Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെഡ്‌ഗേവാർ അദ്ദേഹത്തെ പുണ്യപുരുഷൻ എന്ന് വിളിച്ചിരുന്നു; ആർഎസ്എസ് ശിബിരം സന്ദർശിച്ച ശേഷം പ്രവർത്തകരുടെ അച്ചടക്കത്തെ മഹാത്മജി പുകഴ്‌ത്തിയിരുന്നു; 'മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടിൽ മോഹൻ ഭാഗവത് ശ്രമിക്കുന്നത് ഗാന്ധിജിക്ക് ആർഎസ്എസുമായി അടുത്ത ബന്ധമെന്ന് വരുത്തി തീർക്കാൻ; ആട്ടിൻ കുട്ടിയെ കൊന്ന് ചോര കുടിച്ചവർ തന്നെ അനുസ്മരണം നടത്തുന്നത് പോലെയെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും സൈബർ പൊങ്കാല

ഹെഡ്‌ഗേവാർ അദ്ദേഹത്തെ പുണ്യപുരുഷൻ എന്ന് വിളിച്ചിരുന്നു; ആർഎസ്എസ് ശിബിരം സന്ദർശിച്ച ശേഷം പ്രവർത്തകരുടെ അച്ചടക്കത്തെ മഹാത്മജി പുകഴ്‌ത്തിയിരുന്നു; 'മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടിൽ മോഹൻ ഭാഗവത് ശ്രമിക്കുന്നത് ഗാന്ധിജിക്ക് ആർഎസ്എസുമായി അടുത്ത ബന്ധമെന്ന് വരുത്തി തീർക്കാൻ; ആട്ടിൻ കുട്ടിയെ കൊന്ന് ചോര കുടിച്ചവർ തന്നെ അനുസ്മരണം നടത്തുന്നത് പോലെയെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കും സൈബർ പൊങ്കാല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യം ഇന്ന് രാഷ്ട്രപിതാവിന്റെ 150ാം ജന്മദിനം ആഘോഷിക്കുകയാണ്. രാജ്യത്താകമാനം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയത് ഹിന്ദുത്വ തീവ്രവാദിയായ ഗോഡ്‌സെയാണ്. ഗാന്ധിജിയെ കൊലപ്പെടുത്തിയവരുടെ പിന്മുറക്കാർ തന്നെ അദ്ദേഹത്തെ അനുസ്മരിക്കുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിക്കുകയാണ് സോഷ്യൽ മീഡിയ. ഇത്തരത്തിൽ ഗാന്ധിജിയെ അനുസ്മരിച്ച്‌കൊണ്ട് ആർഎസ്എസ് സർസംഘ് ചാലക് മൊഹൻ ഭാഗവത് 'മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം' എന്ന തലക്കെട്ടോെടെ മാതൃഭൂമിയില് എഴുതിയ ലേഖനം ആണ് ചർച്ചാ വിഷയമായിരിക്കുന്നത്.

ആർഎസ്എസ് സ്വയംസേവകരുടെ അച്ചടക്കം ജാതി-ഉപജാതി ചിന്തകളുടെ പൂർണമായ അഭാവം എന്നിവയിൽ ഗാന്ധിജി സന്തോഷം പ്രകടിപ്പിച്ചിരുന്നു എന്ന് പറയുന്ന ഭാഗവത് മഹാത്മാഗാന്ധി ആർഎസ്എസുമായി അടുത്തു നിന്നിരുന്നുവെന്നാണ് പറഞ്ഞ് വയ്ക്കുന്നത്. മോഹൻ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം വലിയ രീതിയിൽ ലഭിക്കുന്നുണ്ട്. കൊന്നവർ തന്നെ അനുസ്മരിക്കുമ്പോൾ അതിന് അനാവശ്യമായ സ്‌പെയ്‌സ് നൽകുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആക്ഷേപം. ആർഎസ്എസ് ചെയ്യുന്നത് അവരുടെ ആശയം പ്രചരിപ്പിക്കലാണ്. അതിന് മാധ്യമങ്ങളെ ഉപയോഗിച്ചു. പക്ഷേ രാഷ്ട്രപിതാവിനെ പോലെ ഒരാളെ അനുസ്മരിക്കുമ്പോൾ അദ്ദേഹം എങ്ങനെ ഇല്ലാതായി എന്ന് കൂടി ഓർക്കണമെന്നും വിമർശനം ഉയരുന്നു.

മഹാത്മാഗാന്ധിക്ക് ആർഎസ്എസ്സുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നു സ്ഥാപിക്കാനാണ് ലേഖനത്തിൽ പ്രധാനമായും മോഹൻ ഭാഗവത് ശ്രമിക്കുന്നത്. 1922-ൽ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നാഗ്പുരിൽ കോൺഗ്രസ് നടത്തിയ പൊതുയോഗത്തിൽ ഹെഡ്ഗേവാർ ഗാന്ധിജിയെ 'പുണ്യപുരുഷൻ' എന്നു വിളിച്ചതായും 1936-ൽ അദ്ദേഹം ആർഎസ്എസ് ശിബിരം സന്ദർശിച്ചതായും ലേഖനത്തിൽ പറയുന്നു. വിഭജനകാലത്ത് ഗാന്ധിജി ആർഎസ്എസ് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയും അച്ചടക്കം, ജാതി-ഉപജാതി ചിന്തകളുടെ അഭാവം എന്നിവയിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ വാർത്ത 'ഹരിജൻ' പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഭാഗവത് എഴുതുന്നു. അതേസമയം, ഗാന്ധിജിയുടെ കൊലപാതകം സംബന്ധിച്ച് ഒന്നും പറയാതെയാണ് ലേഖനം അവസാനിക്കുന്നത്.

ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലും ഭാരതത്തിന്റെ ഉത്ഥാനത്തിന്റെ യശോഗീതത്തിലും ഏതൊരു മഹാന്മാരുടെ പേരുകൾ എന്നന്നേക്കുമായി മുദ്രണം ചെയ്യപ്പെട്ടുവോ സനാതന കാലം തൊട്ട് തുടർന്നു വരുന്ന ഭാരതത്തിന്റെ ചരിത്രഗാഥയുടെ ഉത്സവപ്രഭയായി ആരെല്ലാം മാറിയോ, അതിൽ ഏറ്റവും പ്രമുഖായത് മഹാത്മാഗാന്ധിയുടെ നാമധേയമാണ്. ഭാരതത്തിന്റെ രാജനീതിയെ ആധ്യാത്മികതയുടെ അടിത്തറയിൽ പടുത്തുയർത്താനുള്ള ശ്രമം നടത്തി എന്ന് പറഞ്ഞാണ് ഭാഗവതിന്റെ ലേഖനം തുടങ്ങുന്നത്.

സമാജത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും പെരുമാറ്റം സംശുദ്ധമാക്കി തീർക്കുന്നതിനാണ് ഗാന്ധിജി കൂടുതൽ ഊന്നൽ നൽകിയിരുന്നത്. മഹാത്വാകാംക്ഷ, സ്വാർഥം എന്നിവയാൽ പ്രേരിതമായി, അഹങ്കാരത്തിന്റെയും വികാരങ്ങളുടെയും അടിസ്ഥാനത്തിലുള്ള ദേശത്തിനകത്തും ആഗോള തലത്തിലും നടക്കുന്ന രാജ - നൈതിക പ്രവർത്തനങ്ങളെ അദ്ദേഹം പാടെ തിരസ്‌കരിച്ചിരുന്നു- മോഹൻ ഭാഗവത് തന്റെ ലേഖനത്തിൽ പറയുന്നു.

ഗാന്ധിജിക്ക് ആർ എസ് എസുമായുണ്ടായിരുന്നു ബന്ധവും ഭാഗവത് വിവരിക്കുന്നു. 1936 ൽ ഗാന്ധിജി വാർധയുടെ പരിസരത്ത് നടന്ന സംഘത്തിന്റെ ശിബിരം സന്ദർശിച്ചിരുന്നു. അടുത്ത ദിവസം ഡോ. ഹെഡ്ഗേവാർ ഗാന്ധിജിയുടെ താമസസ്ഥലത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അന്നത്തെ കൂടിക്കാഴ്ചയിൽ നടന്ന സുദീർഘമായ ചർച്ച, ചോദ്യോത്തരങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിഭജനത്തിന്റെ നാളുകളിൽ ഡൽഹിയിൽ ഗാന്ധിയുടെ താമസസ്ഥലത്തിന് അടുത്ത് പ്രവർത്തിച്ചിരുന്ന ആർഎസ്എസ് ശാഖയിൽ വന്ന് സ്വയം സേവകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അതിന്റെ വാർത്ത 1947 സെപ്റ്റംബർ 27 ന് ഹരിജൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹം സ്വയം സേവകരുടെ അച്ചടക്കം, ജാതി-ഉപജാതി എന്നീ ചിന്തകളുടെ പൂർണ്ണമായ അഭാവം എന്നിവ കണ്ട് സന്തോഷിച്ചെന്നും മോഹൻ ഭാഗവത് പറയുന്നു.

വ്യാപകമായ പ്രതിഷേധമാണ് ഗാന്ധി സ്മരണ നടത്തുന്ന ബിജെപി സംഘപരിവാർ സംഘടനകൾക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. ആട്ടിൻകുട്ടിയ കൊന്ന് തിന്ന ശേഷം കരഞ്ഞ് കൊണ്ട് വൈകുന്നേരം അനുസ്മരണയോഗം നടത്തുന്ന ചെന്നായ്ക്കളെപ്പോലെയും മരിച്ച ശേഷം ഈപ്പച്ചനെ പുകഴ്‌ത്തുന്ന കടയാടി ബേബിയെപ്പോലെയാണ് പലരും ഗാന്ധിയെ അനുസ്മരിക്കുന്നത് കാണുമ്പോൾ ഓർമ്മ വരുന്നത് എന്നാണ് സോഷ്യൽ മീഡിയ പറഞ്ഞ് വയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP