Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ല; എംഎൽഎയോ എംപിയോ ആകില്ല; രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താലും വേണ്ടെന്ന് പറയും; മോദിയുമായി നടത്തിയത് വളരെ മുമ്പ് നിശ്ചയിച്ച കൂടിക്കാഴ്ചയും; മുമ്പ് മറ്റു പാർട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്; മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തു; അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തു വന്നു; തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാർത്ഥിയാകുമെന്നത് നിഷേധിച്ച് മോഹൻലാൽ; സൂപ്പർതാരം ആത്മമിത്രങ്ങളോട് പറയുന്നത്

ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങില്ല; എംഎൽഎയോ എംപിയോ ആകില്ല; രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താലും വേണ്ടെന്ന് പറയും; മോദിയുമായി നടത്തിയത് വളരെ മുമ്പ് നിശ്ചയിച്ച കൂടിക്കാഴ്ചയും; മുമ്പ് മറ്റു പാർട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്; മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തു; അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തു വന്നു; തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാർത്ഥിയാകുമെന്നത് നിഷേധിച്ച് മോഹൻലാൽ; സൂപ്പർതാരം ആത്മമിത്രങ്ങളോട് പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താൻ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാർത്ഥിയാകുന്നതിനെക്കുറിച്ചു അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്നും മോഹൻലാൽ. അതിനിടെ മോഹൻലാലിന്റെ മോദി സന്ദർശനത്തിന്റെ വിശദാംശങ്ങൾ മറുനാടന് ലഭിച്ചു. അതീവ രഹസ്യമായാണ് ലാൽ മോദിയെ കാണാനെത്തിയത്. അടുത്ത കുടുംബ സുഹൃത്ത് മാത്രമായിരുന്നു ലാലിനൊപ്പമുണ്ടായിരുന്നത്. ബിജെപി നേതാക്കളും ഇതിനെ കുറിച്ച് അറിഞ്ഞില്ല. മോഹൻലാൽ നടത്തുന്ന വിശ്വശാന്തി ട്രസ്റ്റ് ക്യാൻസർ ചികിൽസാലയം തുടങ്ങാൻ പോകുന്നുവെന്നാണ് സൂചന. ഇതിന്റെ പ്രാഥമിക ചർച്ചകളാണ് പ്രധാനമന്ത്രിയുമായി നടത്തിയത്. പ്രധാനമന്ത്രിയുമായി ലാൽ രാഷ്ട്രീയമൊന്നും സംസാരിച്ചതുമില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിലുള്ള ചർച്ചകളും നടന്നു.

'വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാൻ വേണ്ടിയായിരുന്നു അത്. മുൻപു മറ്റു പാർട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തുവന്നിട്ടുണ്ടെന്നും താനിപ്പോൾ ജോലി ചെയ്യുകയാണെന്നും മോഹൻലാൽ വ്യക്തമാക്കി. മോദിയുടെ കൂടിക്കാഴ്ചയും തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വും ചർച്ചയായപ്പോൾ ലാലിനോട് സുഹൃത്തുക്കളും കാര്യങ്ങൾ തിരക്കി. ഒരിക്കലും താൻ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നും എംഎൽഎയോ എംപിയോ ആകില്ലെന്നുമായിരുന്നു ലാൽ അവർക്ക് നൽകിയ മറുപടി. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്താൽ പോലും പദവി സ്വീകരിക്കില്ലെന്ന നിലപാടിലാണ് ലാൽ.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും നന്ദി പറഞ്ഞ് മോഹൻലാൽ വീണ്ടും ട്വീറ്റ് എഴുതി. മോഹൻലാലുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോദി ട്വിറ്ററിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. മോഹൻലാലിനെയും അദ്ദേഹത്തിന്റെ സമൂഹ്യസേവനങ്ങളെയും പ്രശംസിച്ചായിരുന്നു മോദിയുടെ ട്വീറ്റ്. മോഹൻലാലിന്റെ വിനയഭാവം സ്നേഹം ജനിപ്പിക്കുന്നതാണെന്ന് പറഞ്ഞ മോദി അദ്ദേഹത്തിന്റെ നാനാമുഖമായ സേവന പ്രവർത്തനങ്ങളെയും പ്രകീർത്തിച്ചു. തുടർന്ന് മോദിയോട് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മോഹൻലാൽ, 'എന്നെ ശ്രദ്ധിച്ചതിനും സാമൂഹ്യപ്രവർത്തനങ്ങളെ അഭിനന്ദിച്ചതിനും നന്ദി. ഈ പരീക്ഷണകാലത്ത് കേരളത്തിനൊപ്പം നിന്നതിന് ഞങ്ങളുടെ നന്ദി. കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഇനിയും സഹായിക്കുമെന്ന അങ്ങയുടെ ഉറപ്പിനും നന്ദി. പ്രണാമം, ബഹുമാനം.'- മോഹൻലാൽ കുറിച്ചു.

മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് താരം പ്രധാനമന്ത്രിയെ കണ്ടത്. നവകേരള സൃഷ്ടിക്കായി എല്ലാ പിന്തുണയും മോദി അറിയിച്ചെന്ന് മോഹൻലാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം കുറിച്ചു. ആർഎസ്എസ് നേതാക്കളുമായും ലാലിന് അടുത്ത ബന്ധമുണ്ട്. വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനത്തിൽ ലാലിനെ സഹായിക്കുന്നതും ആർഎസ്എസ് നേതൃത്വമാണ്. ഫൗണ്ടേഷൻ ചില ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പദ്ധതി ഇടുന്നുണ്ട്. ഇതിന് പ്രധാനമന്ത്രിയുടെ പിന്തുണ അനിവാര്യമാണ്. ഇതിന് വേണ്ടിയായിരുന്നു ലാൽ മോദിയെ കണ്ടത്. മുമ്പ് പലവട്ടം മോദിയെ കാണാൻ സമയം ചോദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേർക്കും സൗകര്യപ്രദമെന്ന നിലയിൽ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയത്.

പ്രധാനമന്ത്രിയെ കാണുമ്പോഴേ ഇത്തരമൊരു രാഷ്ട്രീയ ചർച്ച സജീവമാകുമെന്ന് ലാൽ മനസ്സിൽ കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന ചർച്ചകൾ താരത്തെ അലോസരപ്പെടുത്തുന്നില്ല. ചില ദേശീയ മാധ്യമങ്ങളാണ് ലാൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്. ബിജെപിയുടെ ആഗ്രഹം മാത്രമാകും അത്. അല്ലാതെ ലാൽ രാഷ്ട്രീയത്തിൽ സജീവമാകില്ല. സിനിമ തന്നെയാണ് ഇപ്പോഴും ലാലിന് പ്രിയം. നിരവധി മലയാള സിനിമകളിലും തമിഴ് സിനിമയിലും ലാൽ അഭിനയിക്കുന്നു. സൂര്യമായി ചേർന്ന് അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റേയും ലൂസിഫറിന്റേയും തിരക്കിലാണ് ലാൽ. കോളേജ് കാലത്ത് തന്നെ ലാൽ രാഷ്ട്രീയം വിട്ടതാണെന്നും സുഹൃത്തുക്കൾ പറയുന്നു. വിശ്വശാന്തി ട്രസ്റ്റും അതുമായുള്ള ആർഎസ്എസ് നേതാക്കളുടെ ഇടപെടലുകളേയും രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് ലാൽ സുഹൃത്തുക്കളുടെ വിശദീകരണം.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെടാൻ ബിജെപി തീരുമാനിച്ചതായാണ് സൂചന. സംസ്ഥാന ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമാണ് മോഹൻലാലിനോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. മോഹൻലാലിന് താൽപ്പര്യമുണ്ടെങ്കിൽ ബിജെപി ടിക്കറ്റ് നൽകാമെന്നും അറിയിക്കും. അതിലെന്തെങ്കിലും തടസ്സം പറഞ്ഞാലോ എന്ന് കരുതിയാണ് ലാലിനോട് സ്വതന്ത്രനായി മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടാനൊരുങ്ങുന്നത്. കേരളത്തിൽ പ്രമുഖർ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നൽകാൻ മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പ്രധാനമായും സഹായിക്കുന്നത്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി മോഹൻലാൽ ഏറെ അടുപ്പത്തിലുമാണ്. അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആർ എസ എസുമായി അടുപ്പിച്ചത്. ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനാണ് നീക്കം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കാൻ ആഗ്രഹിച്ചത് കെ സുരേന്ദ്രനെയാണ്. എന്നാൽ ആർഎസ്എസ് നിർബന്ധത്തിന് വഴങ്ങി പി എസ് ശ്രീധരൻ പിള്ള അധ്യക്ഷനായി. ഈ സമയം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം ആർ എസ് എസിന് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത ആർഎസ്എസ് തേടുന്നത്.

മോദിയോട് മോഹൻലാലിന് എതിർപ്പൊന്നുമില്ല. പ്രിയദർശനും സുരേഷ് കുമാറും അടക്കമുള്ള മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കൾ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ചെയർമാനാണ് പ്രിയദർശൻ. ഇതെല്ലാം മോഹൻലാലിനെ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയാക്കി മാറ്റുമെന്നാണ് ആർഎസ്എസ് പ്രതീക്ഷ. സംഘപരിവാറിനോട് ചേർന്ന് പ്രവർത്തിക്കാൻ ലാൽ സന്നദ്ധനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലാൽ മത്സരിച്ചില്ലെങ്കിലും അവർക്ക് പരിഭവം ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ലാലിനെ ലോക്സഭയിലേക്ക് കലാകാരൻ എന്ന നിലയിൽ നോമിനേറ്റ് ചെയ്യാനും ആവശ്യപ്പെട്ടേക്കും. സുരേഷ് ഗോപി എംപിയായത് ഇങ്ങനെയാണ്. സുരേഷ് ഗോപിയുടെ കാലാവധി കഴിയുമ്പോൾ മോഹൻലാൽ എന്നതാണ് അവരുടെ നിലപാട്. ഇത്തരം വാർത്തകളെ അപ്രസക്തമാക്കിയാണ് തൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹൻലാൽ വിശദീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP