Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മോദി സർക്കാരിന്റെ ചുവടുവെപ്പ്; യാക്കോബായ-മാർത്തോമ്മാ സഭകൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപി ക്ഷണം നൽകി ആദ്യ നീക്കം; '75ൽ അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയർത്തിയെന്നും എൽ.കെ അദ്വാനി നേരിട്ടെത്തി അഭിനന്ദിച്ചെന്നും' മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ പറ്റി 'പ്രത്യേക വിവരണം'; കെപിഎംഎസ് അധ്യക്ഷൻ നീലകണ്ഠൻ മാസ്റ്ററടക്കമുള്ളവർക്കും ക്ഷണം

ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ മോദി സർക്കാരിന്റെ ചുവടുവെപ്പ്; യാക്കോബായ-മാർത്തോമ്മാ സഭകൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിഐപി ക്ഷണം നൽകി ആദ്യ നീക്കം; '75ൽ അടിയന്തരാവസ്ഥക്കെതിരെ ശബ്ദമുയർത്തിയെന്നും എൽ.കെ അദ്വാനി നേരിട്ടെത്തി അഭിനന്ദിച്ചെന്നും'  മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ പറ്റി 'പ്രത്യേക വിവരണം'; കെപിഎംഎസ് അധ്യക്ഷൻ നീലകണ്ഠൻ മാസ്റ്ററടക്കമുള്ളവർക്കും ക്ഷണം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിന്നും വിജയവുമായി ബിജെപി ഭരണം തുടരുകയാണ്. രണ്ടാമൂഴത്തിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വേളയിൽ തന്നെ ക്രൈസ്തവ സഭകളുമായി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളും മോദി സർക്കാർ ആരംഭിച്ചു കഴിഞ്ഞു. അതിനുള്ള ഉത്തമ ഉദാഹരണമാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് യാക്കോബായ- മാർത്തോമ്മാ സഭകൾക്ക് നൽകിയ പ്രത്യേക ക്ഷണം. വിവിഐപി ലിസ്റ്റിൽ മാർത്തോമ്മാ സഭാ അധ്യക്ഷൻ ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ പറ്റി പറഞ്ഞിരിക്കുന്ന പ്രത്യേക വിവരണവും ഈ വേളയിൽ ശ്രദ്ധേയമാവുകയാണ്.

1975ൽ അടിയന്തരാവസ്ഥയ്‌ക്കെതിരെ ശബ്ദമുയർത്തിയെന്നും ബിജെപിയിലെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി സഭാ ആസ്ഥാനത്തെത്തി അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചുവെന്നും മെത്രാപ്പൊലീത്തയുടെ വിലാസം നൽകിയിരിക്കുന്ന കോളത്തിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് തോമസ് മാർ തീമോത്തിയോസ്, യാക്കോബായ സഭാ മെത്രാപ്പൊലീത്തയായ യൗസേബിയസ് മാർ കുര്യാക്കോസ്, ഡൽഹി ഭദ്രാസനാധിപൻ ബിഷപ്പ് മാർ സ്‌തേഫാനോസ് എന്നിവരാണ് കേരളത്തിൽ നിന്നും ക്ഷണം ലഭിച്ചിരിക്കുന്ന ക്രൈസ്തവ സഭാ പ്രതിനിധികൾ.

കെപിഎംഎസ് അധ്യക്ഷൻ നീലകണ്ഠൻ മാസ്റ്റർക്കും പുതിയതായി ബിജെപിയിൽ ചേർന്ന നേതാവ് തോമസ് ജോണിനും ക്ഷണമുണ്ട്. കേരളത്തിൽ നിന്നും എൻഡിഎ നേതാക്കൾക്കം ക്ഷണമുണ്ട്. ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പി.സി തോമസ്, പി.സി ജോർജ് എംഎൽഎ, കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യ ചെയർമാൻ സുഭാഷ് വാസു, കേരളാ കോൺഗ്രസ് നേതാവ് രാജൻ കാനാട്ട്, ശിവ സേന സംസ്ഥാന പ്രസിഡന്റ് ഭുവനചന്ദ്രൻ എന്നിവർക്കും ക്ഷണമുണ്ട്.

എത്തുന്നത് ലോക നേതാക്കളുടെ നീണ്ട നിര

ദേശീയ-ലോക നേതാക്കളുടെ നീണ്ട നിര തന്നെ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഡൽഹിയിലെത്തും. 5 വർഷത്തെ ഭരണത്തിനിടെ വിവിധ ലോകനേതാക്കളുമായി മികച്ച ബന്ധം സൃഷ്ടിക്കാൻ മോദിക്ക് സാധിച്ചിട്ടുണ്ട്. അതുറപ്പിക്കുന്ന തരത്തിലാവും ഇക്കുറി ലോകനേതാക്കളുടെ സാന്നിധ്യം ചടങ്ങിലുണ്ടാവുക.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒഴികെയുള്ള അയൽരാജ്യങ്ങളിലെ നേതാക്കൾക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്. സാങ്കേതിക-സാമ്പത്തിക സഹകരണത്തിനായുള്ള ബംഗാൾ ഉൾക്കടൽ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക്കിലെ അംഗങ്ങളെയെല്ലാം ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് അംഗങ്ങൾ.

ബംഗ്ലാദേശ് പ്രസിഡണ്ട് അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡണ്ട മൈത്രിപാല സിരിസേന, കിർഗിസ്ഥിസ്ഥാൻ പ്രസിഡണ്ട് സൂറോൺബെ ബീൻബെക്കോവ്, മ്യാന്മർ പ്രസിഡണ്ട് യു വിൻ മിന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്‌നൗത്ത്, നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ലൊട്ടായ് ഷെറിങ് എന്നീ രാഷ്ട്രത്തലവന്മാർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തും. തായ്ലൻഡ് സർക്കാരിന്റെ പ്രതിനിധിയായി പ്രത്യേക ദൂതൻ ഗ്രിസാഡ ബൂൺറാച്ച് പങ്കെടുക്കും.

ദേശീയ-അന്തർദേശീയ നേതാക്കൾ അടക്കം ഏഴായിരത്തോളം അതിഥികളാണ് സത്യപ്രതിജ്ഞാ ചടങ്ങിന് മോടി കൂട്ടാനെത്തുക. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മമത ബാനർജിയും അരവിന്ദ് കെജ്രിവാളും അടക്കമുള്ള മുഖ്യമന്ത്രിമാർ, പ്രമുഖ പാർട്ടി നേതാക്കൾ അടക്കമുള്ളവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ഒരുക്കിയിരിക്കുന്നത് വമ്പൻ അത്താഴ വിരുന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കൾ രാഷ്ട്രപതി ഭവനിൽ തകൃതിയായി നടക്കുന്നുണ്ട് സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ചായ സത്കാരവും അത്താഴവും വിളമ്പുന്നുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ചടങ്ങിനെത്തുന്ന പ്രമുഖരെ കുറിച്ചുള്ള വാർത്തകളൊക്കെ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. എണ്ണായിരത്തോളം അതിഥികൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് വിവരങ്ങൾ. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർക്കായി ഒരുക്കുന്ന അത്താഴ വിരുന്നും.

ഇതിലെ വിഭവങ്ങളെ കുറിച്ച് അറിഞ്ഞാൽ ശരിക്കും വായിൽ വെള്ളമൂറും. രാജ്യത്തെ വ്യത്യസ്ത രുചിഭേദങ്ങൾ സമ്മേളിക്കുന്നിടമായിരിക്കും അത്താഴവിരുന്നെന്നാണ് വിലയിരുത്തൽ. വെജിറ്റേറിയൻ ഭക്ഷണവും നോൺ വെജിറ്റേറിയൻ ഭക്ഷണവും അത്താഴ വിരുന്നിലുണ്ട്. സമോസ മുതൽ രാജ് ഭോജ് വരെ വെജിറ്റേറിയൻ വിഭത്തിൽ ഉൾപ്പെടുന്നുണ്ട്. ഇതിനു പുറമെ ലെമൺ ടാർട്ടും വിളമ്പുന്നുണ്ട്.

ചിക്കൻ മലൈ ടിക്ക, ദഹി കബാബ്, തന്തൂരി മഷ്റൂം, മസ്റ്റാഡ് ഫിഷ് കറി, മട്ടൻ റോഗൻ ജോഷ് എന്നിവയാണ് നോൺ വെജ് വിഭവങ്ങൾ.അത്താഴ വിരുന്നിലെ പ്രധാന വിഭവം ഡാൽ റയാസിനയാണ്. ഇത് പാകം ചെയ്തുകഴിഞ്ഞെന്നാണ് എക്കണോമിക്സ് ടൈംസ് വ്യക്തമാക്കുന്നത്.രാഷ്ട്രപതി ഭവനിലെ പ്രത്യേക വിഭവമാണ് ഡാൽ റയാസിന. ഇന്ത്യൻ രാഷ്ട്രപതിമാരുടെ പാചകക്കാരനായി നിയമിതനായ ആദ്യ പാചകക്കാരനായ മചിന്ദ്ര കസ്ചർ ആണ് ഡാൽ റയാസിന അവതരിപ്പിക്കുന്നത്.

ഉഴുന്നും തക്കാളി അരച്ചതും ചേർത്തുണ്ടാക്കുന്ന പ്രത്യേക വിഭവമാണ് ഡാൽ റയാസിന. ഇതിനൊപ്പം കുങ്കുമപ്പൂവും കസൂരി മേത്തിയും ചേർക്കുന്നുണ്ട്. ചെറിയ അളവിൽ സുഗന്ധ വ്യഞ്ജനങ്ങളും ഇതിലുണ്ട്.മാ കി ഡാൽ എന്ന വിഭവത്തിന്റെ വകഭേദമാണ് ഡാൽ റയാസിന. 48 മണിക്കൂറാണ് ഇത് പാകം ചെയ്യാൻ വേണ്ട സമയം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP