Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശി തരൂരിനെ നേരിടാൻ ആർഎസ്എസ് മനസ്സിൽ കാണുന്നത് മോഹൻലാലിനെ; എൻഡിഎ സ്വതന്ത്രനായി മത്സരിക്കാൻ ആവശ്യപ്പെടാനുറച്ച് ബിജെപി; ട്വിറ്ററിൽ താരത്തെ മോദി പിന്തുടരുന്നതും തന്ത്രങ്ങളുടെ ഭാഗം; ലാലിന്റെ ആരാധകക്കൂട്ടത്തെ അടുപ്പിക്കാനുറച്ച് പരിവാറുകാർ; സാമൂഹ്യപ്രവർത്തകൻ എന്ന ഇമേജ് സൂപ്പർതാരം സൃഷ്ടിക്കുന്നതിന് പിന്നിലെ രഹസ്യം തേടി സോഷ്യൽ മീഡിയ; മനസ്സ് തുറക്കാതെ മോഹൻലാലും

ശശി തരൂരിനെ നേരിടാൻ ആർഎസ്എസ് മനസ്സിൽ കാണുന്നത് മോഹൻലാലിനെ; എൻഡിഎ സ്വതന്ത്രനായി മത്സരിക്കാൻ ആവശ്യപ്പെടാനുറച്ച് ബിജെപി; ട്വിറ്ററിൽ താരത്തെ മോദി പിന്തുടരുന്നതും തന്ത്രങ്ങളുടെ ഭാഗം; ലാലിന്റെ ആരാധകക്കൂട്ടത്തെ അടുപ്പിക്കാനുറച്ച് പരിവാറുകാർ; സാമൂഹ്യപ്രവർത്തകൻ എന്ന ഇമേജ് സൂപ്പർതാരം സൃഷ്ടിക്കുന്നതിന് പിന്നിലെ രഹസ്യം തേടി സോഷ്യൽ മീഡിയ; മനസ്സ് തുറക്കാതെ മോഹൻലാലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെടാൻ ബിജെപി തീരുമാനം. സംസ്ഥാന ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമാണ് മോഹൻലാലിനോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. മോഹൻലാലിന് താൽപ്പര്യമുണ്ടെങ്കിൽ ബിജെപി ടിക്കറ്റ് നൽകാമെന്നും അറിയിക്കും. അതിലെന്തെങ്കിലും തടസ്സം പറഞ്ഞാലോ എന്ന് കരുതിയാണ് ലാലിനോട് സ്വതന്ത്രനായി മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടാനൊരുങ്ങുന്നത്. കേരളത്തിൽ പ്രമുഖർ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നൽകാൻ മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹൻലാൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് താൻ സംസാരിച്ചുവെന്ന് മോഹൻലാൽ വ്യക്തമാക്കി. ഫേസ്‌ബുക്കിലാണ് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മോഹൻലാൽ വിവരിച്ചിരിക്കുന്നത്. ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രിയെ നേരിട്ടു കാണാനുള്ള ഒരു വിശേഷഭാഗ്യം എനിക്ക് സിദ്ധിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചും ഞങ്ങളുടെ സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ രൂപവൽക്കരിക്കാൻ ഉദ്ദേശിരിക്കുന്ന ക്യാൻസർ കെയർ സെന്റർ എന്ന ഉദ്യമത്തെയും അദ്ദേഹം അഭിനന്ദിച്ചു- മോഹൻലാൽ കുറിച്ചു.

മോഹൻലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾക്ക് പുതുമാനം നൽകുകയാണ്. സാമൂഹ്യപ്രവർത്തന രംഗതത്ത് അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങൾ മികച്ചതാണെന്നും ഏവർക്കും പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ മോഹൻലാലിനെ പിന്തുടരുക കൂടി ചെയ്തതോടെ പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളായിരിക്കുകയാണ് മോഹൻലാൽ. ഇതെല്ലാം ബിജെപിയിലേക്ക് മോഹൻലാലിനെ അടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർഎസ്എസ് തന്നെയാകും അന്തിമ നിലപാടുകൾ എടുക്കുക. ഇതിന്റെ ഭാഗമായാണ് മോഹൻലാലിനെ ഉയർത്തിക്കാട്ടുന്നതും. ലാൽ അല്ലെങ്കിൽ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് മത്സരിക്കട്ടേ എന്നതാണ് ആർഎസ്എസ് നിലപാട്.

വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പ്രധാനമായും സഹായിക്കുന്നത്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി മോഹൻലാൽ ഏറെ അടുപ്പത്തിലുമാണ്. അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആർ എസ എസുമായി അടുപ്പിച്ചത്. ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനാണ് നീക്കം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കാൻ ആഗ്രഹിച്ചത് കെ സുരേന്ദ്രനെയാണ്. എന്നാൽ ആർഎസ്എസ് നിർബന്ധത്തിന് വഴങ്ങി പി എസ് ശ്രീധരൻ പിള്ള അധ്യക്ഷനായി. ഈ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം ആർ എസ് എസിന് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത ആർഎസ്എസ് തേടുന്നത്.

മോദിയോട് മോഹൻലാലിന് എതിർപ്പൊന്നുമില്ല. പ്രിയദർശനും സുരേഷ് കുമാറും അടക്കമുള്ള മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കൾ ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ചെയർമാനാണ് പ്രിയദർശൻ. ഇതെല്ലാം മോഹൻലാലിനെ ബിജെപി പിന്തുണയുള്ള സ്ഥാനാർത്ഥിയാക്കി മാറ്റുമെന്നാണ് ആർഎസ്എസ് പ്രതീക്ഷ. സംഘപരിവാറിനോട് ചേർന്ന് പ്രവർത്തിക്കാൻ ലാൽ സന്നദ്ധനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലാൽ മത്സരിച്ചില്ലെങ്കിലും അവർക്ക് പരിഭവം ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ലാലിനെ ലോക്‌സഭയിലേക്ക് കലാകാരൻ എന്ന നിലയിൽ നോമിനേറ്റ് ചെയ്യാനും ആവശ്യപ്പെട്ടേക്കും. സുരേഷ് ഗോപി എംപിയായത് ഇങ്ങനെയാണ്. സുരേഷ് ഗോപിയുടെ കാലാവധി കഴിയുമ്പോൾ മോഹൻലാൽ എന്നതാണ് അവരുടെ നിലപാട്.

തിരുവനന്തപുരം മണ്ഡലത്തിലേക്ക് പെട്ടന്നൊരു ദിവസം മോഹൻലാൽ എന്ന സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ ബിജെപി തയ്യാറല്ല. മറിച്ച്, സാമൂഹ്യപ്രവർത്തകൻ എന്നൊരു ഇമേജ് മോഹൻലാലിന് സൃഷ്ടിച്ച ശേഷം തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കാനാണ് ആർഎസ്എസ് നേതൃത്വം താൽപര്യപ്പെടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വയനാട്ടിലെ ആദിവാസി കുടുംബങ്ങളെ മോഹൻലാൽ ഏറ്റെടുത്തതെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായാണ് മോദിയെ ലാൽ കണ്ടതും. ഇതോടെ സോഷ്യൽ മീഡിയ ഇക്കാര്യം വലിയ രീതിയിൽ ചർച്ചയാക്കുന്നുണ്ട്. മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്ന ലൂസിഫറും രാഷ്ട്രീയ സിനിമയാണെന്ന സൂചനയുണ്ട്. ഇതെല്ലാം പരിവാർ തന്ത്രമാണോ എന്നാണ് സോഷ്യൽ മീഡിയ പരിശോധിക്കുന്നത്.

നടനെന്ന നിലയിൽ മോഹൻലാലിന് കേരളത്തിൽ പകരക്കാരനില്ലെന്ന് സംഘപരിവാറിന് ബോധ്യമുണ്ട്. പക്ഷേ, സിനിമാക്കാരെ കണ്ടാൽ മറുത്തൊന്നും ആലോചിക്കാതെ വോട്ട് ചെയ്യുന്ന ഉത്തരേന്ത്യക്കാരുടെ മനോഗതിയല്ല മലയാളികൾക്കുള്ളതെന്ന് കേന്ദ്രം തിരിച്ചരിഞ്ഞു കഴിഞ്ഞു. അതിനാൽ, നല്ല പ്രവർത്തികൾ ചെയ്തതിനു ശേഷം മോഹൻലാലിന്റെ ആരാധകക്കൂട്ടത്തെയടക്കം മുതലെടുക്കാമെന്ന നിഗമനമാണ് ഇവർക്കുള്ളതെന്നും സൂചനയുണ്ട്. ഇത് കേരളത്തിലുടനീളം ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പരിവാറുകാരുടെ വിലയിരുത്തൽ. മോദിയും അമിത് ഷായും ഇതിനെ അനുകൂലിക്കുകയും ചെയ്യുന്നു. ദക്ഷിണേന്ത്യയിൽ ഉടനീളം ലാലിനെ ഒപ്പമെത്തിച്ചാൽ നേട്ടമുണ്ടാക്കാനാകുമെന്ന വിലയിരുത്തിലിലാണ് അമിത് ഷാ.

തിരുവനന്തപുരത്ത് സിറ്റിങ് എംപിയായ ശശി തരൂർ തന്നെയാവും കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. മോഹൻലാൽ സമ്മതം മൂളിയാൽ ശശി തരൂർ -മോഹൻലാൽ ഏറ്റുമുട്ടലിനാവും 2019ൽ തിരുവനന്തപുരം വേദിയാവുക. കഴിഞ്ഞ തവണ ഒ രാജഗോപാലായിരുന്നു തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി. 12,000വോട്ടുകൾക്കായിരുന്നു രാജഗോപാൽ പരാജയപ്പെട്ടത്. മോഹൻലാൽ സ്ഥാനാർത്ഥിയായാൽ ഇത് മറികടക്കാമെന്നും ജയിക്കാനാകുമെന്നുമാണ് പരിവാറുകാരുടെ കണക്ക് കൂട്ടൽ. നേമത്തെ എംഎൽഎയായ രാജഗോപാലിനെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്. ഇത് മനസ്സിലാക്കിയാണ് ആരാദകർ ഏറെയുള്ള ലാലിനെ ബിജെപി പക്ഷത്ത് എത്തിക്കാനുള്ള നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP