത് ജീവകാരുണ്യത്തിന്; മലയാളി കായിക മേളയിൽ ബോണ്ടയും പഴംപൊരിയും വിറ്റ് നാലാം ക്ലാസുകാരൻ നേടിയത് 20,000 രൂപ; അങ്കമാലി എംഎൽഎ റോജി ജോണിന്റെ സഹോദരി പുത്രൻ യുകെ മലയാളികൾക്കിടയിൽ താരമാകുമ്പോൾ

മൂന്നു മാസം മുതൽ ആശുപത്രി വാസം; രണ്ടാം വയസിൽ കിഡ്‌നി മാറ്റം; ഇതുവരെ 35ഓളം ചെറുതും വലുതുമായ സർജിക്കൽ പ്രക്രിയ; വേദന ശരിക്കറിഞ്ഞ ആ കുരുന്നു മനസ് മറ്റുള്ളവരുടെ വേദനയും തിരിച്ചറിഞ്ഞു; ഗൂഗിൾ വഴി ചെറിയ കുട്ടികൾക്കുള്ള ജോലി അന്വേഷിച്ച ആൽവിൻ പണമുണ്ടാക്കുന്നത് ജീവകാരുണ്യത്തിന്; മലയാളി കായിക മേളയിൽ ബോണ്ടയും പഴംപൊരിയും വിറ്റ് നാലാം ക്ലാസുകാരൻ നേടിയത് 20,000 രൂപ; അങ്കമാലി എംഎൽഎ റോജി ജോണിന്റെ സഹോദരി പുത്രൻ യുകെ മലയാളികൾക്കിടയിൽ താരമാകുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ചിന്തയിൽ നിറയുന്നത് എന്തൊക്കെ കാര്യങ്ങൾ ആയിരിക്കും? സാധാരണ ഗതിയിൽ വിഡിയോ ഗെയിം, പുതുതായി വിപണിയിൽ എത്തുന്ന കളിക്കോപ്പുകൾ, വീട്ടുകാരും ഒത്തു പ്ലാൻ ചെയ്തിട്ടുള്ള വിനോദ സഞ്ചാര പരിപാടികൾ, പുതുതായി എത്തുന്ന ഡിസ്‌നി സിനിമ എന്നിവ ഒക്കെ ആയിരിക്കും. എന്നാൽ കെന്റിലെ ജില്ലിൻഹം നിവാസിയായ റോബെർട്ടിന്റെയും റിൻസിയുടെയും നാലാം ക്ലാസിൽ പഠിക്കുന്ന മകൻ ആൽവിന് ഇതൊന്നും ചിന്തിക്കാൻ അധികം സമയമില്ല. ചെറുപ്പത്തിലേ ഗുരുതരമായ കിഡ്‌നി രോഗം പിടിപെട്ട ആൽവിൻ പിതാവിന്റെ കിഡിനിയുമായാണ് ജീവിക്കുന്നത്. ഇക്കാലമത്രയും വേദനിക്കുന്നവരുടെയും വിഷമിക്കുന്നവരുടെയും മുഖങ്ങളാണ് ആൽവിൻ അധികവും കണ്ടിരിക്കുന്നത്.

കാരണം രണ്ടു വയസു മുതൽ മിക്കവാറും ആശുപത്രി വാസം പരിചിതമാണ് ഈ കുരുന്നു മനസിന്. കണ്ണൂർ സ്വദേശിയായ റോബെർട്ടിന്റെയും അങ്കമാലി സ്വദേശിനീ റിൻസിയുടെയും നാലു മക്കളിൽ മൂന്നാമൻ ആണ് ആൽവിൻ. അങ്കമാലി എം എൽ എ റോജി ജോണിന്റെ സഹോദരി കൂടിയാണ് റിൻസി. മറ്റുള്ളവരെ സഹായിക്കുക എന്ന ചിന്ത ഒരുപക്ഷെ ആൽവിന് കുടുംബപാരമ്പര്യം കൂടി ആയിരിക്കണം. ഇക്കഴിഞ്ഞ മഹാപ്രളയത്തിൽ കേരളത്തിൽ ദുരിതം നേരിട്ടവർക്കു ഏറ്റവും അധികം സഹായം എത്തിച്ച എം എൽ എ മാരിൽ ഒരാൾ കൂടിയാണ് റോജി ജോൺ. അനവധി വീടുകളാണ് ഇദ്ദേഹത്തിന്റെ ശ്രമഫലമായി അങ്കമാലിയും പരിസര പ്രദേശത്തുമായി പൂർത്തിയായിരിക്കുന്നത്.

അടുത്ത നാളിൽ ലണ്ടനിലെ കുട്ടികളുടെ എവ്‌ലിനാ ഹോസ്പിറ്റലിൽ നിന്നും പതിവ് ചെക് അപ് കഴിഞ്ഞു വന്ന ആൽവിൻ വീട്ടിൽ എത്തി ആദ്യം ചെയ്തത് 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് എന്ത് ജോലി ചെയ്യാൻ പറ്റും എന്നതാണ്. വലിയ ഗൗരവത്തിൽ ഇവൻ എന്തെടുക്കുന്നു എന്ന് സഹോദരങ്ങൾ തിരക്കിയപ്പോഴാണ് ആൽവിൻ തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നത്. എത്രയും വേഗം ഒരു ജോലി കണ്ടെത്തണം, കുറേപ്പേരെ എങ്ങനെ എങ്കിലും സഹായിക്കണം. പെട്ടെന്ന് എന്താ ഇങ്ങനെ തോന്നാൻ എന്ന് തിരക്കിയപ്പോൾ അതിനും ഉത്തരം വന്നു. പതിവായുള്ള ആശുപത്രി വാസത്തിനിടയിലാണ് ഒരിക്കൽ ഹോസ്പിറ്റലിൽ ചിൽഡ്രൻ ഇൻ നീഡ് പ്രോഗ്രാം നടക്കുന്നത്. അവിടെ ഉണ്ടായിരുന്ന ആരോ ആണ് ആൽവിന് ചാരിറ്റിയെ പരിചയപ്പെടുത്തുന്നത്. അപ്പോൾ മുതൽ ചാരിറ്റിക്കായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് ആൽവിനെ പിടികൂടിയത്.

ഒടുവിൽ പതിവ് പോലെ പ്രശ്നം അമ്മയുടെ അടുത്തെത്തി. പയ്യൻ സീരിയസ് ആണെന്ന് കണ്ടപ്പോൾ എല്ലാവരും ആലോചനയായി. ചെറിയ കുട്ടികൾക്ക് ജോലി ചെയ്തു പണം കണ്ടെത്താൻ പറ്റില്ലെന്ന് ഉറപ്പായി. എങ്കിൽ അടുത്തുള്ള പാർക്കിൽ പോയി ലെമണേയ്ഡ് വിറ്റാലോ എന്നായി ആൽവിന്റെ ചിന്ത. അതൊന്നും നടക്കുന്ന കാര്യം അല്ലെന്നും പട്ടികളുമായി നടക്കാൻ എത്തുന്നവർക്ക് ബുദ്ധിമുട്ടു ആകാൻ ഇടയുള്ള കാര്യമാണെന്നും ആൽവിൻ തന്നെ കണ്ടെത്തി. ഈ ഘട്ടത്തിലാണ് മലയാളി അസോസിയേഷന്റെ കായിക മേള വന്നെത്തുന്നത്. ആൽവിനും സഹോദരങ്ങളും ഇതൊരവസരമായി എടുത്തു. പ്രശ്നം വീണ്ടും അമ്മക്ക് മുന്നിൽ എത്തി. അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചപ്പോൾ അവർക്കു നൂറു സമ്മതം. പിന്നെ കാര്യങ്ങൾ വേഗത്തിലായി. നൂറിലേറെ ബോണ്ടയും പഴപൊരിയും ഒക്കെ അമ്മയും മക്കളും കൂടി തയ്യാറാക്കി.

സ്റ്റാളിൽ ചെറുകടികൾ എടുത്തു വയ്ക്കും മുന്നേ സാധനം തീരുന്ന അവസ്ഥ. ഏതായാലും തണ്ണിമത്തനും വീട്ടിലെ കേക്കും ഐസ് ക്രീമും കുടിവെള്ളവും ഒക്കെ വിറ്റ് ചെലവ് കഴിഞ്ഞു കിട്ടിയ ലാഭം എണ്ണി നോക്കിയപ്പോൾ ആൽവിന്റെ കുസൃതി നിറഞ്ഞ കണ്ണുകൾ വിടർന്നു. മൊത്തം കിട്ടിയ ലാഭം 203 പൗണ്ട്( ഏതാണ്ട് 20,000 രൂപ). ആരോടും ചോദിക്കാതെ താൻ ആദ്യമായി സമ്പാദിച്ച പണം. അതിനി ധൈര്യമായി എവ്‌ലിൻ ഹോസ്പിറ്റലിലെ കുട്ടികളുടെ ജീവകാരുണ്യ പ്രവർത്തനത്തിനായി നൽകാം. തന്നെക്കൊണ്ട് ഇത്രയൊക്കെ സാധിച്ചല്ലോ എന്ന് ആൽവിൻ പറയുമ്പോൾ സമൂഹത്തിനു അതൊരു ചൂണ്ടുവിരൽ കൂടിയായി മാറുകയാണ്.

എത്ര പണം കയ്യിൽ ഉണ്ടെങ്കിലും ഒരു നയാ പൈസ മറ്റൊരാളെ സഹായിക്കാൻ മടിയുള്ളവർ ഇപ്പോഴും ധാരാളമാണ്. അവർക്കിടയിൽ ഉദിച്ചു നിൽക്കുന്ന സുവർണ താരമാണ് ആൽവിനെ പോലെയുള്ള അസാധാരണ പ്രതിഭകൾ. ഫുഡ് സ്റ്റാളിൽ പണം വാങ്ങാനും സാധനങ്ങൾ എടുത്തു നൽകാനും ഒക്കെ ആൽവിൻ കാട്ടിയ മിടുക്കു അമ്പരപ്പിക്കുന്നതാണ്. സാധാരണ ഈ പ്രായത്തിലെ കുട്ടികൾ നാണം കുണുങ്ങികൾ ആയി മാറി നിൽക്കെ മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി കഷ്ടപ്പെടാൻ തയാറായ ആൽവിന് സ്നേഹം കൂടി പകുത്തു നൽകിയാണ് സ്റ്റാളിൽ എത്തിയവർ ഭക്ഷണം വാങ്ങി പിന്തുണ നൽകിയത്. ബോണ്ടയും പഴംപൊരിയും ഒക്കെ കഴിച്ചവർ നല്ല ടെയ്സ്റ്റ് എന്ന് കൂടി പറഞ്ഞതോടെ ആൽവിൻ ആ ക്രെഡിറ്റ് മൊത്തം അമ്മയ്ക്ക് നൽകിയിരിക്കുകയാണ്.

ചാരിറ്റിക്ക് ഇറങ്ങിയതിനു അറിയാതെ ലഭിച്ച സമ്മാനം എന്നോണമാണ് ഇന്നലെ സ്‌കൂളിൽ നിന്നും മികച്ച വിദ്യാർത്ഥിക്കുള്ള മെറിറ്റ് അവാർഡും ആൽവിനെ തേടിയെത്തിയത്. ഇതോടെ പയ്യൻ ഇരട്ടി സന്തോഷത്തിലാണ്. ആൽവിൻ പഠിക്കുന്ന ബെയ്‌റോൺ പ്രൈമറി സ്‌കൂളിലെ ചെറു വി ഐപി കൂടിയാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ സ്‌കൂളിലെ ഏറ്റവും കരുണയും സ്നേഹവും ആർദ്രതയും ഉള്ള കുട്ടിയാരെന്ന അന്വേഷണം ചെന്നെത്തിയത് ആൽവിനിലേക്കാണ്. അന്ന് ഹാർട്ട് ഓഫ് ബെയ്‌റോൺ എന്ന സമ്മതപത്രം നൽകിയാണ് സ്‌കൂൾ ആൽവിൻ ആദരിച്ചത്. ആൽവിൻ ചെയ്ത നന്മയെക്കുറിച്ചറിഞ്ഞ കെന്റിലെ ഇംഗ്ലീഷ് പ്രാദേശിക പത്രവും ചാരിറ്റി പ്രവർത്തനത്തെക്കുറിച്ചു ചോദിച്ചറിഞ്ഞിട്ടുണ്ട്. ആൽവിന് പിന്തുണയായി മികച്ച റിപ്പോർട്ട് തന്നെ പ്രസിദ്ധീകരിക്കും എന്നാണ് പത്രത്തിന്റെ വാഗ്ദാനം.

ആൽവിൻ സമാഹരിച്ച പണം ദേശ വ്യാപകമായി അവയവ മാറ്റം നടത്തിയവരുടെ ദേശീയ കായിക മേളയിലേക്കാണ് ചിലവഴിക്കുക. ആൽവിനും ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. ജനിച്ചു മൂന്നു മാസം മുതൽ ആശുപത്രി വാസം ആരംഭിച്ച ആൽവിൻ രണ്ടു വയസിൽ കിഡ്‌നി മാറ്റത്തിനു വിധേയനായ ശേഷം ഇതുവരെ 35 ഓളം ചെറുതും വലുതുമായ സർജിക്കൽ പ്രക്രിയയിലൂടെ കടന്നു പോയിരിക്കുകയാണ്. വേദന എന്തെന്നു ശരിക്കറിഞ്ഞ ആ കുരുന്നു മനസിന് മറ്റുള്ളവരുടെ വേദന എങ്ങനെ കാണാതിരിക്കാനാകു . ആൽവിൻ ഏറ്റെടുത്ത നന്മ തിരിച്ചറിഞ്ഞു കെന്റ് മലയാളി സമൂഹം തങ്ങൾക്കിടയിലെ ഹീറോയായാണ് ഇപ്പോൾ ആൽവിനെ കാണുന്നത്. മറ്റുള്ളവർക്ക് തോന്നാത്തത്, ചെയ്യാൻ കഴിഞ്ഞ മനസിന്റെ ഉടമ പ്രായം കൊണ്ടല്ല, മനസിന്റെ വലിപ്പം കൊണ്ടാണ് ആദരിക്കപ്പെടേണ്ടതെന്നു കൂടിയാണ് കെന്റ് മലയാളി സമൂഹം ഇപ്പോൾ തിരിച്ചറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP