Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെള്ളയുടുപ്പും വെള്ളമുണ്ടും ധരിച്ച് മേക്ക് അപ്പ് ചെയ്യാത്ത മോഹൻലാൽ സൈക്കിൾ ഓടിച്ച് നഗര മധ്യത്തിലൂടെ പോയാൽ എന്തു സംഭവിക്കും? പഴയ ഓർമകൾ പുതുക്കാൻ സെക്രട്ടറിയേറ്റിന് മുമ്പിലൂടെ കോഫീ ഹൗസ് വരെ ലാലേട്ടൻ സൈക്കിൾ ഓടിച്ചു പോയപ്പോൾ

വെള്ളയുടുപ്പും വെള്ളമുണ്ടും ധരിച്ച് മേക്ക് അപ്പ് ചെയ്യാത്ത മോഹൻലാൽ സൈക്കിൾ ഓടിച്ച് നഗര മധ്യത്തിലൂടെ പോയാൽ എന്തു സംഭവിക്കും? പഴയ ഓർമകൾ പുതുക്കാൻ സെക്രട്ടറിയേറ്റിന് മുമ്പിലൂടെ കോഫീ ഹൗസ് വരെ ലാലേട്ടൻ സൈക്കിൾ ഓടിച്ചു പോയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൗഹൃദങ്ങളാണ് മോഹൻലാൽ എന്ന നടന്റെ കരുത്ത്. തിരുവനന്തപുരത്ത് എംജികോളേജിലെ പഠിത്തവും കോഫീ ഹൗസിലെ ചങ്ങാതിക്കൂട്ടവും ലാലിന്റെ ജീവിതത്തിലെ പ്രധാന ഏടുകളാണ്. നടന് ഇന്നും മറക്കാനാവാത്ത അസുലഭ നിമിഷങ്ങൾ. ഇതിലേക്കായിരുന്നു ലാൽ വീണ്ടും സൈക്കിൾ ഓടിച്ചത്.

വെള്ളയുടുപ്പും വെള്ളിക്കരയുള്ള മുണ്ടുമുടുത്ത് ഒരൊത്ത പുരുഷൻ സൈക്കിളിൽ സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എം.ജി റോഡിലൂടെ വടക്കോട്ട് പോകുന്നു. വെളുപ്പിന് 4.30 ആയതിനാൽ അധികമാരും നടനെ തിരിച്ചറിയുന്നില്ല. കോഫീ ഹൗസിലേക്കായിരുന്നു സൈക്കിൾ യാത്ര. സിനിമയിൽ മോഹൻലാൽ അരങ്ങേറ്റം കുറിച്ചത് തിരനോട്ടം എന്ന സിനിമയിലൂടെയായിരുന്നു. ഇനിയും ഇത് റിലീസ് ചെയ്തിട്ടില്ല. ഈ സിനിമയിൽ സൈക്കിൾ ഓടിക്കുന്നതായിരുന്നു ലാലിന്റെ ആദ്യ ഷോട്ട്. അതിനെ അനുസ്മരിപ്പിക്കും വിധം സൈക്കിളിൽ കോഫീ ഹൗസിലേക്ക്.

പണ്ട് കോഫി ഹൗസ് യാത്ര മോഹൻലാലിന് നിത്യവും ഉള്ള ഒരു സൈക്കിൾയജ്ഞമായിരുന്നു. സൈക്കിളിലും ബസിലും സ്‌കൂട്ടറിലും മറ്റുമായി അവർ ഒരുകൂട്ടം കൂട്ടുകാർ അവിടെ കൂട്ടം കൂടിയിരുന്നാണ് പകൽ സ്വപ്നങ്ങൾ കണ്ടിരുന്നത്. മോഹൻലാലും പ്രിയദർശനും അടക്കമുള്ളവരുടെ ഒരുമിക്കൽ കേന്ദ്രം. പഴയകാല ജീവിത വഴിയിലൂടെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സൈക്കിളോടിച്ചപ്പോൾ ദീർഘനാളായി മോഹൻലാലിന്റെ മനസിൽ അടക്കി വച്ച ഒരാഗ്രഹമാണ് നടപ്പിലായത്. തിരുവനന്തപുരത്തെ ഷൂട്ടിംഗിനുശേഷം എറണാകുളത്തേക്ക് വിമാനത്തിൽ തിരിച്ചുപോകുന്നതിന് അല്പം മുമ്പാണ് നഗരത്തിലൂടെ സൈക്കിളോടിച്ചത്.

4.30ന് മാധവരായർ പ്രതിമയെ ഒന്ന് വലം വച്ച് പഴയ കോഫി ഹൗസ് വരെ സൈക്കിളിൽ മെല്ലെ യാത്ര ചെയ്തു. അതിരാവിലെ നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ട് അദ്ഭുതപ്പെട്ടു നിന്നു. അവർക്കൊക്കെ ചെറിയ ചിരി നൽകി അദ്ദേഹം മുന്നോട്ട് ചവിട്ടി. കോഫി ഹൗസിന് മുന്നിൽ കുറച്ച് സമയം ചെലവഴിച്ചു. അന്നത്തെ കുസൃതികൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് എം.ബി. സനൽകുമാറുമായി പങ്കുവച്ചു. അന്ന് സ്വന്തം സ്‌കൂട്ടറിലും ചിലപ്പോൾ കൂട്ടുകാരുടെ സൈക്കിളിന്റെ പിറകിലും മുൻപിലുമായാണ് വീട്ടിലേക്ക് പാതിരാത്രിയിൽ തിരിച്ചുപോകുന്നത്.

റോഡിൽ ഒച്ചയും ബഹളവുമുണ്ടാക്കി ആഘോഷത്തോടെയാണ് തിരിച്ചു പോക്കെന്ന് പറഞ്ഞ് ലാൽ ചിരിച്ചു. പിന്നെ കോഫി ഹൗസിന് മുന്നിലൂടെ സൈക്കിൾ തള്ളിക്കൊണ്ട് നടന്നു. 5 മണിക്ക് പിരിഞ്ഞു. മോഹൻലാലിന് നഗരത്തിലൂടെ സൈക്കിൾ ചവിട്ടണമെന്ന് ഏതോ ഒരു സുഹൃദ് സംഗമത്തിൽ പറഞ്ഞതിന്റെ ഓർമ്മകൾ വച്ചാണ് സനൽകുമാർ ഈ ഒരു ദൗത്യം ഏറ്റെടുത്തത്. കുറേ ദിവസങ്ങളായി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇവിടെ നടക്കുകയായിരുന്നു.

കുറച്ച് വർഷം മുൻപ് മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ലാൽ എത്തിയപ്പോൾ ഈ ആഗ്രഹം നടപ്പിലാക്കാൻ പറ്റിയിരുന്നില്ല. ഇപ്രാവശ്യം സനൽകുമാർ അത് യാഥാർത്ഥ്യമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP