Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആക്ഷൻ ഹീറോയെ പേടിച്ച് സ്റ്റീഫൻ നെടുമ്പള്ളി നാടുവിട്ടു! 100 കോടി ക്ലബ്ബിലെ ലൂസിഫറിന്റെ ആഘോഷം നടക്കുന്നത് കുടുംബവുമൊത്ത് ജമൈക്കയിൽ; രാഷ്ട്രീയം ചർച്ചയാക്കാതിരിക്കാൻ തിരിച്ചെത്തുക ഈ മാസം 20ന് മാത്രം; പ്രചരണത്തിൽ വലിച്ചിഴയ്ക്കാതിരിക്കാൻ അഭിനയത്തെ പ്രണയിക്കുന്ന താരാജാവ് എടുക്കുന്നത് വമ്പൻ മുൻകരുതലുകൾ; പത്തനാപുരം മോഡൽ തൃശൂരിൽ നടത്താനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി; സുരേഷ് ഗോപിക്കായി വോട്ട് ചോദിക്കാൻ മോഹൻലാൽ എത്തില്ല

ആക്ഷൻ ഹീറോയെ പേടിച്ച് സ്റ്റീഫൻ നെടുമ്പള്ളി നാടുവിട്ടു! 100 കോടി ക്ലബ്ബിലെ ലൂസിഫറിന്റെ ആഘോഷം നടക്കുന്നത് കുടുംബവുമൊത്ത് ജമൈക്കയിൽ; രാഷ്ട്രീയം ചർച്ചയാക്കാതിരിക്കാൻ തിരിച്ചെത്തുക ഈ മാസം 20ന് മാത്രം; പ്രചരണത്തിൽ വലിച്ചിഴയ്ക്കാതിരിക്കാൻ അഭിനയത്തെ പ്രണയിക്കുന്ന താരാജാവ് എടുക്കുന്നത് വമ്പൻ മുൻകരുതലുകൾ; പത്തനാപുരം മോഡൽ തൃശൂരിൽ നടത്താനുള്ള ബിജെപി നീക്കത്തിന് തിരിച്ചടി; സുരേഷ് ഗോപിക്കായി വോട്ട് ചോദിക്കാൻ മോഹൻലാൽ എത്തില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരത്തെ ഇടത് സ്ഥാനാർത്ഥി കെബി ഗണേശ് കുമാറിന് വേണ്ടി വോട്ട് ചോദിക്കാൻ മോഹൻലാൽ എത്തിയിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി ജഗദീഷും ബിജെപിയുടെ ഭീമൻ രഘുവമായിരുന്നു ഗണേശിന്റെ എതിരാളികൾ. വോട്ട് ചോദിക്കാൻ പത്തനാപുരത്ത് ലാൽ എത്തിയതോടെ പ്രചരണത്തിൽ ഗണേശിന് മുൻതൂക്കം കിട്ടി. തനിക്ക് രാഷ്ട്രീയമില്ലെന്നും ഗണേശ് സുഹൃത്താണെന്നും മോഹൻലാൽ വിശദീകരിക്കുകയും ചെയ്തു. ഇതേ രീതിയിൽ തൃശൂരിൽ വോട്ട് ചോദിക്കാൻ മോഹൻലാലിനെ എത്തിക്കാനായിരുന്നു ബിജെപിയുടെ പരിപാടി.

തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി മോഹൻലാൽ വോട്ട് ചോദിക്കാനെത്തിയാൽ അതിന്റെ ഗുണം കേരളത്തിലെ എല്ലാ എൻഡിഎ സ്ഥാനാർത്ഥിക്കും കിട്ടുമെന്നും വിലയിരുത്തലെത്തി. സുരേഷ് ഗോപിയുടെ പ്രചരണ വേദികളിൽ എല്ലാം വലിയ ആൾക്കൂട്ടമുണ്ട്. ഇത് സിനിമാ താരത്തിന് കിട്ടുന്ന പരിഗണനയാണ്. ഇത് വോട്ടാകും എന്ന് ബിജെപിയും കരുതുന്നില്ല. എന്നാൽ മോഹൻലാൽ എത്തിയാൽ കാര്യങ്ങൾ മാറിമറിയുമെന്നും തൃശൂരിൽ ബിജെപിയുടെ സാധ്യത കൂടുമെന്നും പാർട്ടി വിലയിരുത്തുകയും ചെയ്തു. ഈ സാധ്യതകൾക്കാണ് മോഹൻലാലിന്റെ വിദേശ യാത്രകൾ അട്ടിമറി സൃഷ്ടിക്കുന്നത്.

ലൂസിഫറിന്റെ ആദ്യ പ്രദർശനം കണ്ട ശേഷം ലാൽ വിദേശത്തേക്ക് പറന്നു. അമേരിക്കൻ പര്യടനത്തിന് ശേഷം തിരിച്ചെത്താനായിരുന്നു പദ്ധതി. എന്നാൽ ഇത് മാറ്റി സൂപ്പർതാരം കുടുംബവുമൊത്ത് ഇപ്പോൾ ജമൈക്കിയിലാണ് ഉള്ളത്. ലൂസിഫറിന്റെ നൂറു കോടി ക്ലബ്ബിലെ ആഘോഷമെല്ലാം താരം നടത്തുന്നത് ജമൈക്കയിലാണ്. മലയാളികൾ കുറവുള്ള സ്ഥലമെന്ന രീതിയിലാണ് ജമൈക്കയെ തിരഞ്ഞെടുത്തത്. കുടുംബവുമായി ആർത്തലുസിക്കുകയാണ് ലാൽ. ലൂസിഫറിലൂടെ മലയാള സിനിമയിലെ താരസിംഹാസനം ലാൽ ഉറപ്പിച്ചു കഴിഞ്ഞു. എട്ട് ദിവസം കൊണ്ട് നൂറു കോടി ക്ലബ്ബിലെത്തിയതും പ്രഖ്യാപിച്ചത് മോഹൻലാലാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ അതിവേഗം നേട്ടമാണ് ലൂസിഫർ കൈവരിക്കുന്നത്. സിനിമ 200 കോടിയുടെ കളക്ഷൻ ഭേദിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ ശുഭപ്രതീക്ഷ. ലൂസിഫറിന്റെ നേട്ടത്തോടെ ലാലിനുണ്ടായ ആരാധക പിന്തുണ ബിജെപിക്ക് അനുകൂലമാക്കാൻ ബിജെപി ആഗ്രഹിച്ചിരുന്നു. ഇതിനുള്ള ചർച്ചകളും സജീവമായി. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചരണ വേദിയിൽ എത്തിക്കാനായിരുന്നു നീക്കം. ഇതാണ് ലാലിന്റെ വിദേശത്തെ കറക്കം പൊളിക്കുന്നത്.

മറുനാടന് ലഭിച്ച വിവരം അനുസരിച്ച് ഈ മാസം 20ന് മാത്രമേ മോഹൻലാൽ ഇന്ത്യയിൽ എത്താൻ വഴിയുള്ള. ജമൈക്കൻ ആഘോഷത്തിന് ശേഷം ന്യൂയോർക്കിലെത്തുന്ന ലാൽ അവിടേയും കുറച്ചു ദിവസം താമസിക്കും. 23നാണ് കേരളത്തിൽ വോട്ടെടുപ്പ്. പരസ്യ പ്രചരണം 21നേ തീരൂ. ഇതെല്ലാം മനസ്സിലാക്കിയാണ് മോഹൻലാൽ വിദേശത്ത് തുടരുന്നത്. കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയേയും തൽകാലം പിണക്കാൻ ലാലിന് കഴിയില്ല. സംഘപരിവാർ നേതാക്കളുമായി ലാലിന് അടുത്ത ബന്ധമുണ്ട്, ലാലിന്റെ അച്ഛന്റേയും അമ്മയുടേയും പേരിലെ സന്നദ്ധ സംഘടനയെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതുമെല്ലാം മോഹൻലാലാണ്. ഈ സൗഹൃദം ഉപയോഗിച്ച് തൃശൂരിൽ ലാലിനെ എത്തിക്കാനായിരുന്നു നീക്കം. സുരേഷ് ഗോപിയുടെ സുഹൃത്തെന്ന രീതിയിൽ രാഷ്ട്രീയത്തിന് അതീതമായി എത്തിക്കാനായിരുന്നു നീക്കം. നേരത്തെ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി ലാലിനെയാണ് ബിജെപി പരിഗണിച്ചത്. പത്മഭൂഷണും കേന്ദ്ര സർക്കാർ നൽകി. പ്രധാനമന്ത്രി മോദിയെ കണ്ട് ലാൽ ചർച്ച നടത്തിയതും ഏറെ ചർച്ചയായി. ഇതിലൊന്നും രാഷ്ട്രീയമില്ലെന്ന് ലാൽ വിശദീകരിക്കുകയും ചെയ്തു.

എങ്കിലും ലാലിനെ തൃശൂരിൽ ഇറക്കി വോട്ട് പിടിക്കാമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ പ്രത്യേക സാഹചര്യത്തിൽ തൃശൂരിലെ വോട്ട് പിടിത്തം ഗുണം ചെയ്യില്ലെന്ന് താരം തിരിച്ചറിയുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിൽ വോട്ട് പിടിക്കാനെത്തുന്നത് മറ്റ് ആരാധകരെ വേദനപ്പിക്കും. ഇത് സിനിമകൾക്ക് ഗുണം ചെയ്യില്ല. ലൂസിഫറിന് കളക്ഷനിൽ ഇനിയും മുന്നേറേണ്ടതുണ്ട്. ഇതിനൊപ്പം നിരവധി ബിഗ് ബജറ്റ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. എല്ലാ വിധ ആരാധകരേയും തന്നിലേക്ക് അടുപ്പിക്കാനാണ് മോഹൻലാലിന്റെ ആഗ്രഹം. ഇത് മനസ്സിലാക്കിയാണ് ഇടത്-വലത് ആരാധകരെ നിരാശരാകാതെ മുന്നോട്ട് പോകാനുള്ള തീരുമാനം. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടികളുടെ വേദിയിലൊന്നും ലാൽ എത്തില്ല. തൃശൂരിൽ ഇന്നസെന്റിനായും വോട്ട് ചോദിക്കില്ല. ഇത്തവണ വ്യക്തമായ അകലം പാലിക്കാനാണ് താരത്തിന്റെ തീരുമാനം. വോട്ട ചെയ്യുന്നതിലും തീരുമാനമായിട്ടില്ല. നേരത്തെ തിരുവനന്തപുരത്ത് എത്തിയപ്പോൾ കുമ്മനം രാജശേഖരൻ ലാലിനെ കണ്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിലും മറ്റും ബിജെപി പ്രചരിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ എല്ലാ സ്ഥാനാർത്ഥികളിൽ നിന്നും ലാൽ വ്യക്തമായ അകലം പാലിക്കുന്നത്.

രാഷ്ട്രീയം തനിക്ക് താൽപര്യമില്ലാത്ത മേഖയാണെന്നും, എന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹമെന്നും മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. അഭിനേതാവായിട്ടിരിക്കുന്നതിലാണ് ഇത്രയും സ്വാതന്ത്ര്യം അനുഭവിക്കുന്നത്. അത് നഷ്ടപ്പെടുത്താൻ താൽപര്യമില്ല. 'ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ നടൻ മോഹൻലാലിനെ സ്ഥാനാർത്ഥിയായേക്കുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് പ്രതികരണം. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിനില്ലെന്നും തെരഞ്ഞടുപ്പിൽ മത്സരിക്കാൻ താൻ തയ്യാറല്ലെന്നും മോഹൻലാൽ വ്യക്തമാക്കി. 'രാഷ്ട്രീയം എനിക്ക് താത്പര്യമുള്ള വിഷയമല്ല, എനിക്കെന്നും അഭിനേതാവായിട്ടിരിക്കാനാണ് ആഗ്രഹം, അതിൽ ഞാൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഞാൻ ഇഷ്ടപ്പെടുന്നു. രാഷ്ട്രീയത്തിൽ ഒരുപാട് വ്യക്തികൾ നിങ്ങളെ ആശ്രയിച്ചു നിൽക്കും. അത് എളുപ്പമല്ല. അതുപോലെ തന്നെ അത് എനിക്ക് അധികം അറിയുന്ന വിഷയവുമല്ല. അതുകൊണ്ട് ഏതാണെങ്കിലും എനിക്ക് താത്പര്യമില്ല'. മോഹൻലാൽ പറഞ്ഞിരുന്നു. രാഷ്ട്രീയ വിഷയങ്ങളുള്ള സിനിമകളിൽ അഭിനയിക്കുമ്പോഴും താൻ കഥാപാത്രത്തിനാണ് ശ്രദ്ധ നൽകാറുള്ളത്. അതിനപ്പുറം മോഹൻലാൽ എന്ന വ്യക്തി ഒരു രാഷ്ട്രീയ തത്വത്തെയും പ്രോത്സാഹിപ്പിക്കുന്നുല്ലെന്നും ലാൽ വിശദീകരിച്ചിട്ടുണ്ട്.

ലാൽ സലാമിലെ സഖാവ് നെട്ടൂരാനായപ്പോഴും ഭൂമിയിലെ രാജാക്കന്മാരിലെ മഹേന്ദ്ര വർമ്മയായപ്പോഴും ഒന്നും ഉയരാത്ത ചോദ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോഹൻലാലിന് നേരെ പാഞ്ഞത്. കക്ഷി രാഷ്ട്രീയം നോക്കാതെ ലാലിന് കയ്യടിച്ച പലരും അദ്ദേഹം ബിജെപിയിൽ ചേരും എന്ന് വിധിയെഴുതി. കൂടാതെ , ആ കൂടിക്കാഴ്ചക്ക് ശേഷമാണ് ചന്ദ്രകാന്ത് വർമ്മയെന്ന പ്രധാനമന്ത്രി കഥാപാത്രമായി ലാൽ തമിഴ് ചിത്രം കാപ്പാനിൽ വേഷമിടുന്നതും. ബിജെപി. നേതാവിന്റെ പരാമർശം കൂടിയായപ്പോൾ ഊഹാപോഹങ്ങൾ ശരവേഗത്തിൽ പാഞ്ഞു. ഇതിനെയെല്ലാം ലൂസിഫർ സിനിമയുടെ ഫെയ്‌സ് ബുക്ക് ലൈവിലും ലാൽ തള്ളിക്കളഞ്ഞിരുന്നു. 41 വർഷം നീളുന്ന സിനിമാ ജീവിതത്തിൽ നിന്നും പെട്ടെന്ന് കയറി ചെല്ലാവുന്നയിടമല്ല രാഷ്ട്രീയം. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. അറിയാവുന്ന കാര്യങ്ങൾ ചെയ്യാനേ താത്പ്പര്യമുള്ളൂ. സിനിമയിൽ അഭിനയിച്ചു എന്നതുകൊണ്ട് രാഷ്ട്രീയത്തിലേക്കിറങ്ങാൻ സാധിക്കില്ല. മോഹൻലാൽ വിശദീകരിച്ചു.

ലൂസിഫർ എന്ന ചിത്രം മോഹൻലാൽ എന്ന താരത്തെ അഭിനയജീവിതത്തിലെ ഏറെ പ്രത്യേകതയുള്ള ഒന്നുകൂടിയാണ്. ഒരു നായകൻ തന്നെ ഒരു കുടുംബത്തിലെ രണ്ട് തലമുറകൾക്കൊപ്പം എത്തിയ അപൂർവത കൂടിയാണ് ലൂസിഫർ. 31 വർഷം മുമ്പ് മോഹൻലാലിനെ നായകനാക്കി ഭരത്‌ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ഉൽസവപിറ്റേന്ന്. അതിൽ സുകുമാരനായിരുന്നു മോഹൻലാലിന്റെ സഹോദരനായി അഭിനയിച്ചത്. കാലങ്ങൾക്കിപ്പുറം അതേ നായകനെ തന്നെവെച്ച് രണ്ട് കുടുംബത്തിലെയും പുതിയ തലമുറ ഒരുക്കിയ ചിത്രമാണ് ലൂസിഫർ. ലൂസിഫറിന്റെ സംവിധാനം പൃഥ്വിരാജ് നിർവഹിച്ചപ്പോൾ തിരക്കഥ എഴുതിയത് മുരളീഗോപിയാണ്. ഉത്സവപ്പിറ്റേന്നിൽ സുകുമാരൻ മാത്രമാണ് മോഹൻലാലിനൊപ്പം അഭിനയച്ചത്. ലൂസിഫറിലെത്തിയപ്പോൾ പൃഥ്വിരാജും ഇന്ദ്രജിത്തും മോഹൻലാലിനൊപ്പം വെളിത്തിരയിലെത്തി. പൃഥ്വിരാജ് എന്ന മകനെ സംബന്ധിച്ച് ഏറെ വൈകാരികമായ ദിവസം കൂടിയാണിത്.

മോഹൻലാലിന്റെ ഹിറ്റാകുന്ന സ്റ്റീഫൻ കഥാപാത്രങ്ങളിൽ രണ്ടാമത്തേതാണ് ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി. ഇതിന് മുമ്പ് ലാൽസലാം എന്ന ചിത്രത്തിലെ കമ്മ്യൂണിസ്റ്റ്കാരനായ നെട്ടൂർ സ്റ്റീഫൻ പ്രേക്ഷകർ നെഞ്ചേറ്റിയ കഥാപാത്രമാണ്. സ്റ്റീഫൻ നെടുമ്പള്ളിയാകട്ടെ കോൺഗ്രസ് കുടുംബത്തോട് ആഭിമുഖ്യം പുലർത്തുന്ന കഥാപാത്രമാണ്. നെട്ടൂർ സ്റ്റീഫൻ കറകളഞ്ഞ കമ്മ്യൂണിസ്റ്റും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP