Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂദ്ധ സാധ്യത ഉടനെങ്ങും മാറില്ല; പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപനം അനിശ്ചിതമായി നീളും; ഇടക്കാല പ്രധാനമന്ത്രിയായി മോദി തുടരുന്ന സാഹചര്യം രൂപപ്പെട്ടേക്കും; യുദ്ധ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടാൻ ഭരണഘടന നൽകുന്ന അനുമതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ചേക്കും; ഭരണം അവസാനിക്കാൻ മൂന്ന് മാസം അവശേഷിക്കേ രാഷ്ട്രീയ അനിശ്ചിതത്വം വളരുന്നു

യൂദ്ധ സാധ്യത ഉടനെങ്ങും മാറില്ല; പൊതു തെരഞ്ഞെടുപ്പു പ്രഖ്യാപനം അനിശ്ചിതമായി നീളും; ഇടക്കാല പ്രധാനമന്ത്രിയായി മോദി തുടരുന്ന സാഹചര്യം രൂപപ്പെട്ടേക്കും; യുദ്ധ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടാൻ ഭരണഘടന നൽകുന്ന അനുമതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ചേക്കും; ഭരണം അവസാനിക്കാൻ മൂന്ന് മാസം അവശേഷിക്കേ രാഷ്ട്രീയ അനിശ്ചിതത്വം വളരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാനുമായി യുദ്ധ സമാനമായ സാഹചര്യമുള്ളതിനാൽ ലോക്‌സഭയുടെ കാലാവധി ആറുമാസത്തേക്ക് നീട്ടി പ്രധാനമന്ത്രിയായി തുടരാൻ നരേന്ദ്ര മോദി നീക്കം തുടങ്ങിയതായി സൂചന. ഭരണഘടനയിലെ പ്രത്യേക വകുപ്പ് ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനെ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ലോക്‌സഭയുടെ കാലാവധി കൂട്ടി തെരഞ്ഞെടുപ്പ് നീട്ടാനാണ് നീക്കം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ ലോക്‌സഭയുടെ കാലാവധി ഒരു കൊല്ലം വരെ നീട്ടാൻ ഭരണ ഘടന അനുവദിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് കൂടുതൽ കാലം അധികാരത്തിൽ തുടരാനാണ് മോദിയുടെ നീക്കം.

പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ, പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപനം തിരഞ്ഞെടുപ്പു കമ്മിഷൻ വൈകിച്ചേക്കും. അടുത്ത മാസം 4ന് ജമ്മു കശ്മീർ സന്ദർശിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചിരുന്നു. ഈ സന്ദർശനം മാറ്റിവച്ചേക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു. അടുത്തയാഴ്ച തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാനാണ് കമ്മിഷൻ നേരത്തെ പദ്ധതി തയ്യാറാക്കിയത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതു പറ്റില്ലെന്ന വിലയിരുത്തലാണ് കമ്മിഷനുള്ളത്. പാക്കിസ്ഥാനുമായി യുദ്ധ സാഹചര്യം നിലനിൽക്കുന്നതു കൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നടത്താനാകില്ല. ഈ സാഹചര്യത്തിൽ രാഷ്ട്രപതിയെ കൊണ്ട് ലോക്‌സഭയുടെ കാലാവധി നീട്ടാനാകും ശ്രമിക്കുക. ഇതിലൂടെ മോദിക്ക് സർവ്വാധികാരങ്ങളുമുള്ള പ്രധാനമന്ത്രിയായി തുടരാനാകും.

ലോക്‌സഭയുടെ കാലാവധി മെയ്‌ മാസത്തിൽ അവസാനിക്കും. അതായത് മെയ്‌ പകുതിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. ഇത്തരത്തിലൊരു വോട്ടെടുപ്പ് നിലവിൽ സാധ്യമല്ല. വ്യോമാക്രമണത്തിലൂടെ അടിക്ക് തിരിച്ചടിയെന്ന സന്ദേശം ഇന്ത്യ പാക്കിസ്ഥാന് നൽകി. പാക്കിസ്ഥാനും അതിർത്തിയിൽ പ്രകോപനം തുടരുകയാണ്. ഇതുകൊണ്ട് തന്നെ രാജ്യത്ത് തെരഞ്ഞെടുപ്പിനുള്ള സാഹചര്യമില്ലെന്ന് ഏവരും ഒരു പോലെ സമ്മതിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത് ലോക്‌സഭാ കാലാവധി നീട്ടുകായാണ് പ്രധാനമന്ത്രി മോദിയുടെ ശ്രമം. ഇതിലൂടെ അഞ്ച് കൊല്ലത്തിൽ കൂടുതൽ അധികാരം ഉറപ്പിക്കുകയാണ് ലക്ഷ്യം.

ഭരണഘടനയുടെ ആർട്ടിക്കൾ 83ലാണ് ലോക്‌സഭയുടെ കാലാവധി അഞ്ച് കൊല്ലമായി നിജപ്പെടുത്തുന്നത്. എന്നാൽ അടിയന്തരവാസ്ഥ പ്രഖ്യാപിക്കപ്പെട്ടാൽ ഒരു വർഷത്തേക്ക് കാലാവധി നീട്ടാം. ഇങ്ങനെ കാലാവധി നീട്ടിയ ശേഷം അടിയന്തരാവസ്ഥ പിൻവലിച്ചാൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് വ്യവസ്ഥ. ഈ ഭരണഘടനാ സാധ്യത ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. പ്രതിപക്ഷത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി തീരുമാനം എടുക്കാനാകും ശ്രമിക്കുക. യുദ്ധമുണ്ടായാൽ രാജ്യത്ത് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചാകും ലോക്‌സഭയുടെ കാലാവധി നീട്ടിയെടുക്കുക. ഇതിനുള്ള ആലോചനകളാണ് കേന്ദ്രസർക്കാർ നടത്തുക. പാക്കിസ്ഥാനെതിരെ യുദ്ധം ഒറ്റക്കെട്ടായി ജയിക്കണമെന്ന സന്ദേശം പ്രതിപക്ഷത്തിലേക്ക് എത്തിക്കാനും ശ്രമിക്കും. രാജ്യത്ത് യുദ്ധസമാനമായ സാഹചര്യത്തിൽ വോട്ടെടുപ്പ് നടത്താൻ പ്രതിപക്ഷത്തിനും ആവശ്യപ്പെടാൻ കഴിയില്ല.

അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് മോദി യുദ്ധത്തിന് ശ്രമിക്കുന്നതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ദേശീയ തലത്തിൽ ചർച്ചയായിട്ടുണ്ട്. ബിജെപിക്ക് അനുകൂല രാഷ്ട്രീയ സാഹചര്യമില്ലാത്തതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നീട്ടാൻ കേന്ദ്രം ശ്രമിക്കുന്നതെന്ന വാദവും പ്രതിപക്ഷം ഉയർത്തും. കാശ്മീരിലൊഴികെ ബാക്കിയെല്ലായിടത്തും തെരഞ്ഞെടുപ്പ് എന്ന ആവശ്യവും അവർ ഉയർത്തും. എന്നാൽ സുരക്ഷാ സേനകളുടെ വിന്യാസം ഉൾപ്പെടെയുള്ള സംഗതികൾ കണക്കിലെടുക്കേണ്ടതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കുക. ഇപ്പോൾ, സുരക്ഷാ സേനകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശമാണുള്ളത്. അതിൽനിന്നു മാറി, തിരഞ്ഞെടുപ്പു നടപടികൾക്ക് സഹായിക്കാൻ അവർക്ക് കഴയില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നീട്ടാനുള്ള സാധ്യത ഏറെയാണ്.

അങ്ങനെ വന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഇലക്ഷൻ നടക്കേണ്ട സംസ്ഥാന നിയമസഭകൾക്കും ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പെന്ന കേന്ദ്ര സർക്കാർ നിലപാടിന് ബദലായി ഒരു വർഷം ഒരു തിരഞ്ഞെടുപ്പ് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തിിരുന്നു. ഇത്തരത്തിലൊരു ചർച്ച വീണ്ടും കമ്മീഷൻ ഉയർത്തികൊണ്ടു വരാനും സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്തുന്നതിൽ അഭിപ്രായം ആരാഞ്ഞ് നിയമ കമ്മിഷൻ നൽകിയ കത്തിന് മറുപടിയായാണ് പുതിയ നിർദ്ദേശം മുന്നോട്ടുവച്ചത്. ഒരു വർഷത്തിൽ മാസങ്ങൾക്കിടെ കാലാവധി കഴിയുന്ന നിയമസഭകളിലെ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തണമെന്നായിരുന്നു ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP