Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീകുമാർ മേനോനിൽ വിശ്വാസമില്ല; എം.പത്മകുമാറിനെ ലോക്കേഷനിലിറക്കി നിർമ്മാതാവും! ഒടിയന്റെ ബ്രഹ്മാണ്ട ക്ലൈമാക്‌സ് ഒരുക്കുന്നത് സംവിധായകൻ തന്നെ; പത്മകുമാർ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറും; പുഷ് ശ്രീകുമാർ-മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള ഗോസിപ്പുകളും സജീവം; പുഷ് ശ്രീകുമാറിനെ തളർത്താനുള്ള നീക്കമെന്ന് അണിയറക്കാർ; സിനിമയിൽ പാരവയ്‌പ്പിന് കുറവില്ല

ശ്രീകുമാർ മേനോനിൽ വിശ്വാസമില്ല; എം.പത്മകുമാറിനെ ലോക്കേഷനിലിറക്കി നിർമ്മാതാവും! ഒടിയന്റെ ബ്രഹ്മാണ്ട ക്ലൈമാക്‌സ് ഒരുക്കുന്നത് സംവിധായകൻ തന്നെ; പത്മകുമാർ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറും; പുഷ് ശ്രീകുമാർ-മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള ഗോസിപ്പുകളും സജീവം; പുഷ് ശ്രീകുമാറിനെ തളർത്താനുള്ള നീക്കമെന്ന് അണിയറക്കാർ; സിനിമയിൽ പാരവയ്‌പ്പിന് കുറവില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദ്യ ചലച്ചിത്രമാണ് ഒടിയൻ. മോഹൻലാൽ വ്യത്യസ്ഥ വേഷത്തിലെത്തുന്ന ഒടിയന്റെ ക്ലൈമാക്‌സ് ചിത്രീകരണം പുരോഗമിക്കുകയാണ്. ഇരുപത് ദിവസം നീളുന്ന ചിത്രീകരണം. ഇതിന്റെ സെറ്റിൽ സംവിധായകനായ എം പത്മകുമാറും ഉണ്ട്. ഇതോടെ കഥകൾ പ്രചരിച്ചു. ശ്രീകുമാർ മേനോനിൽ വിശ്വാസമില്ലാത്ത നിർമ്മാതാവ് പത്മകുമാറിനെ രംഗത്തിറക്കി ചിത്രീകരണം നടത്തുന്നുവെന്നതാണ് അത്. മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനാണ് പത്മകുമാർ. അമ്മക്കിളിക്കൂടും വാസ്തവവും ശിക്കാറും ഒരുക്കിയ സിനിമാക്കാരൻ. എന്നാൽ സ്വതന്ത്ര സംവിധായകനാകുമ്പോഴും അസോസിയേറ്റായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള സിനിമാക്കാരനാണ് പത്മകുമാർ. രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രമായ ലോഹത്തിൽ പോലും പത്മകുമാർ സഹകരിച്ചിരുന്നു. 'ഒടിയനിലും' പത്മകുമാർ അസോസിയേറ്റ് സംവിധാകരനാണ്. അത്രമാത്രം.

ഒടിയന്റെ ചിത്രീകരണവും അണിയറ പ്രവർത്തനവുമെല്ലാം പുഷ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. അർക്കും ആശയക്കുഴപ്പമൊന്നുമില്ല. സോഷ്യൽ മീഡിയിയിൽ ഒടിയൻ തരംഗമാവുകയാണ്. മഞ്ജു വാര്യരുടെ നായികാ കഥാപത്രവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ലാലും മഞ്ജുവും ശ്രീകുമാറും ഒരുമിക്കുന്നതാണ് ഗോസിപ്പുകൾക്ക് അടിസ്ഥാനമെന്നാണ് ഒടിയന്റെ അണിയറക്കാരുടെ വാദം. മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദിവസങ്ങൾ നീളുന്ന ഒടിയന്റെ ക്ലൈമാക്‌സിനെ കല്ലുകടിയിലൂടെ നശിപ്പിക്കാനാണ് ഇത്തരം കഥകൾ. പത്മകുമാർ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറാണ്. സിനിമയുടെ പെർഫെക്ഷന് വേണ്ടി പ്ത്മകുമാറിന്റെ പരിചയവും ഉപയോഗിക്കുന്നുണ്ട്. അത് ശ്രീകുമാർ മേനോന്റെ പ്രശ്‌നം കാരണമല്ല. വമ്പൻ പ്രോജക്ടുകളിൽ സഹകരിക്കാനുള്ള പത്മകുമാറിന്റെ താൽപ്പര്യം കാരണമാണ്-അണിയറ പ്രവർത്തകരിൽ ഒരാൾ മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

സിനിമയിലെ ചില ലോബികളാണ് ഇതിന് പിന്നിൽ. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ശ്രീകുമാർ മേനോന്റെ പേരും ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില ഇടപെടലുകൾ ഒടിയനെതിരേയും നടക്കുന്നുണ്ട്. ഏവരും ഒരുമിച്ച് പോകേണ്ട സമയമാണ് ഇതെന്നും സിനിമാക്കാർ പറയുന്നു. രാമലീലയെ എല്ലാവരും പിന്തുണച്ചു. വ്യക്തിവിരോധങ്ങൾ അവിടെ കണ്ടില്ല. സിനിമയാണ് പ്രധാനം. അതിലേക്ക് വേണം പോകേണ്ടത്. ഒടിയനും വിജയിക്കേണ്ടത് സിനിമയുടെ അനിവാര്യതയാണ്. വ്യാജ പ്രചരണങ്ങളിലൂടെ അതിനെ തളർത്തരുതെന്നാണ് ആവശ്യം. ശ്രീകുമാറിനെ വിശ്വാസമില്ലാത്തതുകൊണ്ട് പത്മകുമാറിനെ ആന്റണി പെരുമ്പാവൂർ എത്തിച്ചെന്ന സോഷ്യൽ മീഡിയ പ്രചരണം പച്ചക്കള്ളമാണെന്നും ഇവർ പറയുന്നു. ഒടിയൻ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും അണിയറ പ്രവർത്തകർ വിശദീകരിക്കുന്നു.

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ ഒരുക്കുന്ന ചിത്രം ഒടിയൻ ബ്രഹ്മാണ്ഡ ക്ലൈമാക്‌സിലേയ്ക്ക കടന്നത് ദിവസങ്ങൾക്ക് മുമ്പാണ്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. 25 ദിവസമായി ഒടിയന് ബ്രഹ്മാണ്ഡ ക്ലൈമാക്‌സ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകൻ ട്വിറ്റർ പേജിലൂടെ അറിയിച്ചു. രാത്രി വെളിച്ചത്തിലാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്ത്രതിന്റെ മേക്കിങ് വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രഫി ഒരുക്കുന്നതിന്റെ ഏതാനും സെക്കന്റ് മാത്രമുള്ള വീഡിയോയും ഒടിയൻ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വിഡിയോയും സുപ്പർഹിറ്റായി. ഇതിന് പിന്നാലെയാണ് ഗോസിപ്പുകൾ പ്രവഹിക്കാൻ തുടങ്ങിയത്.

മാണിക്കൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുക. മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായും ചിത്രത്തിലെത്തും. പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. മാധ്യമപ്രവർത്തകനും ദേശീയ പുരസ്‌കാര ജേതാവുമായ ഹരി കൃഷ്ണനാണ് തിരക്കഥ. പീറ്റർ ഹെയ്‌നാണ് ആക്ഷനും കൊറിയോഗ്രാഫി. പുലിമുരുകൻ ഛായാഗ്രാഹകനാണ് ഒടിയന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്. കലാസംവിധാനം സാബു സിറിൾ. എം ജയചന്ദ്രനാണ് സംഗീതം. എല്ലാം കൊണ്ടും മികച്ച എൻടർടൈനറാകും ഒടിയനെന്നാണ് വിലയിരുത്തൽ. ഒടിയന് ശേഷം രണ്ടാമുഴത്തിലേക്ക് ശ്രീകുമാർ കടക്കും. രണ്ടാമൂഴത്തിന് മുന്നോടിയായി സിനിമയിലെ തന്റെ മികവ് കാട്ടാനാണ് ഒടിയനിലൂടെ ശ്രീകുമാർ ശ്രമിക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവും ഇനി ഒടിയന് സ്വന്തമാകും. ആരാണ് ഒടിയൻ? രാവിരുട്ട് വിരിച്ച കമ്പളത്തിലൂടെ നടന്നുവരുന്ന രാത്രിയുടെ രാജാവ് എന്നു മാത്രമാണ് മോഹൻലാൽ പറഞ്ഞത്. ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രെന്നാണ് ശ്രീകുമാർ മേനോൻ പറയുന്നത്.

ഒടിയനു പല സിദ്ധികളുമുണ്ട്. നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്ച. ഒരേസമയത്തു പല വേഷങ്ങളിൽ, പല ഭാവങ്ങളിൽ ഒടിയൻ എത്തുന്നു. കേരളത്തിൽ വൈദ്യുതി വ്യാപകമായ കാലത്ത് ഇരുട്ടിന്റെ മറ നഷ്ടപ്പെട്ടതോടെ ഒടിയന്മാർ എവിടെയോ പോയ്മറഞ്ഞു. 1950 മുതൽ 2000 വരെയുള്ള 50 വർഷക്കാലത്തെ ഒരു പാലക്കാടൻകഥയാണ് ഒടിയൻ എന്ന സിനിമ പറയുന്നത്. ചിലപ്പോൾ നാലുകാലിൽ ഓടുന്ന, പാടവരമ്പിൽ ഇഴയുന്ന ഒടിയനാണു മാണിക്കൻ. മാണിക്കന്റെ പല സിദ്ധികളിലൊന്നാണത്. അതുകൊണ്ടുതന്നെ, മാണിക്കനാകാൻ മോഹൻലാൽ 15 കിലോ കുറച്ചു.

'പുലിമുരുകനി'ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആക്ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്. മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ മോഹൻലാൽ അവതരിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP