Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷെയിൻ നിഗത്തെ വിലക്കിയതിനെതിരെ നിലപാടുമായി മോഹൻലാലും; ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് മോഹൻലാൽ; പ്രശ്‌നം പരിഹരിക്കാൻ അമ്മ പ്രസിഡന്റെന്ന നിലയിൽ ഇടപെടൽ നടത്തും; ഷെയിൻ നിഗത്തിന്റെ മാതാവ് സുനിലാ ഹബീബ് മോഹൻലാലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു എന്നു റിപ്പോർട്ടുകൾ; സിനിമകൾ ഉപേക്ഷിക്കുന്നതിന് പകരം വെയിൽ, ഖുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കുന്ന രീതിയിൽ ഇടപെടൽ നടത്താൻ ഒരുങ്ങി മലയാളി സൂപ്പർസ്റ്റാർ

ഷെയിൻ നിഗത്തെ വിലക്കിയതിനെതിരെ നിലപാടുമായി മോഹൻലാലും; ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് മോഹൻലാൽ; പ്രശ്‌നം പരിഹരിക്കാൻ അമ്മ പ്രസിഡന്റെന്ന നിലയിൽ ഇടപെടൽ നടത്തും; ഷെയിൻ നിഗത്തിന്റെ മാതാവ് സുനിലാ ഹബീബ് മോഹൻലാലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു എന്നു റിപ്പോർട്ടുകൾ; സിനിമകൾ ഉപേക്ഷിക്കുന്നതിന് പകരം വെയിൽ, ഖുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കുന്ന രീതിയിൽ ഇടപെടൽ നടത്താൻ ഒരുങ്ങി മലയാളി സൂപ്പർസ്റ്റാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ നിർമ്മാതാക്കളുടെ തീരുമാനത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാലിനും എതിർപ്പെന്ന് സൂചന. അച്ചടക്ക ലംഘനം ആരോപിച്ചു ഷെയ്ൻ നിഗത്തെ സിനിമയിൽ നിന്ന് നിർമ്മാതാക്കൾ വിലക്കിയതിനെതിരായ നിലപാടിലാണ് മോഹൻലാൽ. ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം അമ്മയിലെ ഒരു അംഗത്തെ വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുമ്പ് നിർമ്മാതാക്കളുടെ നിലപാടിൽ മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു.

ഇപ്പോൾ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിൽ ആണ് മോഹൻലാൽ ഉള്ളത്. ഷെയിൻ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹൻലാലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ലാലേട്ടൻ ഈ വിഷയത്തിൽ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നൽകുന്നത് എന്നു ഷെയിൻ നിഗത്തിന്റെ ഉമ്മ പറയുന്നു. മോഹൻലാൽ കൂടി ഇടപെടുന്നതോട് കൂടി ഈ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

സിനിമകൾ ഉപേക്ഷിക്കുന്നതിന് പകരം വെയിൽ, ഖുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കുന്ന രീതിയിൽ ഇടപെടാനാണ് അമ്മ ഉദ്ദേശിക്കുന്നത്. നിർമ്മാതാക്കൾ അമ്മയും ഫെഫ്കയുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതിന് പകരം ധൃതിയിൽ വിലക്ക് ഏർപ്പെടുത്തിയത് താരസംഘടനയിൽ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. താരങ്ങളുടെ കാരവാനുകൾ പരിശോധിക്കണമെന്നും ലൊക്കേഷനിൽ ലഹരി പരിശോധന വേണമെന്നുമുള്ള നിർമ്മാതാക്കളുടെ തീരുമാനവും സംഘടന ചർച്ച ചെയ്യുന്നുണ്ട്. ചിത്രീകരണത്തിന് താരങ്ങളുടെ പെരുമാറ്റച്ചട്ടം നിർബന്ധമാക്കുന്നതിനാണ് താരസംഘടന ആലോചിക്കുന്നത്.

ഷെയിൻ നിഗത്തിന്റെ ഉമ്മ ഇന്നലെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് ഷെയിൻ നിഗത്തിന്റെ പരാതി കൈമാറിയിരുന്നു. മുടി വെട്ടിയതിനോടും ചിത്രീകരണത്തിൽ നിന്ന് വിട്ടുനിന്നതിനോടും യോജിപ്പില്ലെന്നും പക്ഷേ വിലക്ക് അംഗീകരിക്കാനാകില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയും താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നൽകാൻ ഒരുങ്ങുകയാണ്. വിലക്ക് നീക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് ഷെയ്‌നുമായി ബന്ധപ്പെട്ടവർ ഫെഫ്കയ്ക്കും കത്ത് നൽകും.

വെയിൽ, ഖുർബാനി സിനിമകളുമായി ബന്ധപ്പെട്ടുയർന്ന പ്രശ്‌നങ്ങളെ തുടർന്ന് ഷെയ്‌നെ വിലക്കിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്റെ മാതാവ് സുനില കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്ത് നൽകാൻ അമ്മ സംഘടന ഒരുങ്ങുന്നത്.

പ്രത്യേക യോഗം ചേർന്ന് ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഷെയ്‌നിന്റെ പ്രായം പരിഗണിച്ച് തെറ്റ് തിരുത്താൻ അവസരം നൽകണമെന്നും താരസംഘടനമായ അമ്മ ആവശ്യപ്പെടും. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തി പ്രശ്‌നം പരിഹരിക്കാനാണ് ഫെഫ്കയും താരസംഘടനയായ അമ്മയും ശ്രമിക്കുന്നത്. സമവായ ചർച്ചകൾക്ക് മുൻകൈ എടുക്കാൻ തയ്യാറാണെന്ന് ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കത്തിലൂടെ അറിയിക്കും. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാൻ അവസരമൊരുക്കണമെന്നും ഫെഫ്ക ആവശ്യപ്പെടും. വെയിൽ, ഖുർബാനി സിനിമകൾ ഉപേക്ഷിക്കരുതെന്നും ഇരു ചിത്രങ്ങളുടെ സംവിധായകരെ കൂടി ഓർക്കണമെന്നും ഫെഫ്ക പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നൽകുന്ന കത്തിൽ ആവശ്യപ്പെടുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.

അതേസമയം ഷെയ്ൻ നിഗത്തിന് വിലക്കില്ലെന്നാണ് നിർമ്മാതാവ് രഞ്ജിത് പറയുന്നത്. രണ്ട് സിനിമകളുടെ നിർമ്മണം മുടങ്ങിയതിനാൽ ഈ ചിത്രങ്ങൾക്ക് നഷ്ടമായ ഏഴ് കോടി രൂപ ലഭിക്കാതെ ഷെയിനുമായി സഹകരിക്കേണ്ടതില്ല എന്ന തീരുമാനമാണ് സംഘടന സ്വീകരിച്ചിരിക്കുന്നത് എന്ന് രഞ്ജിത് വ്യക്തമാക്കി. കടുത്ത നിലപാട് തന്നെ ഷെയിനിനോട് സ്വീകരിക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഷെയിനിന്റെ പ്രായം കണക്കിലെടുത്ത് തീരുമാനത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. ഷെയിനിന് മാത്രമല്ല ഇത്തരത്തിൽ പെരുമാറുന്ന യുവനടന്മാർക്കുള്ള താക്കീത് കൂടിയാണ് ഇത്.

അമ്മ സംഘടന ഇടപെട്ടിട്ടും തികച്ചും നിഷേധാത്മക നിലപാടാണ് ഷെയിൻ സ്വീകരിച്ചത്. ഷെയിനിന്റെ അമ്മ ലൊക്കേഷനിൽ നേരിട്ടെത്തി സിനിമയുടെ ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാൻ അവരെ ശ്രമം നടത്തി. കുടുംബം കൂടി ഇടപെട്ടിട്ടും ഷെയിനിന്റെ ഭാഗത്തുനിന്നും മറിച്ചൊരു നിലപാട് ഉണ്ടായില്ല. ഈ നിഷേധാതമക നിലപാട് കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല എന്നും രഞ്ജിത് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP