Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മോഹൻലാലിന് ആനക്കൊമ്പു കിട്ടിയത് തൃശൂരിൽ നിന്നും ചെന്നൈയിൽ നിന്നുമല്ല; നരസിംഹം ചിത്രീകരിച്ച മാനവ നിലയം വീട്ടിൽനിന്ന്; സൂപ്പർതാരം ആനക്കൊമ്പ് വാങ്ങിയത് രണ്ടര ലക്ഷം രൂപയ്ക്ക്

മോഹൻലാലിന് ആനക്കൊമ്പു കിട്ടിയത് തൃശൂരിൽ നിന്നും ചെന്നൈയിൽ നിന്നുമല്ല; നരസിംഹം ചിത്രീകരിച്ച മാനവ നിലയം വീട്ടിൽനിന്ന്; സൂപ്പർതാരം ആനക്കൊമ്പ് വാങ്ങിയത് രണ്ടര ലക്ഷം രൂപയ്ക്ക്

കൊച്ചി:മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് അടുത്ത മാസം ഒമ്പതിന് ഹൈക്കോടതിയിൽ അന്തിമ വാദം കേൾക്കാനിരിക്കെ മോഹൻലാൽ ആനക്കൊമ്പ് വാങ്ങിയതു സംബന്ധിച്ചു കൂടുതൽ തെളിവുകൾ. തൃശൂരിലും ചെന്നൈയിലും നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നാണ് മോഹൻലാൽ പറഞ്ഞിരുന്നത്.

എന്നാൽ ഷൂട്ടിംഗിനെത്തിയ ഒറ്റപ്പാലത്തെ ഒരു വീട്ടിൽ നിന്നാണ് മോഹൻലാൽ രണ്ട് ആനക്കൊമ്പുകൾ വാങ്ങിയതെന്നതിനു തെളിവുകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. നിരവധി സിനിമകൾ ചിത്രീകരിക്കുന്ന ലൊക്കേഷനായ ഒറ്റപ്പാലത്ത് ഷൂട്ടിങ് ആവശ്യത്തിനായി മോഹൻലാൽ പലപ്പോഴും വരാറുണ്ട്. ദേവാസുരം മുതൽ നരസിംഹം വരെയുള്ള സിനിമകൾക്ക് ലൊക്കേഷനായ ഒറ്റപ്പാലം കണ്ണിയമ്പുറത്തെ മാനവനിലയം എന്ന വീട്ടിൽ നിന്നാണ് മോഹൻലാൽ ഈ ആനക്കൊമ്പ് വാങ്ങിയത്. ദേവാസുരം എന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഒറ്റപ്പാലത്തെ മനിശേരിയിലെ വരിക്കശേരി മനയിലായിരുന്നെങ്കിലും കണ്ണിയമ്പുറത്തെ മാനവനിലയം എന്ന വീട്ടിലും ചിത്രീകരണം നടന്നിരുന്നു.

ആറാം തമ്പുരാൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങൾക്കും ഈ വീട് പ്രധാന ലൊക്കേഷനായിരുന്നു. മാനവനിലയം വീട്ടിൽ മുൻഭാഗത്ത് സന്ദർശക മുറിയിൽ കാഴ്‌ച്ചക്കായി വച്ചിരുന്ന ആനക്കൊമ്പാണ് മോഹൻലാൽ വാങ്ങിയതെന്ന് ഇക്കാര്യങ്ങൾ അറിയുന്ന ഒറ്റപ്പാലത്തെ മധു മറുനാടൻ മലയാളിയോട് പറഞ്ഞു. മാനവനിലയം വീട്ടിലെ ഗൃഹനാഥനായിരുന്ന എ.വി.മേനോനാണ് രണ്ടരലക്ഷം രൂപക്ക് മോഹൻലാലിന് ഇത് വിറ്റ കാര്യം മധുവിനോട് പറഞ്ഞത്. ഏകദേശം 20 വർഷം മുമ്പാണ് വിൽപ്പനയും മറ്റും നടന്നത്. നിലമ്പൂർ കോവിലകവുമായി ബന്ധമുള്ള കുടുംബമാണ് ഒറ്റപ്പാലത്തെ മാനവി നിലയം. നിലമ്പൂരിൽ നിന്നാണ് ഈ ആനക്കൊമ്പ് ഒറ്റപ്പാലത്തേക്ക് കൊണ്ടു വന്നത്.

മാനവനിലയം എന്ന വീടിനടുത്ത് നേരത്തെ വാടകക്ക് താമസിച്ചിരുന്ന സമയത്ത് മധു മിക്ക ദിവസവും മാനവനിലയം വീട്ടിൽ വരാറുണ്ടായിരുന്നു. എ.വി.മേനോനുമായി അടുത്ത സൗഹൃദമാണ് മധുവിനുണ്ടായിരുന്നത്. എ.വി മേനോന്റെ യാത്രകളിൽ സഹായിയായി മിക്കവാറും മധുവും ഉണ്ടാകാറുണ്ട്. നേരത്തെ ആനക്കൊമ്പ് വിൽപ്പനയും മറ്റും നിയമപരമായി ഇത്ര പ്രശ്‌നങ്ങളില്ലാത്ത സമയത്തുതന്നെ പലരും ആനക്കൊമ്പ് വാങ്ങാനായി മേനോനെ സമീപിച്ചിരുന്നെങ്കിലും കുടുംബ സ്വത്തായതിനാൽ വിൽക്കില്ല എന്നാണ് മേനോൻ പറഞ്ഞിരുന്നത്. എന്നാൽ ഒരു രാവിലെ മാനവനിലയം വീട്ടിലെത്തിയ മധു ആനക്കൊമ്പ് കാണാതായപ്പോൾ അന്വേഷിച്ചപ്പോഴാണ് മോഹൻലാലിന് വിറ്റ കാര്യം പറഞ്ഞത്. ആനക്കൊമ്പിന്റെ രൂപവും മധു പറഞ്ഞു.

നല്ല വീട്ടി കൊണ്ടുള്ള മേശയിൽ മധ്യ ഭാഗത്തായാണ് ആനക്കൊമ്പ് സ്ഥാപിച്ചിട്ടുള്ളത്.വെള്ളിയിലോ പിച്ചളയിലോ ആണ് അടിഭാഗം ഉറപ്പിച്ചിട്ടുള്ളത്്. കൊമ്പുകൾ മുകളിലേക്ക് ചേർന്നാണ് നിൽക്കുന്നത്. കൊമ്പുകൾക്ക് നടുവിൽ കോഴിമുട്ടയുടെ ആകൃതിയിൽ കണ്ണാടി പിടിപ്പിച്ചിട്ടുണ്ട്. കൊമ്പുകൾ ചേർന്നു നിൽക്കുന്നതിനാൽ കോഴി മുട്ടയുടെ രൂപത്തിലേ കണ്ണാടി നിർമ്മിക്കാൻ കഴിയു. കണ്ണാടി മേലോട്ടും താഴേക്കും ചലിപ്പിക്കാൻ കഴിയും. ചന്ദ്രോദയം സിനിമയിൽ ഈ കണ്ണാടിക്ക് മുമ്പിൽ മോഹൻലാൽ ഇരിക്കുന്ന രംഗമുണ്ട്. വർഷങ്ങൾക്ക് മുമ്പ് എ.വി മേനോൻ മരിച്ചു പോയി. പക്ഷെ സഹോദരങ്ങളുണ്ട്. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്ന ചിലർക്കും ഈ കാര്യങ്ങൽ അറിയുന്നതാണെന്ന് മധു പറഞ്ഞു. റെയ്ഡ് നടത്തി പിടിക്കപ്പെട്ടപ്പോൾ താനൊക്കെ ആരാധിക്കുന്ന മഹാനടനായ മോഹൻലാൽ നുണ പറഞ്ഞതിലെ വിഷമം കൊണ്ടാണ് ഇക്കാര്യങ്ങൾ പുറത്തു വിടുന്നതെന്നും മധു പറഞ്ഞു. എന്നോ തീർന്നെന്നു കരുതിയ കേസ്സിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയിലൂടെ പുറത്തു വന്നപ്പോഴാണ് കേസിന്റെ കാര്യങ്ങൾ അറിഞ്ഞതെന്നും അതുകൊണ്ടാണ് കാര്യങ്ങൾ പറയുന്നതെന്നും മധു പറഞ്ഞു.

2012 ൽ ആദായ വകുപ്പ് അധികൃതർ മോഹൻലാലിന്റെ തേവരയിലുള്ള വിസ്മയ എന്ന വീട് റെയ്ഡ് ചെയ്തപ്പോൾ അനധികൃതമായി സൂക്ഷിച്ചിരുന്ന നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തിരുന്നു. വനം വകുപ്പിന്റെ അനുമതിയോ പ്രത്യേക ലൈസൻസുകളോ ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചത് പിടികൂടിയാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഉടൻ അറസ്റ്റ് ചെയ്യേണ്ടതും കൊമ്പുകൾ പിടിച്ചെടുക്കേണ്ടതുമാണ്. മൂന്ന് വർഷം മുതൽ 7 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റം കൂടിയാണത്. എന്നാൽ പ്രതി മോഹൻലാൽ ആയതിനാൽ അറസ്്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, ആനക്കൊമ്പ് മോഹൻലാലിന്റെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ വനം വകുപ്പ് അനുമതി കൊടുക്കുകയും ചെയ്തു. മോഹൻലാലിനെതിരെ കേസ് നടക്കുമ്പോഴും തൊണ്ടി മുതൽ പ്രതിയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ അനുമതി കൊടുക്കുകയും വനംവകുപ്പ് ചെയ്തിട്ടുണ്ട. എറണാകുളം ജില്ലയിലെ പോളനാട് റെയ്്ഞ്ച് ഓഫീസിൽ മോഹൻലാലിനെതിരെ ഒ.ആർ.14/2012 ആയി കേസ് നിലവിലുണ്ട്.

തൃശൂരിലും, ചെന്നൈയിലുമുള്ള സ്വകാര്യ വ്യക്തികളിൽ നിന്നാണ് ആനക്കൊമ്പുകൾ വാങ്ങിയതെന്നും അവർക്ക് ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഉണ്ടായിരുന്നുവെന്നുമാണ് മോഹൻലാൽ പറഞ്ഞതേ. എന്നാൽ ലൈസൻസുള്ളവരിൽ നിന്നോ സർക്കാരിൽ നിന്നോ വാങ്ങിയാലും ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാൽ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റ് നടപടികളോ മോഹൻലാലിന്റെ കാര്യത്തിൽ ഉണ്ടായില്ലെന്നും കേസിൽ പ്രതിയായ മോഹൻലാലിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി, തുടങ്ങിയല സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കണമെന്നുമാണ് ആൾ കേരള ആന്റി കറക്ഷൻ ആൻഡ് ഹുമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. മൂന്ന് വർഷമായി ഹൈക്കോടതിയിൽ കിടക്കുന്ന കിടക്കുന്ന കേസ് മനപ്പൂർവം നീട്ടിക്കൊണ്ടു പോകുന്നതിനാണ് കഴിഞ്ഞ ദിവസം കോടതി വിമർശിച്ചത്.

പലപ്പോഴും അഡ്വക്കേറ്റ് ജനറലോ മോഹൻലാലിന്റെ വക്കീലോ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരോ ഹാജരാകാതെ നീട്ടിവച്ചു കൊണ്ടിരുന്ന സംഭവങ്ങളും ആവർത്തിച്ചിരുന്നു. മൂന്ന് വർഷമായി കിടക്കുന്ന കേസ്സിൽ അന്തിമ വാദം ഡിസംബർ 9 ന് കേൾക്കുമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവരും അന്ന് ഹാജരാകാനും ജസ്റ്റിസ് രാമക്യഷ്ണന്റെ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP