Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണയെന്ന ഇരുട്ടിന് പ്രകാശത്തിലൂടെ മറുപടി നൽകാം; ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് എല്ലാവരും വീട്ടിലെ ലൈറ്റുകൾ ഓഫാക്കണം; അതിന് ശേഷം കൈയിൽ ടോർച്ചോ മൊബൈലോ തെളിച്ച് ഒൻപത് മിനിറ്റ് വെളിച്ചം തെളിയിക്കണം; ഇതിനായി ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്; ലോക് ഡൗണിൽ ആരും ഒറ്റപ്പെടുന്നില്ലെന്ന സന്ദേശം അന്ധകാരത്തെ വെളിച്ചത്തിലൂടെ ഇല്ലായ്മ ചെയ്ത് നമുക്ക് നൽകാം; കൊറോണക്കാലത്ത് പുതിയ ചലഞ്ചുമായി മോദി; ഐക്യം പ്രകടനത്തിന് ആഹ്വാനവുമായി വീണ്ടും പ്രധാനമന്ത്രി

കൊറോണയെന്ന ഇരുട്ടിന് പ്രകാശത്തിലൂടെ മറുപടി നൽകാം; ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് എല്ലാവരും വീട്ടിലെ ലൈറ്റുകൾ ഓഫാക്കണം; അതിന് ശേഷം കൈയിൽ ടോർച്ചോ മൊബൈലോ തെളിച്ച് ഒൻപത് മിനിറ്റ് വെളിച്ചം തെളിയിക്കണം; ഇതിനായി ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്; ലോക് ഡൗണിൽ ആരും ഒറ്റപ്പെടുന്നില്ലെന്ന സന്ദേശം അന്ധകാരത്തെ വെളിച്ചത്തിലൂടെ ഇല്ലായ്മ ചെയ്ത് നമുക്ക് നൽകാം; കൊറോണക്കാലത്ത് പുതിയ ചലഞ്ചുമായി മോദി; ഐക്യം പ്രകടനത്തിന് ആഹ്വാനവുമായി വീണ്ടും പ്രധാനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗണിനോട് രാജ്യത്തെ ജനങ്ങൾ നിന്നായി പ്രതികിരച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോജി. പല രാജ്യങ്ങളും ഇത് മാതൃകയാക്കി. ലോക് ഡൗൺ പ്രഖ്യാപിച്ച് ഒൻപത് ദിവസമായി. കോവിഡിനെ നേരിടാൻ ഇനിയും മുമ്പോട്ട് പോകാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും സമൂഹ പ്രതിബന്ധത കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവർ കഷ്ടതയിലാണ്. അവരെ പ്രതീക്ഷയിലേക്ക് കൊണ്ടു പോകണമെന്നും മോദി ആവശ്യപ്പെട്ടു.

അഞ്ചാം തീയതി എല്ലാവരും ചേർന്ന് കോറോണയെന്ന ഇരുട്ടിന് മറുപടി നൽകണം. ഈ അഞ്ചാം തീയതി പ്രകാശത്തിലൂടെ ഇതിന് മറുപടി നൽകണം. എല്ലാ ദേശവാസികളും ഒരുമിക്കണം. പുതിയ തലത്തിലേക്ക് കൊണ്ടു പോകണം. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ ലൈറ്റുകളും അടയ്ക്കണം. അതിന് ശേഷം ഒൻപത് മിനിറ്റ് വെളിച്ചം തെളിക്കണം. മൊബൈലും ടോർച്ചും എല്ലാം ഉപയോഗിക്കാം. കൊറോണയെന്ന അന്ധകാരത്തെ ഈ വെളിച്ചത്തിലൂടെ തോൽപ്പിക്കാം. ഈ സമയം വീട്ടിലെ എല്ലാ വിളക്കും അണയ്ക്കണം. ഇതിലൂടെ പ്രകാശത്തിന്റെ മഹാശക്തിയെ തിരിച്ചറിയാം. അങ്ങനെ നമുക്ക് കരുത്ത് കാട്ടാം-മോദി പറഞ്ഞു. നേരത്തെ ആരോഗ്യ പ്രവർത്തകർക്കായി ജനതാ കർഫ്യൂ ദിനത്തിൽ കൈയടിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് സമാനമാണ് ഇപ്പോഴത്തെ ചലഞ്ചും.

ലോക്ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദി.. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലർക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്. ഏപ്രിൽ അഞ്ച് വെളിച്ചമാകണം. അന്നു രാത്രി 9ന് വീടിനു മുന്നിൽ 9 മിനിറ്റ് ദീപം തെളിക്കണം. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണിൽ തുടരവെ ജനങ്ങളോടു മോദി ആഹ്വാനം ചെയ്തു.

ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലേക്കോ, ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ഉയർത്തുന്ന ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. വീട്ടിലെ ബാൽക്കണിയിലോ വാതിലിലോ നില്ക്കുക. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്നും മോദി അഭിപ്രായപ്പെടുന്നു.

ആരും ഒറ്റയ്ക്കല്ലെന്ന് തെളിയിക്കാനാണ് ഇപ്പോൾ പ്രകാശം രാത്രിയിൽ തെളിയിക്കാനുള്ള ആവശ്യം. ലോക് ഡൗണിൽ ആരും ഒറ്റയ്ക്കല്ല-ഇതു പറഞ്ഞാണ് പുതിയ ചലഞ്ച് മോദി മുമ്പോട്ട് വയ്ക്കുന്നത്. പത്ത് മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് മോദി നൽകിയത്. ലോക്ക്ഡൗണിനോടുള്ള ജനങ്ങളുടെ സഹകരണത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ലോക്ക് ഡൗൺ ഒൻപത് ദിവസമായെന്നും ഇതിനോട് ഇന്ത്യയിലെ ജനങ്ങൾ നന്നായി സഹകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യം ലോക്ക് ഡൗണിൽ പ്രകടമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോക്ക് ഡൗണിന്റെ നാളുകളിൽ രാജ്യത്തിന്റെ ഭരണ സംവിധാനം നന്നായി പ്രവർത്തിച്ചുവെന്നും മോദി വ്യക്തമാക്കി.

കൊറോണയുടെ അന്തകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിക്കാൻ നമുക്ക് ഒരുമിച്ച് ഈ സമയം നീക്കിവെക്കാമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. രാജ്യം ഒന്നായി കൊറോണയോട് പൊരുതുകയാണെന്നും ആരും ഒറ്റയ്ക്കല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ജനതാ കർഫ്യൂ ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സന്നദ്ധ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അർപ്പിച്ചതിലൂടെ രാജ്യം ലോകത്തിന് മാതൃകയായി. കൊറോണ കാലത്ത് ഇന്ത്യ സ്വീകരിക്കുന്ന നടപടികളിലെ ലോകം പിന്തുടരുകയാണെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

കൊറോണ വ്യാപനം തടയാൻ അടച്ചിടൽ നിലവിലുള്ള പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശം നൽകിയത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം രണ്ടുവട്ടം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ജനതാകർഫ്യൂ, അടച്ചിടൽ പ്രഖ്യാപനങ്ങൾ നടത്തിയത് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്. വൈകുന്നേരം എട്ട് മണിക്കാണ് സാധാരണ പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നിലെത്താറുള്ളത് പതിവിൽ നിന്ന് വ്യത്യസ്തമായി രാവിലെ 9 മണിക്കാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം എത്തിയത്. അതും രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് നടത്തേണ്ട ചലഞ്ചുമായി.

കൊവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൺസ് മുഖേന ചർച്ച നടത്തിയിരുന്നു. കൊറോണ വ്യപനം തടയാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ചർച്ചയിൽ അദേഹം പ്രശംസിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലെ സാധ്യതകളെക്കുറിച്ച് അദേഹം മുഖ്യമന്ത്രിമാരെ ധരിപ്പിച്ചു. പിഎം കെയർസ് ഫണ്ട് വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകൾ പരക്കുന്നുണ്ട്. പിഎം കെയർ ഫണ്ട് വിദേശ രാജ്യങ്ങളിലെ ഭാരതീയരിൽ നിന്നും വിദേശരാജ്യങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവനകളും സ്വീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദേഹം വ്യക്തമാക്കിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മോദിയുടെ വീഡിയോ സന്ദേശം.

ജനങ്ങളുടെ ഊർജ്ജവും ആത്മവിശ്വാസവും വർധിപ്പിക്കാനും ലോക്ക് ഡൗണിന്റെ പ്രാധാന്യം ബോധിപ്പിക്കാനുമാണ് പ്രധാനമന്ത്രി ഈ പരിപാടിക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോക്ക് ഡൗൺ നീട്ടുമോയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല.

പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം:

എന്റെ പ്രിയപ്പെട്ട സഹപൗരന്മാരേ,

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായ ദേശവ്യാപക ലോക്ഡൗണിന്റെ ഒമ്പതാം ദിവസമാണ് ഇന്ന്. ഈ കാലയളവിൽ നിങ്ങൾ പ്രകടിപ്പിച്ച അച്ചടക്കവും സേവന മനോഭാവവും അനിതരസാധാരണവും ഈ രണ്ടു കാര്യങ്ങളുടെയും അർത്ഥം അതിന്റെ ശരിയായ അർത്ഥത്തിൽ പ്രകടമാക്കുന്നതുമാണ്.

സാധ്യമാകുന്നത്ര മികവുറ്റ വിധം ഈ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാൻ ഗവൺമെന്റും ഭരണസംവിധാനവും പൊതുജനവും കൂട്ടായ മഹദ് പ്രയത്‌നത്തിലേർപ്പെട്ടു. കൊറോണ വൈ റസിനെതിരെ പൊരുതുന്നവർക്ക് നന്ദി അറിയിക്കാൻ മാർച്ച് 22നു നാം സ്വീകരിച്ച രീതി ഇന്നിപ്പോൾ എല്ലാ രാജ്യങ്ങൾക്കും മാതൃകയായിരിക്കുന്നു. പലരും അത് ഇപ്പോൾ പകർത്തുകയാണ്.

അത് ജനതാ കർഫ്യൂവാകട്ടെ, മണികൾ മുഴക്കലാകട്ടെ, കൈയടിയാകട്ടെ, പാത്രങ്ങളിൽ മുട്ടലാകട്ടെ, എല്ലാം പ്രകടമാക്കിയത് ഈ പരീക്ഷണകാലത്ത് രാജ്യത്തിന്റെ യോജിച്ച കരുത്തുതന്നെയാണ്. കൊറോണയ്ക്ക് എതിരായ യുദ്ധത്തിൽ രാജ്യത്തിന് ഒന്നിച്ചു നിൽക്കാൻ സാധിക്കും എന്ന വിശ്വാസം അത് അരക്കിട്ടുറപ്പിച്ചു. നിങ്ങളുടെയും നമ്മുടെ രാഷ്ട്രത്തിന്റെയും ഈ യോജിച്ച ഊർജ്ജം ഈ ലോക്ഡൗൺ കാലത്തും ദൃശ്യമാണ്.

സുഹൃത്തുക്കളേ, ഈ രാജ്യത്തെ കോടിക്കണക്കിന് ആളുകൾ ഇന്ന് സ്വന്തം വീടുകളിൽ ഒതുങ്ങിക്കഴിയുകയാണ്. സ്വന്തം നിലയിൽ തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് ആരും ചോദിച്ചു പോകുന്നത് സ്വാഭാവികവുമാണ്. ഇത്ര വലിയ ഒരു യുദ്ധത്തിൽ തങ്ങൾ എങ്ങനെയാണ് പോരാടേണ്ടത് എന്നതിനേക്കുറിച്ച് ചിലരുടെ വിഷമം. ഈ വിധം എത്ര ദിവസം ചെലവിടേണ്ടി വരും എന്ന് നിരവധിയാളുകൾക്ക് ഉത്കണ്ഠയുണ്ട്.

സുഹൃത്തുക്കളേ, ഇത് നിശ്ചയമായും ലോക്ഡൗൺ കാലമാണ്, നമ്മളിൽ ഭൂരിഭാഗവും നമ്മുടെ വീടുകളിൽ ഒതുങ്ങിയിരിക്കുകയാണ്; പക്ഷേ, നമ്മിൽ ഒരാൾ പോലും ഒറ്റയ്ക്കല്ല. 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ കരുത്ത് നാം ഓരോരുത്തർക്കും ഒപ്പമുണ്ട്, അതാണ് നാം ഓരോരുത്തരുടെയും കരുത്ത്. ഓരോ സമയവും ഈ കൂട്ടായ കരുത്തിന്റെ മഹത്വവും ഗാംഭീര്യവും ദൈവികതയും നമ്മുടെ രാജ്യവാസികൾ അനുഭവിക്കേണ്ടതായുണ്ട്.

സുഹൃത്തുക്കളേ. പൗരാവലിയെ ദൈവത്തിന്റെ തന്നെ സാക്ഷാത്കാരമായാണ് നമ്മുടെ രാജ്യത്ത് കണക്കാക്കപ്പെടുന്നത്. രാഷ്ട്രം ഇത്തരമൊരു വലിയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ ജനതയുടെ രൂപത്തിലാണ് ഈ കൂട്ടായ അതീതശക്തി അനുഭപ്പെടുന്നത്. ഈ അനുഭവം നമ്മുടെ ആത്മവീര്യം വർധിപ്പുക്കുന്നു, നമുക്കു ദിശാബോധവും വ്യക്തതയും നൽകുന്നു. പൊതുവായ ഒരു ലക്ഷ്യവും അതിൽ എത്തിച്ചേരാനുള്ള ഊർജ്ജവും നൽകുന്നു.

സുഹൃത്തുക്കളേ, കൊറോണ പകർച്ചവ്യാധിയുടെ ഇരുട്ട് നമുക്കു ചുറ്റും പരക്കുമ്പോൾ നാം തുടർച്ചയായി വെളിച്ചത്തിലേക്കും പ്രതീക്ഷയിലേക്കും നീങ്ങുകതന്നെ ചെയ്യണം. നമ്മിൽ ആരെയാണ് രോഗം കൂടുതൽ ബാധിച്ചത്, ആ പാവപ്പെട്ട സഹോദരീ സഹോദരന്മാരെ നിരാശയിൽ നിന്നു പ്രതീക്ഷയിലേക്കു കൈപിടിച്ച് ഉയർത്താൻ നാം ശ്രമിച്ചുകൊണ്ടേയിരിക്കണം. പ്രകാശത്തിലേക്കും പ്രത്യാശയിലേക്കും നീങ്ങിക്കൊണ്ട് ഈ പ്രതിസന്ധിയുടെ ഇരുട്ടിനെയും അനിശ്ചിതത്വത്തെയും നാം അവസാനിപ്പിച്ചേ പറ്റുകയുള്ളു. എല്ലാ വശങ്ങളിലേക്കും പ്രകാശത്തിന്റെ ആനന്ദം പ്രസരിപ്പിച്ചുകൊണ്ട് ഈ പ്രതിസന്ധിയുടെ കൂരിരുട്ടിനെ നാം തോൽപ്പിക്കുകതന്നെ ചെയ്യണം.

വരുന്ന ഞായറാഴ്ച, ഏപ്രിൽ അഞ്ചിന് നാം ഒന്നിച്ച് കൊറോണ പ്രതിസന്ധി പരത്തുന്ന ഈ ഇരുട്ടിനെ വെല്ലുവിളിക്കണം; വെളിച്ചത്തിന്റെ കരുത്ത് അറിയിക്കണം, 130 കോടി ഇന്ത്യൻ ജനതയുടെ അതീതശക്തിയായി നാം ഉയിർത്തെഴുന്നേൽക്കണം. 130 കോടി ഇന്ത്യക്കാരുടെ അതിഗംഭീര ഇച്ഛാശക്തി എത്ര വലിയ ഉയരത്തിലും നാം പ്രകടിപ്പിക്കണം.

ഏപ്രിൽ അഞ്ച് ഞായറാഴ്ച ഞാൻ നിങ്ങളെല്ലാവരോടും 9 മിനിറ്റ് ചോദിക്കുകയാണ്, രാത്രി 9 മണിക്ക്. ശ്രദ്ധിച്ചു കേൾക്കുക, ഏപ്രിൽ 5നു രാത്രി 9ന് നിങ്ങളുടെ വീട്ടിലെ എല്ലാ വെളിച്ചങ്ങളും അണയ്ക്കുക, എന്നിട്ട് ഴെുകുതിരിയോ റാന്തലോ മൊബൈൽ ഫോൺ വെളിച്ചമോ ടോർച്ചു ലൈറ്റോ തെളിച്ചുകൊണ്ട് നിങ്ങളുടെ വാതിൽക്കലോ ബാൽക്കണിയിലോ 9 മിനിറ്റു നിൽക്കുക. ഞാൻ ആവർത്തിക്കുന്നു, ഏപ്രിൽ 5നു രാത്രി 9ന് 9 മിനിറ്റ്.

വീട്ടിലെ എല്ലാ വെളിച്ചങ്ങളും കെടുത്തി നാം എല്ലാവരും ഒരേ ദിശയിൽ മനസ്സുറപ്പിച്ചു നിൽക്കുന്നത് ഒരു പ്രഭാപൂരിതമായ വേളയാണ്. നാം അപ്പോൾ അനുഭവിക്കുന്നത് വെളിച്ചത്തിന്റെ അതീതശക്തിയായിരിക്കും; എല്ലാവരും എന്തിനു വേണ്ടിയാണോ കൂട്ടായി പൊരുതുന്നത് ആ പൊതുവായ ലക്ഷ്യത്തിന്റെ പ്രഭാപൂരത്തിലാകും നാം. ആ വെളിച്ചത്തിൽ, ആ പ്രഭയിൽ, രശ്മികളിൽ, നാം ഒന്നാണ് എന്ന ദൃഢപ്രതിജ്ഞ മനസ്സുകളിൽ ഉറപ്പിക്കാം; പൊതു ലക്ഷ്യത്തിനു വേണ്ടി കൂട്ടായ പ്രതിബദ്ധതയോടെ നിലകൊള്ളുന്ന 130 കോടി ഇന്ത്യക്കാരിൽ ഒരാൾ പോലും ഒറ്റയ്ക്കല്ല എന്നുറപ്പിക്കാം.

സുഹൃത്തുക്കളേ, ഇതുമായി ബന്ധപ്പെട്ട് എനിക്ക് ഒരു അഭ്യർത്ഥന കൂടിയുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുമ്പോൾ നമ്മിലൊരാളും ഒരിടത്തും ഒത്തുകൂടരുത്. റോഡിൽ ഇറങ്ങിപ്പോകരുത്, നിങ്ങളുടെ പ്രദേശത്തെ തെരുവിൽപ്പോലും ഇറങ്ങരുത്; നിങ്ങളുടെ വീടിന്റെ വാതിൽപ്പടിയിലോ ബാൽക്കണിയിലോ നിൽക്കുക. സാമൂഹിക അകലം പാലിക്കലിന്റെ 'ലക്ഷ്മണരേഖ' ഒരാൾ പോലും മറികടക്കരുത്. ഒരു സാഹചര്യത്തിലും സാമൂഹിക അകലം പാലിക്കൽ ലംഘിക്കരുത്. കൊറോണ രോഗാണുവിന്റെ കണ്ണി മുറിക്കാനുള്ള ഒരേയൊരു വഴി അതു മാത്രമാണ്.

ഏപ്രിൽ 5 രാത്രി 9. കുറച്ചുസമയം ഏകാന്തതയെ ഭജിക്കുക, ഭാരത മാതാവിനെക്കുറിച്ച് ഓർക്കുക, 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ഇഛാശക്തി, 130 കോടി ഇന്ത്യൻ ജനതയുടെ കൂട്ടായ ശക്തി അനുഭവിച്ചറിയൂ. ഇത് നമുക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ പോരാട്ട വീര്യവും വിജയിക്കാനുള്ള ആത്മവിശ്വാസവുമേകും.

ഇങ്ങനെ പറയപ്പെടുന്നു

ഉത്സാഹോ ബൽവാൻ ആര്യ,
നാ അസ്തി ഉത്സാഹ് പരം ബൽവാൻ
സാഹ് ഉത്സാഹായ ലോകേഷു,
നാ കിൻചിത് അപി ദുർലഭം

ഇത് അർത്ഥമാക്കുന്നത്, നമ്മുടെ അതിയായ താൽപര്യത്തെയും ഉൽസാഹത്തെക്കാളും വലുതായി ലോകത്ത് ഒന്നുമില്ല. ഈ കരുത്തിനാൽ നമുക്കു നേടിയെടുക്കാനാകാത്ത ഒന്നും ഈ ലോകത്തിൽ ഇല്ല.വരൂ, നമുക്ക് ഒന്നിച്ചു നിന്ന് ഈ കൊറോണ വൈറസിനെ പരാജയപ്പെടുത്താം; നമുക്ക് നമ്മുടെ രാജ്യത്തെ വിജയിപ്പിക്കാം

നിങ്ങൾക്ക് എല്ലാവർക്കും എന്റെ നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP