Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിയർ കാക്കാൻ വനിതാ കൂട്ടായ്മയിൽ നിന്നു രാജി വച്ചെങ്കിലും ഉറച്ച പിന്തുണയോടെ മഞ്ജു വാര്യർ അണിയറയിൽ തന്നെയുണ്ടെന്ന് റിപ്പോർട്ടുകൾ; പാർവ്വതിയും നടിക്കൊപ്പം തന്നെ ഉറച്ചു നിൽക്കും; കുഴപ്പത്തിലായത് ഭിന്നത പരിഹരിക്കാൻ വേണ്ടി മനസ്സില്ലാ മനസോടെ പദവി ഏറ്റെടുത്ത മോഹൻലാൽ; സ്ഥാനമൊഴിയാൻ ലാലിന്റെ മേൽ കടുത്ത സമ്മർദ്ദം

കരിയർ കാക്കാൻ വനിതാ കൂട്ടായ്മയിൽ നിന്നു രാജി വച്ചെങ്കിലും ഉറച്ച പിന്തുണയോടെ മഞ്ജു വാര്യർ അണിയറയിൽ തന്നെയുണ്ടെന്ന് റിപ്പോർട്ടുകൾ; പാർവ്വതിയും നടിക്കൊപ്പം തന്നെ ഉറച്ചു നിൽക്കും; കുഴപ്പത്തിലായത് ഭിന്നത പരിഹരിക്കാൻ വേണ്ടി മനസ്സില്ലാ മനസോടെ പദവി ഏറ്റെടുത്ത മോഹൻലാൽ; സ്ഥാനമൊഴിയാൻ ലാലിന്റെ മേൽ കടുത്ത സമ്മർദ്ദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എല്ലാവരേയും ഒരുമിപ്പിക്കാനാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഏറ്റെടുത്തത്. ആരെങ്കിലും മത്സരിക്കാനുണ്ടെങ്കിൽ താൻ പ്രസിഡന്റാകാനില്ലെന്ന സന്ദേശം ലാൽ എല്ലാവർക്കും നൽകിയിരുന്നു. ആഗ്രഹിച്ചത് പോലെ സംഭവിച്ചപ്പോൾ ലാൽ സംഘടനയുടെ തലപ്പത്തുമെത്തി. ഇതോടെ മലയാള സിനിമയുടെ കരുത്ത് കൂടുമെന്നും വിലയിരുത്തി. പക്ഷേ ദിലീപിനെ സംഘടനയുടെ ഭാഗമാക്കാനുള്ള ജനറൽ സെക്രട്ടറിയുടെ തീരുമാനം പൊല്ലാപ്പായി എന്ന് തിരിച്ചറിയുകയാണ് മോഹൻലാൽ. മഞ്ജുവാര്യരെ അമ്മയുമായി അടുപ്പിച്ച് നിർത്താനായിരുന്നു ലാലിന്റെ ശ്രമം. വ്യക്തിബന്ധങ്ങളിലൂടെ അതിന് കഴിഞ്ഞു. ഡബ്ല്യൂസിസിയിൽ നിന്ന് മഞ്ജു രാജിവച്ചു. ഇതോടെ കളിയിൽ മേധാവിത്വം നേടിയെന്നും ലാലും കരുതി. അതിനിടെയാണ് ഇടിതീ പോലെ അക്രമത്തിനിരയായ നടിയുടെ ഉൾപ്പെടെയുള്ളവരുടെ രാജി. ഇതിൽ അക്രത്തിന് ഇരയായ നടിയുടെ രാജിയാണ് മോഹൻലാലിനെ കുഴക്കുന്നത്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ലാൽ പൂർണ്ണ പരാജയവുമായി. ഇതോടെ അമ്മയുടെ നേതൃസ്ഥാനം മോഹൻലാൽ രാജിവയ്ക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. അതുണ്ടായാൽ സംഘടന കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയും ചെയ്യും.

നാണക്കേട് കാരണം ലാലിന് രാജിവയ്ക്കണമെന്നുണ്ട്. എന്നാൽ അത് സംഘടനയെ തകർക്കുമെന്ന ഉപദേശമാണ് ലാലിന് സുഹൃത്തുക്കൾ നൽകുന്നത്. അതിനിടെ അമ്മയ്‌ക്കൊപ്പമാണെന്ന് മഞ്ജു പറയുമ്പോഴും മനസ്സ് നിറയെ സുഹൃത്തുക്കളാണെന്നാണ് വിലയിരുത്തൽ. അക്രമിത്തിനിരയായ നടിക്കൊപ്പം നിയമനടപടികൾക്ക് മഞ്ജു സജീവമായുണ്ടാകും. കേസിൽ സാക്ഷിപറയാനുമെത്തും. അമ്മയിൽ നിന്ന് രാജിവച്ച ആരേയും കുറ്റപ്പെടുത്തില്ല. ഡബ്ല്യൂസിസിയിൽ നിന്നുള്ള മഞ്ജുവിന്റെ രാജിയും അമ്മയിൽ നിന്നുള്ള നാല് നടിമാരുടെ രാജിയും ഒരുമിച്ചെടുത്ത തീരുമാനമാണ്. മഞ്ജുവും പാർവ്വതിയും സിനിമയിൽ സജീവമാണ്. സൂപ്പർതാരങ്ങളെ പിണക്കിയാൽ കരിയർ നഷ്ടമാകും. അതുകൊണ്ട് സിനിമയിൽ നിൽക്കാനാഗ്രഹിക്കുന്ന മഞ്ജുവും പാർവ്വതിയും അമ്മയിൽ തുടരും. രാജിവച്ച നാലുപേർക്കും അമ്മയെന്ന സംഘടനയെ കൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. അഭിനയ രംഗത്ത് സജീവമായുള്ള റിമാ കല്ലിങ്കൽ ന്യൂജെൻ സിനിമയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ അവർക്ക് അമ്മയുടെ തീരുമാനങ്ങളൊന്നും ഒരു ഘട്ടത്തിലും ബാധകമാകാറില്ല.

ആക്രമിക്കപ്പെട്ട നടിയും ഗീതു മോഹൻദാസും അഭിനയം ഏതാണ് ഉപേക്ഷിച്ച മട്ടിലാണ്. ഗീതു മോഹൻദാസ് സംവിധായകയായി മാറികഴിഞ്ഞു. ഇതുകൊണ്ട് തന്നെ ഇവർക്ക് അമ്മയുമായി അടുപ്പം സൂക്ഷിക്കേണ്ട കാര്യവുമില്ലെ. ഈ സാഹചര്യത്തിലാണ് ഇവർ കടുത്ത നിലപാട് എടുക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കുന്ന തരത്തിൽ ഒരുകാലത്തും ദിലീപിന് ആരേയും സ്വാധീനിക്കാൻ കഴിയില്ലെന്നാണ് അക്രമത്തിനിരയായ നടിയും നൽകുന്ന സൂചന. കേസിന്റെ വിചാരണയിലും മറ്റും മഞ്ജുവും കുഞ്ചാക്കോ ബോബനും പൂർണ്ണമായും സഹകരിക്കുകയും ചെയ്യും. സിനിമാക്കാരുടെ വനിതാ കൂട്ടായ്മയിൽ പ്രശ്‌നമൊന്നുമില്ലെന്നാണ് ലഭിക്കുന്ന സൂചന. ദിലീപിനെതിരായ നീക്കങ്ങളിൽ എല്ലാവരും ഒരുമിച്ചു തന്നെ മുന്നോട്ട് പോകും. ഒരു സമ്മർദ്ദത്തിനും വഴങ്ങുകയുമില്ല.

അതിനിടെ അമ്മയിൽനിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാതെ അമ്മയുടെ മുൻ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ് മാധ്യമങ്ങളെ ഒഴിവാക്കി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അമ്മയുടെ പുതിയ ജനറൽസെക്രട്ടറി ഇടവേള ബാബുവും തയ്യാറായില്ല. നടൻ ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് ഭാവന, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ സംഘടനയിൽനിന്ന് രാജിവെച്ച സാഹചര്യത്തിലാണ് ഇവരുടെ പ്രതികരണം ആരാഞ്ഞത്. ഇവരോട് തൽകാലം പ്രതികരണം വേണ്ടെന്ന് മോഹൻലാലും നിർദ്ദേശിച്ചിട്ടുണ്ട്. വിവാദങ്ങളിൽ ലാലും പ്രതികരിക്കില്ല. അതിനിടെ ദിലീപിനെതിരായ നടപടി അമ്മ വീണ്ടും ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഷൻ നൽകാൻ സാധ്യതയുണ്ട്. മുഖം രക്ഷിക്കാൻ ഇത്തരമൊരു തന്ത്രം മോഹൻലാലും ആലോചിക്കുന്നുണ്ട്. പുതിയ ഭരണ സമിതിക്കൊപ്പം മമ്മൂട്ടിയില്ലെന്നതും ലാലിനെ അസ്വസ്ഥനാക്കുന്നു. കൂട്ടായ തീരുമാനമായി നടപടി വ്യാഖ്യാനിക്കില്ലെന്നതാണ് ഇതിന് കാരണം.

മോഹൻലാലിന്റെ പുറത്തിറങ്ങാനുള്ള ചിത്രമായ ഒടിയനിൽ മഞ്ജു വാര്യരാണ് നായിക. മഞ്ജുവും മോഹൻലാലുമായി നല്ല സൗഹൃദത്തിലാണ്. മോഹൻലാലിനോടുള്ള അടുപ്പം കാരണമാണ് മഞ്ജു അമ്മയ്‌ക്കൊപ്പം നിൽക്കാൻ തയ്യാറായത്. അമ്മയുടെ അധ്യക്ഷ സ്ഥാനം ഇന്നസെന്റ് ഒഴിയുമ്പോൾ ഈ പദവി ഏറ്റെടുക്കാൻ മോഹൻലാലിന് താൽപ്പര്യം ഒട്ടുമില്ലായിരുന്നു. എന്നാൽ മോഹൻലാൽ നയിച്ചാലേ ശരിയാകൂവെന്ന താരങ്ങളുടെ നിർബന്ധത്തിനാണ് മോഹൻലാൽ വഴങ്ങിയത്. എന്നാൽ ദിലീപിന് വേണ്ടി എല്ലാവരും ഒരുമിച്ചപ്പോൾ പേരുദോഷമുണ്ടായത് മോഹൻലാലിനും. രാജിവച്ച് പേരുദോഷം ഒഴിവാക്കണമെന്ന ആഗ്രഹം ലാലിനുണ്ട്. എന്നാൽ അത് പുതിയ വിവാദങ്ങളിലേക്ക് പോകും. സംവിധായകൻ ശ്രികുമാർ നായരാണ് തനിക്കെതിരെ കരുനീക്കം നടത്തുന്നതെന്ന് ദിലീപ് ആരോപിക്കുന്നുണ്ട്. ഈ സംവിധായകന്റെ ആദ്യ സിനിമയായ ഒടിയനിലെ നായകൻ മോഹൻലാലും. അങ്ങനെ ബന്ധങ്ങളുടെ കുരുക്കിലെ സങ്കീർണ്ണതയും മോഹൻലാലിന് പിന്നിലുണ്ട്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് നടൻ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ പുനഃസംഘടനാ യോഗത്തിൽ വെച്ച് ദിലീപിനെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നടിമാർ രാജിവെച്ചത്. അവൾക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു എന്ന പ്രതികരണത്തോടെയാണ് നടിമാരുടെ രാജി. ഡബ്ല്യു.സി.സിയുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് രാജി തീരുമാനം അറിയിച്ചത്. അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചതെന്നും കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാൻ തീരുമാനിക്കുക വഴി, തങ്ങൾ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.

ദിലീപിന്റെ കേസോടെ താരസംഘടന കടുത്ത ഭിന്നതയിലേക്ക് പോയിരുന്നു. പൃഥ്വിരാജിന്റെ നിർബന്ധമാണ് ദിലീപിനെ സംഘടനയിൽ നിന്ന് പുറത്തു നിർത്തിയത്. ഇതോടെയാണ് ഇന്നസെന്റ് സ്ഥാനം ഒഴിയുന്ന സ്ഥിതിയുണ്ടാക്കിയത്. പൃഥ്വിരാജ് അമ്മ പിടിച്ചെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മോഹൻലാലിനെ തന്നെ നേതാവായി അവതരിപ്പിച്ചത്. ഇടവേള ബാബുവിനെ മുന്നിൽ നിർത്തി കളിക്കുകയായിരുന്നു ദിലീപ്. മോഹൻലാലും ഇടവേള ബാബുവും തമ്മിലെ അടുപ്പവും മുതലെടുത്തു. നിയമോപദേശമെന്ന പേരിൽ ദിലീപിനെ സംഘടനയുടെ ഭാഗമാക്കാൻ നീക്കവും നടത്തി. അമ്മയിൽ ഇത് ചർച്ച ചെയ്തില്ലെങ്കിൽ പോലും കുഴപ്പമില്ലായിരുന്നു. ദിലീപ് അമ്മയ്‌ക്കെതിരെ നിയമ നടപടിക്ക് പോകുമെന്ന വ്യാഖ്യാനവുമായാണ് ഇടവേള ബാബു തീരുമാനങ്ങൾ അമ്മയുടെ യോഗത്തിൽ പ്രഖ്യാപിച്ചത്.

ഊർമിളാ ഉണ്ണി വിഷയം അവതരിപ്പിച്ചു. ദിലീപിന്റെ പുറത്താക്കൽ ചട്ടപ്രകാരമല്ലെന്ന് പ്രഖ്യാപിച്ച് അംഗത്വം നൽകി ഇടവേള ബാബു ആദരിച്ചു. ഇടവേള ബാബുവിന്റെ ജനറൽ സെക്രട്ടറി പദത്തെ ദിലീപ് അംഗീകരിച്ചതിന് പ്രതിഫലമായിരുന്നു ഇത്. ഇടവേള ബാബുവിനെ മമ്മൂട്ടിയുടെ പിൻഗാമിയാക്കി ജനറൽ സെക്രട്ടറിയാക്കുന്നതിനെ അമ്മയിൽ എതിർ്പ്പുയർന്നിരുന്നു. ഇതിനെ മറികടന്നത് സംഘടനയിൽ ദിലീപിനുള്ള സ്വാധീന ശക്തി ഉപയോഗിച്ചായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP