Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഹൻലാലിനെ ബോധപൂർവ്വം മോശക്കാരനാക്കാൻ ആരാണ് അണിയറയിൽ ചുക്കാൻ വലിക്കുന്നത്? മോഹൻലാലിന് എതിരെയുള്ള രണ്ടാമത്തെ സംഘടിത നീക്കവും അമ്പേ പാളി; മോഹൻലാലിനെ എങ്ങനേയും പങ്കെടുപ്പിച്ചേയുള്ളൂവെന്ന വാശിയിൽ സർക്കാർ; മോഹൻലാൽ വരണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് പുരസ്‌കാര ജേതാവായ ഇന്ദ്രൻസും; നീക്കം പാളിയപ്പോൾ എല്ലാം മാധ്യമങ്ങളുടെ പുറത്ത് വച്ച് കത്തിൽ ഒപ്പിട്ടവരും; ഇനി തീരുമാനിക്കേണ്ടത് സൂപ്പർ സ്റ്റാർ തന്നെ

മോഹൻലാലിനെ ബോധപൂർവ്വം മോശക്കാരനാക്കാൻ ആരാണ് അണിയറയിൽ ചുക്കാൻ വലിക്കുന്നത്? മോഹൻലാലിന് എതിരെയുള്ള രണ്ടാമത്തെ സംഘടിത നീക്കവും അമ്പേ പാളി; മോഹൻലാലിനെ എങ്ങനേയും പങ്കെടുപ്പിച്ചേയുള്ളൂവെന്ന വാശിയിൽ സർക്കാർ; മോഹൻലാൽ വരണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് പുരസ്‌കാര ജേതാവായ ഇന്ദ്രൻസും; നീക്കം പാളിയപ്പോൾ എല്ലാം മാധ്യമങ്ങളുടെ പുറത്ത് വച്ച് കത്തിൽ ഒപ്പിട്ടവരും; ഇനി തീരുമാനിക്കേണ്ടത് സൂപ്പർ സ്റ്റാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാൽ പങ്കെടുക്കുമോ? വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പന്ത് ഇപ്പോൾ മോഹൻലാലിന്റെ കോർട്ടിലെത്തിയിരിക്കുകയാണ്. മോഹൻലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. ഔദ്യോഗിക ക്ഷണപത്രം ഇന്ന് കൈമാറും. ഇത് മോഹൻലാൽ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. മോഹൻലാൽ പങ്കെടുത്താൽ ചലച്ചിത പുരസ്‌കാര സമർപ്പണ ചടങ്ങിന്റെ ശോഭ കുറയുമെന്ന വാദത്തിൽ യുക്തിയില്ലെന്നു മന്ത്രി ബാലൻ വ്ക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തികൾക്കോ, സംഘടനകൾക്കോ പരസ്പരം ശത്രുത തീർക്കാനുള്ള വേദിയല്ല സർക്കാരിന്റെ ചടങ്ങ്. മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ഇന്ദ്രൻസ് അടക്കമുള്ള താരങ്ങൾക്കൊന്നും ചടങ്ങിൽ ലാൽ പങ്കെടുക്കുന്നതിനോട് എതിർപ്പില്ല. ചടങ്ങിൽ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടു യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.

മോഹൻലാലിനെ ക്ഷണിക്കരുതെന്നാവശ്യപ്പെട്ട് ആരും സർക്കാരിനു നിവേദനം നൽകിയിട്ടില്ലെന്നും ലാലിനുള്ള ക്ഷണം ഇന്നു കൈമാറുമെന്നും മന്ത്രി ബാലൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്കു മോഹൻലാലിനെ മന്ത്രി ബാലൻ ക്ഷണിച്ചിരുന്നു. അന്ന് 'ഒടിയൻ' സിനിമയുടെ ചിത്രീകരണത്തിരക്കിലായിരുന്നു. അടുത്ത വർഷം വരാമെന്ന് അറിയിച്ചതിനെ തുടർന്നാണു മന്ത്രി ബാലൻ വീണ്ടും ക്ഷണിച്ചത്. എന്നാൽ ഔദ്യോഗികമായി കത്ത് നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്ഷണിക്കാനുള്ള തീരുമാനം സർക്കാരെടുത്തത്. ദിലീപിനെ പിന്തുണച്ച മോഹൻലാലിനെ ഒഴിവാക്കണമെന്ന വാദം നിലനിൽക്കില്ലെന്നും സർക്കാർ വിലയിരുത്തുന്നു. ചലച്ചിത്ര അക്കാദമയിയുടെ ഡെപ്യൂട്ടി ഡയറക്ടറായ ബീനാ പോളിന്റെ നിലപാടിനെ അക്കാദമിയും പിന്തുണയ്ക്കുന്നില്ല.

അതിനിടെ തങ്ങൾ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ മുഖ്യാതിഥി വേണ്ടെന്നു മാത്രമാണു നിവേദനത്തിൽ ആവശ്യപ്പെട്ടതെന്നും ചലച്ചിത്ര കൂട്ടായ്മയിലെ ചിലർ വിശദീകരിച്ചു. മുഖ്യാതിഥി വേണ്ടെന്ന നിലപാടിനെ മോഹൻലാലിനെതിരായുള്ള നിവേദനമാക്കി മാറ്റിയതു മാധ്യമങ്ങളാണെന്നും അവർ കുറ്റപ്പെടുത്തി. അങ്ങനെ ദിലീപിന്റെ പേരിൽ മോഹൻലാലിനെ മാറ്റാനുള്ള നീക്കം പൊളിഞ്ഞതോടെ എല്ലാ കുറ്റവും മാധ്യമങ്ങൾക്ക് മേൽ ചാരുകയാണ് ഒപ്പിട്ടവർ. മോഹൻലാലിനെ കരുതികൂട്ടി കരിവാരി തേയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇത്. മോഹൻലാലിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നൽകിയ ഭീമഹർജിയിൽ തങ്ങളുടെ അനുമതിയില്ലാതെ പേരു കൂട്ടിച്ചേർത്തതാണെന്നും തങ്ങൾ ഇതിൽ ഒപ്പുവച്ചിട്ടില്ലെന്നും പ്രശസ്ത നടൻ പ്രകാശ് രാജും ക്യാമറാമാൻ സന്തോഷ് തുണ്ടിയിലും പറഞ്ഞതോടെയാണ് നീക്കങ്ങൾ പൊളിഞ്ഞത്.

മോഹൻലാലിനെ നാണം കെടുത്താനായി നടത്തിയ രണ്ടാമത്തെ നീക്കമാണു സംസ്ഥാന അവാർഡ്ദാന ചടങ്ങെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. മോഹൻലാൽ 'എഎംഎംഎ' പ്രസിഡന്റ് ആയി ചുമതലയേറ്റതിനെ തുടർന്നുള്ള 'എഎംഎംഎ' യോഗത്തിനു ശേഷമായിരുന്നു ആദ്യശ്രമം. എന്നാൽ അതു പാളിപ്പോകുകയായിരുന്നു. അമ്മ യോഗത്തിനു ശേഷം മോഹൻലാലിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവന ഇറക്കാനാണ് ആദ്യം ശ്രമം നടത്തിയത്. മുൻ അവാർഡ് ജേതാവായ ഒരു സംവിധായകനും ഒരു മുൻ നടിയും ചേർന്നാണ് അതിനുള്ള ശ്രമം നടത്തിയത്. സുഹാസിനി അടക്കമുള്ള എട്ടു നടിമാരെ വിളിച്ച് ഇവർ പ്രസ്താവനയിറക്കാൻ ആവശ്യപ്പെട്ടു.

അക്രമിക്കപ്പെട്ട നടിക്കെതിരെ മോഹൻലാലിന്റെ നേതൃത്വത്തിൽ നീക്കം നടക്കുന്നു എന്നായിരുന്നു ഇവർ നടിമാരോടു പറഞ്ഞ്. ഇതിൽ നാലു േപർ നടി മേനകയുമായി ബന്ധപ്പെടുകയും എന്താണു സത്യാവസ്ഥയെന്നു ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ഇതു 'എഎംഎംഎ'യുടെ സംയുക്ത തീരുമാനമാണെന്നും മോഹൻലാലിന് വ്യക്തിപരമായ പങ്കില്ലെന്നും ഇവർ മനസ്സിലാക്കുന്നത്. തർക്കം പാത്തിരുന്നവർ മോഹൻലാലിനെ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് സാഹചര്യത്തെ വീണ്ടും മുതലെടുത്തു. പ്രകാശ് രാജ് തന്നെ സത്യം പറഞ്ഞതോടെ അതും പൊളിഞ്ഞു. പട്ടികയിലുള്ള ആദ്യ പേരായ നടൻ പ്രകാശ് രാജ് തന്നെ താൻ അറിയാതെയാണു ഇതു ചെയ്തതെന്നു വ്യക്തമാക്കിയതോടെ ഇതിനു പുറകിലെ സത്യസന്ധ്യതയെ സംശയിക്കേണ്ട അവസ്ഥയായി.

തന്നെ ഇതിനായി ആരും വിളിച്ചിട്ടില്ലെന്നും താൻ അറിഞ്ഞിട്ടെ യില്ലെന്നുമാണു പ്രകാശ് രാജ് പറഞ്ഞത്. ഒപ്പുവച്ചുവെന്നു പറയുന്ന ക്യാമറാമാൻ സന്തോഷ് തുണ്ടിയിലാകട്ടെ തനിക്ക് ഒപ്പുവയ്ക്കാനായി അയച്ചുതന്ന കുറിപ്പിൽ മോഹൻലാലിന്റെയോ ഇന്ദ്രൻസിന്റെയോ പേരില്ലായിരുന്നുവെന്നും ചടങ്ങു നന്നായി നടത്താനുള്ള നിർദ്ദേശം മാത്രമാണുണ്ടായിരുന്നതെന്നും പറയുന്നു. പക്ഷെ സന്തോഷിന്റേതെന്ന പേരിൽ നൽകിയ കത്തിൽ മോഹൻലാലിനെ ഒഴിവാക്കണമെന്ന ഭാഗം കൂട്ടിച്ചേർത്തിരുന്നു. തന്നെ ചതിച്ചു എന്നാണു സന്തോഷ് പറയുന്നത്. സന്തോഷിനു കത്തിന്റെ ഡ്രാഫ്റ്റ് എന്ന വ്യാജേന വാട്ട്‌സാപ്പ് സന്ദേശം അയച്ചതും ഈ അവാർഡു സംവിധായകനാണെന്നാണ് സൂചന.

'മോഹൻലാൽ രാജ്യത്തിന്റെ അഭിമാനമാണെന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്കു കഴിയില്ല. അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് എനിക്കുള്ള എതിർപ്പു ഞാൻ നേരത്തേ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഉറച്ചുനിൽക്കുന്നു' ഇതായിരുന്നു പ്രകാശ് രാജ് എടുത്ത നിലപാട്. ്പ്രമുഖ നടന്മാരെ അവാർഡ് ചടങ്ങിൽ അതിഥിയാക്കുന്നതു മുൻപും ചെയ്തിട്ടുണ്ടെന്നു ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ കൂടിയായ സംവിധായകൻ പ്രിയദർശൻ പറഞ്ഞു. താൻ ചെയർമാനായിരിക്കുമ്പോൾ ശബ്‌ന ആസ്മി, അടൂർ ഗോപാലകൃഷ്ണൻ, മധു തുടങ്ങിയവർ അതിഥികളായി എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര പുരസ്‌കാര സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടു 107 സാംസ്‌കാരിക പ്രവർത്തകർ നൽകിയ കത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ആറു ചലച്ചിത്ര സംഘടനകളുടെ കത്തും ലഭിച്ചു. മോഹൻലാലിനെ സർക്കാർ ക്ഷണിക്കുക പോലും ചെയ്യും മുൻപേ അദ്ദേഹത്തെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്ന നിലയിലേക്കു ചിലരുടെ വിദ്വേഷം വളർന്നുവെന്നാണു മനസ്സിലാകുന്നത്. അദ്ദേഹത്തെ തമസ്‌കരിക്കാനുള്ള ഏതു നീക്കത്തെയും പ്രതിരോധിക്കാൻ മലയാള ചലച്ചിത്രമേഖല മുന്നിട്ടിറങ്ങുമെന്നു കത്തിൽ പറയുന്നു. കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സാഗ അപ്പച്ചൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, ഫിയോക് ജനറൽ സെക്രട്ടറി എം.സി.ബോബി, ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവരാണു കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.

ചടങ്ങിന് എല്ലാവരും വരണം മോഹൻലാലിന്റെ സാന്നിധ്യം എങ്ങനെയാണ് അവാർഡ് ചടങ്ങിനു മങ്ങലേൽപിക്കുകയെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു പുരസ്‌കാര ജേതാവായ ഇന്ദ്രൻസിന്റെ നിലപാട്. എന്നെപ്പോലുള്ളവർക്ക് അപൂർവമായി ലഭിക്കുന്ന അവസരമാണ്. ചടങ്ങിൽ എല്ലാവരും വരണം. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ ചൂടും ചൂരുമേറ്റാണു ഞാൻ വളർന്നത്. അവരൊക്കെ ഇല്ലാതായാൽ നാഥനില്ലാത്ത കുടുംബംപോലെയാവും. സർക്കാർ ചടങ്ങല്ലേ, അവരല്ലേ ആരെയൊക്കെയാണു വിളിക്കേണ്ടതെന്നു തീരുമാനിക്കുന്നതെന്നായിരുന്നു ഇന്ദ്രൻസിന്റെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP