Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഹൻലാലിന്റെ കഷ്ടകാലം ഇനിയും മാറിയില്ലേ? ചർക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിന് വേണ്ടിയുള്ള പരസ്യത്തിൽ ചർക്കയിൽ നൂൽ നൂറ്റുകൊണ്ട് ദേശഭക്തിഗാനം പാടി അഭിനയിച്ചതിന് മോഹൻലാലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ശോഭനാ ജോർജ്; എംസിആർ മുണ്ടിനെതിരേയും നടപടിയെന്ന് ഖാദി ബോർഡ് ചെയർമാൻ; സൂപ്പർതാരം ചെന്നുപെട്ട പുതിയ വിവാദം ഇങ്ങനെ

മോഹൻലാലിന്റെ കഷ്ടകാലം ഇനിയും മാറിയില്ലേ? ചർക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിന് വേണ്ടിയുള്ള പരസ്യത്തിൽ ചർക്കയിൽ നൂൽ നൂറ്റുകൊണ്ട് ദേശഭക്തിഗാനം പാടി അഭിനയിച്ചതിന് മോഹൻലാലിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ശോഭനാ ജോർജ്; എംസിആർ മുണ്ടിനെതിരേയും നടപടിയെന്ന് ഖാദി ബോർഡ് ചെയർമാൻ; സൂപ്പർതാരം ചെന്നുപെട്ട പുതിയ വിവാദം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: താരസംഘടനയുടെ പ്രസിഡന്റായതോടെ മോഹൻലാലിന് കഷ്ടകാലമാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കുകയും ദിലീപിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന പ്രസ്താവന ഏറെ പൊല്ലാപ്പുകളുണ്ടാക്കി. എഎംഎംഎയുടെ ഭാരവാഹികളായ ഹണി റോസും രചനാ നാരായണൻ കുട്ടിയും നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയും പേരു ദോഷമായത് മോഹൻലാലിനാണ്. ഇതിന് പിറകെ മറ്റൊരു കേസും. ഖാദി ബോർഡ് വൈസ് ചെയർമാൻ ശോഭനാ ജോർജാണ് മോഹൻലാലിനെതിരെ പുതിയ നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത്.

ചർക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയുള്ള പരസ്യത്തിൽ ചർക്കയിൽ നൂൽനൂറ്റുകൊണ്ട് ദേശഭക്തി ഗാനം പാടി അഭിനയിച്ചതിൽ പ്രതിഷേധിച്ചാണ് നടൻ മോഹൻലാലിനെതിരെ നിയമനടപടികൾ ശോഭനാ ജോർജ് ആരംഭിച്ചതത്. ചർക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് മോഹൻലാൽ ദേശത്തിന്റെ പ്രതീകമായ ചർക്ക വെച്ച് പരസ്യം ചെയ്തതെന്നും അവർ മോഹൻലാലിനെ കുറ്റപ്പെടുത്തി. മോഹൻലാലിനെ കൊണ്ട് ഇങ്ങിനെ ഒരു പരസ്യം ചെയ്യിപ്പിച്ച എംസിആറിനെതിരേയും ം നടപടി സ്വീകരിക്കുമെന്ന് ശോഭനാജോർജ് പറഞ്ഞു. ഇത് മോഹൻലാലിന് കുടുക്കായി മാറുമെന്നാണ് സൂചന. ഉറച്ച നിലപാടുമായാണ് ശോഭാനാ ജോർജ്ജിന്റെ നീക്കം.

ഒരു സ്വകാര്യ ടെക്സ്‌റ്റൈൽസ് സ്ഥാപനത്തിനുവേണ്ടി മോഹൻലാൽ ചർക്ക ഉപയോഗിച്ചുകൊണ്ട് അഭിനയിച്ച പരസ്യം പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ചർക്ക ഉപയോഗിച്ച് ഉൽപന്നങ്ങൾ ഉണ്ടാക്കുന്നത് ഖാദിമേഖല മാത്രമാണ്. അത് ഒരു സ്വകാര്യ സ്ഥാപനത്തിനുവേണ്ടി ഉപയോഗപ്പെടുത്തി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതുവഴി ഖാദി ബോർഡിന് കോടിക്കണക്കിന് രൂപയാണ് നഷ്ടം സംഭവിച്ചത്. അദ്ദേഹം ആ പരസ്യത്തിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കമ്പനിയോട് പരസ്യം പിൻവലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും. ഖാദിയുടെ പേരിൽ അനധികൃത വിൽപന നടത്തുന്ന സ്ഥാപനമേതായാലും അതിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ശോഭനാ ജോർജ് പറയുന്നത്.

എന്നാൽ തന്ത്രപരമായാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ഇതൊരു പരസ്യമല്ലെന്നാണ് തുടക്കത്തിൽ തന്നെ മോഡലായ മോഹൻലാൽ പറയുന്നത്. ഭാരതത്തിന്റെ സ്വപ്‌നങ്ങൾ ചർക്കയിൽ നെയ്‌തെടുത്ത നെയ്തുകാരന്റെ കരവിരുതിന് എംസിആറിന്റെ പ്രണാമം എ്ന്നാണ് പരസ്യം വിശദീകരിക്കുന്നത്. ചർക്കയുമായി ബന്ധപ്പെട്ട യാതൊരു അവകാശ വാദവും നടത്തുന്നുമില്ല. അതുകൊണ്ട് തന്നെ ശോഭനയുടെ വക്കിൽ നോട്ടീസിൽ എംസിആറിന് കാര്യമായ ഭീഷണിയുണ്ടാകില്ലെന്ന വിലയിരുത്തലുമുണ്ട്.

മദ്യക്കമ്പനികളുടെയും പലിശക്കാരുടെയും പരസ്യങ്ങളിൽ അഭിനയിക്കരുതെന്ന് പലരും ലാലിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ മലയാളിയുടെ ജനപ്രിയ നടൻ കുറച്ചുകൂടിസാമൂഹിക ഉത്തരവാദിത്വം കാണിക്കണമെന്ന ആവശ്യം സജീവമായിരുന്നു. കൈത്തറി ഉൽപന്നങ്ങളുടെ പ്രചാരകനായി വർത്തിക്കുന്ന ലാൽ സ്വകാര്യ വസ്ത്രക്കമ്പനികളുടെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടാൻ പാടുണ്ടോയെന്നാണ് ചോദ്യവും സജീവമാണ്. എംസിആറുമായി കരാറിൽ ഏർപ്പെട്ടപ്പോൾ തന്നെ ലാൽ പസ്യത്തിൽ നിന്ന് പിന്മാറണമെന്ന് കൈത്തറി തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി)ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ലാൽ മുഖവിലയ്‌ക്കെടുത്തില്ല.

ഒരേ സമയം ലാൽ ഹാൻഡ്ലൂമിന്റെയും പവർലൂമിന്റെയും ഗുഡ് വിൽ അംബാസിഡറായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് സംഘടന നേതാക്കൾ ചോദിക്കുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് ഉടൻ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ലാലിന്റെ നടപടി കൈത്തറി മേഖലയെ വഞ്ചിക്കുന്നതാണ്. ഇത്തരം വമ്പൻ കമ്പനികളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്ന ലാൽ കൈത്തറിയുടെ പ്രചാരകനായി വരുമ്പോൾ യാതൊരു ഗുണവും ചെയ്യില്ല. കൈത്തറിയുടെ പ്രചാരകനായി ലാൽ വന്നതോടെ നേരിയ ഉണർവ് ഈ മേഖലയിൽ ദൃശ്യമായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതാണ് എംസിആർ മുണ്ടിന്റെ പരസ്യമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യത്തിൽ മോഹൻലാൽ നടൻ ജഗതി ശ്രീകുമാറിന്റെ പാത പിന്തുടരണമെന്നാണ് തൊഴിവാളി സംഘടനകൾ ആവശ്യപ്പെടുന്നത്. ലോട്ടറി വിവാദം ഉയർന്നതോടെ അന്തർ സംസ്ഥാന ലോട്ടറികളുടെ പരസ്യത്തിൽ നിന്ന് ജഗതി സ്വയം പിന്മാറിയിരുന്നു. ജഗതിയുടെ തീരുമാനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. യുഡിഎഫ് ഭരണകാലത്താമ് സംസ്ഥാന സർക്കാർ മോഹൻലാലിനെ കൈത്തറി ഉൽപന്നങ്ങളുടെ ബ്രാൻഡ്അംബാസിഡറായി നിയോഗിച്ചത്.

പ്രതിസന്ധി നേരിടുന്ന കൈത്തറി ഉൽപന്നങ്ങളുടെ വിൽപനയും പ്രചാരവും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. എന്നാൽ മോഹൻലാലെന്ന ബ്രാൻഡിലൂടെ കൈത്തറിക്ക് നേട്ടമൊന്നും ഉണ്ടായില്ല. എന്നാൽ എംസിആർ ഗുണമുണ്ടാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചർച്ച പരസ്യം വിവാദത്തിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP