Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരുവ് വിളക്കുകൾ അണയില്ല; ആശുപത്രികൾ അടക്കം എല്ലാ അവശ്യ സേവന കേന്ദ്രങ്ങളിലും ലൈറ്റുകൾ ഇടും; വീടുകളിൽ എ.സിയും ഫ്രിജ് അടക്കമുള്ള ഉപകരണങ്ങൾ ഓഫാക്കരുത്; വൈദ്യുതി വിളക്കുകൾ ഭൗമദിനാചരണ ദിവസങ്ങളിൽ അണയ്ക്കുന്നത് ഒരു മണിക്കൂറോളം; പ്രധാനമന്ത്രി പറഞ്ഞതിനാൽ മുമ്പത്തേക്കാൾ പങ്കാളിത്തം ഉണ്ടാകുമെന്ന വിലയിരുത്തലിൽ കെ എസ് ഇ ബി; കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ വെളിച്ചം തെളിക്കാം: ഇന്ന് രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് രാജ്യം ഒരുക്കുക പ്രതിരോധ ദീപ പ്രഭ

തെരുവ് വിളക്കുകൾ അണയില്ല; ആശുപത്രികൾ അടക്കം എല്ലാ അവശ്യ സേവന കേന്ദ്രങ്ങളിലും ലൈറ്റുകൾ ഇടും; വീടുകളിൽ എ.സിയും ഫ്രിജ് അടക്കമുള്ള ഉപകരണങ്ങൾ ഓഫാക്കരുത്; വൈദ്യുതി വിളക്കുകൾ ഭൗമദിനാചരണ ദിവസങ്ങളിൽ അണയ്ക്കുന്നത് ഒരു മണിക്കൂറോളം; പ്രധാനമന്ത്രി പറഞ്ഞതിനാൽ മുമ്പത്തേക്കാൾ പങ്കാളിത്തം ഉണ്ടാകുമെന്ന വിലയിരുത്തലിൽ കെ എസ് ഇ ബി; കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ വെളിച്ചം തെളിക്കാം: ഇന്ന് രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് രാജ്യം ഒരുക്കുക പ്രതിരോധ ദീപ പ്രഭ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണക്കെതിരെ രാജ്യം ഒന്നിച്ച് പൊരുതുന്നുവെന്ന സന്ദേശം നൽകി ഏകതയുടെ ജ്യോതി തെളിയിക്കാൻ പ്രധാനമന്ത്രി നൽകിയ ആഹ്വാനം ഏവരും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ കേന്ദ്ര സർക്കാർ. കേരളവും ഇതിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ. അതിനിടെ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച രാത്രി വീടുകളിലെ വിളക്കുകൾ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതിവിതരണം തകരാറിലാക്കില്ലെന്ന് വൈദ്യുതി ബോർഡ് അറിയിക്കുകയും ചെയ്തു. വിതരണശൃംഖലയിൽ വ്യതിയാനങ്ങളുണ്ടാകുന്നത് പരിഹരിക്കാൻ വൈദ്യുതോത്പാദനം ക്രമീകരിക്കുമെന്നും ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. മമ്മൂട്ടി അടക്കമുള്ള പ്രമുഖർ ഇതിനോട് ഐക്യദാർഡ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപാടുപേർ ഒരേസമയം വൈദ്യുതിവിളക്കുകൾ അണയ്ക്കുന്നത് ഇതാദ്യമല്ല. ഭൗമദിനാചരണത്തിന്റെ ഭാഗമായി ഒരുമണിക്കൂർ വൈദ്യുതി വിളക്കുകൾ അണയ്ക്കാറുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനമുള്ളതിനാൽ അതിനേക്കാൾ പങ്കാളിത്തം ഞായറാഴ്ചയുണ്ടാകുമെന്നാണു കരുതുന്നത്.

കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ എല്ലാവരും നാളെ രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്‌ളാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിനു പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വീടിന്റെ വാതിൽക്കലോ ബാൽക്കണയിലോ നിന്ന് ദീപം തെളിക്കണം. അതിലൂടെ വെളിച്ചത്തിന്റെ അതീതശക്തിയും നമ്മുടെ പോരാട്ടത്തിന്റെ പൊതുലക്ഷ്യവും വ്യക്തമാകും. രാജ്യത്തെ 130 കോടി ജനത്തെക്കുറിച്ചു മനസ്സിൽ ധ്യാനിക്കണമെന്നും ഇത് പ്രതിസന്ധിയെ ഒത്തൊരുമയോടെ നേരിടാനുള്ള കരുത്തും ജയിക്കാനുള്ള ആത്മവിശ്വാസവും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതന് മുമ്പ് ആരോഗ്യ പ്രവർത്തകർക്ക് അനുമോദനം അറിയിച്ച് കൈകൊട്ടാനും പാത്രങ്ങൾ തമ്മിൽ മുട്ടാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലത്തെ രണ്ടാം ചലഞ്ചാണ് ലൈറ്റ് അണയ്ക്കൽ.

പെട്ടെന്ന് എല്ലാവരും വൈദ്യുതിവിളക്കുകളണയ്ക്കുന്നത് വൈദ്യുതിത്തകരാറിന് ഇടയാക്കുമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം സജീവമായതോടെയാണ് ബോർഡ് വിശദീകരണവുമായി രംഗത്തെത്തിയത്. സംസ്ഥാനത്ത് 85 ലക്ഷത്തോളമാണ് ഗാർഹിക ഉപഭോക്താക്കൾ. സ്ഥാപനങ്ങളും വ്യവസായങ്ങളും ചേർത്ത് ഒന്നേകാൽ കോടി. 85 ലക്ഷം വീട്ടുകാരും മുഴുവൻ വിളക്കുകളും അണച്ചാലും 400 മെഗാവാട്ടിൽ കൂടുതൽ കുറവ് വരില്ലെന്ന് ചെയർമാൻ പറഞ്ഞു. മുഴുവൻ വീടുകളിലും ലൈറ്റണയ്ക്കുമെന്നു പ്രതീക്ഷിക്കുന്നുമില്ല. കേരളത്തിന്റെ ആകെ ശേഷി 3800 മെഗാവാട്ടാണ്. ലഭ്യത ഉയർന്നിരിക്കുകയും ആവശ്യകത കുറയുകയും ചെയ്യുമ്പോൾ വോൾട്ടേജ് ക്രമാതീതമായി ഉയരും. ഇത് ജനറേറ്ററുകളെ അപകടത്തിലാക്കും. അതിനാൽ വൈദ്യുതിലഭ്യത കുറയ്ക്കാൻ ജലവൈദ്യുത നിലയങ്ങളിലെ ഉത്പാദനം അൽപ്പനേരം കുറയ്ക്കുമെന്നും ബോർഡ് അറിയിച്ചു. ഇത്തരമൊരു പ്രതിസന്ധിയുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാരും അറിയിച്ചു.

ഒമ്പതുമിനിറ്റിനുശേഷം വൈദ്യുതിവിളക്കുകൾ ഒരുമിച്ച് തെളിയുമ്പോൾ വൈദ്യുതി ആവശ്യകത പെട്ടെന്ന് കൂടും. ഇതിന്റെ ആഘാതം തടയാൻ ചില ഫീഡറുകൾ ഓഫാക്കേണ്ടിവരും. വിതരണശൃംഖല പൂർവസ്ഥിതിയിൽ എത്തുന്നതോടെ ഫീഡറുകൾ പ്രവർത്തിപ്പിക്കും. ചില സ്ഥലങ്ങളിൽ ഏതാനും മിനിറ്റ് വൈദ്യുതി മുടങ്ങാനിടയുണ്ട്. ഇടുക്കിയിലെ എല്ലാ മെഷീനുകളും ഒരുമിച്ച് ട്രിപ്പായാൽ 720 മെഗാവാട്ട് കുറയും. വീടുകളിൽ ലൈറ്റുകൾ അണയ്ക്കുമ്പോൾ ലോഡ് എത്ര കുറയുന്നുവെന്ന് കളമശ്ശേരിയിലെ സംസ്ഥാന ലോഡ് ഡെസ്പാച്ച് സെന്ററിലെ കൺട്രോൾ റൂമിൽ ലൈവായി അറിയാം. ഇതനുസരിച്ച് തത്സമയം ഉത്പാദനം ക്രമീകരിക്കാനാണ് കെ എസ് ഇ ബിയുടെ തീരുമാനം. അതിനിടെ ഒൻപതിന് വൈദ്യുതി വിളക്കുകൾ ഒരുമിച്ച് അണയ്ക്കുന്നത് പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് കേന്ദ്ര ഊർജമന്ത്രാലയം വ്യക്തമാക്കി.

തെരുവ് വിളക്കുകൾ അണയ്ക്കാൻ പാടില്ല. ആശുപത്രികൾ അടക്കം അവശ്യസേവനകേന്ദ്രങ്ങളിലും വിളക്കുകൾ അണയ്ക്കാൻ പാടില്ല. വീടുകളിൽ എ.സിയും ഫ്രിജ് അടക്കമുള്ള ഉപകരണങ്ങൾ ഓഫാക്കേണ്ടതില്ലെന്ന കേന്ദ്രസർക്കാർ അറിയിച്ചു. വൈദ്യുതി വിളക്കുകൾ അണയ്ക്കണം എന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടനുബന്ധിച്ച് ഉണ്ടായേക്കാവുന്ന വൈദ്യുതി ആവശ്യകതയിലെ വ്യതിയാനങ്ങൾ നേരിടാൻ ഒരു പ്രശ്നവുമില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കുമ്പോൾ കേരളവും അതിനൊപ്പിച്ച് മുന്നോട്ട് പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതിനിടെ ദീപം തെളിയിക്കൽ വിജയിപ്പിക്കാൻ കേന്ദ്ര സർക്കാർ എല്ലാ മുന്നൊരുക്കവും ചെയ്യുന്നുണ്ട്. കൊറോണക്കെതിരായ(കൊവിഡ്-19) പോരാട്ടത്തിന് കരുത്തേകാൻ അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കവിത ട്വിറ്ററിലൂടെ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വരൂ നമുക്ക് വീണ്ടും ദീപം തെളിയിക്കാം' എന്നവരി ഉൾപ്പെടുന്ന കവിതയാണ് അദ്ദേഹം പങ്കുവച്ചത്.

കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാര്ഢ്യം ഉറപ്പുനൽകണമെന്നാണ് ആഹ്വാനം. ഇത് ജനങ്ങളെ ഒരിക്കൽ കൂടി ഓർമപ്പെടുത്തുക എന്ന ഉദ്ദേശവുമായാണ് വരൂ ദീപം തെളിയിക്കാം എന്ന കുറിപ്പോടെ വാജ്പയിയുടെ വീഡിയോ പങ്കു വെച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP