Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണക്കിരീടം സമർപ്പിച്ചും കൃഷ്ണ എന്ന കൊമ്പനെ നടയിരുത്തിയും ജയലളിതയുടെ ആദ്യ വരവ്; പച്ചപ്പട്ടും കദളിപ്പഴവും നറുനെയ്യും സമർപ്പിച്ച് നിയന്ത്രണം വിട്ട് വിതുമ്പി തമിഴകത്തെ അമ്മയുടെ രണ്ടാ വരവ്; 2008ലെ ഗുജറാത്തിലെ തൂത്തവാരലിന് ശേഷം മോദി നടത്തിയത് താമരപ്പൂ കൊണ്ട് തുലാഭാരം; നേർച്ചയ്‌ക്കെത്തിയത് ജയലളിതയിലൂടെ കണ്ണനെ കുറിച്ച് കേട്ടറിഞ്ഞ്; ഇപ്പോഴത്തെ വിജയവും സമർപ്പിക്കുന്നത് ഗുരുവായൂരപ്പന് തന്നെ; പ്രധാനമന്ത്രിക്കായി ക്ഷേത്ര നഗരത്തിൽ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ; തൃശൂരിൽ അതീവ ജാഗ്രത

സ്വർണക്കിരീടം സമർപ്പിച്ചും കൃഷ്ണ എന്ന കൊമ്പനെ നടയിരുത്തിയും ജയലളിതയുടെ ആദ്യ വരവ്; പച്ചപ്പട്ടും കദളിപ്പഴവും നറുനെയ്യും സമർപ്പിച്ച് നിയന്ത്രണം വിട്ട് വിതുമ്പി തമിഴകത്തെ അമ്മയുടെ രണ്ടാ വരവ്; 2008ലെ ഗുജറാത്തിലെ തൂത്തവാരലിന് ശേഷം മോദി നടത്തിയത് താമരപ്പൂ കൊണ്ട് തുലാഭാരം; നേർച്ചയ്‌ക്കെത്തിയത് ജയലളിതയിലൂടെ കണ്ണനെ കുറിച്ച് കേട്ടറിഞ്ഞ്; ഇപ്പോഴത്തെ വിജയവും സമർപ്പിക്കുന്നത് ഗുരുവായൂരപ്പന് തന്നെ; പ്രധാനമന്ത്രിക്കായി ക്ഷേത്ര നഗരത്തിൽ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ; തൃശൂരിൽ അതീവ ജാഗ്രത

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കണ്ണനെ കണ്ട് സായുജ്യമടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരൂവായൂരിലെത്തുമ്പോൾ ഒരുക്കുക പഴുതടച്ച സുരക്ഷ. ശനിയാഴ്ചയാണ് മോദിയുടെ സന്ദർശനം. ഗുരുവായൂരും പരിസരവും എൻഎസ്ജിയുടെ നിരീക്ഷണത്തിലേക്ക് കടന്നു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയം ഗുരുവായൂരപ്പന് സമർപ്പിക്കാനാണ് അദ്ദേഹമെത്തുന്നത്. തുലാഭാരം അടക്കം ഗുരുവായൂരപ്പന് പ്രിയപ്പെട്ട എല്ലാ വഴിപാടുകളും പ്രധാനമന്ത്രി നടത്തും. ഒപ്പം റെയിൽവേ മന്ത്രി പീയൂഷ് ഗോയലുമുണ്ടാകും. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ കേരള സന്ദർശനമാണിത്. മോദിക്ക് അതിഗംഭീര വരവേൽപ്പിനുള്ള തയ്യാറെടുപ്പ് ബിജെപി ആരംഭിച്ചു. മോദിയെ വരവേൽക്കാൻ ദേവസ്വവും ഒരുക്കം തുടങ്ങി.

എട്ടിന് ഉച്ചയോടെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി രണ്ടു മണിക്കൂറോളം ക്ഷേത്രദർശനത്തിനായി ചെലവിടും. തികച്ചും അപ്രതീക്ഷിതമായാണ് ഗുരുവായൂർ ക്ഷേത്രദർശനം സംബന്ധിച്ച അറിയിപ്പ് ഗുരുവായൂർ ദേവസ്വത്തിനും സംസ്ഥാന ബിജെപി നേതൃത്വത്തിനും ലഭിക്കുന്നത്. മോദിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ. രാവിലെ പന്ത്രണ്ടരയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ഹെലിക്കോപ്റ്ററിൽ ഗുരുവായൂരിലെത്തും. നാലു മണിക്ക് തിരികെ കൊച്ചി വഴി ഡൽഹിക്ക് മടങ്ങുമെന്നാണ് നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച വിവരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള അറിയിച്ചു. രാഷ്ട്രീയ ചർച്ചകളിലോ പരിപാടികളിലോ മോദി പങ്കെടുക്കില്ലെന്നാണ് സൂചന. തൃശൂരിലും കൊച്ചിയിലും അതീവ ജാഗ്രതാ നിർദ്ദേശം പൊലീസും നൽകിയിട്ടുണ്ട്. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അദ്ദേഹത്തെ അനുഗമിച്ചേക്കും. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങി ഹെലികോപ്ടറിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെത്തും. അവിടെ നിന്ന് കാർ മാർഗം ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ഉച്ച പൂജയ്ക്ക് നടയടക്കുന്നതിന് മുമ്പ് ക്ഷേത്രദർശനം നടത്തി മടങ്ങും.പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് പൊലീസ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് തുടങ്ങി. 2008 ജനുവരി 13ന് മോദി ക്ഷേത്രദർശനം നടത്തിയിരുന്നു. അന്ന് താമരപ്പൂ കൊണ്ട് തുലാഭാരവും പുലർച്ചെ അഞ്ചരയോടെ പത്രസമ്മേളനവും നടത്തിയാണു മടങ്ങിയത്.

ഗുരുവായൂരിൽ തുലാഭാരവും കദളിക്കുല നേർച്ചയും മോദി നടത്തും. ജൂൺ 7ന് മോദി മാലിയിൽ വിദേശ സന്ദർശനത്തിന് പോകുന്നുണ്ട്. അവിടെ നിന്നാകും കൊച്ചിയിലെത്തുക. 2001ലാണ് മോദി അദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ബിജെപിയിലെ ഗ്രൂപ്പിസത്തിന് പരിഹാരമായി കേശുഭായ് പട്ടേലിനെ മാറ്റിയാണ് മോദിയെ ബിജെപി ദേശീയ നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. 2002ലെ തെരഞ്ഞെടുപ്പിൽ മോദി ജയിച്ചു കയറി. അതിന് ശേഷം 2007ൽ തെരഞ്ഞെടുപ്പ്. ഏറെ വെല്ലുവിളികളെ മോദി അന്ന് നേരിട്ടു. എന്നാൽ ഗുജാറത്തിലെ ജനവിധി മോദിക്ക് അനുകൂലമായിരുന്നു. ഗുജറാത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തി. ഇതിന് ശേഷം മോദി ഓടിയെത്തിയത് ഗുരുവായൂർ ഉണ്ണിക്കണ്ണനെ തൊഴാനായാരിന്നു. അതിന് ശേഷം നേരെ പോയത് ജയലളിതയുടെ അടുത്തേക്കും.

2012ൽ അനായാസമായി ജയിച്ചു. പിന്നെ 2014ൽ എൻഡിഎ നയിച്ച് പ്രധാനമന്ത്രിയുമായി. ഇത്തവണ നടന്നത് വീറുറ്റ പോരാട്ടം. വിമർശകർ പോലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് വിധിയെഴുതി. എന്നാൽ 303 സീറ്റാണ് എൻഡിഎയ്ക്ക് കിട്ടിയത്. 2007 ഗുജറാത്തിൽ കിട്ടിയതിന് സമാനമായ ജയം. ഇപ്പോഴും ഓടിയെത്തുകയാണ് ഗുരുവായൂരിലേക്ക് മോദി. 2008 ജനുവരി 14നായിരുന്നു മോദി ആദ്യം ഗുരുവായൂരിലെത്തിയത്. എന്ന് കണ്ണന് കദളിപ്പഴവും തുലഭാരവും നടത്തി പോയത് തമിഴ്‌നാട്ടിലായിരുന്നു. അന്ന് തമിഴകം ഭരിച്ച ജയലളിതയെ കാണാൻ. ജയലളിതയും മോദിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജയലളിതയിൽ നിന്നാണ് ഗുരുവായൂരപ്പന്റെ കടാക്ഷത്തിന്റെ ശക്തി മോദി തിരിച്ചറിഞ്ഞതെന്നും സൂചനയുണ്ട്.

ജയലളിതയ്ക്ക് വിശ്വാസമുണ്ടായിരുന്ന പിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂർ. 2004 ജൂലായ് ഏഴിനാണ് ജയലളിത അവസാനമായി ഗുരുവായൂരിൽ വന്നത്. ഗുരുവായൂരപ്പന് അണിയാൻ പച്ചപ്പട്ടും നിവേദിക്കാൻ കദളിപ്പഴവും ശ്രീലകത്ത് തെളിയിക്കാൻ നറുനെയ്യും സമർപ്പിച്ച് വണങ്ങിയനേരം നിയന്ത്രണംവിട്ട് വിതുമ്പുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശശികലയാണ് സാന്ത്വനിപ്പിച്ചത്. അതിനും മൂന്നുവർഷം മുമ്പ് ആനയെ നടയിരുത്താനും ജയലളിത ഗുരുവായൂരിൽ എത്തിയിരുന്നു. 2001 ജൂലായ് രണ്ടിനാണ് ആനയെ നടയിരുത്താൻ ഗുരുവായൂരിലെത്തിയത്. മുന്മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരും ജയിലിലായപ്പോഴുണ്ടായ രാഷ്ട്രീയക്കൊടുങ്കാറ്റിനിടെയായിരുന്നു ഗുരുവായൂർ ദർശനം.

സോപാനത്ത് 44 പവന്റെ സ്വർണക്കിരീടം സമർപ്പിച്ചും കൃഷ്ണ എന്ന കൊമ്പനെ നടയിരുത്തിയുമായിരുന്നു അന്ന് ദർശനം. പിന്നീടുള്ള രാഷ്ട്രീയ വളർച്ചയിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം താങ്ങും തണലുമായിരുന്നുവെന്ന് ജയലളിത കരുതിയിരുന്നു. ഇതിൽ നിന്നുള്ള പ്രചോദനമായിരുന്നു 2008ൽ മോദിയെ ഗുരുവായൂരിൽ എത്തിച്ചതെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP